ADVERTISEMENT

സാമ്പത്തിക വർഷത്തിന്റെ അവസാന ദിവസങ്ങളിലെ തിരക്കിട്ട ജോലികൾക്കിടയിലാണ് ഏകദേശം ഉച്ചയ്ക്ക് ഒരു മണിയോടടുപ്പിച്ച് ആ ഫോൺ കോൾ ആലപ്പുഴ ജില്ലയിലെ കൃഷ്ണപുരം മൃഗാശുപത്രിയിലെ സീനിയർ വെറ്ററിനറി സർജനായ ഡോ. തോമസ് മാത്യുവിനെ തേടി എത്തിയത്. മുനിസിപ്പൽ സെക്രട്ടറി ആയി വിരമിച്ച ശേഷം കൃഷ്ണപുരം പഞ്ചായത്തിലെ പത്താം വാർഡിൽ പശുവും ആടും കോഴിയും ഫലവൃക്ഷങ്ങളും എല്ലാം ഉൾപ്പെടെ സമ്മിശ്ര കൃഷി ചെയ്യുന്ന കായംകുളം സ്വദേശിയായ സലീം ഷാ എന്ന കർഷകനായിരുന്നു മറുതലയ്ക്കൽ. ഒരു പശുവിന്റെ വായിൽ നിന്നും നുരയും പതയും വരുന്നു എന്ന് അദ്ദേഹം പറഞ്ഞപ്പോൾ അത് അത്ര ഗൗരവതരമായി തോന്നിയില്ല. കടുത്ത വേനലിൽ പശുക്കളുടെ വായിൽ നിന്നും ധാരാളം ഉമിനീർ ഒഴുകുക സാധാരണയാണ്. ശ്വസന ഗതിയും കൂടുന്നതിനാൽ ഉമിനീർ പതഞ്ഞ് ഒഴുകുകയും ചെയ്യും. വേനൽക്കാല പരിചരണത്തെ പറ്റി അദ്ദേഹത്തെ ബോധ്യപ്പെടുത്തി. ഏതാനും നിമിഷങ്ങൾ കഴിഞ്ഞ് സലിം സാറിന്റെ ആവലാതി രണ്ടാമത് ഒരു ഫോൺ കോളിൽ കൂടി എത്തിയപ്പോൾ എന്തോ പന്തികേട് തോന്നി. തുടർന്ന് ഫാമിൽ എത്തിയപ്പോൾ കണ്ടത് 5 പശുക്കളിൽ ശരീരഭാഗങ്ങൾക്ക് വിറയൽ, വായിൽ നിന്നും നുരയും പതയും ഒഴുകൽ, വേച്ചു വീഴൽ എന്നീ ലക്ഷണങ്ങൾ ആയിരുന്നു.

ഫാമിനുള്ളിലെ വളർത്തുമൃഗങ്ങൾക്ക് പേവിഷബാധ സാധ്യത തീരെ ഇല്ലാത്തത‌ു‌ കൊണ്ട് പുൽ ടെറ്റനി അഥവാ മഗ്നീഷ്യം കുറയുന്നത് മൂലമുള്ള രോഗബാധ ആവാം എന്ന അനുമാനത്തിൽ തുടർ ചികിത്സ നൽകി. എങ്കിലും 5 പശുക്കൾക്ക് ഒരേ സമയം ഈ രോഗബാധയ്ക്ക് സാധ്യത ഇല്ലല്ലോ എന്നുള്ള ചോദ്യവും ഉള്ളിലുയർന്നു. എന്നാൽ യാതൊരു തരത്തിലുള്ള പുരോഗതിയും കാണാതെ വന്നപ്പോഴാണ് ഏതെങ്കിലും വിധേനയുള്ള വിഷബാധയെ കുറിച്ചുള്ള തോന്നൽ മനസിൽ വന്നത്. അടുത്ത കാലത്ത് പശുക്കളിൽ ഭക്ഷ്യ വിഷബാധ റിപ്പോർട്ട് ചെയ്തിട്ടുള്ളതിനാൽ അതു സംബന്ധിച്ച് അന്വേഷണങ്ങൾ നടത്തി. അന്യ സംസ്ഥാന തൊഴിലാളിയാണ് ഫാമിലെ ജോലികൾ ചെയ്തു വരുന്നത്. അപ്പോഴാണ് അറിയുന്നത് കഴിഞ്ഞ മൂന്നു നാല് ദിവസങ്ങളായി ഒരു വൃക്ഷത്തിന്റെ ഇല അമിതമായി ഇവകൾക്ക് കൊടുത്തിരുന്നു എന്ന്. ആ ഇലകൾ കുറെ അധികം അവിടെ കരുതി വെച്ചിട്ടും ഉണ്ടായിരുന്നു.

