ADVERTISEMENT

രാജ്യമെങ്ങും ആടു കർഷകർക്കിടയിൽ ഏറെ വിപണിമൂല്യവും തലയെടുപ്പുമുള്ള രാജസ്ഥാനി ആടിനങ്ങളാണ് സോജതും കരോളിയും ഗുജരിയുമെല്ലാം. നല്ല വളർച്ചനിരക്കുള്ള ഈ ആടിനങ്ങൾ മൂന്നും മാംസോൽപാദനത്തിന് മാത്രമല്ല പാലുൽപാദനത്തിനും പേരുകേട്ടവയാണ്. സോജത്തിന് ജമുനാപാരിയാടിന് സമാനമായ വർണ്ണലാവണ്യമെങ്കിൽ സിരോഹിയാടിനെ വെല്ലും അഴകും ആകാരവുമാണ് കരോളിക്കും ഗുജരിക്കുമുള്ളത്. ഈ ആകാരത്തിനും അഴകിനും കരുത്തിനുമെല്ലാം ആടുകർഷകർക്കിടയിൽ ആരാധകർ ഏറെയുള്ളതിനാൽ കേരളത്തിൽ അടക്കം ജനപ്രിയം ഏറെയുള്ള ആടിനങ്ങളാണ് ഇവ മൂന്നും . പേരും പെരുമയും ഏറെയുണ്ടെങ്കിലും രാജ്യത്തെ ഔദ്യോഗികമായി അംഗീകരിക്കപ്പെട്ട ഒരു ആട് ബ്രീഡ് എന്ന പദവി ഇതുവരെയും ഈ ഇനം ആടുകൾക്കൊന്നുമില്ലായിരുന്നു. എന്നാൽ ആ പരിഭവത്തിനും ഒടുവിൽ പരിഹാരമായിരിക്കുകയാണ്. ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ കൗണ്‍സിലിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന നാഷനല്‍ ആനിമല്‍ ജനറ്റിക്സ് റിസോഴ്സസ് ബ്യൂറോ ഇക്കഴിഞ്ഞദിവസം പുറത്തിറക്കിയ പുതുക്കിയ  ദേശീയ ബ്രീഡ് റജിസ്റ്ററില്‍ ഉള്‍പ്പെട്ടതോടെയാണ് ബ്രീഡ് പദവിയെന്ന അംഗീകാരം സോജതും കരോളിയും ഗുജരിയും സ്വന്തമാക്കിയത്. ഇവയ്ക്കൊപ്പം മഹാരാഷ്ട്രയിലെ  തനത് പശുക്കളായ കത്താനി‌, രാജസ്ഥാനിൽനിന്നുള്ള സംജോരി, മേഘാലയയുടെ മാസിലം എന്നീ മൂന്ന് പശുവിനങ്ങളും പുതുക്കിയ ബ്രീഡ് പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്. മഹാരാഷ്ട്രയിലെ പൂർണധടി എരുമകളും, ജാർഖണ്ഡിൽ നിന്നുള്ള ബണ്ട പന്നികളും മണിപ്പൂരിലെ മണിപ്പൂരി ബ്ലാക്ക് പന്നികളും  മേഘാലയയുടെ വാക് ചാമ്പിൽ പന്നികളും പുതുക്കിയ ബ്രീഡ് പട്ടികയിലുണ്ട്.

