ADVERTISEMENT

കൃഷിചെയ്ത് നല്ല പച്ചക്കറികൾ ഉൽപാദിപ്പിക്കാൻ ശ്രമിക്കുന്ന പലർക്കും പലപ്പോഴും വെല്ലുവിളികൾ ഉണ്ടാകാറുണ്ട്. വിത്തുകൾ മുളയ്ക്കാത്തതും മുളച്ച വിത്തുകൾ വളരുന്നതിനു മുൻപേ കീടങ്ങളുടെ ആക്രമണങ്ങളും അതുമല്ലെങ്കിൽ വിളവുണ്ടായാലോ, കേടുകളും വരാം. കേരളത്തിലാണെങ്കിൽ വിളവെടുക്കാൻ തയാറായി വന്യജീവികളും വീട്ടുപടിക്കലുണ്ട്. ചുരുക്കത്തിൽ ഒട്ടേറെ പ്രതിസന്ധികൾ തരണം ചെയ്താണ് ഓരോ കർഷകനും തന്റെ കൃഷിയിടത്തിലെ വിളവ് കൊയ്യുന്നത്. ഖത്തറിൽ ബിർള പബ്ലിക് സ്കൂളിലെ ചരിത്രാധ്യാപകനായ റോയി പാപ്പച്ചനും അത്തരത്തിലൊരു അനുഭവം പങ്കുവയ്ക്കുകയാണ്. അദ്ദേഹത്തിന്റെ കൃഷിയെന്ന സ്വപ്നത്തെ തളർത്തിയത് വീട്ടിലെ അരുമകൾ തന്നെയാണ്. അരുമജീവികളുടെയും പച്ചക്കറിക്കൃഷിയുടെയും നടുവിൽ പെട്ടുപോയ അദ്ദേഹം കർഷകശ്രീക്ക് അയച്ച അനുഭവകഥ വായിക്കാം. 

ഇന്ന് നവംബർ 27

വലിയൊരു യുദ്ധത്തിന്റെ സമാധാന സന്ധിയായിരുന്നു. അല്ല, അശോകചക്രവർത്തിയെ പോലെ കലിംഗായുദ്ധാനന്തര ഫലം കണ്ട്  മനസ്സ് വേദനിപ്പിച്ചതിന്റെ പശ്ചാത്താപമാകാം. എന്തുമാവട്ടെ, വളരെ മനോഹരമായൊരു ദിവസം. ഇന്ന്. ശനിയാഴ്ച.

ഓഗസ്റ്റ് മാസത്തിന്റെ അവസാനത്തോടെയാണ് ഖത്തറിൽ ശീതകാല പച്ചക്കറിക്കൃഷി ആരംഭിക്കുന്നത്. മുജീബിക്ക തന്ന ആട്ടിൻകാഷ്ഠം ചേർത്ത്, നനച്ച് മണ്ണൊരുക്കി ഒരു മൂലയിൽ കൂട്ടി. വിളിച്ച് വിളിച്ച് അവസാനം സജുവിന്റെ കയ്യീന്ന് വിത്തും ഒപ്പിച്ചു. മുന്നിലെ ഖത്തറീടെ വീട്ടിൽനിന്ന് ഒപ്പിച്ച ചെറിയ ചട്ടികളിലെല്ലാം  മണ്ണു നിറച്ച്, കുതിർത്തൊരുക്കിയ വിത്തുകളെല്ലാം അന്നാമ്മയെ കൊണ്ട് പാകിച്ചു. ഇതിനെല്ലം സാക്ഷിയായി എനിക്ക് കൂട്ടിന് ഒരു തള്ളപ്പൂച്ചയും നാലു മക്കളും. ഞാനെന്തു ചെയ്യുന്നുവെന്ന് നോക്കിയിരിക്കുന്ന തള്ളപ്പൂച്ചയും, കൂട്ടിയിട്ട മണ്ണിൽക്കിടന്ന് കളിക്കുന്ന കുഞ്ഞുങ്ങളും എന്റെ പച്ചക്കറിത്തോട്ടത്തിന് പ്രകൃതിയുടെ സമ്പൂർണത കൊണ്ടു വന്നു. 