ആ വൃക്ഷം/ ഇലകൾ എന്തെന്ന് തിരിച്ചറിയുക എന്നതായിരുന്നു കീറാമുട്ടി. അതിൽ നിന്നുള്ള വിഷാംശം തന്നെയാവും രോഗകാരണം എന്നുറപ്പിച്ചു. ഇതിനകം പശുക്കളുടെ സ്ഥിതി വളരെ അധികം മോശമായിരുന്നു. ചീഫ് വെറ്ററിനറി ഓഫീസർ ഡോ. സന്തോഷ് കുമാർ ചെങ്ങന്നൂർ വെറ്ററിനറി പോളിക്ലിനിക്കിലെ ഡോ. ദീപു ഫിലിപ്പ് മാത്യു, പൂക്കോട് വെറ്ററിനറി കോളേജിലെ ഡോ. വിനു ഡേവിഡ് എന്നിവരുടെ വിദഗ്ധ ഉപദേശത്തിൽ ചികിത്സ തുടങ്ങിയെങ്കിലും കാര്യമായ പുരോഗതി ഉണ്ടായില്ല. കാര്യങ്ങൾ കൈവിട്ടു പോകുമോ എന്ന ചിന്ത അലട്ടാൻ തുടങ്ങി. ആദ്യം ലക്ഷണങ്ങൾ പ്രകടിപ്പിച്ച പശു മരണപ്പെടുകയും ചെയ്തു. പശുക്കൾ കൺമുന്നിൽ പിടഞ്ഞു വീഴാൻ തുടങ്ങി. വൈകുന്നേരം ആയപ്പോൾ വീണ്ടും 2 പശുക്കൾ കൂടി ഇതേ ലക്ഷണങ്ങൾ കാണിച്ചു വീണു. അപ്പോഴും ഈ ഇലകളിലെ വിഷാംശം എന്തെന്ന് തിരിച്ചറിയുവാനുള്ള ശ്രമത്തിലായിരുന്നു ഡോ. തോമസ് മാത്യു.

cow-alp
കർഷകൻ സലീം ഷായും ഡോ. തോമസ് മാത്യുവും പശുക്കൾക്കരികെ

തുടർന്ന് കർണാടകത്തിലെ മലനാട് കന്നുകാലികളിൽ ഈ ചെടി മൂലമുള്ള വിഷബാധ സംബന്ധിച്ച ഡോ. ശ്രീധറിന്റെ ഒരു ശാസ്ത്ര ലേഖനം കണ്ടെത്തി. ഈ ഇലകൾ ചേല മരം അഥവാ കാരാൽ എന്ന വൃക്ഷത്തിന്റെയാണ് എന്ന് തിരിച്ചറിഞ്ഞു. തുടർന്ന് കാര്യങ്ങൾ എളുപ്പമായി. നാഡീവ്യൂഹത്തെ ബാധിക്കുന്ന വിഷാംശമാണെന്ന് മനസിലായതോടെ അതിനുള്ള മരുന്നുകൾ രാത്രി 11 മണിയോടെ എത്തിച്ചു. ചുരുക്കത്തിൽ അടച്ച മെഡിക്കൽ സ്റ്റോറുകൾ തുറപ്പിച്ചാണ് മരുന്നുകൾ വാങ്ങിയത്. അപ്പോഴേക്കും 2 പശുക്കൾ അപസ്മാര ലക്ഷണങ്ങൾ കാണിച്ചു വീണിരുന്നു. നിസ്സാഹയതയുടെ ആ രാത്രി നാളിതു വരെയുള്ള ഡോക്ടറുടെ ഔദ്യോഗിക ജീവിതത്തിലെ ഒരു വെല്ലുവിളി തന്നെ ആയിരുന്നു. രാത്രി 12 മണിയോടെ 4 പശുക്കൾക്കും മരുന്നുകൾ നൽകി മനസില്ലാമനസോടെ വീട്ടിലേക്ക് മടങ്ങി. എങ്കിലും രാത്രിയിൽ ഉറങ്ങാൻ കഴിഞ്ഞില്ല.

