ADVERTISEMENT

ഡെയറി ഫാമിങ് സംരംഭങ്ങൾക്ക് സാങ്കേതിക ഉപദേശം നൽകുന്നതിൽ ലോകം ആദരിക്കുന്ന വിദഗ്ധനാണ് ഡോ. ഏബ്രഹാം മാത്യു. അദ്ദേഹത്തോടൊപ്പമുള്ള യാത്രകളും അനുഭവങ്ങളും ഒരു വെറ്ററിനറി ഡോക്ടർ എന്ന നിലയ്ക്ക് എനിക്ക് ആവേശകരവും ഊർജദായകവുമാണ്. മൃഗസംരക്ഷണമേഖലയിൽ വിപ്ലവം സൃഷ്ടിച്ച കൃത്രിമ ബീജധാന സാങ്കേതികവിദ്യ എഴുപതുകളിൽ ഇൻഡോ–സ്വിസ് പ്രോജക്ടിൽ പ്രവർത്തിക്കുന്ന കാലത്ത് സാക്ഷാൽകരിച്ച് അത് ഭാരതത്തെതന്നെ പഠിപ്പിച്ച മഹദ്‌വ്യക്തിയാണ് അദ്ദേഹം. രാജ്യത്തെമ്പാടുമായി നൂറുകണക്കിന് ശിഷ്യഗണങ്ങളുമുണ്ട് അദ്ദേഹത്തിന്. 

ഡെയറി ഫാമുകളിൽ ‘ശാസ്ത്രീയത’ എന്തെന്ന് സംരംഭകരെ ബോധവാന്മാരാക്കാനുള്ള അദ്ദേഹത്തിന്റെ അശ്രാന്തപരിശ്രമങ്ങൾക്ക് കേരളത്തിൽ ഫലം കണ്ടു തുടങ്ങിയിട്ടുണ്ട്. അതാണ് സമീപകാലത്ത് ഏറെ ശ്രദ്ധ നേടിയിട്ടുള്ള പല ഫാമുകളുടെയും പ്രവർത്തനമികവിലൂടെ മനസിലാക്കാൻ കഴിയുന്നത്. അങ്കമാലിയിലെ നവ്യ ഫാമും മുട്ടുചിറയിലെ പറുദീസ ഫാമും ചില ഉദാഹരണങ്ങൾ മാത്രം. ആ ഫാമുകളുടെ പ്രവർത്തനങ്ങൾ കർഷകശ്രീ മുൻപ് പങ്കുവച്ച് ഓർക്കുന്നു.

ജോജോ ആന്റണി എന്ന കർഷകന്റെ കാലടിയിലുള്ള ഗ്രീൻലാൻഡ് ഫാം കഴിഞ്ഞ ദിവസം സന്ദർശിച്ചു. 25 വർഷത്തിലേറെ ഈ രംഗത്ത് വലിയ മൂലധന നിക്ഷേപം നടത്തിയ, ഈ മേഖലയിലേക്ക് വരുന്നവർക്കു തന്റെ പ്രായോഗികാനുഭവങ്ങൾ പങ്കുവച്ചു വഴികാട്ടുന്ന വ്യക്തിയാണ്. 

ജോജോയുടെ ഫാമിലെ ശരാശരി പാലുൽപാദനം 16 ലീറ്റർ കടന്നതിന്റെ ആഹ്ലാദത്തിലാണ് ഏബ്രഹാം മാത്യു സാർ. പോകുന്ന വഴിയിലുടനീളം ഇനിയും മെച്ചപ്പെടേണ്ട  ‘സർവീസ് പീരിയഡ്’ DIM (ഡെയ്സ് ഇൻ മിൽക്ക്) തുടങ്ങിയ ‘എക്കണോമിക് ഇൻഡിക്കേറ്റേഴ്സ്’ എങ്ങനെ ലക്ഷ്യത്തിലെത്തിക്കാം എന്നതിനെക്കുറിച്ചുള്ള ചർച്ചകളും ആലോചനകളുമാണ് നടന്നുകൊണ്ടിരുന്നത്.

