ADVERTISEMENT

‘അപ്പോകാലിപ്റ്റോ’ എന്ന ചിത്രത്തിൽ ഒരു രംഗമുണ്ട്. ആ ചലച്ചിത്രം കണ്ട ഏതൊരാളുടെയും ഹൃദയം തൊടുന്ന ഒരു രംഗം. ഉയർന്നു വരുന്ന ജലനിരപ്പിൽ ഒരു കുഞ്ഞിന് ജന്മം നൽകുന്ന ഒരു അമ്മയുടെ മുഖം ഇത് വായിക്കുമ്പോൾ തന്നെ ഒരുപക്ഷേ നിങ്ങളുടെ മനസ്സിൽ തെളിഞ്ഞു വന്നിട്ടുണ്ടാകാം. അതുപോലൊരു ദൃശ്യം നേരിൽ കാണ്ട അനുഭവം പങ്കുവയ്ക്കാനാണ് ഈ കുറിപ്പ്. ഇന്ന് പത്രമാധ്യമങ്ങളിലൂടെ എല്ലാവരും അറിഞ്ഞ ഒരു പശുക്കിടാവിന്റെ അപൂർവ ജനനം.

ഇന്നലെ  (2023 മാർച്ച് 17) ഞാൻ രാവിലെ ജോലിക്കു പോകുമ്പോൾ ഇതെനിക്ക് ഒരു സാധാരണ പ്രവൃത്തിദിവസം ആയിരുന്നില്ല. കാരണം എന്റെ വീക്കിലി ഓഫ് ദിവസം ആയിരുന്നിട്ടും അന്ന് ജോലിക്ക് പോകാം എന്ന് തീരുമാനിക്കുകയായിരുന്നു. ഒരുപക്ഷേ നമുക്കെല്ലാം ഓരോ നിയോഗങ്ങൾ ഉണ്ടല്ലോ അതാകാം എന്നെയും ജോലിക്കു പോകാൻ പ്രേരിപ്പിച്ചത്. ഡിസ്പെൻസറിയിൽ എത്തി പതിവു ജോലികൾ തുടങ്ങി ഒരു പതിനഞ്ചു മിനിട്ട് ആയി കാണും, ഫോൺവിളി വന്നു. ‘പ്രവിത്താനത്ത് ഒരു പശു കിണറ്റിൽ വീണു. ഡോക്ടർ ഒന്ന് അത്രടം വരെ വരണം.’ 

മിണ്ടാപ്രാണികൾ കിണറ്റിൽ വീഴുന്നതും അവരെ രക്ഷപ്പെടുത്തുന്നതും ഒരു വെറ്ററിനറി സർജന്റെ സർവീസ് കാലത്ത് അപൂർവ സംഭവമൊന്നുമല്ല. അങ്ങനെ കരുതിത്തന്നെയാണ് ഞാനും അങ്ങോട്ടു യാത്ര തുടങ്ങിയത്. പശുവിന്റെ ഉടമ അയച്ച വാഹനത്തിൽ അങ്ങോട്ട് യാത്ര തിരിച്ചു. ആ പശുവിന്റെ ഉടമസ്ഥൻ ജോസ് അച്ചാച്ചന്റെ കൊച്ചു മകൻ ജിയോയോട് പോകുന്ന വഴി ഞാൻ കുശലം ചോദിച്ചു. പശു എപ്പോഴാണ് വീണത്? ഫയർഫോഴ്‌സ് എത്തിയോ? ആ കുട്ടിയുടെ ഉത്തരങ്ങൾ എന്റെ മനസിനെ ഉലയ്ക്കുന്നതായിരുന്നു. ചാച്ചൻ രാവിലെ പശുവിനെ അഴിച്ചു കെട്ടാൻ ശ്രമിക്കുമ്പോൾ പാഞ്ഞ് ഓടിയ പശു ഉയരം കുറഞ്ഞ മറ മാത്രമുള്ള കിണറിൽ അബദ്ധത്തിൽ വീഴുക ആയിരുന്നു. ഫയർഫോഴ്‌സ് സ്ഥലത്തു പെട്ടെന്നു തന്നെ എത്തി. എന്നാൽ പശു പൂർണ ഗർഭിണി ആയതിനാൽ രക്ഷാപ്രവർത്തനം ഡോക്ടറുടെ സാന്നിധ്യത്തിൽ വേണം എന്ന് അവർ ആവശ്യപെട്ടത് അനുസരിച്ചാണ് എന്നെ കൂട്ടികൊണ്ട് പോകാൻ എത്തിയത്. എന്റെ കൈയിൽ വന്നു ചേർന്നിരിക്കുന്ന ഉത്തരവാദിത്തം ഒരു ജീവനല്ല രണ്ടു വിലപ്പെട്ട ജീവനുകളുടേതാണെന്ന ബോധ്യം മനസ്സിൽ മിന്നൽ പോലെ പാഞ്ഞു. സംഭവ സ്ഥലത്തെത്തിയ ഞാൻ അവിടെ ഒരു കൂട്ടം ആളുകൾ എന്റെ വരവ് ഉറ്റു നോക്കി നിൽക്കുന്നതാണ് കണ്ടത്. കണ്ണുകളിൽ അപേക്ഷ ഭാവവുമായി ജോസച്ചാച്ചനും.