ഓരോ ദിവസവും രാവിലെയും വൈകിട്ടും നനച്ച്, പച്ചപ്പിന്റെ ഒരു തരി നാമ്പ് കാണാൻ, കാത്തിരിപ്പിന്റെ, ആകാംഷയുടെ കുറച്ച് ദിവസങ്ങൾ. കാത്തിരിപ്പിന്റെ വിരാമത്തിനുള്ള വാതായനങ്ങൾ തുറന്ന് പ്രതീക്ഷയുടെ നാമ്പുകൾ ചിരാതിലെ തിരി നാളം പോലെ തെളിഞ്ഞു വന്നു. ഏകദേശം രണ്ടാഴ്ച കൊണ്ട്  വിത്തുകളെല്ലാം രണ്ടില പരുവമായി. അതായത് ചട്ടികളിലേക്കു മാറ്റി നടാൻ പരുവമായെന്നർഥം. വിതക്കാരന്റെ ഉപമയിലെ നല്ല നിലത്തു വീണ വിത്തു പോലെ നൂറു മേനി വിളവ് തരണേ എന്ന പ്രാർഥനയോടെ ഓരോ തൈകളും മാറ്റി നട്ടു. നാളെയുടെ പച്ചപ്പിനൊരുങ്ങി, ഏകദേശം അമ്പതോളം വരും മാറ്റി നട്ട തൈകൾ. 

പണിയായുധങ്ങൾ വൃത്തിയാക്കി, കൈ കഴുകി ഇടനാഴിയിലേക്കു കടക്കും മുൻപേ ഒന്നൂകൂടി തിരിഞ്ഞു നോക്കി. എല്ലാം കൃത്യസ്ഥലങ്ങളിൽ കൃത്യമാണെന്നുറപ്പു വരുത്തി നടന്നു നീങ്ങുമ്പോൾ, നാളെകളിൽ വിടരുന്ന പച്ചപ്പിന്റെ മനോഹരിതയായിരുന്നു മനസ്സിൽ. പ്രതീക്ഷകളുടെ പച്ചപ്പുകൾ മുളച്ചുപൊങ്ങുന്നതും പ്രതീക്ഷിച്ചുള്ള ആ രാത്രിയും കടന്നു പോയി.

പിറ്റേദിവസം, ക്ലാസ്സ് കഴിഞ്ഞ് വീട്ടിലെത്തിയ ഞാൻ, പരിപ്പിട്ടുവച്ച മത്തങ്ങക്കറിയും ഉണക്ക മീനും കൂട്ടി ചോറുണ്ട് ഒന്നു മയങ്ങി. 

മത്തങ്ങയും പരിപ്പും പിന്നെ ഉണക്ക മീനും... ഒടുക്കത്ത രുചി... 

പിന്നീട് നേരെ പച്ചക്കറിത്തോട്ടത്തിലേക്ക്. ചൂടു കൂടിയ സമയമായതിനാൽ തൈകൾക്ക് വാട്ടം ഉണ്ടാവോ എന്നൊരു ആശങ്കയുണ്ടായിരുന്നു. ഇടനാഴിയിലൂടെ കടന്ന്, പച്ചക്കറിത്തോട്ടത്തിലേക്കു കടന്നതും... ഞാൻ കണ്ട കാഴ്ച...

കർത്താവേ...

രണ്ടാഴ്ച കഴിഞ്ഞ് രണ്ടിലപ്പരുവത്തിൽ മാറ്റി നട്ട മുഴുവൻ തൈകളും ആ പൂച്ചക്കുഞ്ഞുങ്ങൾ ഒരണ്ണം പോലും ബാക്കി നിർത്താതെ നശിപ്പിച്ചുകളഞ്ഞു.  സൺസെറ്റ് വെജിറ്റബിൾ ഷോപ്പിൽനിന്ന് ചുമന്നോണ്ടുവന്ന തെർമ്മോക്കോൾ ബോക്സ് മുഴുവനും കടിച്ചും മാന്തിയും നശിപ്പിചു കളഞ്ഞു. 

