ADVERTISEMENT

ആദ്യം അപകടമരണമെന്നു സംശയിച്ചെങ്കിലും ഇടുക്കി നാരകക്കാനം കുമ്പിടിയമ്മാക്കൽ ചിന്നമ്മയുടെ കൊലപാതകിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇതിന് പൊലീസ് സേനയെ സഹായിച്ചത് ഇടുക്കി കെ9 സ്ക്വാഡിലെ സ്റ്റെഫി എന്ന ട്രാക്കർ നായയാണ്. പ്രമാദമായ ഒട്ടേറെ കേസുകൾക്ക് തുമ്പുണ്ടാക്കാൻ കഴിഞ്ഞ സ്റ്റെഫി ഇടുക്കി പൊലീസ് സേനയുടെ അഭിമാന താരമാണ്. അടുത്ത ഫെബ്രുവരി 14ന് 8 വയസ് പൂർത്തിയാകുന്ന സ്റ്റെഫിയുടെ ഹാൻഡ്‌ലർമാർ അജിത്തും രഞ്ജിത്തുമാണ്. 

സ്റ്റെഫിയെക്കുറിച്ച് ഹാൻഡ്‌ലറായ അജിത്ത് പങ്കുവച്ച കുറിപ്പ് ചുവടെ

സ്റ്റെഫി

വീണ്ടും അവൾ പ്രതിയുടെ അദൃശ്യമായ ഗന്ധം ആവാഹിച്ച് മുഖം ഭൂമിയോട് ചേർത്ത് മുന്നോട്ടോടി. പ്രതി നടന്ന് കയറിയ പല വഴികളിലും തുടർച്ചയില്ലാത്തതിനാൽ തിരിച്ച് വന്നു വായുവിലേക്ക് മുഖമുയർത്തി ദിശ മനസ്സിലാക്കി മണം പിടിച്ചു. അതു പിടിച്ച് വീണ്ടും മുന്നിലേക്ക് പോയി. നിന്നത് ഒരു കൊടും കൊലപാതകത്തിന്റെ തെളിവ് കാണിച്ചു കൊണ്ട്. ഒട്ടുംപോലും സംശയിക്കാത്ത ഒരു മാന്യ ദേഹത്തിന്റെ വീട്ടുപടിക്കൽ.

അതേ എന്റെ സ്റ്റെഫിയുടെ കിരീടത്തിൽ വീണ്ടുമൊരു പൊൻതൂവൽ കൂടി.

കുടിക്കാനായി വെള്ളം ചോദിച്ചെത്തിയ പ്രതി അടുക്കളയിൽ ഇരുന്ന ചിരവകൊണ്ട് ചിന്നമ്മയുടെ തലയ്ക്ക് പുറകിൽ അടിച്ചു വീഴ്ത്തുകയും മാല പൊട്ടിക്കാൻ തുടങ്ങിയപ്പോൾ എതിർത്ത ചിന്നമ്മയെ വാക്കത്തികൊണ്ട് വെട്ടുകയും ചെയ്തു. ആഭരണങ്ങൾ കവർന്നതിനു ശേഷം ഗ്യാസ് കുറ്റി തുറന്ന് തീ കൊളുത്തി ജഡം കത്തിച്ചു. സംഭവസ്ഥലത്തെത്തിയ പോലിസ് ക്രൈം സീൻ ട്രാക്കർ നായയായ സ്റ്റെഫി മണം പിടിച്ച് തോമസിന്റെ വീടിന്റെ മുന്നിൽ എത്തി. തുടർന്നുള്ള അന്വേഷണത്തിൽ കമ്പത്തു ലോഡ്ജിൽ നിന്നും പൊലിസ് പ്രതിയെ പിടികൂടുകയായിരുന്നു.

തണുത്തുറഞ്ഞ കുട്ടിക്കാനത്ത് തേയിലക്കാടുകൾക്കിടയിൽ തല വരെ അറുത്ത് മാറ്റി ക്രൂരമായി കൊലചെയ്യപ്പെട്ട സബിത മാജിയുടെ പ്രതിയായ ഭൂലോക് പത്രയെ തിരക്കി സ്റ്റെഫി എന്നെയും കൊണ്ട് അവന്റെ ലയത്തിൽ ചെന്നു കയറിയതും, വണ്ണപ്പുറത്ത് റബർ തോട്ടത്തിൽ വച്ച് രാത്രിയിൽ ഒരാളെ പുറകിൽ കൂടി ചെന്ന് കഴുത്ത് ഞെരിച്ച് കൊന്നിട്ട് തെളിവുകൾ അവശേഷിപ്പിക്കാതെ കടന്ന് കളഞ്ഞയാളെ തിരക്കി മണം പിടിച്ച് അവന്റെ കിടപ്പ് മുറിയിൽ കയറി ചെന്നതുമൊക്കെ ഇപ്പോഴും അഭിമാനം തോന്നുന്ന നിമിഷങ്ങളാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com