ADVERTISEMENT

എൻജിനീയറിങ് പഠിക്കാൻ പോയവൻ മെലിഞ്ഞുണങ്ങിയ ഒരു നായയുമായി വീട്ടിലെത്തിയപ്പോൾ വീട്ടുകാർ ചൂലെടുത്തു. അവരെ കുറ്റം പറയാൻ കഴിയില്ല. ലാബ്രഡോർ എന്ന പേരും പറഞ്ഞ് എല്ലും തോലുമായ നായയെ വീട്ടിലെത്തിച്ചാൽ ആരാണെങ്കിലും പറയും ഇവന് ഭ്രാന്താണെന്ന്. എന്നാൽ, ഡിറ്റോ ജോർജ് അതൊന്നും കാര്യമാക്കിയില്ല. അവളെ നന്നായി നോക്കി. അതുകൊണ്ടുതന്നെ മെലിഞ്ഞുണങ്ങിയ നായയിൽനിന്ന് സുന്ദരിയായ ടെസയായി അവൾ മാറി. പിൽക്കാലത്ത് സൈബീരിയൻ ഹസ്കിയും അകീറ്റയും ഡിറ്റോയുടെ വീട്ടിൽ സ്ഥാനം പിടിച്ചപ്പോഴും ടെസതന്നെയാണ് കൊച്ചി കടവന്ത്രയിലെ പുല്ലോശേരി വീട്ടിലെ റാണി.

സുഹൃത്തുവഴി വന്നു, സുഹൃത്തായി മാറി

ആലപ്പുഴയിൽ എൻജിനീയറിങ് പഠിക്കുന്ന സമയത്താണ് ഒരു സുഹൃത്തുവഴി ടെസയെ ഏറ്റെടുക്കുന്നത്. ഉടമയ്ക്ക് ശ്രദ്ധിക്കാൻ കഴിയുന്നില്ലെന്നതായിരുന്നു കാരണം. വാട്സാപ്പിൽ വിഡിയോ ലഭിച്ചപ്പോൾ താൻ ഞെട്ടിയെന്ന് ഡിറ്റോ. ലാബ്രഡോർ ആണെന്നു പറഞ്ഞാണ് വിഡിയോ അയച്ചത്. എന്നാൽ, കണ്ടപ്പോൾ ലാബ്രഡോറിന്റെ യാതൊരുവിധ രൂപവുമില്ല. കുരയ്ക്കുന്ന ശബ്ദം കേട്ടപ്പോൾ മാത്രമാണ് ലാബ് ആണെന്ന് ഉറപ്പിക്കാനായത്. കണ്ടപ്പോൾത്തന്നെ വിഷമം തോന്നിയതിനാൽ ഉടൻതന്നെ അതിനെ ഏറ്റെടുത്തു. തീരെ അവശയായിരുന്ന അവളെ ആലപ്പുഴയിലെ ഒരു വെറ്ററിനറി ഡോക്ടറുടെ സഹായത്തോടെ ആവശ്യമായ മരുന്നുകളും സപ്ലിമെന്റുകളും ഭക്ഷണവും നൽകി ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരികയായിരുന്നു. 2018ലായിരുന്നു ടെസ വീട്ടിലെത്തിയത്. 

ditto-kadavanthra-3
ടെസ... അന്നും ഇന്നും

ഡിറ്റോയുടെ പ്രിയപ്പെട്ട നായയായി ടെസ മാറിയിട്ട് നാലു വർഷം പിന്നിട്ടിരിക്കുന്നു. കുട്ടിക്കാലത്ത് അനുഭവിച്ച ബുദ്ധിമുട്ടുകൾക്കൊണ്ടാവാം അവളുടെ ഒരു കാലിന്റെ അസ്ഥികൾക്കു തേയ്മാനമുണ്ട്. അതുകൊണ്ടുതന്നെ ബ്രീഡ് ചെയ്യിക്കാറില്ല. ഇതുവരെ പ്രസവിച്ചിട്ടില്ലെങ്കിലും ടെസ ഇന്ന് അമ്മയാണ്. 10 മക്കൾക്ക് പാലൂട്ടുന്നുണ്ട്.

