നായ ലൈസൻസിന് അന്യായ ഫീ; പഞ്ചായത്തുകൾ പുര കത്തുമ്പോൾ വാഴ വെട്ടരുത്

HIGHLIGHTS
  • പത്തു രൂപയാണ് ചട്ടപ്രകാരം ലൈസൻസ് ഫീ
dog-2
SHARE

വീടുകളിൽ നായ്ക്കളെ വളർത്താൻ ലൈസൻസ്, പേവിഷ പ്രതിരോധ വാക്സിനേഷൻ എന്നിവ കർശനമാക്കി സർക്കാർ സർക്കുലർ പുറത്തിറങ്ങിയത് ഈയടുത്താണ്. രണ്ടാഴ്ചയ്ക്കകം തന്നെ  പഞ്ചായത്ത് തലത്തിൽ വളർത്തുനായ്ക്കളുടെ ലൈസൻസ് നടപടികൾ പൂർത്തിയാക്കണമെന്നും ലൈസൻസ് ഇല്ലാതെ നായ്ക്കളെ വളർത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും തദ്ദേശസ്ഥാപനങ്ങൾക്ക് പഞ്ചായത്ത് ഡയറക്ടർ നൽകിയ സർക്കുലറിലുണ്ട്. 

എത്ര തന്നെ ബോധവൽകരണം നൽകിയാലും വളർത്തുനായ്ക്കൾക്ക് പേവിഷ പ്രതിരോധ വാക്സീൻ കൃത്യമായി എടുക്കുന്നതിലും വർഷാവർഷം ആവർത്തിക്കുന്നതിലും ലൈസൻസ് എടുക്കുന്നതിലും വലിയ അലംഭാവം ഇന്ന് ഉടമകൾക്കിടയിലുണ്ട്.  

സംസ്ഥാനത്ത് ഈ വർഷം ഇതുവരെ പേവിഷബാധയേറ്റു മരിച്ച ഇരുപത്തിയൊന്നിൽ അഞ്ചു പേർക്കും രോഗബാധയേറ്റത് വളർത്തുനായ്ക്കളിൽ നിന്നായിരുന്നു. ഈയൊരു സാഹചര്യത്തിൽ വളർത്തുനായ്ക്കളുടെ പ്രതിരോധ വാക്സിനേഷനും ലൈസൻസിങ്ങിനും വലിയ പ്രാധാന്യമുണ്ട്. പേവിഷബാധനിയന്ത്രണം, അരുമ മൃഗങ്ങളുടെ പ്രജനന നിയന്ത്രണവുമായി (അനിമൽ ബർത്ത് കൺട്രോൾ) ബന്ധപ്പെട്ട വന്ധീകരണപദ്ധതികൾ തുടങ്ങിയവ കൂടുതൽ ഫലപ്രദമായി നടപ്പിലാക്കുന്നതിനും ഉത്തരവാദിത്തമുള്ള നായ പരിപാലനം ഉറപ്പാക്കുന്നതിനുമുള്ള ചുവടുവയ്പ്പാണ് ലൈസൻസിങ്. എന്നാൽ പുര കത്തിയമരുമ്പോൾ വാഴ വെട്ടുക എന്ന ചൊല്ലുപോലെ കേരളം പേവിഷ, തെരുവുനായ നിയന്ത്രണത്തിനായി പല മുറകൾ നടപ്പിലാക്കി പോരാടുമ്പോൾ സാഹചര്യത്തെ മുതലെടുക്കുകയാണ് സംസ്ഥാനത്തെ ചില പഞ്ചായത്തുകളും മുനിസിപ്പാലിറ്റികളും കോർപ്പറേഷനുകളും. വളർത്തുനായ്ക്കളുടെ ലൈസൻസ് ഫീസിലാണ് ഈ ചൂഷണം.

