ADVERTISEMENT

മൃഗസംരക്ഷണമേഖലയിലെ കർഷകരുടെയും അവരോട് ചേർന്നുനിൽക്കുന്ന വെറ്ററിനറി ഡോക്ടർമാരുടെയും ജീവിതത്തിൽ വേദനിപ്പിക്കുന്നതും ചിരിപ്പിക്കുന്നതുമായ ഒട്ടേറെ അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടാകും. 2010–11 കാലഘട്ടത്തിൽ നടന്ന അത്തരത്തിലൊരു അനുഭവം പങ്കുവയ്ക്കുകയാണ് കൊല്ലം കരുനാഗപ്പള്ളി വെറ്ററിനറി പോളി ക്ലിനിക്കിലെ അസിസ്റ്റന്റ് ഡയറക്ടർ ഡോ. എ.എം.ബൈജുഷാ. ഇടിമിന്നലേറ്റ് മാരകമായി പൊള്ളലേറ്റ പശുക്കുട്ടിയെ ചികിത്സിച്ചതും അതിനു പിന്നീട് കൃത്രിമക്കാൽ വച്ചുനൽകിയതും അദ്ദേഹത്തിന്റെ കുറിപ്പിലുണ്ട്.  

‘പശുക്കൾക്ക് എന്തെങ്കിലും രോഗം വന്നാൽ ആരുമറിയാതെ മറ്റാർക്കെങ്കിലുമോ, കശാപ്പുകാർക്കോ വിൽക്കുന്നവർക്കിടയിൽ മനുഷ്യത്തത്തിന്റെ ഉദാഹരണമാണ് കൊല്ലം പോരുവഴി കമ്പലടി കുറുമ്പലഴികത്ത് വീട്ടിൽ ജലാലുദ്ദീൻ’

വർഷങ്ങൾക്കു മുമ്പ് കൊല്ലം ജില്ലയിലെ ശൂരനാട് മൃഗാശുപത്രിയിൽ വെറ്ററിനറി സർജനായി ജോലി നോക്കുമ്പോഴാണ് പോരുവഴി പഞ്ചായത്തിൽനിന്നും ക്ഷീരകർഷകനായ ജലാലുദ്ദീൻ എന്നെ കാണാൻ വന്നത്. ആശുപത്രിയിൽ നല്ല തിരക്കുണ്ടായിരുന്നെങ്കിലും അദ്ദേഹത്തെ എന്റെ മുറിയിൽ ഇരുത്തി കാര്യങ്ങൾ തിരക്കി, കുറച്ചു നേരത്തെ മൗനത്തിനു ശേഷം അദ്ദേഹം കാര്യങ്ങൾ പറഞ്ഞു തുടങ്ങി. ‘ഒരു പശുക്കുട്ടി, ഏകദേശം ഒരു വയസ്സു വരും, കുറച്ചു നാൾ മുമ്പ്, ഇടിമിന്നലേറ്റ് ദേഹമാസകലം പൊള്ളുകയും ഇടത് കാൽ മുട്ടിനു താഴെ കരിഞ്ഞു പോവുകയും ചെയ്തു. പല ചികിത്സകൾ ചെയ്തെങ്കിലും മുട്ടിനു താഴെ മുറിവുകൾ ഉണങ്ങുന്നില്ല; ഡോക്ടർ ഒന്നു വന്ന് പരിശോധിച്ച് വേണ്ടത് ചെയ്യണം’. തിരക്ക് കുറയുമ്പോൾ ഞാൻ ചെല്ലാമെന്ന് ഏറ്റു. വൈകുന്നേരം ഞാൻ ജലാലുദ്ദീന്റെ വീട്ടിൽ എത്തുകയും, മുട്ടിനു താഴെ കരിഞ്ഞ്, പഴുത്ത്, പുഴുവരിച്ചനിലയിൽ കിടക്കുന്ന പശുക്കുട്ടിയെ പരിശോധിക്കുകയും ചെയ്തു. ‌‌‌‌‌‌