തകർന്നു പോയ നിമിഷം ... 

ജീവിതത്തിലാദ്യമായാണ് ഓമനമൃഗങ്ങളെ ഒരു വേട്ടക്കാരന്റെ കണ്ണിലെ തീജ്വാലയോടെ നോക്കുന്നത്. ഒരു തടി കഷ്ണം കയ്യിൽ കിട്ടിയിരുന്നെങ്കിൽ ഒറ്റയടിക്ക് എല്ലാത്തിനെയും തല്ലി കൊന്നേനെ. പിന്നീടവിടെ യുദ്ധക്കളമായിരുന്നു. കയ്യിൽ കിട്ടിയതെല്ലാമെടുത്ത് എറിഞ്ഞു.

അതൊരു തുടക്കമായിരുന്നു. പിന്നിടങ്ങോട്ടതൊരു തുടർക്കഥയായി. 

എന്നും രാവിലെ ജോലിക്ക് പോകുന്നതിന് മുൻപ്, ഉച്ചയ്ക്ക് ജോലി കഴിഞ്ഞ് വരുമ്പോൾ, വൈകിട്ട്, രാത്രി പുറത്ത് പോയി വന്നിട്ട്... 

അയ്യോ... ഒരവസാനവുമില്ല...

പല പരീക്ഷങ്ങളും നടത്തി നോക്കി. ഒന്നും വിജയം കണ്ടില്ല.

ഫോർക്ക് കത്തി നോക്കി, വല കെട്ടി നോക്കി, കടന്ന് വരുന്ന വഴി പലക വച്ച് അടച്ച് നോക്കി... ഒരു രക്ഷയുമില്ല. ഞാൻ തോൽവി സമ്മതിച്ചതല്ലാതെ ഒന്നും നടന്നില്ല. പലരുമായി സംസാരിച്ചപ്പോൾ പലരുടെയും പ്രശ്നം ഇതു തന്നെ. പ്രാക്കും നേർച്ചയുമായി എത്രയോ ദിവസങ്ങൾ. ഒരു ടോം ആന്റ ജെറി കളി.

സത്യത്തിൽ ഇതിൽ ബലിയാടായത് അന്നാമ്മയായിരുന്നു. 

എന്തേ?

ഓരോ ദിവസവും താഴെ പോയാ വരുന്നത് ഒച്ചയും ബഹളവുമായിട്ടാണ്. നാളെ ഞാനിതങ്ങളെ തല്ലി കൊല്ലും. ഇനി ഇതിനെ ജീവനോടെവച്ചിട്ട് കാര്യമില്ല. കയ്യും കാലും തല്ലി ഒടിക്കണം... വേണ്ടാന്ന് വെക്കുമ്പോ... മര്യാദയ്ക്ക് ആയിരുന്നെങ്കിൽ നാല് നേരോം ഞാൻ കൊടുത്തേനെ തീറ്റ....

ഇതാണ് ദൈനംദിന കഥകൾ.

പാവം അന്നാമ്മ ഇതെല്ലാം കണ്ടു കേട്ടും പകച്ചു നിൽക്കും. ആൾക്ക് ശബ്ദം ഉയർത്തി സംസാരിക്കുന്നതുതന്നെ സങ്കടാ. ദിവസങ്ങൾ സംഭവികാസങ്ങളോടെ ഘടികാരത്തിലെ സൂചി പോലെ കടന്നു പോയി. കൂടെ ഞാനും കൃഷിയും.

എന്താ കാരണം?

