ADVERTISEMENT

പശുക്കളോട് പലർക്കും വാക്കുകൾക്കതീതമായ അടുപ്പമുണ്ട്. ക്ഷീരമേഖലയിൽ സജീവമായുള്ള ഇപ്പോഴത്തെ തലമുറ അവസാനിച്ചാൽ ക്ഷീരമേഖലയിലെ കർഷകരുടെ എണ്ണത്തിൽ നല്ലൊരു ശതമാനം കുറവുണ്ടാകുമെന്നാണ് കൃഷിവിദഗ്ധരുടെയും കർഷകരുടെയും വിലയിരുത്തൽ. കുട്ടിക്കാലത്തെ പശുവോർമകളിലൂടെ വീണ്ടും ക്ഷീരമേഖലയിൽ എത്തിപ്പെട്ട യുവ കർഷകനാണ് കൊല്ലം ആനയടി സ്വദേശിയായ രഞ്ജു രമേശ്. പശുക്കളോടുള്ള തന്റെ താൽപര്യത്തിന്റെ പുറത്ത് മരണം കാത്തുനിന്ന പശുവിനെ ഏറ്റെടുത്ത് അതിനെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവന്ന അനുഭവം അദ്ദേഹം പങ്കുവയ്ക്കുന്നു. കർഷകശ്രീക്ക് രഞ്ജു അയച്ചുതന്ന കുറിപ്പ് ഏതൊരു കർഷകന്റെയും മനസുലയ്ക്കുന്നതാണ്...

വളരെ  ചെറുപ്പം മുതലെ വീട്ടിൽ പശുക്കളുണ്ടായിരുന്നു. കറവപ്പശുക്കളും കുട്ടികളുമൊക്കെയായി തൊഴുത്ത് എപ്പോഴും സമൃദ്ധം. അതുകൊണ്ടുതന്നെ പശു പരിപാലനവും, അവയോടുള്ള ഇഷ്ടവും ഒക്കെ ചെറുപ്പത്തിലേ ജീവിതത്തിന്റെ ഭാഗമായി. ഇടയ്ക്ക്  വീട്ടിലെ പ്രധാന പശുപരിപാലകയായ അച്ഛമ്മയുടെ കണ്ണോപ്പറേഷൻ പ്രമാണിച്ചു പശുവിനെയൊക്കെ വിറ്റു. പിന്നെ  പശുക്കൾക്ക് പകരം കുറച്ചു വിറകും ഓലച്ചൂട്ടും അതിൽ ആറാടാൻ കുറെ ചിതലുകളും മാത്രമായി തൊഴുത്തിൽ. ഏകദേശം 5 വർഷം ചായയ്ക്കു പകരം ഒരു കട്ടൻചായ ബ്രേക്ക്‌.

നിർത്തിവച്ചിരുന്ന പശുവളർത്തൽ പോസ്റ്റ് ഗ്രാജുവേഷൻ കഴിഞ്ഞ് 2 പശുക്കളും ഒരു എരുമയുമായി ഞാൻ വീണ്ടും തുടങ്ങി. ആദ്യം വീട്ടിൽ എതിർപ്പുണ്ടായിരുന്നെങ്കിലും ദാസൻ, വിജയൻ സ്റ്റൈൽ കുറച്ചു പ്ലാൻ ഒക്കെ ഞാൻ അവതരിപ്പിച്ചു. ഇതിനിടെ ഒരു സുഹൃത്തിന്റെ നിർബന്ധപ്രകാരം ഇൻഫോ പാർക്കിൽ ഒരു ഇന്റർവ്യൂന് പോയി. പണി കിട്ടി എനിക്കും, ഇനി പശുവളർത്തൽ ഒന്നും വേണ്ടാന്നു പറഞ്ഞു റസ്റ്റ്‌ എടുത്തുകൊണ്ടിരുന്ന  വീട്ടുകാർക്കും. ജീവിതത്തിലെ ആദ്യത്തെ ഇന്റർവ്യൂ, കിട്ടിയ ആദ്യത്തെ ജോലി കളയണ്ടയെന്ന ഭൂരിപക്ഷഅഭിപ്രായം. എരുമയ്ക്ക് എന്നോടുള്ള ഇണക്കം വീട്ടുകാരോടില്ലാത്തോണ്ട് അതിനെ വിറ്റു. പശുക്കളെ അച്ഛമ്മയെയും അമ്മയെയുമൊക്കെ ഏൽപിച്ചു ഇൻഫോപാർക്കിലേക്ക് 

