ADVERTISEMENT

തിരുവിതാംകൂർ മഹാരാജാവിന്റെ വിശ്രമ കേന്ദ്രം ഇന്ന് ഏഷ്യയിലെ അറിയപ്പെടുന്ന ടർക്കിഫാമാണ്. കൊല്ലത്ത് അഷ്ടമുടിക്കായലിന്റെ തീരത്ത് 1811നും 1819നും ഇടയിൽ ഗൗരി പാർവതിഭായി തമ്പുരാട്ടി പണികഴിപ്പിച്ച തേവള്ളി കൊട്ടാരത്തിന്റെ അനുബന്ധ നിർമിതികളാണ് കൊല്ലത്തുകാർ ‘കോഴി ബംഗ്ലാവെന്ന്’ വിളിക്കുന്ന കുരീപ്പുഴ ടർക്കിഫാം.  

turkey-farm-2

സംസ്ഥാന മൃഗസംരക്ഷണ വകുപ്പിന്റെ കീഴിൽ 1955 മുതൽ കോഴിവളർത്തൽ കേന്ദ്രം ആരംഭിച്ചു. 1979ലാണ് ടർക്കിഫാമായി മാറിയത്. വിശറിവാലും കറുപ്പഴകുമായി ബ്രോഡ്ബ്രസ്റ്റഡ് ബ്രോൺസ്, തൂവെള്ള ശരീരവും ചുവപ്പൻ കഴുത്തും തലയുമായി ബ്രോഡ്ബ്രസ്റ്റഡ് വൈറ്റ്, ലേശം വലുപ്പം കുറഞ്ഞ വെള്ള നിറത്തിലുള്ള ബെൽറ്റ്സ് വില്ലെ സ്മാൾ വൈറ്റ് എന്നീ ഇനങ്ങളിലുള്ള ടർക്കികളാണ് ഇവിടെ വളരുന്നത്. തറയിൽ അറക്കപ്പൊടി വിതറി വിശാലമായ ഷെഡ്ഡുകളിൽ സൂര്യപ്രകാശവും, വായു സഞ്ചാരവും ഉറപ്പാക്കിയാണ് ടർക്കികളെ വളർത്തുന്നത്.  

turkey-farm-1

ടർക്കിക്കോഴിയുടെ മാതൃ പിതൃ ശേഖരങ്ങളാണ് ഇവിടെ വളർത്തുന്നത്. 5 പിടക്കോഴിക്ക്  ഒരു പൂവൻ എന്ന കണക്കിൽ വളർന്നാലേ, മുട്ടകൾ വിരിയുകയുള്ളൂ. മുട്ടയ്ക്ക് ശരാശരി 65 മുതൽ 70 വരെ ഗ്രാം തൂക്കമുണ്ടാകും. ഏകദേശം 6 മാസം പ്രായമാകുമ്പോൾ മുട്ടയിട്ടു തുടങ്ങും. പ്രതിവാരം 500 മുട്ടകൾ വീതം ഇവിടെനിന്ന് വിരിഞ്ഞ് കുഞ്ഞുങ്ങൾ വിൽപ്പനയ്ക്ക് തയാറാകുന്നുണ്ട്.  അടയിരിക്കുന്ന സ്വഭാവം വിരളമായതിനാൽ ഹാച്ചറിയിൽ വച്ചാണ് മുട്ട വിരിയിക്കുന്നത്. മുട്ട വിരിയാൻ 28 ദിവസമെടുക്കും. 

