നായ്ക്കളിലെ ഇത്തിരിക്കുഞ്ഞന്മാര്‍ യുക്രെയ്ന്‍ സേനയില്‍ മാത്രമല്ല, ഇനി കേരള പൊലീസിലും

jack-russel-terrior
SHARE

കഴിവുകൊണ്ടും ചുറുചുറുക്കുകൊണ്ടും ഏറെ ശ്രദ്ധിക്കപ്പെട്ട ഇത്തിരിക്കുഞ്ഞന്‍ ജാക്ക് റസല്‍ ടെറിയര്‍ ഇനി കേരള പൊലീസിന്റെ കെ9 സ്‌ക്വാഡിലും. 'പാട്രണ്‍' എന്ന ജാക്ക് റസല്‍ ടെറിയര്‍ ഇനത്തില്‍പ്പെട്ട നായ ഈയടുത്തകാലത്ത് ലോകശ്രദ്ധ നേടിയിരുന്നു. യുക്രെയ്‌നില്‍ ആക്രമണം തുടങ്ങിയ ശേഷം റഷ്യ നിക്ഷേപിച്ച 200ലധികം സ്‌ഫോടകവസ്തുക്കള്‍ 'പാട്രണ്‍' കണ്ടെത്തുകയും യുക്രെയ്ന്‍ സേനയ്ക്ക് അവയെ നിര്‍വീര്യമാക്കി ഒട്ടേറെ പേരുടെ ജീവന്‍ രക്ഷിക്കാന്‍ കഴിയുകയും ചെയ്തു. 

ജാക്ക് റസ്സല്‍ ടെറിയര്‍ നായ്ക്കള്‍ക്ക് ഗന്ധം തിരിച്ചറിയുന്നതിനുള്ള പ്രത്യേക കഴിവുള്ളതിനാല്‍ ഇവയെ മികച്ച എക്‌സ്‌പ്ലോസീവ് സ്നിഫര്‍ നായ്ക്കളായി ഉപയോഗിക്കുന്നു. നിര്‍ഭയരും ഊര്‍ജസ്വലരുമാണിവര്‍. ശാരീരികമായി വലുപ്പം കുറവായതിനാല്‍ ഇടുങ്ങിയ ഇടങ്ങളില്‍ പ്രവേശിക്കാനും സ്ഫോടക വസ്തുക്കള്‍, നിരോധിത ലഹരിവസ്തുക്കള്‍ തുടങ്ങിയവ കണ്ടെത്താനും ഇവയ്ക്ക് എളുപ്പം കഴിയുന്നു. ഇവയുടെ ഈ കഴിവുകള്‍ മുന്‍നിര്‍ത്തിയാണ് കെ9 സ്‌ക്വാഡിലേക്ക് ഇവയെ തിരഞ്ഞെടുത്തതും.

രണ്ട് ആണും രണ്ടു പെണ്ണുമായി നാല്  ജാക്ക് റസല്‍ ടെറിയര്‍ നായ്ക്കള്‍ ഇന്ന് കേരള പൊലീസിന്റെ കെ9 സ്‌ക്വാഡില്‍ ചേര്‍ന്നു. ഈ ഇനം നായ്ക്കളുടെ ആയുസ് 13 - 16 വര്‍ഷം വരെ ആണെങ്കിലും കെ9 സ്‌ക്വാഡില്‍ ഇവയെ 12 വര്‍ഷം വരെ ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിയും.  

തമിഴ്‌നാട്ടിലെ റാഗോസ് കെന്നലില്‍നിന്നാണ് നാലു പേരെയും കേരള പൊലീസ് കെ9 സ്‌ക്വാഡിന്റെ സംഘം വാങ്ങിയത്. കുട്ടികളുടെ ആരോഗ്യം, വാക്‌സീനേഷന്‍ എല്ലാം പരിശോധിച്ചശേഷമാണ് കേരള സംഘം കൊണ്ടുപോയതെന്ന് റാഗോസ് കെന്നല്‍ ഉടമ ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. പത്തു വര്‍ഷത്തോളമായി ജാക്ക് റസല്‍ ടെറിയര്‍ നായ്ക്കളെ മാത്രം വളര്‍ത്തുന്ന ഈ കെന്നലില്‍ 25ല്‍പ്പരം നായ്ക്കളുണ്ട്.

മൂന്നു ജര്‍മന്‍ ഷെപ്പേഡ് നായ്ക്കളെ ഉള്‍പ്പെടുത്തി 1959ലാണ് തിരുവനന്തപുരത്ത് ആദ്യമായി കേരള പൊലീസ് ഡോഗ് സ്‌ക്വാഡ് ആരംഭിച്ചത്. ജാക്ക് റസല്‍ ടെറിയര്‍ നായ്ക്കള്‍ ഇന്ന് സ്‌ക്വാഡിന്റെ ഭാഗമാകുമ്പോള്‍ ഇന്ത്യന്‍/വിദേശ ബ്രീഡുകള്‍ ഉള്‍പ്പെടെ കെ9 സ്‌ക്വാഡിലെ മൊത്തം ബ്രീഡുകളുടെ എണ്ണം പത്തായി മാറും. ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച ഡോഗ് സ്‌ക്വാഡുകളില്‍ ഒന്നായ കെ9 സ്‌ക്വാഡിന് 19 പൊലീസ് ജില്ലകളിലും മികച്ച പരിശീലനം ലഭിച്ച നായ്ക്കളും ഹാന്‍ഡ്ലര്‍മാരുമുണ്ട്. 

2008ല്‍ തൃശൂരില്‍ പ്രവര്‍ത്തനം ആരംഭിച്ച അത്യാധുനിക സൗകര്യങ്ങളോടു കൂടിയ SDTS (സ്റ്റേറ്റ് ഡോഗ് ട്രെയിനിംഗ് സ്‌കൂള്‍)ലാണ് നായകള്‍ക്കും ഹാന്‍ഡ്ലര്‍മാര്‍ക്കും അടിസ്ഥാന പരിശീലനം, റിഫ്രഷര്‍ കോഴ്സുകള്‍ തുടങ്ങിയവ നല്‍കിവരുന്നത്.

English summary: Jack russell terrier in kerala police

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN PETS AND ANIMALS

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഗോപാംഗനേ...

MORE VIDEOS