കുളിപ്പിച്ച് കുളിപ്പിച്ച് ഇല്ലാതാക്കരുത്; അരുമകളെ കുളിപ്പിക്കേണ്ടതുണ്ടോ, ഉണ്ടെങ്കില്‍ എപ്പോള്‍, എങ്ങനെ

1277453154
image credit: ArtistGNDphotography/istockphoto
SHARE

പൊതുവേ ഈ പ്രയോഗംകൊണ്ട് ഉദ്ദേശിക്കുന്നത് അമിത പരിചരണമെന്നാവാം. പക്ഷേ ശരിക്കുള്ള കുളിപ്പിക്കൽ തന്നെയാണ് ഇവിടെ ഉദ്ദേശിക്കുന്നത്. അരുമകളെ കുളിപ്പിക്കേണ്ടതുണ്ടോ, ഉണ്ടെങ്കില്‍ എപ്പോള്‍,  എങ്ങനെ എന്നൊക്കെ സംശയങ്ങൾ പലർക്കുമുണ്ട്. 

കട്ടിയുള്ള രോമക്കുപ്പായക്കാരുടെ കാര്യം ആദ്യം പരിശോധിക്കാം. ശരീരം ഏറെ രോമാവൃതമല്ലാത്ത നമ്മൾ കുളിക്കുന്നത് ശരീരശുദ്ധിക്കും ശരീരത്തിന് ഉണർവു കിട്ടാനും  മറ്റുമാണ്. എന്നാൽ ഇതാണോ മൃഗങ്ങള്‍ക്കു വേണ്ടത്? കുളിപ്പിക്കുന്നത് മൃഗത്തിന്റെ ആവശ്യത്തെക്കാൾ പലപ്പോഴും ഉടമയുടെ താൽപര്യപ്രകാരമല്ലേ? ശരീര ദുർഗന്ധം അകറ്റാനാണ് നമ്മള്‍ മൃഗങ്ങളെ കുളിപ്പിക്കുന്നത്. അതുകൊണ്ടുതന്നെ സുഗന്ധ പൂരിതമായ സോപ്പ്, ഷാംപൂ ഒക്കെ ഉപയോഗിച്ചാണ് കുളിപ്പിക്കല്‍. കുളിപ്പിക്കലില്‍ തൃപ്തി കിട്ടണമെങ്കിൽ ഷാംപൂവും സോപ്പുമൊക്കെ പതഞ്ഞു പതഞ്ഞു നിൽക്കണം പലർക്കും. അതിനായി ഇവ നല്ല അളവില്‍ ഉപയോഗിക്കും. എന്നാല്‍ അതുകൊണ്ട് എന്തെങ്കിലും ദോഷമുണ്ടോയെന്നു ചിന്തിക്കാറുണ്ടോ ആരെങ്കിലും? അത് അറിയണമെങ്കില്‍ സോപ്പ്, ഷാംപൂ എന്നിവയെ ഒന്ന് അടുത്തറിയണം. സ്വാഭാവിക എണ്ണയോ കൊഴുപ്പോ ക്ഷാരവസ്തുക്കളുമായി കലർത്തിയാണ് സോപ്പ് ഉണ്ടാക്കുന്നത്. ചർമത്തിലെ അഴുക്ക് നീക്കാനാണ് ഇത് ഉപയോഗിക്കുന്നത്. എന്നാൽ ചർമത്തിലെ എണ്ണഗ്രന്ഥികൾ പുറപ്പെടുവിക്കുന്ന അമിതമായ എണ്ണ, രോമങ്ങളിൽനിന്നു നീക്കം ചെയ്യുന്നതിനാണ് ഷാംപൂ ഉപയോഗിക്കുന്നത്. ഏത് ഷാംപൂ, എത്ര അളവിൽ അരുമകളില്‍ ഉപയോഗിക്കണമെന്നു പക്ഷേ, ആരും ചിന്തിക്കാറില്ല. 