അമേരിക്കയിൽ ക്രിസ്‌മസിനും, വിശേഷ പാർട്ടികൾക്കും പ്രത്യേകം തയാറാക്കുന്ന ഭക്ഷണമാണ് ടർക്കി ഇറച്ചി. കൊളസ്ട്രോളിന്റെ അംശം കുറവായതിനാൽ കേരളത്തിലും ഇതിന്റെ മാംസത്തിന് പ്രിയമേറിവരികയാണ്.  കിലോയ്ക്ക് 300നു മുകളിലാണ് വില. പൂവൻ ടർക്കികൾ 15 ആഴ്ചയെത്തുമ്പോഴും, പിടകൾ 18 ആഴ്ചയിലും വിൽപ്പനയ്ക്ക് തയാറാകും. ഈ പ്രായത്തിൽ പിടയ്ക്ക് 5 കിലോയും, പൂവന് 8 കിലോയും തൂക്കമുണ്ടാകും.  ഇറച്ചിക്കോഴിക്ക് നൽകുന്ന തീറ്റയും, കൂടാതെ പച്ചപ്പുല്ലും നൽകാം. തുറന്നു വിട്ട് വളർത്തുന്ന ടർക്കികൾ എല്ലാത്തരം പ്രാണികളേയും കളകളേയും ഭക്ഷിക്കും. അതോടൊപ്പം അപരിചിതരെ കണ്ടാൽ പ്രത്യേകം ശബ്ദം പുറപ്പെടുവിക്കുകയും ചെയ്യും.

ഓരോ ടർക്കിക്കും 5 ച.അടി സ്ഥലം വേണം. ഒരു ദിവസം പ്രായമായ ടർക്കിക്കുഞ്ഞിന് 50 ഗ്രാം തൂക്കമുണ്ടാകും. വർഷത്തിൽ 80 മുതൽ 100 മുട്ടകൾ വരെ ഇടും. ഒരു കിലോ ഗ്രാം ശരീരഭാഗത്തിനായി ഏകദേശം 2.7 കിലോഗ്രാം തീറ്റ നൽകണം. കോഴികൾക്ക് വരാവുന്ന എല്ലാ അസുഖങ്ങളും  ടർക്കികൾക്കും വരാം. അതിനാൽ കൃത്യമായ ജൈവ സുരക്ഷയും പ്രതിരോധ മരുന്നുകളും ഇവിടെ നൽകുന്നുണ്ട്. ‘ഒരു ദിവസം  പ്രായമായ ടർക്കിക്കുഞ്ഞിന് 62 രൂപ നിരക്കിലും,  ഒരു മാസം പ്രായമായ കുഞ്ഞിന് 150 രൂപ നിരക്കിലും മുൻകൂട്ടി ബുക്ക് ചെയ്യുന്നവർക്ക് ഇവിടെ നിന്ന് നൽകുന്നുണ്ടെന്ന് ഫാമിലെ അസിസ്റ്റന്റ് ഡയറക്ടർ ഡോ. രാജു അറിയിച്ചു.’

turkey-farm-3

അഷ്ടമുടിക്കായലിന്റെ ജലതരംഗങ്ങളെ തലോടി വരുന്ന ഇളം കാറ്റേറ്റ് വളരുന്ന ഇവിടുത്തെ ടർക്കികൾക്ക് ഒരു നാടൻ ഗുണമുണ്ടെന്നാണ് അനുഭവസ്ഥർ പറയുന്നത്.  മോഹൻലാലും ഉർവശിയും ചേർന്നഭിനയിച്ച ലാൽസലാം എന്ന സിനിമയിൽ ഈ ഫാമിനേയും, ഇതിലെ ടർക്കികളേയും ദൃശ്യഭംഗിയോടെ ചിത്രീകരിച്ചിട്ടുണ്ട്. തങ്കശ്ശേരി കോട്ടയും, കൊല്ലം തുറമുഖവും, കണ്ടൽക്കാടും, അഷ്ടമുടി തടാകവും, കയറും, കശുവണ്ടിയും, വിളക്കമ്മയും, വിളക്കുമാടവും പോലെ കൊല്ലത്തിനെ അടയാളപ്പെടുത്തുന്നതാണ് ഈ ‘കോഴി ബംഗ്ലാവും’.  

കൂടുതൽ വിവരങ്ങൾക്ക്: 9447422948 (ഡോ. രാജു)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com