ADVERTISEMENT

എന്റെ കറവയാട് നടക്കുമ്പോൾ ഒരു വശത്തേക്ക് ചെരിഞ്ഞു പോകുകയും ആടിയാടി നടക്കുകയും ചെയ്യുന്നു. എന്താണ് അസുഖം? ചികിത്സ എന്താണ്?

ഡി.രവികുമാർ, കാരിക്കോട്

ആടുകളിൽ കാണാറുള്ള തളർച്ചരോഗത്തിന്റെ പ്രാരംഭലക്ഷണങ്ങളാണ്. തുടക്കത്തിൽതന്നെ ചികിത്സിച്ചില്ലെങ്കില്‍ ലക്ഷണങ്ങൾ രൂക്ഷമായി ആട് കിടന്നു പോകാനിടയുണ്ട്. തലച്ചോറിൽ നീർവീക്കം ഉണ്ടാക്കുന്ന പോളിയോ എൻസഫലോ മലേഷ്യ (PEM) എന്ന ഈ രോഗം രൂക്ഷമാകുന്നതോടെ വിറയൽ, കാഴ്ചക്കുറവ് എന്നിവയുണ്ടാവുകയും പെട്ടെന്നു കിടപ്പിലാകുകയും ചെയ്യുന്നു. കിടക്കുന്ന സ്ഥിതിയിൽനിന്നു മാറ്റി മറുവശത്തേക്കാക്കിയാൽ ആട് പെട്ടെന്ന് പിടഞ്ഞ് ആദ്യസ്ഥിതിയിലേക്കുതന്നെ സ്വയം മടങ്ങുന്നു. കണ്ണിലെ കൃഷ്ണമണി പിടച്ചുകൊണ്ടിരിക്കുന്നതു മറ്റൊരു ലക്ഷണമാണ്.

ശരീരത്തിൽ ബി-1 എന്ന തയമീൻ ജീവകത്തിന്റെ കുറവാണ് രോഗകാരണം. ഇതിന്റെ അഭാവത്തിൽ ധാന്യവസ്തുക്കളിൽനിന്നു ശരീരത്തിലേക്ക് ഗ്ലൂക്കോസ് ലഭ്യമാകുന്നതിൽ വീഴ്ചയുണ്ടാകുന്നു. ഗ്ലൂക്കോസിന്റെ അഭാവത്തിൽ തലച്ചോറിന്റെ പ്രവർത്തനത്തിനു താളം തെറ്റുന്നു.  ലക്ഷണങ്ങൾ കണ്ടാൽ വെറ്ററിനറി ഡോക്ടറെ കാണിച്ച് ഉചിതമായ ചികിത്സ നൽകുക. ജീവകം ബി-1  അടങ്ങിയ കുത്തിവയ്പ് ഉടന്‍ നൽകണം. ലക്ഷണങ്ങൾ അനുസരിച്ച് ഗ്ലൂക്കോസ്, കാത്സ്യം എന്നിവയും കുത്തിവയ്ക്കാറുണ്ട്. തലച്ചോറിലെ നീർവീക്കം ശമിക്കുന്നതിനുള്ള  മരുന്നുകളും നൽകേണ്ടിവന്നേക്കാം.  

തയാമിനേസ് എന്ന എൻസൈം അടങ്ങിയ ചില ചെടികള്‍ തിന്നുന്ന ആടുകളില്‍ തയമീൻ  ലഭ്യമാകാതിരിക്കുന്നത് രോഗാവസ്ഥ സങ്കീർണമാക്കാം. ആടുകൾക്ക് ജീവകം B–1 അടങ്ങിയ ഗുളികകൾ, ടോണിക് എന്നിവ പതിവായോ ഇടയ്ക്കിടയ്ക്കോ നൽകുന്നത് രോഗസാധ്യത കുറയ്ക്കുന്നു. Polybion സിറപ്പ്, Neurobion forte ഗുളിക എന്നിവ തീറ്റയിലൂടെ നൽകുന്നതു നന്ന്.   

തീറ്റയിലെ അപാകത കാരണം  ആമാശയത്തിന്റെ അമ്ല– ക്ഷാരനില(pH) വ്യത്യാസപ്പെടുന്നതും രോഗസാധ്യത കൂട്ടുന്നു. അതിനാൽ ദഹനം എളുപ്പമാക്കുന്ന ഈസ്റ്റ് അടങ്ങിയ സപ്ലിമെന്റ് തീറ്റയ്ക്കൊപ്പം നൽകുന്നതും നന്ന്. ജീവകം ബി–1,  ബി– 12 എന്നിവ ആടുകൾക്ക് ആവശ്യമാണ്. അതിനാല്‍ ബി ജീവകങ്ങൾ അടങ്ങിയ ഗോതമ്പുതവിട് തീറ്റയിൽ ഉൾപ്പെടുത്തുന്നതു കൊള്ളാം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com