well-born-calf-1
പശു കിണറ്റിൽ വീണതറിഞ്ഞ് എത്തിയവർ

പ്രഗത്ഭരായ ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർ കിണറ്റിൽ ഇറങ്ങി പശുവിനെ രക്ഷിക്കാൻ വേണ്ട തയാറെടുപ്പുകൾ എല്ലാം നടത്തിയിട്ടുണ്ട്. ഏകദേശം നാലാൾ താഴ്ചയുള്ള കിണർ, വേനൽ ആയതിനാൽ ഭാഗ്യത്തിന് മുട്ടോളം മാത്രമേയുള്ളൂ ജലനിരപ്പ്. പശുവിന്റെ വലതു കൊമ്പ് ഒടിഞ്ഞു രക്തം വരുന്നുണ്ട്. വീതിയുള്ള ബെൽറ്റ് ഇട്ടു ബലമുള്ള കയർ വരിഞ്ഞു സുരക്ഷിതമായി പശുവിനെ ഉയർത്താനാണ് പദ്ധതി. 

കിണറിന്റെ താഴ്ചയിൽ നിന്ന് ഗർഭിണിപ്പശുവിനെ വലിച്ചു പൊക്കാൻ ശ്രമിക്കുമ്പോൾ സാധാരണയിൽ കവിഞ്ഞു ഭാരം ഏറും എന്നതിനാൽ നന്നേ ബുദ്ധിമുട്ടുണ്ട്. ഇതിനിടെ പശു പ്രസവലക്ഷങ്ങൾ കാണിച്ചു തുടങ്ങി രണ്ടു പിഞ്ചു കുളമ്പുകൾ പുറമെ കാണാനായി ആ കാഴ്ച എല്ലാവരുടെയും ഹൃദയമിടിപ്പ് കൂട്ടി. രണ്ടും കൽപിച്ചു ഞാൻ തീരുമാനം എടുത്തു. ഇനി കുഞ്ഞിനെ പുറത്തെടുത്തിട്ട് മതി പശുവിനെ വലിച്ചു പൊക്കാൻ ശ്രമിക്കുന്നത് അല്ലെങ്കിൽ അത് രണ്ടു പേരുടെയും ജീവന് ആപത്തുണ്ടാക്കിയേക്കാം. 

എനിക്ക് നേരിട്ട് കിണറ്റിൽ ഇറങ്ങി പ്രസവം എടുക്കാൻ സാധിക്കില്ല എന്ന് ഒരു ശ്രമം നടത്തിയപ്പോൾ മനസിലായി. പിന്നീടു വേണ്ടത് ആ ജോലി ഏറ്റെടുക്കാൻ തയ്യാറായ സുമനസും ധൈര്യവും മനഃസാന്നിധ്യവും കൈമുതലായ ആരെങ്കിലും അവിടെ ഉണ്ടോ എന്നറിയുക ആയിരുന്നു. എനിക്ക് മുകളിൽ നിന്ന് നിർദേശങ്ങൾ കൊടുത്തു പ്രസവം എടുക്കാൻ സാധിക്കും. കാരണം കുഞ്ഞിന്റെ തലയും വെളിയിൽ കാണാൻ തുടങ്ങിയിരുന്നു. ഇനി കാര്യങ്ങൾ കുറേകൂടി എളുപ്പമാണ്. നല്ലൊരു ക്ഷീരകർഷകനും അതിലുപരി ഒരു മൃഗസ്നേഹിയുമായ റെജി സന്നദ്ധനായി മുന്നോട്ടു വന്നു. ‘ഞാനുണ്ട് ഡോക്ടറെ... ഞാൻ ചെയ്യാം... ഡോക്ടർ പറഞ്ഞാൽ മതി..’ ആ ധൈര്യം മതിയായിരുന്നു എല്ലാവര്ക്കും ഊർജം പകരാൻ. റെജിയും ഒരു ഫയർഫോഴ്സ് ഉദ്യോഗസ്ഥനും കിണറ്റിൽ ഇറങ്ങി. മുകളിൽ നിന്ന് ഞാൻ ആവശ്യമായ നിർദേശങ്ങൾ നൽകി. അവർ കുഞ്ഞിനെ പുറത്തെടുത്തു. മുട്ടോളം വെള്ളത്തിലേക്ക് ആ കുഞ്ഞു ജീവൻ പിറന്നു വീഴുന്ന കാഴ്ചയോളം മനസ് കുളിർക്കുന്ന മറ്റൊന്ന് ഇന്നു വരെ കണ്ടിട്ടില്ല. ഒരു ഓമനത്തം തുളുമ്പുന്ന പെൺകിടാവ്. വലയിൽവെച്ച് കുഞ്ഞിനെ വേഗംതന്നെ മുകളിൽ എത്തിച്ചു പ്രഥമ ശുശ്രുഷകൾ നൽകി.