എല്ലാ ആഴ്ചയിലും നാട്ടിൽ വന്നു പശുക്കൾക്കുള്ള തീറ്റയൊക്കെ എടുക്കും. വൈകുന്നേരങ്ങളിൽ വീട്ടിലേക്കുള്ള  ഫോൺ കോളുകളിൽ കൂടുതലും പശുക്കളുടെ വിശേഷങ്ങൾ തിരക്കുന്നതാണ് പതിവ്. 

അങ്ങനെ ഇൻഫോപാർക്കിലെ ജോലിയുമായി മുന്നോട്ടുപോകവെയാണ് ആർമിയുടെ എഡ്യൂക്കേഷൻ കോറിലേക്കുള്ള SSBക്ക് സെലക്ഷൻ കിട്ടുന്നത്. പ്രൊബേഷൻ പീരീഡ്‌ ആയതുകൊണ്ട് വേണ്ടത്ര ലീവ് ലഭിക്കാത്തതുകൊണ്ട് ഇൻഫോപാർക്കിലെ ജോലി വിടേണ്ടി വന്നു. ഇന്നും തുടരുന്ന കുറച്ചു സൗഹൃങ്ങൾ മാത്രമാണ് അവിടെ നിന്നുള്ള ആകെ സമ്പാദ്യം.

അങ്ങനെ ഒരുപാട് പ്രതീക്ഷകളുമായി അലഹബാദിലേക്ക്. ട്രെയിൻ മുന്നോട്ടു പോകുന്തോറും ഇന്ത്യയുടെ മുഖം മാറുന്നത് ഞാൻ കണ്ടു, ജീവിതങ്ങളും. കൺനിറയെ  വൈവിധ്യങ്ങളുടെ വർണ്ണപകിട്ടുകൾ.  Our India is really  incredible! അങ്ങനെ  അലഹബാദിൽ എത്തി. തീർച്ചയായും എക്സ്പീരിയൻസ് ചെയ്യേണ്ട ഒരു ഇന്റർവ്യൂ ആണ് SSB. ഓരോ ഘട്ടങ്ങൾ കഴിയുമ്പോഴും പ്രതീക്ഷയും ആത്മവിശ്വാസവും കൂടി കൂടി വന്നു. പക്ഷേ, ചെറിയൊരു അശ്രദ്ധ ജീവിതം എന്റെ മുന്നിൽ ഒരു നിമിഷം നിശ്ചലമായി തോന്നി. ഇന്റർവ്യൂവിന്റെ അവസാനഘട്ടത്തിൽ പുറത്തായി. വളരെ ചിട്ടയോടെയുള്ള പരിശ്രമത്തിൽ കൂടിമാത്രമേ അതുപോലൊരു ഇന്റർവ്യൂ അറ്റൻഡ് ചെയ്യാമായിരുന്നുള്ളൂ. 

മടക്കയാത്ര അത്ര നിറമുള്ളതായിരുന്നില്ല. പലപ്പോഴും നിറഞ്ഞ കണ്ണുകൾ കാഴ്ചകൾ മറച്ചു. വിശപ്പില്ല, ദാഹമില്ല ‘depression is not just a word’ എന്ന് തിരിച്ചറിഞ്ഞു. നിമിഷങ്ങൾക്കൊക്കെ ഇത്ര ദൈർഖ്യമോ എന്ന് പലപ്പോഴും തോന്നി. എങ്ങനെയെങ്കിലും വീടെത്തണമെന്ന ചിന്തമാത്രമായിരുന്നു എപ്പോഴും. 

അങ്ങനെ വീട്ടിലെത്തി, നമ്മൾ വീട് വിട്ടു പുറത്തൊക്കെ പോയി ഒരുപാടലഞ്ഞിട്ട് തിരികെ വന്നു നമ്മുടെ കട്ടിലിൽ കിടന്നൊന്നുറങ്ങുമ്പോൾ കിട്ടുന്ന ഒരു സുരക്ഷിതത്വം, ആശ്വാസം മറ്റെങ്ങും നമുക്ക് കിട്ടില്ലെന്ന്‌ തോന്നിപോയി. ഞങ്ങളെ വിട്ടിട്ട് ഒരു റൗണ്ട് അടിച്ചിട്ട് അവസാനം ഞങ്ങളുടെ മുന്നിൽ തന്നെ വന്നല്ലോ എന്നഭാവം പശുക്കൾക്കില്ലാതില്ല.