അസഹനീയ വേദനയോടെ പുളയുന്ന പശുക്കുട്ടിയ എങ്ങനെയെങ്കിലും രക്ഷിക്കണമെന്ന് ജലാലുദ്ദീന്റെ മുഖവും പശുക്കുട്ടിയുടെ ദൈന്യം നിറഞ്ഞ നോട്ടവും എന്നോട് പറയുന്നുണ്ടായിരുന്നു. ചികിത്സകൾ ആരംഭിച്ചു, മുറിവ് വൃത്തിയാക്കി, മരുന്നുകൾ വച്ചു കെട്ടി വേണ്ടുന്ന കുത്തിവയ്പ്പുകൾ ഒക്കെ നൽകി. നാലഞ്ച് ദിവസം കഴിഞ്ഞു, മുറിവ് കരിയുന്ന ലക്ഷണമില്ല. അവസാനം മനസ്സില്ലാമനസ്സോടെ, അനസ്തേഷ്യ നൽകി മുട്ടിനു താഴെ മുറിച്ചുമാറ്റി. എല്ലാം ജലാലുദ്ദീന്റെ മൗനസമ്മതത്തോടെ!

അങ്ങനെ മുറിവുകൾ ഉണങ്ങി, ക്രമേണ പശുക്കിടാവ് മൂന്നു കാലിൽ നിൽക്കാനും നടക്കാനും തുടങ്ങി. ഞങ്ങൾക്കും സന്തോഷമായി. ഈ പശുക്കിടാവിനേയും ജലാലുദ്ദീനേയും മറന്ന് ഞാൻ മറ്റു മിണ്ടാപ്രാണികളുടെ ലോകത്തേക്ക് പോയി. എന്നാൽ മുറിച്ചുമാറ്റിയ കാൽ നിലത്ത് കുത്തുമ്പോഴുള്ള വേദനയും മൂന്നു കാലിൽ നില്‍ക്കുമ്പോഴും നടക്കുമ്പോഴും പശുക്കുട്ടി അനുഭവിക്കുന്ന ദുരിതം ജലാലുദ്ദീനെ അലട്ടിക്കൊണ്ടിരുന്നു. ഈ ദുരിതം കാണാതെ വിറ്റു കയ്യൊഴിയാൻ പലരും അദ്ദേഹത്തെ ഉപദേശിച്ചു. പക്ഷേ അദ്ദേഹം അതിന് തയാറായില്ല. 

വല്യ തിരക്കില്ലാത്ത ഒരു ദിവസം ആശുപത്രിയിൽ ഇരിക്കുമ്പോൾ അതാ മുന്നിൽ ജലാലുദ്ദീൻ. ഇപ്രാവശ്യം അദ്ദേഹത്തിന്റെ ആവശ്യം എനിക്ക് വിചിത്രമായി തോന്നി. പശുക്കുട്ടിയുടെ മൂന്നു കാലിൽ നിൽപ്പും നടപ്പും അദ്ദേഹത്തെ അലട്ടിക്കൊണ്ടിരിക്കുന്നു. അദ്ദേഹം എന്റെ മുഖത്ത് നോക്കാതെ, ദൂരേക്ക് കണ്ണു പായിച്ചുകൊണ്ട് തറപ്പിച്ചു പറഞ്ഞു. ‘എത്ര ചെലവായാലും എന്റെ പശുക്കുട്ടിക്ക് ഒരു കൃത്രിമക്കാല്‍ വച്ചു പിടിപ്പിക്കണം’. എന്റെ ഉള്ളിലൂടെ ഒരു കൊള്ളിയാൻ പാഞ്ഞു. വലിയ മൃഗങ്ങൾക്ക് ഇന്ത്യയിൽ കൃത്രിമക്കാൽ വച്ചു പിടിപ്പിച്ചതായി കേട്ടുകേഴ്‌വിപോലുമില്ല. പലതും പറഞ്ഞ് അദ്ദേഹത്തെ നിരുത്സാഹപ്പെടുത്താൻ ശ്രമിച്ചു, പക്ഷേ പാറപോലെ ഉറച്ച അദ്ദേഹത്തിന്റെ തീരുമാനത്തോടൊപ്പം ഞാനും ചേർന്നു നിന്നു. പിന്നീട് അതിനായുള്ള ശ്രമങ്ങളായി.

