ADVERTISEMENT

താരമൂല്യമാണ് പത്തനംതിട്ട അടൂരിനു സമീപം തട്ടയിലുള്ള നന്ദന ഫാമിനെ സൂപ്പർഹിറ്റ് ആക്കുന്നത്. സിനിമാതാരങ്ങളെ അടുത്തു കാണാനാണ് ഇവിടേക്കു സന്ദര്‍ശകപ്രവാഹം. ഈ താരങ്ങളൊന്നും പക്ഷേ,  മനുഷ്യരല്ല, പക്ഷിമൃഗാദികളാണ്. ‘ചാർലി’യിൽ ദുൽഖർ സൽമാനോടൊപ്പം തിളങ്ങിയ കുതിര ആദിശങ്കർ, ‘കായംകുളം കൊച്ചുണ്ണി’യിൽ അഭിനയിച്ച ഒട്ടകം ഹൈദ എന്നിങ്ങനെ താരനിര നീളുന്നു. ‘തേന്മാവിൻ കൊമ്പത്ത്’ സിനിമയിൽ  മോഹൻലാലിന്റെ മാണിക്യൻ ഓടിച്ച കാളവണ്ടി, ‘റോമൻസ്’ എന്ന ചിത്രത്തിലെ കുതിരവണ്ടി, ‘ബാഹുബലി’യിൽ പ്രദർശിപ്പിക്കുന്ന, തടിയിൽ തീർത്ത പീരങ്കിയുടെ മാതൃക, പക്ഷിക്കൂടായി മാറ്റിയ ഓട്ടോറിക്ഷ  തുടങ്ങിയ വേറിട്ട കാഴ്ചകളുമുണ്ട്  ഫാം ടൂറിസം സംരംഭമായ നന്ദനത്തില്‍.  

‘റോമൻസ്’ എന്ന ചിത്രത്തിൽ വന്ന ഗരുഡ് എന്ന കുതിരയും  ‘ബാഹുബലി’യിൽ തലകാണിച്ച അപ്പു എന്ന ഒട്ടകവും അടുത്ത കാലം വരെ ഇവിടെയുണ്ടായിരുന്നു. അപ്പു ചർമരോഗം വന്ന് ചത്തുപോയി. പോണിക്കുതിരയായ ഗരുഡിനെ വിൽക്കുകയും ചെയ്തു. 

ഇൻസ്ട്രുമെന്റേഷൻ എൻജിനീയറിങ് ഡിപ്ലോമക്കാരനായ ചിക്കുവിന്റെ സംരംഭമാണ് ഈ ചെറു മൃഗശാല. ഇതിനോടു ചേർന്നുതന്നെയാണ്, ചിക്കുവും കുടുംബവും താമസിക്കുന്ന, നൂറ്റാണ്ടു പഴക്കമുള്ള നാലുകെട്ട്.

nandana-farm-thenmavin-kombahu
തേൻമാവിൻ കൊമ്പത്ത് സിനിമയിലെ കാളവണ്ടി

സിനിമാറ്റിക് കാളവണ്ടി

‘തേന്മാവിൻ കൊമ്പത്ത്’ സിനിമ കണ്ട ചിക്കുവിന്റെ മനസ്സിലേക്ക് മാണിക്യന്റെ (മോഹൻലാൽ) കാളവണ്ടി ഓടിക്കയറി. ഒന്നര ലക്ഷം രൂപ നൽകി ആ വണ്ടി സ്വന്തമാക്കി.

nandana-farm-auto

പുതുമയായി ഒട്ടോക്കൂട്

ഓട്ടോറിക്ഷയ്ക്ക് ഇങ്ങനെയും ഉപയോഗം. സിസി കുടിശ്ശിക കയറി ഉടമ  ഉപേക്ഷിച്ച ഡീസൽ ഓട്ടോ വാങ്ങി, രൂപമാറ്റം വരുത്തി പക്ഷിക്കൂടാക്കി. വെള്ളക്കാടയാണ് ഇപ്പോള്‍ ഈ മുച്ചക്രവണ്ടിയിൽ വാസം.

nadana-farms-came
കായംകുളം കൊച്ചുണ്ണിയിൽ വന്ന ഒട്ടകം ഹൈദ.

അനിമൽ വേൾഡ്

കുരുവി മുതൽ ഒട്ടകം വരെ നീളുന്ന ജന്തുലോകമാണ് ഈ കൊച്ചു ഫാമിൽ സന്ദർശകരെ കാത്തിരിക്കുന്നത്. ഗിനിപ്പന്നി, ചെമ്മരിയാട്, വെള്ളക്കഴുത, പേർഷ്യൻ പൂച്ച, ഫാൻസി കോഴി, ഗിനിക്കോഴി, ടർക്കിക്കോഴി, വെള്ളക്കാട, മണിത്താറാവ്, എമു, ബഡ്ജീസ് (ലൗബേർഡ്സ്), ഫാന്റെയിൽ പ്രാവുകൾ, കുരുവി വർഗത്തിൽപ്പെട്ട ഫിഞ്ചുകൾ, മംഗോളിയൻ ഗർബില്‍ (വെള്ള എലി) എന്നിവയും ഇവിടെ കൗതുകക്കാഴ്ചകള്‍. ഫാമിനോട് അനുബന്ധിച്ച് മീൻകുളവും ചിൽഡ്രൻസ് പാർക്കും.

nadana-farms-oman-movie
റോമൻസ് എന്ന ചിത്രത്തിലെ കുതിരവണ്ടി.

