ADVERTISEMENT

ഓരോ ദിവസവും വെറ്ററിനറി ഡോക്ടർമാർക്ക് മുന്നിലെത്തുന്ന രോഗികളും അവയുടെ രോഗങ്ങളും പ്രശ്നങ്ങളുമെല്ലാം പലവിധമാണ്. സ്വന്തം ആരോഗ്യപ്രശ്നം തന്റെ ഡോക്ടറോടു പറയാൻ കഴിവില്ലാത്ത മിണ്ടാപ്രാണിയെ സൂക്ഷ്മമായി പരിശോധിച്ച് ലക്ഷണങ്ങൾ ഓരോന്നും ചികഞ്ഞെടുത്ത് ചികിത്സ നൽകി ആരോഗ്യം വീണ്ടെടുക്കുക എന്ന വലിയ ഉത്തരവാദിത്തമാണ് വെറ്ററിനറി ഡോക്ടർക്കുള്ളത്. ഇക്കഴിഞ്ഞ ദിവസം കാസർകോട് ജില്ലയിലെ കാഞ്ഞങ്ങാട് ഗവൺമെന്റ് വെറ്ററിനറി ഹോസ്പിറ്റലിലെ ഡോക്ടർമാരുടെ മുന്നിലെത്തിയ രോഗി 14 വയസുള്ള ഒരു ആൺ ഒട്ടകമായിരുന്നു. കീഴ്ത്താടിയെല്ല് ഒടിഞ്ഞു തൂങ്ങി രക്തം കട്ടകട്ടയായി ഒഴുകുന്ന ഗുരുതരാവസ്ഥയിലായിരുന്നു ഒട്ടകം. ഈയിടെ കാസർകോട് ബേക്കലിൽ പൂർത്തിയായ രാജ്യാന്തര ബീച്ച് ഫെസ്റ്റിവലിനായി കർണാടകയിൽനിന്ന് എത്തിച്ച ഒട്ടകമായിരുന്നു ഇത്. ഉത്സവമൊക്കെ കഴിഞ്ഞതിനുശേഷം ഒട്ടകക്കൂട്ടത്തിലെ മറ്റൊരു കലിപ്പൻ ആൺ ഒട്ടകവുമായുണ്ടായ ഏറ്റുമുട്ടലിലാണ് ഒട്ടകത്തിന്റെ താടിയെല്ല് ഒടിഞ്ഞുതൂങ്ങിയത്.

camel-surgery-1
ഒട്ടകത്തിന്റെ കീഴ്ത്താടി ഒടിഞ്ഞുതൂങ്ങിയ നിലയിൽ

താടിയെല്ല് ഒടിഞ്ഞുതൂങ്ങിയാൽ പിന്നെ ശസ്ത്രക്രിയ മാത്രമാണ് പോംവഴി. കാഞ്ഞങ്ങാട് വെറ്ററിനറി ഹോസ്പിറ്റലിലെ ഡോക്ടർ ഡോ. എസ്.ജിഷ്ണുവിന്റെയും എമർജൻസി വെറ്ററിനറി സർജൻ ഡോ. നിധീഷ് ഗണേഷിന്റെയും പ്രാഥമിക ചികിത്സയ്ക്ക‌ു ശേഷം കീഴ്ത്താടിയെല്ല് പൂർവസ്ഥിതിയിലാക്കാൻ ശസ്ത്രക്രിയ ചെയ്യാൻ തീരുമാനിച്ചു. കണ്ണൂർ ജില്ലാ വെറ്ററിനറി കേന്ദ്രത്തിലെ ഡോക്ടറും അസ്ഥിരോഗ വിദഗ്ധനുമായ ഡോ. ഷെറിൻ ബി. സാരംഗിന്റെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ. മുഖത്തുനിന്ന് വേർപെട്ടുപോയ കീഴ്ത്താടിയെല്ലിനെ തിരികെ ശരീരത്തോടു ചേർക്കുന്നതിനായി ഇന്റർ ഡെന്റൽ വയറിങ് എന്ന ശസ്ത്രക്രിയ രീതിയാണ് ഡോക്ടർമാരുടെ നേതൃത്വത്തിൽ നടത്തിയത്.