ഒഴിവുസമയത്ത് ഒരു ശിൽപിയെക്കൊണ്ട് ‘പ്ലാസ്റ്റർ ഓഫ് പാരീസിൽ’ കാലിന്റെ ഒരു സ്കെച്ച് ഉണ്ടാക്കി. മനുഷ്യന്റെ കൃത്രിമക്കാൽ ഉണ്ടാക്കുന്ന മെറ്റീരിയൽസ് ചോദിച്ച് മനസിലാക്കി. ‘ആർട്ടിഫിഷ്യൽ ലിമ്പ്’ സെന്ററിൽ ജോലി നോക്കുന്ന ഒരാളുടെ സഹായത്തോടെ രണ്ടാഴ്ചയ്ക്കുള്ളിൽ ഞങ്ങള്‍ ഒരു കൃത്രിമക്കാൽ ഉണ്ടാക്കി. ഡോക്ടർമാരായ ഡോ. എം.എ.നാസർ, ഡോ. എ.ജെ.ബിജി, ഡോ. കെ.ജി.സുജാത, ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ സതീശൻ പിള്ള എന്നിവർ ഞങ്ങളോടൊപ്പം കൂടി. നീളം കൂട്ടാനും വണ്ണം കൂട്ടാനും കഴിയുന്ന രീതിയിലായിരുന്നു ഇതിന്റെ രൂപകൽപന. 

അന്നത്തെക്കാലത്ത് പശുക്കുട്ടിയുടെ വിലയുടെ പത്തിരട്ടിയോളം ഈ ഉദ്യമത്തിനു ചെലവായി. കൃത്രിമക്കാൽ വച്ചു നൽകിയെങ്കിലും അടുത്ത പ്രശ്നം ഞങ്ങളുടെ മുൻപിൽ വന്നു. മൂന്നു കാലിൽ നടന്ന് ശീലിച്ചതിനാൽ കൃത്രിമക്കാലുമായി പൊരുത്തപ്പെടാൻ പശുക്കുട്ടി  തയാറാകുന്നില്ല. അതും ഒരു ദൗത്യമായി ഏറ്റെടുത്തു. ഒരാഴ്ച കൃത്രിമക്കാൽ ഉപയോഗിച്ച് ദിവസവും രണ്ടു മണിക്കൂർ ട്രെയിനിങ്! അവസാനം അവൾ ഞങ്ങളോട് സഹകരിച്ചുതുടങ്ങി. ഒടുവിൽ ഇടത് പിന്‍കാലിന്റെ ഭാരം കൂടി വലതു പിൻകാലിൽ വഹിച്ച് വളഞ്ഞ് വേദന സഹിച്ച് നിന്നിരുന്ന പശുക്കിടാവിന് വേദനരഹിതമായി നിൽക്കാനും നടക്കാനും, കിടക്കാനും കിടന്നിട്ട് എഴുന്നേൽക്കാനും കഴിഞ്ഞു. ഈ കാഴ്ച കാണാൻ ഒട്ടേറെ മാധ്യമങ്ങളും, ജനവും ജലാലുദ്ദീന്റെ വീട്ടിലേക്ക് ഒഴുകിയെത്തി! നാട്ടുകാർ ഒരു ഉത്സവം പോലെ ആഘോഷിച്ചു. ഈ പശുക്കുട്ടി പശുക്കിടാവായി, പശുവായി... അങ്ങനെ പോയി. വളരെ സങ്കടത്തോടെ പറയട്ടെ ഈ ജലാലുദ്ദീൻ ഇന്ന് നമ്മോടൊപ്പം ഇല്ല. പശുക്കൾക്ക് എന്തെങ്കിലും രോഗം വന്നാൽ ആരോരുമറിയാതെ, മറ്റാർക്കെങ്കിലുമോ, കശാപ്പുകാര്‍ക്കോ വിൽക്കുന്നവർക്കിടയിൽ മനുഷ്യത്വത്തിന്റെ ഉദാഹരണമായി വേറിട്ട് നിന്നിരുന്നു ജലാലുദ്ദീൻ! പ്രണാമം. 

മൃഗസംരക്ഷണ മേഖലയിൽ നിങ്ങൾക്കുമുണ്ടോ മറക്കാനാവാത്ത അനുഭവങ്ങൾ! രസകരമായതും ഹൃദയസ്പർശിയതുമായ അനുഭവങ്ങൾ മനോരമ ഓൺലൈൻ കർഷകശ്രീയുമായി പങ്കുവയ്ക്കൂ (കർഷകർ, വെറ്ററിനറി ഡോക്ടർമാർ, വെറ്ററിനറി വിദ്യാർഥികൾ, പെറ്റ്ഷോപ് ഉടമകൾ, അരുമ പരിപാലകർ എന്നിങ്ങനെ ആർക്കും അയയ്ക്കാം). നിങ്ങളുടെ അനുഭവക്കുറിപ്പുകൾ 87146 17871 എന്ന നമ്പറിലേക്ക് വാട്സാപ് ചെയ്യൂ.

English summary: Finally amputated the leg below the knee: Veterinarian shares his experience

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com