കൂടുതൽ പ്രാദേശിക ഇനങ്ങളെ തദ്ദേശീയ ബ്രീഡ് ആയി പ്രഖ്യാപിച്ചതോടെ രാജ്യത്തെ ഇതുവരെ അംഗീകരിക്കപ്പെട്ട ആകെ വളർത്തുമൃഗ-പക്ഷി ജനുസ്സുകളുടെ എണ്ണം 212 ആയി. പുതുക്കിയ ദേശീയ ബ്രീഡ് റജിസ്റ്ററിൽ ഉൾപ്പെട്ട പശു, എരുമ, പന്നി, ആട്, ചെമ്മരിയാട്, കുതിര, കഴുത, ഒട്ടകം, യാക്ക്, കോഴി, താറാവ്, വാത്ത ജനുസ്സുകളുടെ എണ്ണം യഥാക്രമം 53, 20, 13, 37, 44, 7, 3, 9, 1, 19, 2, 1  എന്നിങ്ങനെയാണ്. രണ്ടു വർഷം മുൻപ് മൂന്നു തദ്ദേശീയ ഇനം നായകൾക്കും ബ്രീഡ് എന്ന പദവി നൽകുകയുണ്ടായി. തമിഴ്‌നാട്ടിൽ നിന്നുള്ള ഏറെ പേരുകേട്ട രാജപാളയം നായ്ക്കൾ, ചിപ്പിപ്പാറ നായ്ക്കൾ, കർണാടകയിൽ നിന്നുള്ള മുധോൾ ഹൗണ്ട് എന്നീ ഇനങ്ങളാണ് ബ്രീഡ് പദവി നേടിയത്. രാജ്യത്ത് ആദ്യമായിട്ടായിരുന്നു മൂന്ന് നായയിനങ്ങൾക്ക് ബ്രീഡ് പദവി നൽകിയത്. ഇത്രയധികം തദ്ദേശീയ വളർത്തുമൃഗജനുസ്സുകൾ സ്വന്തമായുള്ള മറ്റൊരു രാജ്യം ഇന്ത്യയല്ലാതെ ഇന്നില്ല. ബ്രീഡ് റജിസ്റ്ററിൽ ഇടനേടിയതും രാജ്യത്തിന്റെ തനത് പൈതൃകമായി കണക്കാക്കുന്നതുമായ ഈ വളർത്തുമൃഗജനുസ്സുകളുടെ പരിരക്ഷണവും പരിപാലനവും പ്രോത്സാഹിപ്പിക്കുന്നതിനും ഗവേഷണങ്ങൾക്കും ജനിതകസംരക്ഷണത്തിനും സുസ്ഥിരപ്രജനനപ്രവർത്തങ്ങൾക്കുമായി വർഷാവർഷം കോടിക്കണക്കിനു രൂപയാണ് രാജ്യം ചെലവിടുന്നത്. കൂടാതെ ബ്രീഡ് പട്ടികയിൽ ഇടം നേടിയ മൃഗങ്ങളെ അവയുടെ ഉറവിടങ്ങളിൽ തന്നെ സംരക്ഷിക്കുന്ന കർഷകർക്ക് സാമ്പത്തിക സഹായവും പുരസ്കാരങ്ങളും നൽകിവരുന്നു.

പ്രാദേശിക വളർത്തുമൃഗയിനങ്ങൾ ഏറെയുണ്ട് കേരളത്തിൽ, പക്ഷേ...

രാജ്യത്തെ വളര്‍ത്തുമൃഗയിനങ്ങളെയും പക്ഷിയിനങ്ങളെയും റജിസ്റ്റര്‍ ചെയ്ത് ജനുസ്സുകളായി പ്രഖ്യാപിക്കുന്നതിനായുള്ള നോഡല്‍ ഏജന്‍സിയാണ് നാഷനല്‍ ആനിമല്‍ ജനറ്റിക്സ് റിസോഴ്സസ് ബ്യൂറോ. ദേശീയ കാര്‍ഷിക ഗവേഷണ കൗണ്‍സിലിന്റെ  (ഐസിഎആര്‍) കീഴില്‍ പ്രവര്‍ത്തിക്കുന്ന മൃഗ ജനിതക വിഭവ ബ്യൂറോയുടെ ആസ്ഥാനം ഹരിയാനയിലെ കര്‍ണാല്‍ ആണ്. ജൈവവൈവിധ്യ ബോര്‍ഡ്, കേന്ദ്ര മൃഗസംരക്ഷണ-ക്ഷീരമന്ത്രാലയം, ഐസിഎആര്‍ തുടങ്ങിയ കേന്ദ്രങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍  ഉള്‍പ്പെട്ട ബ്രീഡ് റജിസ്ട്രേഷന്‍ കമ്മിറ്റിയാണ് പുതിയ ജനുസ്സുകള്‍ക്ക് അംഗീകാരം നല്‍കുക. ഈ കമ്മറ്റിയുടെ അംഗീകാരം നേടി ഒരിനം വളർത്തുമൃഗത്തിന് ബ്രീഡ് പദവി സ്വന്തമാക്കണമെങ്കില്‍ കടമ്പകള്‍ ഏറെയുണ്ട്. പ്രസ്തുത ഇനത്തിന്റേതായി പ്രത്യുൽപ്പാദനക്ഷമതയുള്ള ആയിരം എണ്ണം മൃഗങ്ങൾ എങ്കിലും ചുരുങ്ങിയത് വേണം.  ജനിതക-ശാരീരിക പഠനങ്ങള്‍ നടത്തി മറ്റ് തദ്ദേശിയ ഇനങ്ങളില്‍ നിന്നുള്ള വൈവിധ്യം കൃത്യമായി തെളിയിക്കപ്പെടേണ്ടതുണ്ട്. ബ്രീഡ് പദവി ലഭിക്കുന്നതോടെ ദേശീയ-അന്തര്‍ദേശീയ തലത്തില്‍ അംഗീകരിക്കപ്പെടും എന്ന് മാത്രമല്ല ഗവേഷണ-സംരക്ഷണ സഹായങ്ങളും പിന്തുണയും ഏറെ ലഭ്യമാകുകയും ചെയ്യും. ദേശീയ ഗോകുല്‍ മിഷന്‍ അടക്കമുള്ള പദ്ധതികളില്‍ കര്‍ഷകര്‍ക്കും ഗവേഷണ സ്ഥാപനങ്ങള്‍ക്കും സഹായങ്ങള്‍ ലഭ്യമാവാനും പ്രസ്തുത ഇനം  ബ്രീഡ് പട്ടികയില്‍ ഇടംപിടിച്ചേ തീരൂ.