കൃഷിയോടുള്ള താൽപര്യവും, പിന്നെ അന്നാമ്മയുടെ ഉപദേശവും. ‘അതുങ്ങൾക്ക് എന്തറിയാം, മൃഗങ്ങളല്ലെ? നിങ്ങളവിടെ കൃഷി ചെയ്യുന്നതിന് മുന്നെ ആ തള്ളപ്പൂച്ച അവിടെ പ്രസവിച്ച് കുഞ്ഞുങ്ങളുമായി കഴിയുബോഴാ നിന്റെ കൃഷി.’നീണ്ട ഒരു ശ്വാസം വിടലിനു ശേഷം, ‘നിന്നെയാണ് ആദ്യം അവിടന്ന്  അടിച്ച് പുറത്താക്കേണ്ടത്. പാവങ്ങൾ’.

ഏഴ് പൂച്ചകളെ വീടിന്റ അകത്തിട്ടു വളർത്തണ വീട്ടിലെ പെണ്ണെല്ലേ ! ഇങ്ങനെ പറഞ്ഞില്ലെങ്കിലാണ് അദ്ഭുതം. ഞാൻ വിത്ത് പാകലും മുളപ്പിക്കലും മാറ്റി നടലും പൂച്ചയുമായുള്ള യുദ്ധവും  തുടർന്ന് കൊണ്ടേയിരുന്നു.

ദിവസങ്ങളും ആഴ്ചകളും, ഉദയവും അസ്തമയവും, രാവും പകലും ചരിത്രകാരന്റെ എഴുത്തുപ്പുരയിലെ തൂലികപോലെ കടന്നു പോയി. 

ഒരു ദിവസം, ഏകദേശം സെപ്റ്റംബർ പകുതിയോടെ, പെട്ടെന്നൊരു ദിവസം തള്ളപ്പൂച്ചയും കുഞ്ഞുങ്ങളും എവിടെയോ പോയി. അവിടെ കണ്ടതേയില്ല.

യുദ്ധത്തിന്റെ വിശ്രമദിനം. ഈ വർഷം പച്ചക്കറി കൃഷി തുടങ്ങിയിട്ട്  ഏറ്റവും കൂടുതൽ സന്തോഷിച്ച ദിവസം. രണ്ടാം ദിവസവും കണ്ടില്ല, വീണ്ടും സന്തോഷത്തിന്റെ ഒരു ദിനം കൂടി. മൂന്നാം ദിവസവും കണ്ടില്ല, എന്തെന്നറിയില്ലാ , ആദ്യ ദിവസങ്ങളിലെ സന്തോഷം ഇന്നില്ല. അവിടെയെല്ലാം നോക്കി.  പക്ഷേ, എവിടെയും കണ്ടില്ലാ...

നാലാം ദിവസവും  മനസ്സിന്റെ സന്തോഷത്തിന് വിരാമം കുറിച്ചുകൊണ്ട് ഇന്നും കണ്ടില്ലാ. അവിടെ മൊത്തം നോക്കി, എന്തിന് അടുത്ത വില്ലയിൽ വരെ നോക്കി. 

ശരിക്കും സങ്കടം. 

 പ്രാക്കും  നേർച്ചയുമായി അന്നമ്മേടെ അടുത്തുചെന്ന് കേറുന്ന ഞാൻ, ഇപ്പോ കാണാത്തതിന്റെ പരാതിയുമായിട്ടാണ് ചെന്നു കേറുന്നത്.

എവിടെ പോയാവോ?

എന്താ പറ്റിയാവോ?

വേറെ സ്ഥലത്തേക്ക് പോയാവോ?

ഇങ്ങനെ പോവും പരാതികളുടെയും സംശയങ്ങളുടെയും നീണ്ട ചേദ്യങ്ങൾ. അങ്ങനെ ദിവസങ്ങളും ആഴ്ചകളും കടന്നു പോയി.

ഇന്ന്  സെപ്റ്റംബർ 26. 

എഴുത്തിന്റെ തുടക്കത്തിൽ കണ്ട അതേ ദിവസത്തിന് തൊട്ട് മുന്നൊള്ള ദിവസം . 

