കെട്ടിത്തൂക്കിയും വിഷംവെച്ചും ചുട്ടെരിച്ചും നായ്‌ക്കൊലകൾ: പാക്കിസ്ഥാൻ മോഡൽ നമുക്കു വേണോ?

HIGHLIGHTS
  • തല്ലിയും കെട്ടിതൂക്കിയും കാഞ്ഞിരം പുരട്ടിയും ചുട്ടെരിച്ചും നായ്‌ക്കൊലകൾ
  • കൊന്നൊടുക്കിയാൽ പരിഹാരമാവുമോ?
  • പാകിസ്ഥാന്റെ പാളിയ പോളിസിയിൽനിന്നും പഠിക്കാനുണ്ട്
stray-dog-killed
SHARE

കൊല്ലം പുള്ളിക്കടയിൽ തെരുവുനായയെ ചുട്ടുകൊന്ന വാർത്ത പുറത്തുവന്നത് ഇന്നു രാവിലെയാണ്. വളഞ്ഞുവച്ച് പിടികൂടി കെട്ടിതൂക്കിയും വഴിയോരങ്ങളിൽ വിഷംവച്ചുമെല്ലാം സംസ്ഥാനത്തു പലയിടങ്ങളിലും തെരുവുനായ്ക്കളെ ഉന്മൂലനം ചെയ്യാനുള്ള ശ്രമങ്ങൾ നടക്കുന്ന വാർത്തകൾ ഇപ്പോൾ നിരന്തരം പുറത്തുവരുന്നുണ്ട്. നായ്ക്കളെ കൊന്നു കെട്ടിത്തൂക്കിയതിന്റെയും തെരുവുകളിൽ കൂട്ടമായി നായ്ക്കൾ ചത്തുകിടക്കുന്നതിന്റെയും വാർത്തകളും ചിത്രങ്ങളും പ്രചരിക്കുന്നുണ്ട്. തെരുവുനായ്ക്കളെ എങ്ങനെ കൊന്നൊടുക്കാം എന്നതിനു വിവിധ വഴികൾ ഉപദേശിക്കുന്നവർ ഇപ്പോൾ വാട്‌സാപ്പിലും ഫെയ്‌സ്ബുക്കിലുമെല്ലാം വിലസുകയാണ്. തെരുവുനായകളെ ജനങ്ങള്‍ കൊല്ലുന്നത് തടയണം എന്നു നിര്‍ദേശിച്ച് സര്‍ക്കുലര്‍ ഇറക്കാൻ സംസ്ഥാന പോലീസ് മേധാവിയോട് നിർദേശിച്ചത് ഹൈക്കോടതിയാണ്. നായ്ക്കളെ കൊല്ലുന്നവർക്കെതിരെ നിയമനടപടികൾ ഉണ്ടാവുമെന്ന മുന്നറിയിപ്പു നൽകിക്കൊണ്ട് ഡിജിപിയുടെ സർക്കുലർ ഇന്നലെ പുറത്തിറങ്ങുകയുണ്ടായി. സംസ്ഥാനത്തെ പേവിഷ മരണങ്ങളുടെ മുഴുവൻ ഭാരവും നായ്ക്കളുടെ തലയിൽ കെട്ടിവച്ച് അവയെ കൊന്നൊടുക്കി തലയൂരാൻ നമുക്ക് കഴിയുമോ? എത്ര കാലം ഇരുട്ടുകൊണ്ട് ഓട്ടയടയ്ക്കൽ നയം തുടരാൻ നമുക്കു സാധിക്കും? നായ്ക്കൾ പെരുകിയിട്ടുണ്ടെങ്കിൽ അതിന്റെ കാര്യകാരണങ്ങളെ കണ്ടെത്താനും തിരുത്താനുമുള്ള കാര്യക്ഷമതയല്ലേ വേണ്ടത്? അതിനുള്ള ആർജവം എന്നാണ് നമുക്കുണ്ടാവുക?