വെച്ചൂര്‍ പശുക്കള്‍, മലബാറി, അട്ടപ്പാടി ബ്ലാക്ക് ആടുകള്‍, തലശ്ശേരി കോഴികള്‍ എന്നീ നാലിനങ്ങള്‍ മാത്രമേ കേരളത്തില്‍നിന്ന് ഇതുവരെ ബ്രീഡ് പട്ടികയില്‍ ഇടം നേടിയിട്ടുള്ളൂ. എന്നാൽ കർഷകർ വംശനാശത്തിന് വിട്ടുനൽകാതെ പരിപാലിക്കുന്ന പേരും പെരുമയും ഏറെയുള്ള  ഒട്ടനേകം പ്രാദേശിക വളർത്തുമൃഗ പക്ഷി ഇനങ്ങൾ നമ്മുടെ നാട്ടിലുണ്ട്. ചാര, ചെമ്പല്ലി താറാവ്, അരിക്കോഴികൾ, തിത്തിരി കോഴികൾ, അങ്കമാലി കറുത്ത പന്നി,  കുട്ടനാടൻ എരുമ, കാസർഗോഡ് പശു, വടകര പശു, വയനാട് പശു, വില്വാദ്രി പശു, പെരിയാർ പശു, ചെറുവള്ളി പശു തുടങ്ങിയവയെല്ലാം പ്രാദേശിക ഇനങ്ങളുടെ പട്ടികയിൽ ഉൾപെട്ടവയാണ്. ഈ ഇനങ്ങൾ എല്ലാം തന്നെ തനത് സ്വാഭാവസവിശേഷതകൾ ഉള്ളതും പ്രത്യേക ജൈവപരിസ്ഥിതികളുമായും ജനസമൂഹവുമായും അഭേദ്യമായി ബന്ധപ്പെട്ട് കിടക്കുന്നതുമാണ്. നിർഭാഗ്യവശാൽ ഈ ഇനങ്ങൾ ഒന്നും തന്നെ രാജ്യത്തെ ഔദ്യോഗിക വളർത്തുമൃഗ ജനുസ്സ് പട്ടികയിൽ ഇതുവരെയും  ഇടം നേടിയിട്ടില്ല. ഈ ഇനങ്ങളെ കുറിച്ചുള്ള ശാസ്ത്രീയ പഠനങ്ങളോ ഗവേഷണങ്ങളോ കാര്യമായി നടന്നിട്ടില്ലാത്തതിനാൽ നോൺ ഡിസ്ക്രിപ്ട് (Non-descript) എന്നാണ് ഇവയെല്ലാം വിളിക്കപ്പെടുന്നത്. കൃത്യമായ ഗവേഷണങ്ങൾ നടന്നാൽ ഒരുപക്ഷേ നാളെ ഒരു ബ്രീഡ് എന്ന പദവി നേടാൻ സാധ്യയുള്ളവയാണ് ഇവയിൽ പലതും.

English summary: New Goat Breeds Registered

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com