ഞാനും അന്നാമ്മയും ചായക്കാരനിൽ പോയി‌ ഓരോ ചായയും കഴിച്ച് പതിവ് കറക്കത്തിനു ശേഷം വരുമ്പോഴാണ് പാർക്കിൽ വെച്ച് പൂച്ചേം ഷാഫിയും കൂടി നൈഫിയുടെ വണ്ടിയിൽ വരണത്.

അയ്യോ, ആ പൂച്ചയല്ലാട്ടോ ഈ പുച്ച! 

ഇത് നമ്മടെ നസീറ്.  

വല്ല്യാപ്പിള്ളിയിലെ, മെയ്ലോത്ത് കണ്ടി മൂസാക്കാന്റെ മോൻ. മൂപ്പര്  ഇപ്പോ ഇവിടെ ഖത്തറിൽ കച്ചോടം നടത്താ. നൈഫിയും വല്യാപ്പിള്ളിക്കാരനാണ്. ഇവിടെ ഒറീഡേലാണ് വർക്ക് ചെയ്യണേ . ഇപ്പോ സ്വപ്നക്കൂട് സിനിമയിലെ കൊച്ചിൻ ഹനീഫയെപ്പോലെയാ, സ്ഥാപന ജംഗമ വസ്തുക്കളെല്ലാം മൂപരുടെ വണ്ടീലാണ്, ഒരു കറുത്ത പജീറോ. അറബി കൊടുത്ത പണിയാ.

പിന്നെ അടിവാരത്തെ ഷാഫി,  മുജീബിക്കാന്റെ ശിഷ്യൻ, കെളവന്റെ ലാൻഡ് ക്യൂയിസിന്റെ കപ്പിത്താൻ. അവനെ പറ്റി ഒന്നും പറയണില്ല. ഒരു പുസ്തകം തന്നെ വേണം അത് പറയാൻ. അടുത്ത് തന്നെ ഒരു ഹാസ്യരചനക്കുള്ള വകുപ്പ് ഞാൻ കാണുന്നുണ്ട്.

പാർക്കിലിരുന്ന് എല്ലാരും കൂടി വർത്തമാനമൊക്കെ പറഞ്ഞ് വീട്ടിലേക്ക് പോവുമ്പോഴാണ് അത് സംഭവിച്ചത്. വില്ലയുടെ ഗേറ്റിന് മുന്നിൽ ദേ നിക്കണു നമ്മടെ തള്ളേം കുഞ്ഞുങ്ങളും. സന്തോഷം പറഞ്ഞറീക്കാൻ പറ്റണില്ലാ. പക്ഷേ അകലേന്ന് എന്നെ കണ്ടതും തള്ളപ്പൂച്ചയും കുഞ്ഞുങ്ങളും പേടിച്ച് നാലു വഴിക്ക് ഒറ്റ ഓട്ടം. സത്യത്തിൽ ഞാൻ തകർന്നു പോയി. മൃഗങ്ങളെ ഒരുപാട് സനേഹിക്കുന്ന എനിക്ക് വലിയ സങ്കടമായി. എന്നെ എത്രത്തോളം വെറുത്തിട്ടായിരിക്കും, എന്നെ എത്രത്തോളം പേടിച്ചിട്ടായിരിക്കും, ആ തള്ളപ്പൂച്ചയും കുഞ്ഞുങ്ങളും പേടിച്ചോടിയത്. ഈ പാവങ്ങളോട് ചെയ്ത് കൂട്ടിയ കൊള്ളരതായ്മകൾ ഓർത്തപ്പോൾ, അയ്യോ! കഷ്ടം!

കുറ്റബോധത്തിന്റെ കനത്ത ഭാരത്താൽ പ്രായശ്‌ചിത്തത്തിനുള്ള ഉപാധികൾ ഒരു നിമിഷം എന്റെ മനസ്സിൽ തിരയടിക്കാൻ തുടങ്ങി. ഈ രാത്രി, വേദനകളുടെ കുരിശുവഴിയായിരുന്നു. 