വളർത്തുനായ ലൈസൻസ് ചട്ടമിങ്ങനെ

വീടുകളിൽ നായ്ക്കളെ  വളർത്തുന്നവർ നിർബന്ധമായും അതാത് തദ്ദേശസ്വയംഭരണ സ്‌ഥാപനങ്ങളിൽനിന്നും ലൈസൻസ് നേടേണമെന്ന പഞ്ചായത്ത് രാജ് ലൈസൻസ് (നായ, പന്നി )  (The Kerala Panchayat Raj (Licensing of Pigs and Dogs) Rules-1998 ) ചട്ടങ്ങളാണ് ഇപ്പോൾ സംസ്ഥാനത്ത് കർശനമായി നടപ്പിലാക്കുന്നത്. 

കേരള മുനിസിപ്പാലിറ്റി ചട്ടത്തിലെ 437 അനുഛേദം പട്ടികള്‍ക്ക് ലൈസന്‍സ് നല്‍കലിനെ പറ്റി പരാമർശിക്കുന്നു.

പഞ്ചായത്ത് ഓഫീസില്‍ ലൈസൻസിനുള്ള അപേക്ഷ നല്‍കണം എന്നതാണ് വ്യവസ്ഥ. ഇതിനുള്ള പ്രത്യേക അപേക്ഷാപത്രിക പഞ്ചായത്ത് ഓഫീസിൽ നിന്നും കിട്ടും. നായ്ക്കൾക്ക് ലൈസൻസ് ലഭിക്കണമെങ്കിൽ പേവിഷബാധ പ്രതിരോധ കുത്തിവയ്പ് കൃത്യമായി നൽകിയതായി വെറ്ററിനറി ഡോക്ടർ സാക്ഷ്യപ്പെടുത്തിയ വാക്സിനേഷൻ സർട്ടിഫിക്കറ്റ് ആവശ്യമാണ്. 

അപേക്ഷ പൂരിപ്പിച്ച ശേഷം 5 രൂപയുടെ കോർട്ട് ഫീ സ്റ്റാമ്പ്‌ ഒട്ടിച്ച്, വാക്സിനേഷന്‍ വിവരങ്ങള്‍ അടങ്ങിയ സര്‍ട്ടിഫിക്കറ്റിന്റെ പകർപ്പ് ചേര്‍ത്ത് പഞ്ചായത്ത് ഓഫീസില്‍ സമർപ്പിക്കണം. പത്തു രൂപയാണ് ചട്ടപ്രകാരം ലൈസൻസ് ഫീ. ലൈസൻസ് ഒരോ സാമ്പത്തികവർഷവും പുതുക്കുകയും വേണം. ലൈസൻസ് പുതുക്കുന്നതിന് മുന്നെ നായ്ക്കൾക്ക് വീണ്ടും പേവിഷ വാക്സീൻ നൽകണം. ലൈസൻസ് ഇല്ലാതെ നായയെ വളർത്തുകയോ, ലൈസൻസുമായി ബന്ധപ്പെട്ട് നൽകിയ ഉറപ്പുകളിൽ വീഴ്ച വരുത്തുകയോ ചെയ്താൽ പിഴയുമുണ്ട്. 

പേപ്പട്ടിപ്പല്ലിൽ കുരുക്കിയത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഉദാസീനത; ലൈസൻസ് ഫീ വാങ്ങാൻ ഉത്സാഹം

ചില പഞ്ചായത്തുകളും നഗരസഭകളും കോർപ്പറേഷനുകളും തങ്ങളുടെ അധികാരം ഉപയോഗിച്ച് അരുമകളുടെ ലൈസൻസ് ഫീ കുത്തനെ വർധിപ്പിക്കാനുള്ള ശ്രമം ഇപ്പോൾ നടത്തിയിട്ടുണ്ട്. പത്തു രൂപയാണ് ചട്ടത്തിൽ പരാമർശിക്കപ്പെടുന്ന ലൈസൻസ് ഫീ എങ്കിൽ നൂറും അഞ്ഞൂറുമൊക്കെ ഒരു നായയ്ക്ക് ലൈസൻസ് നൽകാൻ ഈടാക്കുന്ന തദ്ദേശസ്ഥാപനങ്ങൾ ഇപ്പോൾ സംസ്ഥാനത്തുണ്ട്. ലൈസൻസിന് മുന്നോടിയായുള്ള പേവിഷ പ്രതിരോധ വാക്സീനും വാക്സിനേഷൻ സർട്ടിഫിക്കറ്റും മൃഗസംരക്ഷണവകുപ്പ് മൃഗാശുപത്രികളിൽ നിന്നും 30 രൂപ നിരക്കിൽ ലഭ്യമാക്കി ലൈസൻസിങ് പ്രോത്സാഹിപ്പിക്കുമ്പോഴാണ് തദ്ദേശസ്വയം ഭരണസ്ഥാപനങ്ങളിലെ ഈ തീവെട്ടിക്കൊള്ള.