ഫാമിലെത്തി പതിവുപോലെ പരിശോധിക്കപ്പെടേണ്ട പശുക്കളുടെ ലിസ്റ്റിന്റെ പ്രിന്റെടുത്ത് ജോലികൾ തുടങ്ങി. ഈ ലിസ്റ്റ് തയാറാക്കുന്നത് ഏബ്രഹാം മാത്യു സറിന്റെ സോഫ്റ്റ് വേർ ഉപയോഗിച്ചാണ്. കുറയേറെ പശുക്കളുടെ പരിശോധനകൾ കഴിഞ്ഞ് 15 മാസം പ്രായമെത്തിയ കിടാരിയുടെ അടുത്തെത്തി. മദി ലക്ഷണം കാണിക്കുന്നില്ല എന്നതാണ് ഈ കിടാരിയുടെ പ്രശ്നം. ശരീരഭാരം 300 കിലോയോളം എത്തിയിരിക്കുന്നു. അതായത്, പ്രായപൂർത്തിയായ പശുവിന്റെ തൂക്കത്തിന്റെ 2/3 ഭാഗം കണക്കുപ്രകാരം ആയി. സാധാരണ വെറ്റിറിനേറിയൻ 5–8 മിനിറ്റെടുക്കുന്ന പരിശോധനയ്ക്ക് സാറിന് ഒരു മിനിറ്റ് ധാരാളമാണ്. ഇവിടെ പരിശോധന അസാധാരണമാംവിധം നീണ്ടപ്പോൾ ഞാൻ സാറിന്റെ  മുഖത്തേക്ക് നോക്കി. ആ സമയം അങ്ങോട്ട് സംസാരിക്കരുതെന്നാണ് ഞങ്ങൾക്കിടയിലെ ഒരു വ്യവസ്ഥ. 

‘ഓർമയുണ്ടോ, ഈ കിടാരിയുടെ ജനനം? ഇത് ഇരട്ട പെറ്റതിൽ ഒന്നാണോ?’ സമീപത്തുനിന്ന ഫാം മാനേജർ ശംഭുവിനോടാണ് ചോദ്യം.

ശംഭു അൽപനേരം ആലോചിച്ച ശേഷം ‘അതേ സർ’.

‘ഒപ്പം ഒരു മൂരിക്കിടാവ് ആവുമല്ലേ’.

‘അതേയതെ’ – ശംഭു

എനിക്ക് കാര്യം വ്യക്തമായി ‘ഫ്രീ മാർട്ടിൻ’. അപൂർവ കാര്യം. സാർ പറഞ്ഞ പ്രകാരം ഞാനും പരിശോധന നടത്തി. ഗർഭാശയം കാണുന്നതേയില്ല. കൂടുതൽ പരിശോധിച്ചപ്പോൾ സെമിനൽ വെസിക്കിൾസ് ചെറുതായി ഫീൽ ചെയ്തു. 

ഏബ്രഹാം മാത്യു സാർ ജോജോയോട് കാര്യങ്ങൾ വിശദീകരിച്ചു. ജോജോയുടെ മുഖത്ത് നിരാശയും ദുഖവും പ്രകടമായി. അദ്ദേഹം നിശ്ശബ്ദനായി അൽപനേരം. 

കിടാവിന്റെ ജനനം മുതല്‍ ഈ ദിനം വരെ എടുക്കുന്ന ശ്രദ്ധയും പരിചരണവും പോഷണ ചെലവുകൾക്കും ശേഷം നിറഞ്ഞ അകിടുമായി ഒൻപതു മാസം കഴിഞ്ഞ് കാണുമെന്ന പ്രതീക്ഷ ഒരു നിമിഷം കൊണ്ട് നഷ്ടപ്പെടുന്ന അവസ്ഥ. 

കൂടുതൽ വിശദീകരണം പിന്നെയാവാമെന്ന് കരുതി ഞങ്ങൾ അടുത്ത പശുവിനരികിലേക്കു നീങ്ങി. 

എന്താണിവിടെ സംഭവിച്ചത്? പശുക്കളിൽ twinning അഥവാ ഇരട്ടക്കുട്ടികൾ അത്ര അസാധാരണമല്ല. എന്നാല്‍ ഇരട്ടകളിൽ ഒന്ന് പെണ്ണും മറ്റൊന്ന് ആണുമായാൽ അതു കുഴപ്പമാണ്. 

ഗർഭധാരണത്തോടെ പശുക്കളുടെ പ്ലാസെന്റേഷന്റെ സവിശേഷ സ്വഭാവത്താൽ ആൺ സെക്സ് ഹോർമോണുകളുടെ സാന്നിധ്യം പശുക്കിടാവിന്റെ ജനനേന്ദ്രിയ വികാസത്തെ ഇല്ലാതാക്കും. ഗർഭപാത്രം ഇല്ലാതെയാകും കുട്ടിയുടെ ജനനം. അതിന് ശാരീരിക വളർച്ചയും പെണ്ണിന്റെ രൂപവും ഉണ്ടാകും എന്നാൽ ഗർഭാശയം വികസിച്ചിട്ടുണ്ടാവില്ല.

ഇത് ഓരോ കാർഷകനും അറിഞ്ഞിരിക്കേണ്ട കാര്യമാണ്. അറിവിന്റെ ഒരു ചെറിയ കുറവുപോലും സംരംഭകന് വലിയ നഷ്ടത്തിനു കാരണമാകുമെന്നു സാരം.

ഇപ്രകാരമുള്ള ദുരനുഭവങ്ങൾ ഇനിയുമാർക്കും സംഭവിക്കരുതെന്ന് ആത്മാർഥമായി ആഗ്രഹിക്കുന്നു.

English summary: The freemartin syndrome

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com