എന്നാലും!

പാവങ്ങൾ !

എന്നെ എന്തോരും പേടിച്ച് കാണും?

ചിന്തകളും ചോദ്യങ്ങളും എത്രയെത്ര? സൂര്യന്റെ ആദ്യകിരണങ്ങൾ വീഴുംമുന്നേ ഞാൻ എഴുന്നേറ്റിരുന്നു. തിരിച്ച് വരുമ്പോൾ എന്തെങ്കിലും ചെയ്യണം എന്ന ഉദ്ദേശത്തോടെ സ്കൂളിൽ പോയി.  സാധാരണ സ്കൂൾ ബസ്സിലിരുന്ന് ഉറങ്ങുന്ന ഞാൻ, ഇന്ന് പോയപ്പോഴും തിരിച്ചു വന്നപ്പോഴും ഒന്ന് മയങ്ങിയതു പോലുമില്ല. 

ചിന്തകൾ! എന്റെ ചിന്തകൾ!.. കൽക്കരി തീവണ്ടി, കറുത്ത പുക തുപ്പി കുന്നിൽ ചരിവിലെ യൂക്കാലി മരങ്ങളുടെ ഇടയിലൂടെ ഇഴഞ്ഞ് ഇഴഞ്ഞ് നീഞ്ഞുന്നത് പോലെയായിരുന്നു  . 

ഉച്ചയ്ക്ക് വീട്ടിൽ വന്ന് പതിവുറക്കത്തിനു ശേഷം നേരെ പച്ചക്കറിത്തോട്ടത്തിലേക്ക്. ഇന്നും അവരില്ല. തുടക്കത്തിൽ പറഞ്ഞതുപോലെ അവരായിരുന്നു എന്റെ പച്ചക്കറിത്തോട്ടത്തിന് പ്രകൃതിയുടെ ഒരു പൂർത്തീകരണം സാധ്യമാക്കിയത്. കിളികളും പൂച്ചകളും എന്റെ പച്ചക്കറി കൃഷിയും. അതും, ഈ മരുഭൂമിയിൽ! തിരിച്ചു കയറുമ്പോൾ അവിടെ നോക്കിയെങ്കിലും കണ്ടില്ല.

നാളെ വെള്ളിയാഴ്ചയായതു കൊണ്ട്  വൈകിയാണ് രാത്രി വീട്ടിൽ കയറിയത്. അപ്പോഴും അവിടെ ഉണ്ടായിരുന്നില്ല. പിറ്റേന്ന് രാവിലെ നാസ്ത വാങ്ങാൻ പോവുമ്പോൾ ദാ... നിക്കണു... പക്ഷേ എന്നെ കണ്ടതും ഓടി. പക്ഷേ ഇത്തവണ തള്ളപ്പൂച്ചയും ഒരു കുഞ്ഞും മാത്രമാണുണ്ടായത്. 

കറുപ്പും വെള്ളയും ചേർന്ന ഒരു കുഞ്ഞ്. എന്തായാലും സന്തോഷമായി.

കലവറയിൽ പോയി നാസ്ത വാങ്ങി വരുമ്പോ അൽമീറേന്ന് മൂന്നു ടിന്ന് ടൂണവാങ്ങി. ചായക്കരനിൽ (ചായക്കടയാണെ) നിന്ന് രണ്ട് ചെറിയ പാത്രങ്ങളും എടുത്തു. ഒന്ന് വെള്ളം കൊടുക്കാനും മറ്റേത് ഭക്ഷണം കൊടുക്കാനും. അവിടന്ന് ഒരു ഓട്ടം ആയിരുന്നു. വില്ലയിൽ എത്തിയതും ട്യൂണ ടിന്നീന്ന് പൊട്ടിച്ച് പ്ലേറ്റിലേക്കു മാറ്റി.