well-born-calf-2
കിണറ്റിൽനിന്ന് മുകളിലെത്തിച്ചപ്പോൾ

ഞങ്ങൾ കുഞ്ഞിനെ പരിചരിക്കുമ്പോൾ മറ്റുള്ളവർ പശുവിനെ രക്ഷിക്കാനുള്ള പ്രവർത്തനങ്ങൾ തുടരുന്നുണ്ടായിരുന്നു. ഏകദേശം 11.30 ആയപ്പോൾ മണ്ണുമാന്ത്രിയന്ത്രം ഉപയോഗിച്ച് പശുവിനെ കൂടി മുകളിൽ എത്തിച്ചു. കരപറ്റിയ പശുവിനെ കണ്ടപ്പോഴാണ് ആശ്വസിക്കാറായില്ല എന്നു മനസിലായത്. ഇത്രയും സമ്മർദ്ദങ്ങൾ ഏറ്റു വാങ്ങി തളർന്ന അമ്മപ്പശുവിന്റെ ഗർഭപാത്രം പുറത്തോട്ടു തള്ളി വരാൻ തുടങ്ങിയിരുന്നു. അത് ഏറെ നേരം തുടർന്നാൽ ജീവന് ആപത്തായ ‘ഷോക്ക്’എന്ന അവസ്ഥയിലേക്ക് പോകും. പുറമെ വന്ന ഗർഭപാത്രം കഴുകി വൃത്തിയാക്കി ഉള്ളിൽ തിരികെ യഥാസ്ഥാനത്താക്കി തുന്നൽ ഇടണം. അത് ഒറ്റയ്ക്കു ചെയ്യാൻ സാധിക്കില്ല. എന്റെ സ്കൂൾകാലം മുതലുള്ള സഹപാഠിയായ ഡോക്ടർ സുനിൽ തൊട്ടടുത്ത പഞ്ചായത്തിലുണ്ട്. ഒരു ഫോൺ കോളിൽ എല്ലാ തിരക്കുകൾക്ക്‌ ഇടയിലും ഓടിയെത്തിയ ഡോ. സുനിലിനോട് സത്യത്തിൽ എത്ര നന്ദി പറഞ്ഞാലും മതിയാവില്ല.

ശ്രമകരമായ ആ ജോലിക്കു ശേഷം തളർന്ന പശുവിനെ രക്ഷിക്കാൻ ഞരമ്പിലൂടെ കാത്സ്യം, ഗ്ലൂക്കോസ് എന്നിവ തുടർച്ചയായി നൽകി. മൂന്ന് നാലു കുപ്പി മരുന്ന് നൽകിക്കഴിഞ്ഞപ്പോൾ തന്നെ സമയം രണ്ടു മണി. മൃഗാശുപത്രി അറ്റൻഡറായ ജാൻസിയും സഹായത്തിനു കൂടി നിൽക്കുന്നവരുമടക്കം ആരും ജലപാനം പോലും ചെയ്തിട്ടില്ല. ളാലം ബ്ലോക്കിലെ എമർജൻസി വെറ്ററിനറി സർജൻ ഡോ. ആദിൽ ഡ്യൂട്ടിയിൽ ജോയിൻ ചെയ്‌തെന്ന വിവരം പെട്ടെന്നാണ് ഓർമയിൽ വന്നത്. ജോലി സമയം രാത്രിയാണെങ്കിലും അവിടെ ഓടിയെത്തി അദ്ദേഹം ബാക്കി ചികിത്സാ നടപടികൾ കൂടി പൂർത്തിയാക്കി.

ഏറെ തളർന്നു കിടന്നിരുന്ന ആ അമ്മപ്പശു എഴുന്നേറ്റുനിന്ന് ഭക്ഷണം കഴിക്കാൻ തുടങ്ങി എന്ന വാർത്തയാണ് ഞങ്ങളുടെ വൈകുന്നേരത്തെ സത്യത്തിൽ സുന്ദരമാക്കിയത്. ഇന്നു രാവിലെ അമ്മയെയും കുഞ്ഞിനേയും പരിശോധിക്കാൻ പോയ എന്നോട് അറ്റൻഡർ ജാൻസി ചോദിച്ചു ‘നമുക്ക് ഇ കുഞ്ഞിന് ഒരു പേരിടണ്ടേ സാർ?’ എനിക്ക് മനസ്സിൽ വന്ന പേര് എന്റെ കുട്ടിക്കാലത്തെ പ്രിയപ്പെട്ട പുസ്തകത്തിലെ ആ കഥാപാത്രത്തിന്റെ പേരാണ് ടോട്ടോച്ചാൻ - ആർക്കും തോൽപിക്കാൻ കഴിയാത്തവൾ. അവൾ തുള്ളിച്ചാടി കളിക്കട്ടെ ഒന്നിനെയും കൂസാതെ...

English summary: The Story of a Well-Born Calf 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com