മനുഷ്യർ ഉപയോഗിക്കുന്ന ഷാംപൂ ഒരു കാരണവശാലും അരുമകളിൽ ഉപയോഗിക്കാൻ പാടില്ല. ഒറ്റത്തവണ ഇത് ഉപയോഗിക്കുമ്പോൾ കാര്യമായ പ്രശ്നമുണ്ടാകില്ല എങ്കിലും ദീർഘകാലം ഉപയോഗിക്കുന്നത് ചർമത്തിനു ഹാനികരമായേക്കാം. മാത്രമല്ല, അമിതഗന്ധവും നിറവുമൊക്കെ പ്രശ്നമാണ്. മൃഗങ്ങൾക്കു പ്രത്യേകം  ഷാംപൂ വിപണിയില്‍ കിട്ടും. അതാണ്  സുരക്ഷിതം. പ്രായം കുറഞ്ഞ അരുമകള്‍ക്കും പ്രത്യേക ഷാംപൂ ലഭ്യമാണ്. 

എത്ര അളവിൽ എന്നതും പ്രധാനമാണ്. അരുമയുടെ പ്രായം, രോമത്തിന്റെ നീളം, ചർമത്തിന്റെ അവസ്ഥ, പരിപാലിക്കുന്ന സ്ഥലത്തിന്റെ ശുചിത്വം, കാലാവസ്ഥ ഒക്കെ പരിഗണിക്കേണ്ടതുണ്ട്. വീടിനു പുറത്ത് കളിച്ചുമറിഞ്ഞ് നടക്കുന്നവയെ കൂടക്കൂടെ ശുചിയാക്കേണ്ടതുണ്ട്. തണുപ്പുള്ളപ്പോള്‍ കുളിപ്പിക്കൽ കഴിയുന്നതും ഒഴിവാക്കണം.  രോമക്കുപ്പായം ചീകി, ഇളകിയ രോമം നീക്കം ചെയ്തതിനു ശേഷമേ ദേഹം നനയ്ക്കാൻ പാടുള്ളൂ. അധികം അഴുക്കു പുരളുന്നില്ല എങ്കിൽ 3 മാസത്തിലൊരിക്കലും അല്ലെങ്കിൽ ആഴ്ചയിൽ ഒരിക്കലും  കുളിപ്പിച്ചാൽ മതി. എന്നാൽ രോമക്കുപ്പായം ചീകിക്കൊടുക്കണം. അമിതമായി കുളിപ്പിക്കുന്നതു മൂലം  ചർമത്തിന് രോഗപ്രതിരോധശേഷി നൽകുന്ന സ്വാഭാവിക എണ്ണയും മറ്റും നഷ്ടപ്പെടും. അതു ചർമരോഗങ്ങൾ വരുത്തും. 

ഷാംപൂവിന്റെ കാഠിന്യവും നോക്കണം. സാധാരണയായി 1:4 എന്ന അനുപാതത്തിൽ വെള്ളം ചേർത്ത് വേണം  ഉപയോഗിക്കുവാൻ. കടുപ്പം കൂടിയാൽ രോമകൂപങ്ങൾക്കുള്ളിലെ ഉപകാരികളായ സൂക്ഷ്മാണുക്കൾ നശിക്കും. പാദം മുതൽ മുകളിലോട്ടു വേണം നേർപ്പിച്ച ഷാംപൂ പുരട്ടാൻ. ദേഹം മുഴുവൻ പുരട്ടിക്കഴിഞ്ഞാൽ തലയുടെ ഭാഗത്തുനിന്ന് പിന്നോട്ടു വേണം കഴുകിക്കളയാന്‍. ചെവിക്കുള്ളിൽ വെള്ളം പോകാതെ നോക്കണം. ഇതിനായി വെള്ളം വലിച്ചെടുക്കാത്ത തരം പഞ്ഞികൊണ്ട് ചെവികൾ അടച്ചുവയ്ക്കാം. 

പിന്നീട് വൃത്തിയുള്ള ടവൽ ഉപയോഗിച്ച് ദേഹം തോര്‍ത്തുക. ഇതിനു ശേഷം ഡ്രയർ ഉപയോഗിക്കാം. എന്നാൽ ദേഹത്ത് അമിതമായി ചൂടേൽക്കാതെ നോക്കണം. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ദുരൂഹം ആ വരവ്, ആരാണ് അമൃത്പാൽ സിങ്?

MORE VIDEOS