ജനിച്ചു ദിവസങ്ങൾ മാത്രമായ ഒരു മുത്തുമണി തള്ളപ്പശുവിന്റെ പാലൊക്കെ കുടിച്ചു  തൊഴുത്തിൽ ഓടിനടക്കുന്നു. ഇടയ്ക്ക് നീയേതാടാ, ഇവിടെങ്ങും കണ്ടിട്ടില്ലല്ലോ എന്ന മട്ടിൽ എന്നെ നോക്കുന്നുണ്ട്. സത്യം പറഞ്ഞാൽ അവളാരുന്നു പിന്നീട് അങ്ങോട്ട് കുറെകാലം എന്റെ stress buster. വലിയ ഡിപ്രഷനിലേക്ക് പോകാതെ അവളുടെ രൂപത്തിൽ വന്നെന്നെ രക്ഷിച്ച  ദൈവത്തിനു തന്നെ ഞാനവളെ സമ്മാനിച്ചു. ഇന്നും ആനയടി നരസിംഹമൂർത്തി ക്ഷേത്രത്തിന്റെ മുൻപിലെയൊരു വീട്ടിൽ അവരുടെ കണ്ണിലുണ്ണിയായി അവളുണ്ട്. ഇടക്കൊക്കെ പോയി കാണാറുണ്ട്, വിശേഷങ്ങൾ അവരോട് തിരക്കാറുണ്ട്. 

അങ്ങനെ പശുപരിപാലനവും, അത്യാവശ്യം ട്യൂഷൻക്ലാസും, കുറച്ചു PSC പ്രഹസനങ്ങളുമായി ജീവിതം വീണ്ടും മുന്നോട്ട്. ‘താൻ പാതി ദൈവം പാതി’ എന്നാണല്ലോ പറയാറ്. ചിലപ്പോൾ ഞാൻ എന്റെ പാതി ചെയ്യുമ്പോൾ ദൈവം പുള്ളിയുടെ പാതിയങ്  ഉഴപ്പും. ഇനി ദൈവം പാതി ചെയ്യാം എന്നുവിചാരിച്ചാൽ ഞാൻ എപ്പോഴേ ഉഴപ്പി‌. എന്നാൽ രണ്ടു പേരും കൂടി ഒരുമിച്ചു ഞങ്ങളുടെ പാതികൾ ഭംഗിയാക്കിയ ഒരു സംഭവമുണ്ട്. 

സുഹൃത്തിന്റെ വീട്ടിൽ നിന്ന ഒരു പശുവാണ് കഥാനായിക. നല്ലവണ്ണം പരിപാലിച്ച HF ഇനത്തിൽപ്പെട്ട പശു. പക്ഷേ ലാമിനൈറ്റിസ്‌ എന്ന പശുക്കളുടെ ജീവഹാനിയിൽ വരെ കൊണ്ടെത്തിക്കാവുന്ന രോഗം അതിനെ ബാധിച്ചു. പല ഡോക്ടർമാർ മാറി മാറി പരമാവധി ശ്രമിച്ചു,  ട്രീറ്റ്മെന്റിനായി കുറെയേറെ പൈസ ചിലവാക്കിയെങ്കിലും പശുവിന്റെ അവസ്ഥ കൂടുതൽ വഷളായികൊണ്ടിരുന്നു. കാർബോഹൈഡ്രേറ്റ് കൂടിയ കാലിത്തീറ്റ, കഞ്ഞി തുടങ്ങിയ തീറ്റകൾ കൂടുതൽ കൊടുക്കുകയും, അതിനൊപ്പം നാര് അടങ്ങിയ തീറ്റ‌കൾ നൽകാതിരിക്കുകയും ചെയുമ്പോൾ ഉണ്ടാകുന്ന ദഹനപ്രശ്നങ്ങളായിട്ടാണ് ലാമിനിറ്റിസ്ന്റെ തുടക്കം. പിന്നീട് പശുക്കളുടെ കുളമ്പിന് അണുബാധ ആവുകയും നടക്കാൻ ബുദ്ധിമുട്ട് ഉണ്ടാവുകയും ചെയുന്നു. തുടക്കത്തിൽ ചികിത്സിച്ചു മാറ്റമെങ്കിലും പഴകുംതോറും കുറച്ചു കോംപ്ലിക്കേഷൻസ് ഉണ്ടാകുന്ന അസുഖമാണ്. 