അതിരാവിലെ സലിം ഷാ എന്ന വ്യക്തിയെ അങ്ങോട്ട് വിളിക്കുമ്പോൾ എത്ര പശുക്കൾ ജീവനോടെ ഉണ്ടാകും എന്ന ചിന്ത ഡോക്ടറെ വല്ലാതെ അലട്ടിയിരുന്നു. പക്ഷേ, ഭാഗ്യമെന്ന് പറയട്ടെ, രാത്രിയിൽ ചെയ്ത മരുന്നുകൾ എല്ലാം തന്നെ നല്ല ഫലം ചെയ്തു. അപസ്മാര ലക്ഷണങ്ങൾ കാണിച്ചു വീണ എല്ലാ പശുക്കളും രാവിലെ ഏതാണ്ട് സാധാരണ നിലയിൽ എത്തി. ഇത്തരത്തിലുള്ള ഒറ്റപ്പെട്ട വിഷ ബാധകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും ഒരു ഫാമിൽ ഇത്രയധികം പശുക്കൾക്ക് ചേല മരം എന്ന വൃക്ഷം മൂലം വിഷബാധ ഉണ്ടായിട്ടുള്ളതായി ഉള്ള വിവരം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുളളതായി അറിവില്ല.

cow-alp-2
വിഷബാധയ്ക്കു കാരണമായ ഇല

ചേല മരവും, വിഷബാധയും 

ശാഖകൾ വീശി തലയുയർത്തി വേനൽക്കാലത്തുപോലും ധാരാളം ഇലകളുമായി നിൽക്കുന്ന ചേലുള്ള ഈ മരം കാലിവളർത്തുകാരുടെ ശത്രുവാണ്. ചേലമരത്തിന്റെ ഇല കാലികൾക്ക് സ്വാദിഷ്ടമായ ഒരു ആഹാരവസ്തുവാണ്. എന്നാൽ ഇതു കാലികളിൽ ഉയർന്ന മരണനിരക്കുണ്ടാക്കുന്ന ശക്തിയേറിയ വിഷബാധയ്ക്കു കാരണമാകുന്നു. ഇളം ഇലകളിൽ വിഷാംശത്തിന്റെ അളവു കൂടുതലായിരിക്കും.

ചേലമരത്തിന്റെ ഇല ഉള്ളില്‍ ചെന്ന് അധികനേരം കഴിയുന്നതിനു മുമ്പു തന്നെ വിഷബാധയുടെ ലക്ഷണങ്ങള്‍ പ്രകടമാകുന്നു. ഉന്മേഷമില്ലായ്മ, ഉദരമാന്ദ്യം, അയവിറക്കാതെയും തീറ്റതിന്നാതെയും തൂങ്ങിപ്പിടിച്ച്‌ നില്‍ക്കൽ മുതലായ ലക്ഷണങ്ങൾ പ്രഥമ ദശയിൽ കാണുന്നു. ക്രമേണ നടക്കാൻ കഴിയാതെ തല താഴ്ത്തിപ്പിടിച്ചു നിൽക്കുന്ന മൃഗത്തിന്റെ വായില്‍നിന്ന് ധാരാളം പത പുറത്തു വന്നുകൊണ്ടിരിക്കും. ശരീരമാകമാനമുള്ള മാംസപേശികളിൽ വിറയൽ പ്രത്യക്ഷപ്പെടുന്നതോടെ മൃഗം നിലംപതിക്കുന്നു. കണ്ണിലെ കൃഷ്ണമണി വികസിക്കുകയും സന്നിയുടെ ലക്ഷണങ്ങൾ പ്രകടിപ്പിക്കുകയും ചെയ്യുന്നു.

തീവ്രമായ വിഷബാധയിൽ ലക്ഷണങ്ങൾ കണ്ടു മണിക്കൂറുകൾക്കകം മൃഗം ചത്തുപോകുന്നു. എന്നാൽ ചെറിയ തോതിലുള്ള വിഷബാധയിൽ മൃഗം ക്രമേണ നിലംപതിക്കുകയും രണ്ടു മൂന്നു ദിവസത്തിനകം മരണമടയുകയും ചെയ്യുന്നു.

‌‌വിഷബാധയുടെ ലക്ഷണങ്ങൾ പ്രകടമാകുമ്പോഴെ ചികിത്സിക്കുന്നതു കൊണ്ട് രോഗിയെ രക്ഷപ്പെടുത്താൻ കഴിഞ്ഞേക്കും. കാത്സ്യവും ഗ്ലൂക്കോസും ചേർന്ന ലായനി സിരീയമായും ആന്റിഹിസ്റ്റമിനുകൾ, കോർട്ടിസോൺ, വിറ്റാമിൻ-B കൂട്ടുകൾ എന്നിവ പേശീയമായും കുത്തിവയ്ക്കുന്നതു പലപ്പോഴും രോഗവിമുക്തിക്കു സഹായകമാണ്. ഇത്തരം വിഷബാധയ്ക്കെതിരെയുളള ഫലപ്രദമായ പ്രത്യേക ചികിത്സാവിധി ഇനിയും കണ്ടുപിടിക്കപ്പെട്ടിട്ടില്ല.

English summary: Plant Poisoning in Cattle

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com