ADVERTISEMENT

ഫെബ്രുവരി രണ്ടിന് എന്റെ പെപ്സിക്കുട്ടിയുടെ ജന്മദിനം ആയിരുന്നു. വലിയ വേദനകളിൽനിന്ന് മോചിതയായി ജീവിതത്തിലേക്ക് തിരികെ വന്നവൾ. അവൾക്കുണ്ടായ ശാരീരിക ബുദ്ധിമുട്ടും അവളെ അതിൽ നിന്നും രക്ഷിച്ച ഡോക്ടറെയും കുറിച്ച് മറ്റുള്ളവരുമായി പങ്കുവയ്ക്കുന്നതിലൂടെ അവൾക്ക് വന്നത് പോലെ വയ്യായ്ക ഉള്ള നായ്ക്കൾ എവിടെയെങ്കിലും ഉണ്ടെങ്കിൽ അവരെയും കൂടി രക്ഷിക്കാൻ കഴിയും എന്ന വിശ്വാസമുണ്ടെനിക്ക്. 

2020 ഫെബ്രുവരി രണ്ടിനാണ് എന്റെ പെപ്സി (Labrador) ജനിച്ചത്. ശേഷം 18–ാമത്തെ ദിവസം അവളെ കാണാൻ ചെല്ലുമ്പോൾ 7 ആൺകുട്ടികളുടെ കൂട്ടത്തിൽ ഒരു കുഞ്ഞ് പെൺകുട്ടി. അങ്ങനെ അന്നു മുതൽ അവളുടെ അമ്മ ഞാനായി. അവളുടെ എല്ലാ കാര്യങ്ങളും ഞാൻ എന്റെ സ്വന്തം മോൾ ഉണ്ടെങ്കിൽ എങ്ങനെയാ ചെയ്ത് കൊടുക്കുന്നത് അതുപോലെയാണ് അവൾക്ക് ചെയ്തു കൊടുത്തത്. അവളുടെ അത്രത്തോളം സുഖിച്ച് വളരുന്ന മറ്റൊരു ഡോഗ് ഉണ്ടാകില്ലെന്നാണ് എന്റെ വിശ്വാസം. 

അവൾ ബെഡിലാണ് കിടക്കുന്നത്. ഇതുവരെ കൂട്ടിൽ കിടന്നിട്ടില്ല. എപ്പോഴും എന്റെയും മക്കളുടെയും കൂടെയാണ്. അവളുടെ കഴുത്തിൽ ബെൽറ്റ് ഇടുന്നതു പോലും അവളെ പുറത്തിറക്കുമ്പോൾ മാത്രമാണ്. മറ്റു സമയങ്ങളിൽ വളരെ ഫ്രീ ആയി ഈ വീട്ടിൽ നടക്കുകയാണ് ചെയ്യുന്നത്. ആഹാരത്തിന്റെ കാര്യത്തിൽ ഞങ്ങളുടെ വീട്ടിൽ പെപ്സിയും കോഫിയും (ജർമൻ ഷെപ്പേഡ് ഇനമാണ് കോഫി) കഴിച്ചിട്ട് മാത്രമേ ഞങ്ങൾ കഴിക്കാറുള്ളൂ. അത് എന്നും അങ്ങനെയാണ്. അവർക്കും 3 നേരമാണ് ആഹാരം.

പെപ്സി നല്ല അറിവുള്ള സുന്ദരിക്കുട്ടിയാണ്. അവൾ ഞങ്ങളുടെ ചെല്ലക്കുട്ടിയായി വളരുകയായി ഓടുകയും കളിക്കുകയും എല്ലാം ചെയ്തു. പക്ഷേ ഒന്നരമാസം ആയിട്ടും പെപ്സി നടകൾ കയറാൻ ശ്രമിക്കുന്നില്ലായിരുന്നു. മുൻപ് നായ്ക്കളെ വളർത്തി പരിചയം ഇല്ലാത്തതുകൊണ്ട് ഞങ്ങൾ അത് കാര്യമാക്കിയില്ല. പക്ഷേ 2 മാസം കഴിഞ്ഞപ്പോൾ മുതൽ അവൾക്ക് നടക്കാൻ നല്ല ബുദ്ധിമുട്ട് ഉള്ളതു പോലെ തോന്നി. അവൾ ഓടാതെയായി. കളിക്കാറില്ല. അങ്ങനെ ആറ്റിങ്ങൽ തന്നെയുള്ള ഡോ. ബീന മാഡത്തിന് അവൾ ബുദ്ധിമുട്ടി നടക്കുന്നതിന്റെ വിഡിയോ അയച്ചു കൊടുത്തു. മാഡം ആ വിഡിയോ കരമന മരതൂർ കടവ് പാലത്തിന് സമീപം പെറ്റ് ലൈഫ് എന്ന ക്ലിനിക്കിലെ സീനിയർ സർജന്‍ ഡോ. സുനിൽ സാറിന് അയച്ചു കൊടുത്തു. Pattella dislocation ആണെന്നും അതിനുള്ള ട്രീറ്റ്മെന്റ് സർജറി മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. അടുത്ത ദിവസം ഞങ്ങൾ പെപ്സിയേയും കൂട്ടി സുനിൽ സാറിനെ കാണാൻ പോയി. 