കീഴ്ത്താടിയെല്ലിന്റെ വേർപ്പെട്ട ഭാഗം സ്റ്റീൽ വയറുപയോഗിച്ച് പല്ലുമായി കൂട്ടിയോജിപ്പിച്ച് പൂർവസ്ഥിതിയിലാക്കുന്ന ശസ്ത്രക്രിയയാണിത്. താടിയെല്ലിനേൽക്കുന്ന പരിക്കുകളിൽ മനുഷ്യരിലും ഇതേ രീതി ചികിത്സാ രീതി സ്വീകരിക്കാറുണ്ട് .

camel-surgery-2
ഒട്ടകത്തിന് ചികിത്സ നൽകിയ ഡോക്ടർമാരുടെ സംഘം

ഡോ. ഷെറിൻ ബി സാരംഗ്, ഡോ. എസ്.ജിഷ്ണു, ഡോ. നിധീഷ് ഗണേഷ് എന്നിവർക്കൊപ്പം ശസ്ത്രക്രിയയിൽ സഹായത്തിനായി കണ്ണൂർ ജില്ല വെറ്ററിനറി കേന്ദ്രത്തിലെ ട്രെയിനി ഡോക്ടർമാരായ വി.സി.ഗോപിക, അമൽ സുധാകരൻ, അനിക ആന്റണി, ആരതി കൃഷ്ണ എന്നിവരുമുണ്ടായിരുന്നു.

ഓപ്പറേഷൻ തിയറ്റർ ഉൾപ്പെടെ ചികിത്സാ സജ്ജീകരണങ്ങളെല്ലാം ഒരുക്കിയത് ബേക്കൽ ബീച്ചിൽ തന്നെയായിരുന്നു. ശസ്ത്രക്രിയ രണ്ടു മണിക്കൂറിലധികം നീണ്ടു.

ഒട്ടകക്കൂട്ടത്തിനിടയിൽ ഇത്തരം പോരാട്ടങ്ങൾ സർവസാധാരണയാണ്. പോരാട്ടത്തിനൊടുവിൽ ഒട്ടകങ്ങൾക്ക് ഇത്തരത്തിൽ താടിയെല്ലിന് പരിക്കേൽക്കുന്നതും സാധാരണയാണ്. ഒട്ടകങ്ങൾ ധാരാളമുള്ള ഉത്തരേന്ത്യയിൽ പ്രദേശങ്ങളിൽ ഇത്തരത്തിലുള്ള ഒട്ടേറെ കേസുകൾ വെറ്ററിനറി ഹോസ്പിറ്റുകളിൽ എത്താറുണ്ട്. എന്നാൽ കേരളത്തിൽ  ഇത്തരം സംഭവങ്ങളും അതിനുള്ള ശസ്ത്രക്രിയകളും അത്യപൂർവമാണ്.

വിജയകരമായ ഇന്റർ ഡെന്റൽ വയറിങ് ശസ്ത്രക്രിയയ്ക്കു ശേഷം ഒട്ടകമിപ്പോൾ നിരീക്ഷണത്തിലാണ്. ദിവസവും തുടർ ചികിത്സയുമുണ്ട്. ഒരാഴ്ച സമയത്തേക്ക് ഖരാഹാരം കഴിക്കാൻ ഒട്ടകത്തിന് നിർവാഹമില്ല. അതുവരെയും ആരോഗ്യം തളരാതെ കാക്കാൻ ഗ്ലൂക്കോസ് ഉൾപ്പെടെ പോഷക മിശ്രിതങ്ങൾ കുത്തിവയ്പായി നൽകും. താടിയെല്ലിനേറ്റ സാരമായ പരിക്കിന്റെ വേദനയെല്ലാം മാറി ഒട്ടകം പഴയ പ്രതാപത്തിലേക്ക് തിരികെയെത്തുമെന്ന പ്രതീക്ഷയിലാണ് ബേക്കലിലെ ഒട്ടക സ്നേഹികളിപ്പോൾ.

മൃഗസംരക്ഷണ മേഖലയിൽ നിങ്ങൾക്കുമുണ്ടോ മറക്കാനാവാത്ത അനുഭവങ്ങൾ! രസകരമായതും ഹൃദയസ്പർശിയതുമായ അനുഭവങ്ങൾ മനോരമ ഓൺലൈൻ കർഷകശ്രീയുമായി പങ്കുവയ്ക്കൂ (കർഷകർ, വെറ്ററിനറി ഡോക്ടർമാർ/വിദ്യാർഥികൾ, സ്കൂൾ/കോളജ് വിദ്യാർഥികൾ, പെറ്റ്ഷോപ് ഉടമകൾ, അരുമ പരിപാലകർ എന്നിങ്ങനെ ആർക്കും അയയ്ക്കാം). നിങ്ങളുടെ അനുഭവക്കുറിപ്പുകൾ 87146 17871 എന്ന നമ്പറിലേക്ക് വാട്സാപ് ചെയ്യൂ.

English summary: Camel's broken jaw repaired

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com