ഇതിന്റെ 4 കാലിലേയും കുളമ്പുകൾ ദ്രവിച്ചു പശുവിനു എണീക്കാൻ ബുദ്ധിമുട്ടുന്ന അവസ്ഥയായിരുന്നു. ഒരോ തവണ എണീക്കുമ്പോഴും തറയിലുരഞ്ഞു ശരീരത്തിൽ മുറിവുകളുടെയെണ്ണം കൂടി കൂടി വന്നു.  തീറ്റിയെടുക്കുന്നുണ്ടങ്കിലും പശുവിന്റെ ആരോഗ്യം ക്ഷയിച്ചു കൊണ്ടിരുന്നു. എന്നാലും ചെറിയ ലാഭത്തിനു വേണ്ടി അറവുശാലയിലേക്ക്  കൊടുക്കാൻ അവരുടെ മനസ്സനുവദിച്ചിരുന്നില്ല. ഒരു ദിവസം അവിടുത്തെ അമ്മ എന്നോട് ചോദിച്ചു മോന് ഇതിനെ രക്ഷപ്പെടുത്താൻ പറ്റുമെങ്കിൽ വീട്ടിൽ കൊണ്ടുപൊയിക്കൂടെയെന്ന്. ഞാൻ വീട്ടിൽ വന്ന് അമ്മയോട് അഭിപ്രായം ചോദിച്ചപ്പോൾ ഒരു ജീവനല്ലേ നീ ഒന്ന് ശ്രമിച്ചു നോക്കെന്നു പറഞ്ഞൂ.

ഒടുവിൽ ഒരു റബർമാറ്റും സംഘടിപ്പിച്ച് അവർ പശുവിനെ വീട്ടിലെത്തിച്ചു തന്നു. ഞാൻ എനിക്കറിയാവുന്നപോലൊക്കെ  അതിനെ പരിചരിച്ചു തുടങ്ങി. ദിവസവും മുറിവുകളൊക്കെ ക്ലീൻ ചെയ്തു മരുന്ന് വയ്ക്കും. തീറ്റയിൽ യീസ്റ്റ് കലർത്തി നൽകിതുടങ്ങി. ദഹനത്തെ സഹായിക്കാൻ ഇഞ്ചിയും, ആഴ്ചതോറും ഒരടുക്ക് വെറ്റിലയും നൽകും. കാൽമുട്ടുകളിൽ വലിയ മുറിവുകളുള്ളതു കൊണ്ട് കിടക്കുന്നതും എഴുനേൽക്കുന്നതും വലിയ ബുദ്ധിമുട്ടായിരുന്നു. കിടക്കുന്നതൊക്കെ വലിയവീഴ്ചകളായിരുന്നു. ചിലപ്പോഴൊക്കെ അതിന്റ വേദനകണ്ടു കണ്ണുനിറഞ്ഞിട്ടുണ്ട്. കുളമ്പിന്റെ അടിയിൽ രൂപംകൊണ്ട വലിയ മുറിവുകളിൽ കല്ലുകൾ തറഞ്ഞിരിക്കും ദിവസവും അതൊക്കെ എടുത്തുകളഞ്ഞു മരുന്നുവയ്ക്കും. ഇപ്പോഴത്തെ തീറ്റച്ചെലവിൽ ഉൽപാദനമില്ലാതെ ഒരു പശുവിനെ നിർത്താനുള്ള ബുദ്ധിമുട്ടൊക്കെ അറിയാല്ലോ. ‘സീത’എന്ന് പേരുള്ള  വീട്ടിൽ നിന്ന പശുവിന്റെ വരുമാനത്തിൽ രണ്ടു പേരുടെയും തീറ്റച്ചെലവും എന്റെ കുറച്ചു വട്ടച്ചെലവും ഒക്കെ നടന്നുപോയി. എന്തൊക്കെ പറഞ്ഞാലും പശുവിനു രണ്ടു മാസം കഴിഞ്ഞിട്ടും കാര്യമായ മാറ്റമൊന്നും ഉണ്ടായില്ല. 5 മിനിറ്റു പോലും കാലിന്റെ വേദനകൊണ്ട് എണീറ്റു നിൽക്കില്ല. ദിവസവും ക്ലീൻ ചെയ്തു മരുന്നുവയ്ക്കുമെങ്കിലും മുറിവുകളൊന്നും ഭേദമാകുന്നില്ല. നിസ്സംഗത എന്നത് അതിന്റ എല്ലാ ആഴത്തിലും അനുഭവിച്ചു. എന്തുചെയ്യുമെന്നറിയാത്ത അവസ്ഥ.