എക്സ്റേ എടുത്തപ്പോൾ വിഡിയോ കണ്ടശേഷം ഡോക്ടർ പറഞ്ഞ അതേ സംഗതി തന്നെയാണ്. അന്നു തന്നെ ഡോക്ടർ ശസ്ത്രക്രിയയ്ക്കു ഡേറ്റ് തന്നു. കാലിന്റെ മുട്ടിനു തൊട്ടുമുകളിൽ തുടങ്ങി താഴെ വരെയാണ് ശസ്ത്രക്രിയ ചെയ്തിട്ടുള്ളത്. ഏകദേശം രണ്ടര മണിക്കൂര്‍ നീണ്ട ഉദ്യമയം ആയിരുന്നു. അതു കഴിഞ്ഞശേഷം ഡോക്ടർ പറഞ്ഞു ദൈവം രക്ഷിക്കും. അവൾ നന്നായി നടക്കും. 

ഈശ്വരവിശ്വാസിയായ ഡോക്ടർ എപ്പോഴും ദൈവം രക്ഷിച്ചോളും എന്നുപറയും അത് കേൾക്കുമ്പോൾ നമുക്കും 100 % വിശ്വാസമാണ്. അതിനുശേഷം ഞങ്ങൾ വീട്ടിലേക്കു കൊണ്ടു വന്നു. പെപ്സി വീടിനുള്ളിൽ മലമൂത്രവിസർജനം നടത്താറില്ല. വയ്യാതെ ഇരുന്നിട്ടു പോലും അതിനുള്ള സമയമാകുമ്പോൾ അവൾ ബഹളം വയ്ക്കും. അപ്പോൾ എന്റെ മക്കൾ അവളെ പുറത്ത് കൊണ്ട് ആക്കും (അവൾക്ക് നല്ല ഭാരമുണ്ട്. എന്നെക്കൊണ്ട് അവളെ എടുക്കാൻ പറ്റത്തില്ല). ആ ഒരു മാസം മുഴുവനും ഞാനും എന്റെ മക്കളും ഒരു കുഞ്ഞു കുട്ടിയെ നോക്കുന്നതു പോലെ പെപ്സിയെ പരിചരിച്ചു. എല്ലാത്തിനും ഉപരി ദൈവതുല്യനായ ആ ഡോക്ടർ സർജറി ചെയ്തത് കൊണ്ടാണ് എന്റെ കുട്ടി ഇന്ന് സന്തോഷമായി ഇരിക്കുന്നത്. മിടുക്കനായ ഡോക്ടറാണ് സുനിൽ സർ. 

ഇപ്പോൾ അവൾ നന്നായി നടക്കും ഓടും സ്റ്റെപ് കയറും. എല്ലാ കാര്യങ്ങളും ചെയ്യും. ഞങ്ങൾ ആ സർജറി ചെയ്തില്ലായിരുന്നെങ്കിൽ എന്റെ കുട്ടി നാലു ചുമരുകൾക്കുള്ളിൽ കിടന്ന് പോകുമായിരുന്നു. 