തുടക്കം കുതിരവണ്ടിയിൽ

യൗവനാരംഭത്തിൽ കാളവണ്ടി വാങ്ങാൻ തിരുവല്ലയ്ക്ക് പോയതാണ് വഴിത്തിരിവായത്. കാളവണ്ടി കിട്ടിയില്ല, പകരം കുതിരവണ്ടി വാങ്ങി. പിന്നെ, വണ്ടിയിൽ കെട്ടാൻ കുതിരകളെ വാങ്ങി.  ഫാം ടൂറിസം എന്ന സാധ്യത മുന്നിൽ തെളിഞ്ഞതോടെ മറ്റു മൃഗങ്ങളെയും പക്ഷികളെയുമൊക്കെ  കൊണ്ടുവന്നു. 

ലാഭം സാവധാനമേ വരൂ

നാലു വർഷത്തോളമായി ഫാം പ്രവർത്തനം ആരംഭിച്ചിട്ട്. ഇതുവരെ 30 ലക്ഷം രൂപയിലേറെ  മുടക്കിയിട്ടുണ്ടെന്ന് ചിക്കു.  പക്ഷിമൃഗാദികളുടെ തീറ്റയ്ക്കു തന്നെ ദിവസം 3000 രൂപയിലേറെ വേണം. ഫാമിൽ നിന്നു വരുമാനം വന്നുതുടങ്ങുന്നതേയുള്ളൂ. 100 രൂപയാണ് പ്രവേശന നിരക്ക്. കുതിരസവാരിക്ക് 200 രൂപയും ഒട്ടകസവാരിക്ക് 250 രൂപയും ഈടാക്കുന്നു. ഷൂട്ടിങ്ങിനും കല്യാണത്തിനും മറ്റു പരിപാടികൾക്കു മൊക്കെ മൃഗങ്ങളെ വാടകയ്ക്കു നൽകാറുമുണ്ട്. ഇങ്ങനെ കിട്ടുന്ന തുകകൊണ്ടാണ്  തൊഴിലാളികൾക്ക്  കൂലി കൊടുക്കുന്നത്. വാഹനപ്രേമിയായ ചിക്കുവിന് 5 ടൂറിസ്റ്റ് വാഹനങ്ങളുണ്ട്. ട്രാവൽ ബിസിനസാണ് പ്രധാന വരുമാന സ്രോതസ്സ്. 

nandana-farm-childrens-park
നന്ദന ചിൽഡ്രൻസ് പാർക്ക്.

നേരമ്പോക്കല്ല ഫാം ടൂറിസം

കഷ്ടപ്പെടാന്‍ മനസ്സും മൃഗസ്നേഹവുമുള്ളവർ മാത്രം ഇത്തരം സംരംഭത്തെക്കുറിച്ച് ചിന്തിച്ചാൽ മതിയെ ന്നു ചിക്കു പറയുന്നു. ‘‘മുതലാളി ചമഞ്ഞിരുന്നാൽ പറ്റില്ല, ജീവനക്കാർക്കൊപ്പം ചേർന്ന് പണിയെടുക്കാനും ഉടമ സന്നദ്ധനാകണം. തൊഴിലാളികൾ വരാത്ത ദിവസങ്ങളിൽ മൃഗങ്ങളെ കുളിപ്പിക്കുകയും കൂട് വൃത്തിയാക്കുകയുമൊക്കെ വേണം. യഥാസമയം തീറ്റ നൽകണം, ഇല്ലെങ്കിൽ മൃഗങ്ങൾക്ക് ദഹനക്കേടു ണ്ടാകും.’’

‘‘ ഒട്ടക പരിചരണം ഒട്ടും എളുപ്പമല്ല. എപ്പോഴും മണ്ണിലല്ലേ കിടപ്പ്. അതുകൊണ്ട് ചർമരോഗസാധ്യത കൂടും. മഴ അധികം കൊള്ളാനും പാടില്ല. വേപ്പിലയാണ് ഒട്ടകത്തിന്റെ പ്രധാന തീറ്റ.  ചോളപ്പൊടി, കടല തവിടിൽ കുഴച്ചത് എന്നിവയും നൽകും. വേപ്പില ഒഴികെയുള്ളവ കുതിരയ്ക്കും നൽകും." 

വേണം നാട്ടറിവും

അല്‍പം നാട്ടുവൈദ്യം അറിഞ്ഞിരിക്കുന്നത് ഗുണം ചെയ്യും. ഉദാഹരണമായി കുളമ്പുരോഗത്തിന് തുരിശും ചുണ്ണാമ്പും കൂട്ടിക്കുഴച്ച് രോഗം വന്ന കുളമ്പിനകത്തു വച്ചാൽ മതി, നീരു വലിയും. അതുപോലെ ചർമരോ ഗങ്ങൾക്ക് പൊട്ടാസ്യം പെർമാംഗനേറ്റ് കൊണ്ട് വൃത്തിയാക്കിയ ശേഷം ആര്യവേപ്പിലയും പച്ചമഞ്ഞളും പച്ചക്കര്‍ പ്പൂരവും അരച്ചു പുരട്ടുന്നതും ഫലപ്രദം.

കൃഷിയുമുണ്ട്

രണ്ടേക്കറിൽ നെൽകൃഷിയും, തെങ്ങിൻതോപ്പുമുണ്ട് ചിക്കുവിന്.  60 സെന്റിൽ ഇഞ്ചി, വാഴ, കപ്പ, ചേന, കാച്ചിൽ എന്നിവയും രണ്ടരയേക്കറില്‍ റബറും. കോവിഡിന്റെ പിടിയിൽനിന്ന് നാട് മുക്തമായതോടെ ഫാമില്‍   സന്ദർശകർ ഏറുമെന്ന പ്രതീക്ഷയിലാണ് ചിക്കു.

ഫോൺ (ചിക്കു, നന്ദന): 8547064687

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com