കൊന്നാൽ തീരുമോ പേവിഷബാധ; പാകിസ്ഥാന്റെ പാളിയ പോളിസിയിൽനിന്നു പഠിക്കാനുണ്ട്

തെരുവുനായ പ്രശ്നവും പേവിഷബാധയും അവയെ കൊന്നൊടുക്കി പരിഹരിക്കാനാവില്ലന്ന അഭിപ്രായപ്പെട്ടത് ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയനാണ്. നായ്ക്കളെ കൊന്നൊടുക്കൽ പേവിഷബാധ പ്രതിരോധത്തിനുള്ള ഒരു മാർഗ്ഗമല്ലെന്നതിനു വർത്തമാനകാലത്ത് തന്നെ ഉദാഹരണങ്ങളുണ്ട്. തെരുവുനായശല്യം കുറയ്ക്കാനും പേവിഷബാധ തടയാനും നായ്ക്കളെ കൂട്ടമായി കൊന്നുതള്ളുന്ന പോളിസി ഇന്നും തുടരുന്ന രാജ്യമാണ് പാകിസ്ഥാൻ. ആഭ്യന്തരതലത്തിലും അന്താരാഷ്ട്രതലത്തിലുമുള്ള എതിർപ്പുകൾ അവഗണിച്ചാണ് പാകിസ്ഥാൻ നായ ഉന്മൂലനനയവുമായി മുന്നോട്ടു പോവുന്നത്. പാകിസ്ഥാൻ ഗവൺമെന്റിന് മൃഗസംരക്ഷണനിയമങ്ങളില്ല, മൃഗങ്ങളെ ഉപദ്രവിക്കുന്നവർക്കെതിരെ ക്രിമിനൽ നിയമങ്ങളൊന്നുമില്ല. പാകിസ്ഥാൻ സർക്കാർ പ്രതിവർഷം ശരാശരി 50,000ലധികം നായ്ക്കളെയാണ് കൊന്നൊടുക്കുന്നത്. കറാച്ചിയിലും ലാഹോറിലുമാണ് ഓരോ വർഷവും ഏറ്റവും കൂടുതൽ നായ്ക്കൾ കൊലപ്പെടുത്തുന്നത്. ഈ രണ്ട് നഗരങ്ങളിൽ മാത്രം 20,000ലധികം നായ്ക്കൾ പ്രതിവർഷം ശരാശരി കൊലപ്പെടുത്തുന്നുണ്ട്. 2009ൽ ലാഹോർ നഗരത്തിൽ മാത്രം 27,576 നായ്ക്കളെ കൊന്നു. 2005ൽ ലാഹോർ നഗരത്തിൽ ഇത് 34,942 ആയിരുന്നു. 

ചെറിയ നഗരങ്ങളിൽ പ്രതിവർഷം കൊല്ലപ്പെടുന്ന നായ്ക്കളുടെ ശരാശരി നിരക്ക് 3000 മുതൽ 6000 വരെ പരിധിയിലാണ്. 2021 മാർച്ചിൽ പാകിസ്ഥാൻ സർക്കാർ സിന്ധിൽ തെരുവുനായ്ക്കളെ കൂട്ടത്തോടെ കൊല്ലുന്നതിനുള്ള ഒരു ക്യാമ്പയിൻ തന്നെ തുടങ്ങി. സിന്ധിലെ നഗരമായ കറാച്ചിയിൽ, കുറഞ്ഞത് 1,350 നായ്ക്കളെയാണ് ക്യാപയിന്റെ ഭാഗമായി കൊലപ്പെടുത്തിയത്. ആ വർഷം മേയ് അവസാനത്തോടെ  25,000ലധികം തെരുവുനായ്ക്കളെ സർക്കാർ സംവിധാനങ്ങൾ ഉപയോഗിച്ച് കൊന്നൊടുക്കി. കോഴിയിറച്ചിയിൽ വിഷം നിറച്ച ടാബ്‌ലെറ്റുകൾ നിറച്ച് തെരുവിൽ വിതറിയായിരുന്നു ഒറ്റ രാത്രി കൊണ്ടു തന്നെ നൂറുകണക്കിന് നായ്ക്കളെ ഉന്മൂലനം ചെയ്തത്. വൈകാതെതന്നെ കറാച്ചിയിലെ തെരുവുകൾ വീണ്ടും പട്ടികളെക്കൊണ്ടു നിറഞ്ഞത് ഇത്തരം ഉന്മൂലപദ്ധതികളുടെ വ്യര്‍ഥം വെളിവാക്കുന്ന  മറ്റൊരു വസ്തുത.