പ്രസവിക്കാതെ പാലൂട്ടി അമ്മയായ ടെസ

കേൾക്കുമ്പോൾ അതിശയം തോന്നുന്നുവല്ലേ... അതുതന്നെയാണ് ഡിറ്റോയ്ക്കും അന്ന് തോന്നിയത്. ഇണ ചേരാത്ത, കുഞ്ഞുങ്ങളെ ഉദരത്തിൽ വഹിക്കാത്ത, പ്രസവിക്കാത്ത ഒരു നായ മറ്റൊരു നായയുടെ കുഞ്ഞുങ്ങളെ സ്വന്തം മക്കളേപ്പോലെ സംരക്ഷിച്ച് പാലൂട്ടുന്നു. അതേ, ഡിറ്റോയുടെ ടെസ ഇപ്പോൾ 10 മക്കളുടെ അമ്മയാണ്. കൈവശമുള്ള അകീറ്റ ഇനം നായ എമിയുടെ മക്കളെയാണ് ടെസ എന്ന ലാബ്രഡോർ പാലൂട്ടി വളർത്തിയത്. 

പൊതുവെ കുഞ്ഞുങ്ങളോട് വളരെ അടുപ്പം കാണിക്കുന്ന ജീവിവർഗമാണ് നായ്ക്കൾ. എന്നാൽ, എമി അങ്ങനെയായിരുന്നില്ല. കുട്ടികളോട് അത്ര വലിയ താൽപര്യം ഉണ്ടായിരുന്നില്ല. പാൽ നൽകുമെങ്കിലും മറ്റു നായ്ക്കളേപ്പോലെ കുട്ടികളോട് അതിയായ അടുപ്പം ഉണ്ടായിരുന്നില്ല. ഈ സാഹചര്യത്തിലാണ് ടെസ കുഞ്ഞുങ്ങളുടെ അടുത്തേക്കു പോകാനും അവയെ നക്കിത്തോർത്താനും സ്വന്തം ശരീരത്തിലെ ചൂട് പകർന്നുനൽകാനും ശ്രമിച്ചത്. അതോടെ കുട്ടികൾ ടെസയുടെ മുല നുണയാനും തുടങ്ങി. ക്രമേണ ഒരു പ്രസവിച്ച നായയുടെ ശരീരം ടെസയ്ക്കു വന്നു. അകിടും മുലകളും വലുതായി. ആദ്യമൊന്നും അതത്ര കാര്യമാക്കിയില്ലെങ്കിലും പീന്നീട് ടെസയ്ക്കൊപ്പം നിൽക്കുന്ന കുട്ടികളുടെ എണ്ണവും കൂടിയപ്പോഴാണ് അവൾ പാൽ ചുരത്തുന്നതായി തിരിച്ചറിഞ്ഞ്. അതായത് കണ്ണുതുറക്കാത്ത നായ്ക്കുഞ്ഞുങ്ങൾ സ്വന്തം അമ്മയെ വിട്ട് ടെസയ്ക്കൊപ്പം ചേർന്നു. ഇക്കാര്യം വൈറ്റില ഡോ.സൂ ഹോസ്പിറ്റലിലെ ഡോ. സോണികയോടു ചോദിച്ചപ്പോൾ ടെസയെ വിലക്കണ്ട എന്ന നിർദേശമാണ് ലഭിച്ചത്. ചുരുക്കത്തിൽ രണ്ടു പേരുടെയും പാൽ കുടിച്ചാണ് കുഞ്ഞുങ്ങൾ വളർന്നത്.

ditto-kadavanthra-4
സേറയും കാസ്പറും

രൂപത്തിൽ ചെന്നായ, പക്ഷേ പാവങ്ങൾ: വീട്ടിലെ താരങ്ങളായി സേറയും കാസ്പറും ബോണിയും

സൈബീരിയൻ ഹസ്കി എന്ന രോമക്കാരോടുള്ള താൽപര്യംകൊണ്ടാണ് ഡിറ്റോ ഒരു പെൺനായയെ വീട്ടിൽ എത്തിച്ചത്. അവൾക്ക് സേറ എന്ന പേരുമിട്ടു. രണ്ടാം പ്രസവം കഴിഞ്ഞ അവളും രണ്ടു മക്കളും ഇപ്പോൾ വീട്ടിലുണ്ട്. ഇൻഡോർ പെറ്റ് ആയിട്ടാണ് ഇവരെ വളർത്തുന്നത്. എന്നാൽ, രോമം പൊഴിയുന്ന സമയങ്ങളിൽ പുറത്തെ കൂട്ടിലേക്കു മാറ്റും. സാധാരണ വർഷം രണ്ടു തവണയാണ് ഹസ്കികളുടെ രോമം പൊഴിയുകയെന്ന് ഡിറ്റോ. അമ്മ സേറയേക്കാളും കുറേക്കൂടി രോമക്കാരനാണ് കാസ്പർ. കണ്ടാൽ ഒരു പഞ്ഞിക്കെട്ടാണെന്നേ തോന്നൂ. ശാന്തനുമാണ്. അതേസമയം, ബോണി വികൃതിയാണ്. കൂടിന്റെ അഴികൾക്കിടയിലൂടെ പുറത്തുചാടുന്നതാണ് കക്ഷിയുടെ ഹോബി.