പാത്രം താഴെ വച്ച് പല്ലി ചിലക്കുന്നപോലെ, നാട്ടിൽ പൂച്ചേനെ വിളിക്കുന്ന ഒരു രീതിയുണ്ടല്ലോ! അത് പോലെ കുറച്ച് നേരം വിളിച്ചു. വന്നില്ല. അവിടെ ഉണ്ടോന്ന് പോലുമറിയില്ല. അതോ? അറബിപ്പൂച്ചകൾക്ക് മലയാളത്തിലെ വിളി മനസ്സിലാവാത്തതാണോന്നും അറിയില്ല. വിളിച്ചെങ്കിലും എനിക്ക് ഒരു ശതമാനം പോലും പ്രതീക്ഷയുണ്ടായിരുന്നില്ലാ. എന്നെ കണ്ടാൽ ഓടി രക്ഷപ്പെടാൻ നോക്കുന്നവരാണ് ഞാൻ വിളിച്ചാ വരണത്. 

പക്ഷേ എന്റെ എല്ലാ കണക്കുകൂട്ടലുകളും തകർത്തുകൊണ്ട്, അതാ എന്റെ തൊട്ടടുത്ത്. എനിക്കിയില്ല, എങ്ങനെ എന്റെ സന്തോഷം പ്രകടിപ്പിക്കണമെന്ന്. പക്ഷേ ഞാനനങ്ങിയാൽ പേടിച്ച് പോയാലോന്ന് ഓർത്ത് അനങ്ങാതെ നിന്നു. ഒന്ന് തലോടി കൊടുക്കണമെന്നുണ്ട്, ഞാൻ നിങ്ങളെ പേടിപ്പിച്ചങ്കിലും എനിക്ക് നിങ്ങളെ ഇഷ്ടമാണെന്ന് പറയണമെന്നുണ്ട്. പക്ഷേ എങ്ങനെ?

എന്തായാലും, സൗഹൃദം കൊണ്ട് ! അല്ല! സ്നേഹംകൊണ്ട് തുടങ്ങിയ ഈ പച്ചക്കറിക്കാലം, ഒരു മാമ്പഴക്കാലം പോലെ സ്നേഹപൂർണ്ണമായി തന്നെ തുടരട്ടെ. തുടങ്ങിയിടത്തുതന്നെ ഞാൻ നിർത്തുന്നു.

ഇന്ന് നവംബർ 27. വലിയൊരു യുദ്ധത്തിന്റെ സമാദാന സന്ധിയായിരുന്നു. അല്ല, അശോകചക്രവർത്തിയെ പോലെ യുദ്ധാനന്തര ഫലം കണ്ട്  മനസ്സ് വേദനിപ്പിച്ചതിന്റെ പശ്ചാത്താപമാവാം.

എന്തുമാവട്ടെ...

വളരെ മനോഹരമായ ദിവസം... 

ഇന്ന്, ശനിയാഴ്ച... 

എനിക്ക് സുഖമായുറങ്ങാം... 

മൃഗസംരക്ഷണ മേഖലയിൽ നിങ്ങൾക്കുമുണ്ടോ മറക്കാനാവാത്ത അനുഭവങ്ങൾ! രസകരമായതും ഹൃദയസ്പർശിയതുമായ അനുഭവങ്ങൾ മനോരമ ഓൺലൈൻ കർഷകശ്രീയുമായി പങ്കുവയ്ക്കൂ (കർഷകർ, വെറ്ററിനറി ഡോക്ടർമാർ/വിദ്യാർഥികൾ, സ്കൂൾ/കോളജ് വിദ്യാർഥികൾ, പെറ്റ്ഷോപ് ഉടമകൾ, അരുമ പരിപാലകർ എന്നിങ്ങനെ ആർക്കും അയയ്ക്കാം). നിങ്ങളുടെ അനുഭവക്കുറിപ്പുകൾ 87146 17871 എന്ന നമ്പറിലേക്ക് വാട്സാപ് ചെയ്യൂ.

English summary: The teacher writes about his vegetable garden at home

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com