കുളമ്പിന്റെ അടിയിലെ ചെറിയദ്വാരങ്ങൾ കോൾ ടാർകൊണ്ടു അടയ്ക്കാൻ ഒരു ശ്രമം നടത്തി. പശു കിടക്കുമ്പോൾ ബോഡിഹീറ്റ് കൊണ്ട് ടാർ ഉരുകി അതിന്റ ശരീരത്തിൽ പിടിക്കാൻ തുടങ്ങി. അങ്ങനെ ഒന്നും ഫലിക്കാത്ത അവസ്ഥ. പലപ്പോഴും അതിന്റെ അടുത്ത് നിന്നുകരഞ്ഞുപോയിട്ടുണ്ട്. ഒരു ഡോക്ടറെ പോലും വിളിക്കാതെ  ഞാൻ അതിനെ ഒരുപരീക്ഷണ വസ്തു ആക്കുകയാണോ എന്ന്  തോന്നിയിട്ടുണ്ട്. പക്ഷേ ഡോക്ടർ ഒന്നോ രണ്ടോ ദിവസം വന്നാൽ ഭേദപ്പെടുന്ന അവസ്ഥയിൽ അല്ലാരുന്നു തുടക്കം മുതലെ. എന്നാലും എന്റെ പാതിയിൽ ഒരു വിട്ടുവീഴ്‌ചയില്ലാതെ ഞാൻ ശ്രമങ്ങൾ  തുടർന്നു കൊണ്ടിരുന്നു. കൂടെ ഇത്രയൊക്കെ പഠിച്ചിട്ടു പശുവിന്റെ പുറകെ നടകുവാണെന്ന പറച്ചിലുകൾ ചുറ്റുമുള്ളവർ നിർബാധം തുടർന്നുകൊണ്ടിരുന്നു.  ആ ചോദ്യത്തിൽ വിദ്യാഭ്യാസകാലഘട്ടത്തിൽ ഉണ്ടാക്കിയ നേട്ടങ്ങളുടെ പ്രിവിലേജുകളൊക്കെ ഒരു ബാധ്യതയായി തോന്നി. അതിൽ ചില ആത്മാർഥമായ സ്വരങ്ങൾ ഞാൻ വിസ്മരിക്കുന്നില്ല. 

ഇനി ആ മിണ്ടാപ്രാണിയെ  കൂടുതൽ കഷ്ടപ്പെടുത്തണ്ട എന്നു കരുതിയായിരിക്കും ദൈവമായിട്ടു പുതിയ ഒരു മരുന്നുകൂട്ട് തോന്നിപ്പിച്ചു. ആത്തയിലയും (ബ്ലാത്തി ), പച്ചമഞ്ഞളും കൂടി അരച്ച്, അതിൽ മുറിവെണ്ണ ചാലിച്ചു മുറിവുകളിൽ പുരട്ടി, ഞാൻ ഇതുവരെ പേറ്റന്റ് എടുക്കാത്ത ഈ മരുന്ന് രണ്ടു ദിവസങ്ങൾകൊണ്ടു തന്നെ ഫലം കണ്ടു തുടങ്ങി. ആഴ്ചകൾ കൊണ്ടു മുറിവുകൾ പൂർണമായും കരിഞ്ഞു. വേദനയില്ലാതെ പശുഎണീക്കാനും കിടക്കാനും തുടങ്ങി. കുളമ്പിന്റ ചെറിയ പൊട്ടലുകൾ പശുവിന്റെ നിൽക്കാനുള്ള ബാലൻസ് പോകാതെ ആക്സോ ബ്ലേഡ്കൊണ്ടു ചെത്തി കളഞ്ഞു. മാസങ്ങൾ കൊണ്ട് പൂർണ്ണ ആരോഗ്യവതിയായി. രോമങ്ങൾക്ക് നഷ്ടപെട്ട മിനുസം തിരികെ വന്നു, പാലുൽപാദനം ക്രമേണ കൂടിവന്നു. എണീറ്റു നിൽക്കാൻ കഴിയാത്ത പശു ഓടാൻവരെ തുടങ്ങി. എന്റെ ശബ്ദം കേൾക്കുമ്പോൾ തലയുയർത്തി നോക്കിയും, അടുത്തു ചെല്ലുമ്പോൾ തോളിലേക്ക് തലചായ്ച്ചു വെച്ചുമൊക്കെ അവളെന്നോടുള്ള സ്നേഹം പറയാതെ പറഞ്ഞു, ഈ ജന്മത്തിന്റ പുണ്യം.