ഓരോ വർഷവും ആയിരക്കണക്കിന് നായ്ക്കളെ കീടങ്ങളെ പോലെ കൊല്ലുന്ന നടപടിയെ  പൊതുജനങ്ങൾ പോലും അഭിനന്ദിക്കുന്നു എന്നതാണ് പാകിസ്ഥാന്റെ സാഹചര്യം. എന്നാൽ എന്താണ് യഥാർഥത്തിൽ പാകിസ്ഥാനിൽ സംഭവിക്കുന്നത്? ഇന്നും വർഷാവർഷം 5000ൽപ്പരം പേവിഷബാധ കേസുകൾ പാകിസ്ഥാനിൽ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. നായ്ക്കളെ കൊല്ലുന്നത് യഥാർഥത്തിൽ അവയുടെ ജനസംഖ്യ കുറയ്ക്കുകയോ ദീർഘകാലാടിസ്ഥാനത്തിൽ പേവിഷബാധയെ നിയന്ത്രിക്കുകയോ ചെയ്യുന്നില്ല എന്ന വസ്തുത പാകിസ്ഥാന്റെ സാഹചര്യം വിശകലനം ചെയ്യുമ്പോൾ തെരുവുനായ കൂട്ടകുരുതിക്കായി മുറവിളി കൂട്ടുന്നവർക്ക് ബോധ്യപ്പെടും. പാളിയ പാക് മോഡൽ നമ്മുടെ നാടിനു വേണോ എന്ന ചോദ്യം പ്രബുദ്ധ കേരള സമൂഹം സ്വയം ചോദിക്കേണ്ടിയിരിക്കുന്നു. കൂട്ടക്കൊലകൾ നടക്കുന്നത്  പ്രാകൃതസമൂഹങ്ങളിൽ മാത്രമാണ്. രണ്ടര- മൂന്നു ലക്ഷം നായ്ക്കളെ കൊന്നൊടുക്കി പ്രശ്നം ശാശ്വതമായി പരിഹരിക്കാം എന്നു വാദിക്കുന്നവരും അതിന് വഴിയുപദേശിക്കുന്നവരും നായ്‌ക്കൊലയ്ക്കായി കച്ചകെട്ടിയിറക്കുന്നവരും ഒരിക്കലും ഒരു പുരോഗമന പരിഷ്കൃത സമൂഹത്തിലെ അംഗങ്ങളായിരിക്കാൻ യോഗ്യരല്ല എന്ന കാര്യം പറയാതെ വയ്യ.

തെരുവുനായ്ക്കളെ കൊന്നൊടുക്കിയാൽ അഴിയെണ്ണും

പാകിസ്ഥാന്റെ അപരിഷ്കൃത പോളിസിയല്ല നമ്മുടെ രാജ്യം പിന്തുടരുന്നത്, തെരുവുനായ്ക്കളെ കൊല്ലാൻ ഇവിടെ നിയമം അനുവദിക്കുന്നില്ല. കൊല്ലുന്നത് മാത്രമല്ല ഉപദ്രവിക്കുന്നതും അംഗഭംഗം വരുത്തുന്നതും വിഷം വയ്ക്കുന്നതും അതിന് പ്രോത്സാഹിപ്പിക്കുന്നതും തോക്കേന്തി തെരുവുനായ്ക്കൾക്കെതിരെ കൊലവിളിയാഹ്വാനം നടത്തുന്നതുമെല്ലാം കുറ്റകരമാണ്. വളർത്തുനായ്ക്കളെ തെരുവുകളിലും വി‍ജനപ്രദേശങ്ങളിലും ഉപേക്ഷി‍ക്കുന്നതും കുറ്റകരമാണ്.  കുറ്റകൃത്യം ശ്രദ്ധയിൽ പെട്ടാൽ ആർക്കുവേണമെങ്കിലും പരാതി നൽകാം. പോലീസിന് ഐപിസി 428, 429 എന്നിവ പ്രകാരം കുറ്റവാളികൾക്കെതിരെ കേസ് എടുക്കാം. മൃഗങ്ങൾക്കെതിരായ ക്രൂരത തടയുന്നതിനുള്ള നിയമത്തിലെ (1960) 11–ാം വകുപ്പു പ്രകാരവും നിയമ നടപടികൾ സ്വീകരിക്കാം. ഇത്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്ക് പരമാവധി അഞ്ചു വർഷം വരെ തടവോ പിഴയോ രണ്ടും കൂടിയോ നൽകാൻ നിയമം അനുശാസിക്കുന്നു. എന്നാൽ  ആക്രമിക്കാൻ വന്ന നായയെ സ്വയം രക്ഷയ്ക്കു വേണ്ടി കൊലപ്പെടുത്തിയതാണന്നതിന് തെളിവുകൾ ഉണ്ടെങ്കിൽ നിയമ നടപടികളിൽ ഇളവ് കിട്ടും.

കൊന്നൊടുക്കൽ പരിഹാരമല്ല പിന്നെ അടിയന്തരനടപടിയെന്ത്?

