ADVERTISEMENT

പശുവിനറിയില്ലല്ലോ ഞായറാഴ്ചയാണെന്നൊക്കെ.

ഇക്കഴിഞ്ഞ ഒരു ഞായറാഴ്ച പുലർച്ചെ ഒന്നരയ്ക്കാണ് ബാബു എന്ന പ്രിയപ്പെട്ട ക്ഷീരകർഷകന്റെ കറവപ്പശുവിന്റെ ഗർഭപാത്രം പ്രസവാനന്തരം പുറത്തായിപ്പോയത്. മുൻപരിചയത്തിലുള ഡോക്ടർമാരെ ഫോണിലൂടെ സ്ഥലത്ത് എത്തിക്കാൻ ശ്രമിച്ചിട്ടും നടക്കാത്തതിനാൽ ആരുടെയോ പക്കൽനിന്നും എന്റെ ഫോൺ നമ്പർ തേടിപ്പിടിച്ച് സഹായഭ്യർഥന നടത്തുമ്പോൾ പുലർച്ചെ സമയം 5.30 ആകുന്നു. അത്രയും സമയം ക്ഷീരസന്നി എന്ന അവസ്ഥ കൂടെ വന്നു പശു എണീക്കാനാകാതെ തൊഴുത്തിൽ  കിടപ്പായിരുന്നു. കൂടാതെ ഗർഭപാത്രവും തൊഴുത്തിലെ സാഹചര്യത്തിൽ പൂർണമായും പുറത്തും. 

cow-problem-1

അണുബാധയേൽക്കാൻ ഇതിൽ കൂടുതൽ ഒന്നും വേണ്ട. അടിയന്തിരമായി പാലിക്കേണ്ട കുറച്ച് നിർദേശങ്ങൾ ഫോണിലൂടെ നൽകി എത്രയും വേഗം സ്ഥലം മനസിലാക്കി വീട്ടിൽ നിന്നും ഒരുപാട് അകലെയായ അവിടെ എത്തിപ്പെട്ടു. 

എത്തുമ്പോൾ കാണുന്ന കാഴ്ച ഹൃദയഭേദകം ആയിരുന്നു. വയർ വീർത്തിട്ടുണ്ട്, ശ്വാസമിടിപ്പ് മാത്രമേയുളളൂ. ഒരു കുഞ്ഞിന് ജീവൻ നൽകിയിട്ട് അമ്മപ്പശു അനുഭവിക്കേണ്ടി വരുന്ന വേദന മനസിലൂടെ ഒരു മിന്നൽ പോലെ പാഞ്ഞുപോയി.

cow-problem-2
ഗർഭപാത്രം പൂർണമായും പുറത്ത്

ആവശ്യമായ ഡ്രിപ്പും ഇൻജക്ഷനും എല്ലാം നൽകിയ ശേഷം പുറത്തായ ഗർഭപാത്രം പരിശോധിച്ചപ്പോഴാണ് അതിലെ പൊട്ടലും രക്തം തളം കെട്ടിക്കിടക്കുന്നതും ശ്രദ്ധയിൽ പെട്ടത്. സാധ്യമായ രീതിയിലൊക്കെ വൃത്തിയാക്കി തുന്നലൊക്കെയിട്ട് വളരെ ശ്രദ്ധയോടെ ക്ഷമാപൂർവവും ശക്തമായും ഗർഭപാത്രം പൂർവസ്ഥിതിയിലാക്കാൻ ശ്രമം തുടർന്നുവെങ്കിലും നാലിരട്ടി ശക്തിയിൽ തിരികെ പോന്നു. ആകെ വിഷമത്തിലായി. ശത്രുവിനു പോലും ഈ ഒരു അവസ്ഥ വരരുതെന്ന് മനസ് അറിയാതെ മന്ത്രിച്ചു. 

ഒരു ആശുപത്രി തന്നെ വളരെ കഷ്ടപ്പെട്ടാണ് കൊണ്ടുപോകുന്നത് അപ്പോഴാണ് ദൂരെയുള്ള  ഡോക്ടർ ലീവിലായ ആശുപത്രിയുടെ ചാർജ്. വിവിധ വകുപ്പുതല പദ്ധതികളുടെ നടത്തിപ്പ്, ജനകീയാസൂത്രണ പദ്ധതി, വിവിധ വാക്സിനേഷൻ പദ്ധതികളുടെ മേൽനോട്ടം എല്ലാം ഇതിനിടയിലൂടെ എങ്ങനേയോ ഒക്കെ നടന്നു പോകുന്നു. കർഷകരുടെ നീറുന്ന പ്രശ്നങ്ങളുമായി ദിവസവും വരുന്ന എണ്ണമറ്റ ഫോൺ വിളികൾ എല്ലാം മാനേജ് ചെയ്യണമെങ്കിൽ അമാനുഷികനായാലേ സാധ്യമാകൂ. ശക്തി തരാൻ ജഗദീശ്വരനോട് പ്രാർഥന.

മിണ്ടാപ്രാണിയുടെ ജീവനും, ക്ഷീരകർഷകന്റെ പ്രതീക്ഷയുമാണ് എന്റെ കൈകളിൽ എന്ന ചിന്തകൾ മറുവശത്ത്. ഗർഭപാത്രത്തിലെ പൊട്ടലുള്ള ഭാഗം ശ്രദ്ധാപൂർവം അകത്താക്കിയപ്പോഴേക്കും ക്ഷീണിച്ച് അവശനായെങ്കിലും എവിടെന്നോ കിട്ടിയ ഒരു ഊർജം സിരകളിലൂടെ പാഞ്ഞ് കയറി. ഗർഭപാത്രത്തെ ഉള്ളിലാക്കി പൂർവസ്ഥിതിയിൽ വച്ച് തുന്നലൊക്കെയിട്ട് ജഗദീശ്വരനോട് നന്ദി പറഞ്ഞ് നിൽക്കുമ്പോഴുള്ള മനസ്സിന്റെ ഫീൽ വരച്ചുകാട്ടാൻ പ്രയാസമാണ് . ഹിമാലയം കീഴടക്കിയ പോലെ ഒരു തോന്നൽ...

cow-problem-4
ദൗത്യം പൂർത്തിയാക്കിയ സന്തോഷം

അമ്മപ്പശുവിനു മരുന്നൊക്കെ കൊടുത്ത് എഴുന്നേൽപ്പിച്ചു. കിടാവിനു പാൽ കൊടുക്കുന്ന കാഴ്ച കണ്ടപ്പോൾ എല്ലാവർക്കും സന്തോഷവും, എനിക്ക് ആനന്ദാശ്രുവും...

cow-problem-5
പശുവിനെ എഴുന്നേൽപ്പിച്ചപ്പോൾ.... നിലത്ത് തളംകെട്ടിയ രക്തവും കാണാം

ഇപ്പോൾ തുന്നലൊക്കെ എടുത്തു, ഇന്ന് അവൾക്ക് 15 ലീറ്റർ പാലും ലഭിക്കുന്നു.

English summary: Managing Prolapses in Cows

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com