പിന്നീടുള്ള പ്രശ്നം ഒരുപാട് തവണ ഇൻസെമിനേറ്റ് ചെയ്തിട്ടും പശു ചെനപിടിക്കാഞ്ഞതാണ്. എന്തായാലും ഞാൻ പശുവിനെ വളർത്തുന്ന കാലത്തോളം അതിനെ ഞാൻ ഒഴുവാക്കില്ലന്ന് തീരുമാനിച്ചു. ഒടുവിൽ ഗീതമേഡം എന്ന ഒരു എൽഐ വന്ന് ബീജാധാനം നടത്തി, അത് വിജയമായിരുന്നു. കൃത്യം 265–ാം ദിവസം അവളൊരു കരുമാടിപെൺകുട്ടിക്ക് ജന്മം നൽകി.ഒ രു കുരുത്തംകെട്ട കുരുപ്പ്. ഈ സുന്ദരമായ ലോകത്ത് എന്റെ ജീവിതവും ഒരുപാട് സുന്ദരമായി തോന്നിയ നിമിഷം. ഭഗവത്ഗീതയിൽ പറയും പോലെ ‘സംഭവിക്കുന്നതെല്ലാം നല്ലതിന്’എന്ന തിരിച്ചറിവ് കിട്ടിയ നിമിഷം. ജാൻ -എ -മന്നിലെ ജോയിമോനെ പോലെ ചുറ്റും എല്ലാവരും തിരക്കുള്ളവരാണെന് തോന്നുമ്പോൾ എനിക്ക് സംസാരിക്കാനും കൊഞ്ചിക്കാനും ഒക്കെ ഒരു തിരക്കുമില്ലാതെ എന്റെ പ്രിയപ്പെട്ട ഗോവൃന്ദം.