തെരുവുനായ്ക്കളുടെ നിയന്ത്രണത്തിനു കാര്യക്ഷമമായ ഒരു നടപടിയും ഇതുവരെയും കൈക്കൊണ്ടിട്ടില്ലാത്ത, എബിസി ചട്ടങ്ങൾ നടപ്പിലാക്കുന്നതിൽ ഇക്കാലമത്രയും അതീവ ഉദാസീനത കാണിച്ച് ഇന്ന് കേരളം പേപ്പട്ടിപ്പല്ലിൽ കുരുങ്ങിയതിന്റെ കാരണക്കാരായ തദ്ദേശസ്വയം ഭരണസ്ഥാപനങ്ങൾ ഇപ്പോൾ വളർത്തുനായ്ക്കളുടെ ലൈസൻസ് ഉയർന്ന ഫീ ഈടാക്കാൻ ഉത്സാഹത്തോടെ മുന്നിട്ടിറങ്ങുന്നത് വിരോധാഭാസമാണ്.

തദ്ദേശസ്ഥാപനങ്ങളുടെ ഉത്തരവുകളും (ഓർഡറുകൾ) ഉദ്യോഗസ്ഥർ ഇറക്കുന്ന സർക്കുലറുകളും നിലനിൽക്കുന്ന സർക്കാർ ചട്ടങ്ങളെ (റൂൾ) മറികടക്കരുതെന്ന പൊതുനിബന്ധന പോലും നായ്ക്കളുടെ ലൈസൻസ് കാര്യത്തിൽ ലംഘിക്കപ്പെട്ടിരിക്കുന്നു. വളർത്തുനായ്ക്കളുടെ ലൈസൻസിനുള്ള അമിത ഫീ സംസ്ഥാനത്ത് നിലവിലുള്ള ചട്ടങ്ങൾക്ക് വിരുദ്ധമാണന്ന് മാത്രമല്ല സാധാരണക്കാരായ ആളുകളെ  നായ്ക്കൾക്ക് ലൈസൻസ് എടുക്കുന്നതിൽനിന്ന് പിന്തിരിപ്പിക്കുന്നതിനും കാരണമാകും. ഒരേ തദ്ദേശ സ്വയംഭരണ വകുപ്പിനും ഒരേ ലൈസൻസ് ചട്ടത്തിനും കീഴിൽ പലതരം ഫീ വ്യവസ്ഥകൾ തീർത്തും അനുചിതമാണ്. തദ്ദേശ സ്വയംഭരണവകുപ്പ് അടിയന്തിരമായി ഈ വിഷയത്തിൽ ഇടപെടുകയും വളർത്തുനായ്ക്കളുടെ ലൈസൻസിന്  പൊതുജനങ്ങൾക്ക് താങ്ങാൻ കഴിയുന്ന ഏകീകൃതനിരക്ക് സംസ്ഥാനമൊട്ടാകെ ഈടാക്കാൻ നിർദ്ദേശം നൽകുകയും വേണം.

പേവിഷ പ്രതിരോധത്തിനായുള്ള കേരളത്തിന്റെ പോരാട്ടത്തെ ദുർബലപ്പെടുത്തുന്ന നടപടികളെ ചെറുത്തേ തീരൂ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

നാല് നായകന്മാരും ഒരു സാനിയയും | Nivin Pauly | Aju Varghese | Saiju Kurup | Siju Wilson | Saniya

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}