ആശുപത്രിയിൽ കൊണ്ടു പോകുമ്പോൾ അവൾ മറ്റു നായ്ക്കളെ മൈൻഡ് ചെയ്യാറില്ല. ആള് വിചാരിക്കുന്നത് അവൾ നായ അല്ല ബാക്കിയുള്ളവരാണ് നായ്ക്കളെന്ന്. ആള് മനുഷ്യന്മാരുടെ കൂട്ടത്തിലുള്ള ആളാണ് എന്നാണ് വിചാരം. എന്തു പറഞ്ഞാലും അവൾക്ക് മനസിലാകും. ആശുപത്രിയിൽ പോകാം എന്ന് പറഞ്ഞാൽ അപ്പോഴേ റെഡി ആണ്. അവൾക്ക് എന്ത് അസുഖം വന്നാലും ഞങ്ങൾ ആറ്റിങ്ങൽനിന്നും തിരുവനന്തപുരത്തു പോയി സുനിൽ സാറിനെ കാണിക്കുകയാണ് ചെയ്യുന്നത്. 

കോഫിയും പെപ്സിയെപോലെ തന്നെ വീടിനകത്തു തന്നെയാണ്. ഇരുവരും തമ്മിൽ ഭയങ്കര സ്നേഹമാണ്. പെപ്സിയുടെ കാര്യം മാത്രം പറഞ്ഞാൽ കോഫി പിണങ്ങും. പിന്നെ ഡ്യൂട്ടിയുടെ കാര്യത്തിൽ 24 മണിക്കൂറും ഇവർ ‘ON’ ആണ്. ഞങ്ങളുടെ ഗേറ്റിൽ ആരെങ്കിലും ടച്ച് ചെയ്താൽ മതി ഇവർ ചോദിക്കാനായി പോകും.

കംപ്യൂട്ടർ ഗെയിമുകളിലേക്ക് പോയി കുട്ടികൾ അപകടക്കെണിയിൽ ചാടാതെ അവർക്ക് ഇതുപോലെ ഒരു നായയെ വാങ്ങിക്കൊടുത്താൽ ഒഴിവുസമയങ്ങളിൽ അവർ ഇവരോടൊത്ത് കളിക്കും. ശരിയായ രീതിയിൽ കൃത്യമായി വാക്സീനുകൾ എടുക്കുകയും വിശ്വാസമുള്ള സ്ഥലങ്ങളിൽ നിന്നും വാങ്ങുകയോ ദത്തെടുക്കുകയോ ചെയ്താൽ ഇവരെ ഭയക്കേണ്ട ആവശ്യമില്ല. അതുപോലെ പെൺകുട്ടികളുള്ള വീടുകളിൽ ഇവരെപോലെ ഒരാൾ ഉണ്ടെങ്കിൽ നമ്മുടെ മക്കൾ ഇവരുടെ സംരക്ഷണയിൽ എന്നും സുരക്ഷിതരായിരിക്കും. ഒരു നേരത്തെ ആഹാരം കൊടുത്താൽ ഒരു ജന്മം മുഴുവനും നന്ദിയുള്ളവരാണ് ഈ മിണ്ടാപ്രാണികൾ. ഇത്രയും എഴുതിയിട്ട് ഞാൻ അവരോട് പറഞ്ഞു ഇത് നിങ്ങളെ പറ്റിയാണെന്ന്. എല്ലാം മനസ്സിലായി എന്ന അർഥത്തിൽ പെപ്സിയും കോഫിയും എന്നെ നോക്കി.

സ്നേഹത്തോടെ,

പ്രവിത

മൃഗസംരക്ഷണ മേഖലയിൽ നിങ്ങൾക്കുമുണ്ടോ മറക്കാനാവാത്ത അനുഭവങ്ങൾ! രസകരമായതും ഹൃദയസ്പർശിയതുമായ അനുഭവങ്ങൾ മനോരമ ഓൺലൈൻ കർഷകശ്രീയുമായി പങ്കുവയ്ക്കൂ (കർഷകർ, വെറ്ററിനറി ഡോക്ടർമാർ/വിദ്യാർഥികൾ, സ്കൂൾ/കോളജ് വിദ്യാർഥികൾ, പെറ്റ്ഷോപ് ഉടമകൾ, അരുമ പരിപാലകർ എന്നിങ്ങനെ ആർക്കും അയയ്ക്കാം). നിങ്ങളുടെ അനുഭവക്കുറിപ്പുകൾ 87146 17871 എന്ന നമ്പറിലേക്ക് വാട്സാപ് ചെയ്യൂ.

English summary: My Pet Dog Pepsi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com