കാര്യമിതൊക്കെയാണെങ്കിലും ഇപ്പൊ വിലയില്ലാത്തത് പാലിനും അതുൽപാദിപ്പിക്കുന്ന കർഷകനും മാത്രമാണ്. ഒരു ലീറ്റർ  പച്ചവെള്ളത്തിന് 20 രൂപ വിലയുള്ള നാട്ടിൽ, ഇത്രയധികം പോഷകമൂല്യമുള്ള, ഇത്രയും ഉൽപാദനച്ചെലവുമുള്ള പാലിന് പലപ്പോഴും 35 രൂപയിൽ താഴെ മാത്രമേ ചെറുകിട കർഷകന് ലഭിക്കുന്നുള്ളൂ. ഒരു ചാക്ക് കാലിത്തീറ്റയ്ക്ക് 300 രൂപയിലധികം കഴിഞ്ഞ 5 മാസങ്ങൾക്കുള്ളിൽ കൂടി. ഒരു വിലനിയന്ത്രണവുമില്ലാതെ മിനിറ്റുവച്ച് വിലകൂട്ടുന്ന കുത്തക കമ്പനികൾക്കു പറയാൻ ഒരുപാട് ന്യായങ്ങൾ ഉണ്ടാകും. ന്യായം പറയാൻ ഇല്ലാത്തത് ഒരുദിവസത്തിന്റെ ഭൂരിഭാഗവും പശുക്കളെ പരിപാലിച്ച് ഉൽപാദനച്ചെലവിന്റെ പകുതിയോളം വരുമാനം എത്തിക്കാനാകാത്ത കർഷകന് മാത്രമാണ്. കേരളം മുഴുവൻ കസ്റ്റമേഴ്സുള്ള പ്രൈവറ്റ് പാക്കറ്റ് പാൽക്കമ്പനികളുടെ  പാലിന്റെ ഉറവിടം അന്വഷിച്ചാൽ മാത്രം മതി അന്യസംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് വരുന്ന കെമിക്കലുകൾ കലർത്തിയ പാലിന്റെ ഒഴുക്ക് മനസിലാക്കാം. പാലുൽപാദനത്തിൽ സ്വയം പര്യാപ്തത ലക്ഷ്യമിടുന്ന സർക്കാർ ആദ്യം കർഷകന് അർഹമായ വില നൽകാനുള്ള നടപടികൾ സ്വീകരിക്കണം. കേരളത്തിൽ ക്ഷീരകർഷകരിൽ പകുതിയിലധികവും മധ്യവയസ്സിനു മുകളിലുള്ളവരാണ്. ജീവിതസായാന്തനത്തിലും മക്കളെപോലും ആശ്രയിക്കാതെ സ്വന്തംകാര്യം നോക്കാൻ പണ്ടുമുതലെ ശീലിച്ചതൊഴിൽ തുടരുന്ന പലർക്കും നഷ്ടങ്ങളുടെകണക്കു മാത്രമേ പറയാനുള്ളൂ. അവരുടെ കണ്ണുകളിൽ നിഴലിക്കുന്ന നിരാശ പലപ്പോഴും നേരിട്ടു കണ്ടിട്ടുണ്ട്. അതിന്റ കൂടെ പശുക്കൾക്ക് ഉണ്ടാകുന്ന അസുഖങ്ങളും, യഥാസമയം വിദഗ്‌ധ ചികിത്സ ലഭിക്കാനുള്ള ബുദ്ധിമുട്ടുമൊക്കെ ക്ഷീരമേഖലയുടെ പ്രതിസന്ധികളാണ്. യുവാക്കൾ പലരും ഈ മേഖലയിലേക്ക് കടന്നുവരാത്തത് പാൽവിലയിലുള്ള ഗണ്യമായ കുറവും ഉൽപാദനച്ചെലവിൽ നാൾക്കുനാളുള്ള വർധനയുമാണ്. ബ്രാൻഡിങ്ങും മാർക്കറ്റിങും ഒന്നുമറിയാത്ത സാധാരണ കർഷകർ കടക്കെണിയിലേക്കു പോയികൊണ്ടിരിക്കുന്നു. അടിയന്തരമായി സർക്കാർ ഇടപെട്ട് ക്ഷീരമേഖലയെ വലിയ തകർച്ചയിൽ നിന്ന് സംരക്ഷിക്കുക. ലാഭത്തിനായി മാത്രം ഒരു ജനതയുടെ ആരോഗ്യം നശിപ്പിക്കുന്ന കള്ളനാണയങ്ങൾക്കെതിരെ ശക്തമായി നടപടിയെടുക്കാനുള്ള ആർജവം കാണിക്കുക. ക്ഷീരമേഖലയുടെ നഷ്ടപ്രതാപം തിരിച്ചു പിടിക്കുക.

മൃഗസംരക്ഷണ മേഖലയിൽ നിങ്ങൾക്കുമുണ്ടോ മറക്കാനാവാത്ത അനുഭവങ്ങൾ! രസകരമായതും ഹൃദയസ്പർശിയതുമായ അനുഭവങ്ങൾ മനോരമ ഓൺലൈൻ കർഷകശ്രീയുമായി പങ്കുവയ്ക്കൂ (കർഷകർ, വെറ്ററിനറി ഡോക്ടർമാർ/വിദ്യാർഥികൾ, സ്കൂൾ/കോളജ് വിദ്യാർഥികൾ, പെറ്റ്ഷോപ് ഉടമകൾ, അരുമ പരിപാലകർ എന്നിങ്ങനെ ആർക്കും അയയ്ക്കാം). നിങ്ങളുടെ അനുഭവക്കുറിപ്പുകൾ 87146 17871 എന്ന നമ്പറിലേക്ക് വാട്സാപ് ചെയ്യൂ.

English summary: A young dairy farmer shares his heartwarming experience

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com