ആരെയും സ്നേഹത്തോടെ മാത്രം കാണുന്ന ലാബ്രഡോർ നായ്ക്കളേപ്പോലെതന്നെയാണ് ഹസ്കികളും. അതിവേഗം ഇണങ്ങും. അതുകൊണ്ടുതന്നെ ഇവയെ ഒരു കാവൽനായയായോ സുരക്ഷയ്ക്കായോ വളർത്താൻ കഴിയില്ല. കേരളത്തിലെ കാലാവസ്ഥയോട് പൊരുത്തപ്പെടാൻ കഴിയുന്ന ഇവർ ഏറെ ജനപ്രീതി നേടിയിട്ടുണ്ട്. ഹസ്കികളെ വളർത്തുന്ന ഒട്ടേറെ പെറ്റ് പേരന്റുകൾ ഇന്ന് കേരളത്തിലുണ്ട്.

ditto-kadavanthra-5
സേറയ്ക്കും എമിക്കുമൊപ്പം ഡിറ്റോ

റോട്ടിനേക്കാൾ ഭീകരൻ, പക്ഷേ ഇവിടെ പഞ്ചപാവം

നായ്ക്കളോട് താൽപര്യമുണ്ടെങ്കിലും പല കെന്നലുകളും വളർത്താൻ മടിക്കുന്ന ഒരിനമാണ് അകീറ്റ. ജപ്പാനിൽനിന്ന് ലോകവ്യാപകമായ ഈ ഇനവും ഡിറ്റോയ്ക്കുണ്ട്. ഹാച്ചികോ എന്ന ചിത്രം കണ്ടതോടെയാണ് ഡിറ്റോയ്ക്ക് ഈ ഇനത്തോട് താൽപര്യം തോന്നിയത്. വളരെ കാലം ഉള്ളിൽക്കൊണ്ടുനടന്ന ആഗ്രഹം സഫലമായിട്ട് ചുരുങ്ങിയ കാലം മാത്രമേ ആയിട്ടുള്ളൂ. കേരളത്തിൽ ചുരുക്കം ചിലർ മാത്രമാണ് അകീറ്റയെ വളർത്തുന്നത്. അതുകൊണ്ടുതന്നെ ഏറെ നാളത്തെ അന്വേഷണത്തിനൊടുവിലാണ് എമിയെ വീട്ടിലെത്തിച്ചത്. 

ditto-kadavanthra-2

പൊതുവെ അക്രമണ സ്വഭാവമുള്ള ഇവയെ കെന്നലുകളിൽ വളർത്താൻ പല ബ്രീഡർമാരും മടിക്കുന്നത് ഇവരുടെ ശൗര്യംകൊണ്ടുതന്നെയാണ്. എന്നാൽ, വീടുകളിൽ നല്ല പരിചരണം നൽകി വളർത്തിയാൽ ഇവർ നല്ല കുട്ടികളാകുമെന്ന് ഡിറ്റോ. ചെറുപ്പംമുതൽ എമിയെ എല്ലാവരുമായി ഇടപഴകി ശീലിപ്പിച്ചു. അതുകൊണ്ടുതന്നെ സമീപത്തെ കൊച്ചുകുട്ടികളുമായിപോലും എമി ചങ്ങാത്തത്തിലാണ്. എന്നാൽ, പരിചയമില്ലാത്ത മറ്റു നായ്ക്കളോട് കക്ഷി തനി സ്വഭാവം കാണിക്കുകയും ചെയ്യും. ഓരോ നായയുടെയും സ്വഭാവം നിശ്ചയിക്കപ്പെടുക അവ വളരുന്ന സാഹചര്യമാണെന്നും ഡിറ്റോ പറയുന്നു. നായ്ക്കളുമായി പുറത്ത് പോകാനും ഡിറ്റോ സമയം കണ്ടെത്താറുണ്ട്. പലപ്പോഴും അവയ്ക്കൊപ്പമുള്ള നൈറ്റ് വാക്ക് ആണ് ഡിറ്റോയുടെ ഇഷ്ട വിനോദം.

ആലപ്പുഴയിൽ സിവിൽ എൻജിനീയറായി ജോലി ചെയ്യുകയാണ് ഡിറ്റോ. അധ്യാപികയായ അമ്മ റോസിയും സഹോദരൻ ഡിയോയും നായ്ക്കളുടെ സംരക്ഷണത്തിന് ഡിറ്റോയ്ക്കൊപ്പമുണ്ട്.

ഫോൺ: 7736613763

English summary: These are the pets of the young engineer

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com