തെരുവുനായ്ക്കളുടെ പെരുപ്പത്തിന് കാരണമായ അടിസ്ഥാനകാരണങ്ങൾ കണ്ടെത്തി തിരുത്താനുള്ള അടിന്തരനടപടികൾ വേണം. നിരത്തുകളിൽ സുലഭമായി ലഭ്യമായ ഭക്ഷണാവശിഷ്ടം നായകളുടെ പെരുപ്പത്തിനു മൂലകാരണമാണ്. കേരളത്തിൽ പേവിഷ വൈറസിന്റെ നിശ്ശബ്ദ കാരിയർമാരായ കീരികളുടെ പെരുപ്പത്തിന്റെ കാരണവും ഇതു തന്നെ. കോഴിഫാമുകളും അറവുശാലകളും അശാസ്ത്രീയമായി കൈകാര്യം ചെയ്യുന്ന മാലിന്യം, ഹോട്ടൽ മാലിന്യം, വീടുകളിൽ നിന്നും പുറത്തേക്ക് എറിയുന്ന ഭക്ഷണമാലിന്യം, ആഘോഷാവസരങ്ങളിൽ ഉണ്ടാകുന്ന ഭക്ഷണാവശിഷ്ടങ്ങൾ തുടങ്ങി പൊതുസ്ഥലത്ത് നായ്ക്കൾക്ക് ഭക്ഷണം നൽകുന്നവർ വരെ നായകളുടെ എണ്ണം ഉയർത്തുന്നതിൽ പങ്ക് വഹിക്കുന്നു. ഇത്തരം വിഷയങ്ങളിൽ നിലവിലുള്ള നിയമങ്ങൾ കർശനമായി പാലിക്കപ്പെടണം. ശാസ്ത്രീയമായി സംസ്കരിക്കാതെ  പൊതുയിടങ്ങളിൽ ഭക്ഷണമാലിന്യങ്ങൾ പുറന്തള്ളുന്നവർക്കെതിരെ കർശന നടപടികൾ വേണം. തദ്ദേശസ്ഥാപനങ്ങൾ പൊതുയിടങ്ങളിൽ നിന്നുള്ള മാലിന്യനീക്കം ശക്തിപ്പെടുത്തണം. 

അതോടൊപ്പം തെരുവുനായ്ക്കൾ ഉൾപ്പെടെ ഒരു പ്രദേശത്തെ 70 ശതമാനം നായ്ക്കൾക്കും വർഷാവർഷം പേവിഷ പ്രതിരോധ വാക്സീൻ നൽകാൻ കഴിഞ്ഞാൽ നായ്ക്കളിലെ പേവിഷബാധ നിർമാർജനം ചെയ്യാൻ കഴിയുമെന്നത് ശാസ്ത്രീയമായി അംഗീകരിക്കപ്പെട്ടതാണ്. മാത്രമല്ല, മനുഷ്യരിൽ രോഗബാധയ്ക്കുള്ള സാധ്യത ഏകദേശം പൂർണമായും തന്നെ തടയാൻ കഴിയും. 70 ശതമാനം നായ്ക്കൾക്ക് പേവിഷ പ്രതിരോധ വാക്സീൻ നൽകാൻ കഴിഞ്ഞാൽ ബാക്കി നായ്ക്കൾ പേവിഷ വൈറസിനെതിരെ ആർജിത പ്രതിരോധം കൈവരിക്കുകയും ഹെർഡ് ഇമ്മ്യൂണിറ്റി അഥവാ കൂട്ട പ്രതിരോധം എന്ന ലക്ഷ്യം നേടുകയും ചെയ്യും. പേവിഷ വൈറസിന്റെ കാരിയർമാരാകാൻ പിന്നെ നായ്ക്കൾക്കാവില്ല. ഗോവ, ജയ്‌പുർ, നീലഗിരി ഉൾപ്പെടെ അതിന്റെ തെളിയിക്കപ്പെട്ട മാതൃകകളും നമുക്ക് മുന്നിൽ വഴികാട്ടിയായുണ്ട്. തെരുവുനായ്ക്കളുടെ ആന്റി റാബീസ് വാക്സിനേഷന് സർക്കാർ തുടക്കം കുറിച്ചത് സ്വാഗതാർഹമാണ്. തെരുവുനായ്ക്കളിൽ നടത്തുന്ന അതി തീവ്ര ആന്റി റാബീസ് വാക്സിനേഷൻ യജ്ഞത്തിന് ശേഷം വാക്സീൻ നായ്ക്കളുടെ ശരീരത്തിലുണ്ടാക്കിയ ഫലത്തെ പറ്റി പ്രാദേശിക പഠനങ്ങൾ വെറ്ററിനറി സർവകലാശാല നടത്തണം. തെരുവുനായ്ക്കളുടെ ആനിമൽ ബർത്ത് കണ്ട്രോൾ (എബിസി) - ആന്റി റാബീസ് വാക്സിനേഷൻ (എആർ) പദ്ധതി ഇടവേളകളില്ലാതെ നടപ്പാക്കുന്നതിൽ തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾ ഇതുവരെ കാണിച്ച ഉദാസീനത തിരുത്തി കാര്യക്ഷമമായ എബിസി-എആർ പദ്ധതി നടക്കണം.

English summary: Cruelty against stray animal case increased in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വിട, കോടിയേരി

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}