ADVERTISEMENT

മാർച്ച് മാസത്തിലെ കൊടുംചൂടിൽ ഹാർഡ് ബോർഡ് പെട്ടിയിലും പ്ലാസ്റ്റിക് ചാക്കിലും കോഴിക്കുഞ്ഞുങ്ങളുമായി പോകുന്നവരെ കേരളത്തിൽ ഇപ്പോൾ കാണാൻ കഴിയും. കഴിഞ്ഞ 25 വർഷമായി കേരളത്തില്‍ മുടങ്ങാതെ നടക്കുന്ന ഒരാചാരമാണ് ഉഷ്ണകാലത്തെ കോഴി വിതരണം. മിക്കവാറും എല്ലാ പഞ്ചായത്തിലും അയ്യായിരത്തിനും പതിനായിരത്തിനും ഇടയ്ക്ക് മുട്ടക്കോഴിക്കുഞ്ഞുങ്ങളെ ഓരോ വർഷവും വിതരണം നടത്തുന്നുണ്ട്. കഴിഞ്ഞ 25 വർഷമായി ഇത്തരം വിതരണം മുടങ്ങാതെ നടക്കുന്നുണ്ട്. 

കേരളത്തിലെ 1000 പഞ്ചായത്തുകളിൽ, ഒരു പഞ്ചായത്തിൽ ശരാശരി 5000 കോഴിക്കുഞ്ഞ് എന്ന തോതിൽ വിതരണം നടത്തിയാൽ 50,00,000 (അമ്പതു ലക്ഷം) കോഴികളെ ഒരു വർഷം വിതരണം നടത്തുന്നുണ്ടെന്ന് അനുമാനിക്കാം. 80 ശതമാനം കോഴികൾ മുട്ടയിട്ടാൽ തന്നെ 40 ലക്ഷം കോഴിമുട്ടകൾ പ്രതിദിനം കേരളത്തില്‍ ഉൽ‍പാദിപ്പിക്കപ്പെടും. ഇത്രയും കോഴി മുട്ട അടുക്കള മുറ്റത്ത് ഉൽപാദിപ്പിക്കുന്നുവെങ്കിൽ പിന്നെന്തിനാണ് ലോഡു കണക്കിന് കോഴിമുട്ട അന്യസംസ്ഥാനത്തുനിന്ന് വരുന്നത്? അപ്പോൾ  ഈ കോഴികൾ മുട്ടയിടുന്നില്ലേ? ഈ വിതരണം നടത്തുന്ന കോഴികൾ എവിടെ പോകുന്നു. കഴിഞ്ഞ 25 വർഷമായി ചെലവഴിച്ച കോടികൾ ഫലം കണ്ടോ? ഇത്തരം പദ്ധതി തുടരേണ്ടതുണ്ടോ? നമുക്ക് പരിശോധിക്കാം. 

ഓരോ പഞ്ചായത്തിനും പദ്ധതി വിഹിതമായി സംസ്ഥാന സർക്കാർ തുക അനുവദിക്കും. അതില്‍ സേവന മേഖല, പശ്ചാത്തല മേഖല, ഉൽപാദന മേഖല എന്നിങ്ങനെ തരംതിരിച്ച് അനുവദിച്ച ഫണ്ട് വിനിയോഗിക്കണം. ഇതിൽ മുട്ട ഉൽപാദനത്തിനായി ഗണ്യമായ തുക മാറ്റിവയ്ക്കും. കോഴി വിതരണം നടത്താൻ മിക്കവാറും എല്ലാ പഞ്ചായത്ത് മെംബർമാർക്കും താൽപര്യം കൂടുതലായിരിക്കും. കാരണം 5 വർഷക്കാലയളവു കൊണ്ട് ആ വാർഡിലെ മിക്കവാറും എല്ലാവർക്കും സൗജന്യമായി കോഴിയെ കൊടുക്കാൻ പറ്റും. തുടർന്നു വരുന്ന പഞ്ചായത്ത് ഇലക്ഷനില്‍ വോട്ടിനായുള്ള ഒരു മുതൽക്കൂട്ട്.

തുടർന്ന് വികസന സെമിനാർ പദ്ധതി വിശദീകരണം ഗ്രാമസഭ, പ്രൊജക്ട് കംപ്യൂട്ടറിൽ രേഖപ്പെടുത്തി അംഗീകാരം വാങ്ങൽ ഈ  വക പരിപാടികൾക്ക് ശേഷം ഏകദേശം നവംബർ ഡിസംബർ മാസത്തോടു കൂടി ഗുണഭോക്താക്കളുടെ ലിസ്റ്റ് തയ്യാറാകും. ഡിസംബർ മുതൽ മാർച്ച് 31നുള്ളിൽ ഈ തുക നിർബന്ധമായും ചെലവഴിച്ചിരിക്കണം. 45 – 60 ദിവസം വളർച്ചയെത്തിയ കോഴിയെയാണ് നൽകേണ്ടത്. സർക്കാർ അംഗീകൃത എഗ്ഗർ നഴ്സറിയിൽ വളരുന്ന കോഴികളെയാണ് വിതരണം ചെയ്യേണ്ടത്. കേരളത്തിലെ എല്ലാ പഞ്ചായത്തുകൾക്കും സാമ്പത്തിക വർഷത്തിന്റെ അവസാനം കോഴി വിതരണം ചെയ്യുമ്പോൾ ആവശ്യക്കാർ കൂടുതലുള്ളതിനാൽ ചിലപ്പോൾ പൂർണ വളർച്ചയെത്താത്ത കോഴികളെയും നഴ്സറിക്കാർ വിതരണം ചെയ്യും. സുഖകരമായി ഫാം അന്തരീക്ഷത്തിൽ വളരുന്ന കോഴികളെ ഫെബ്രുവരി – മാർച്ച് മാസത്തിലെ കൊടുംചൂടിൽ വിതരണം ചെയ്യുമ്പോൾ മരണപ്പെടാനുള്ള സാധ്യത കൂടുതലാണ്. തുടർന്ന് വിതരണത്തിന് മേൽനോട്ടം വഹിച്ച ഡോക്ടറും പൊതുജനങ്ങളും തമ്മിൽ വാക് തർക്കം വരെയുണ്ടാകാം.

ആവശ്യക്കാർ ഏറുമ്പോൾ ചിലപ്പോൾ ഗുണനിലവാരമില്ലാത്ത കോഴിക്കുഞ്ഞുങ്ങളും ഇതിൽ ഉൾപ്പെടും. വെറുതെ കിട്ടുന്നതിനാൽ പലപ്പോഴും ശരിയായ ആവശ്യക്കാരായിരിക്കില്ല ഗുണഭോക്താക്കൾ. ശരിയായ പരിചരണം ലഭിക്കാതെയും ചിലതൊക്കെ ചത്തു പോകും. 

പ്ലാസ്റ്റിക് ചാക്കിൽ കോഴിയെ വാങ്ങികൊണ്ടുപോയി കൂട്ടത്തോടെ ചത്ത അനുഭവവും വിരളമല്ല. അടുക്കളമുറ്റത്ത് തുറന്നു വിട്ട് വളർത്തിയാൽ പിറ്റേദിവസം തന്നെ തെരുവു പട്ടി കോഴിയെ ഭക്ഷിച്ചിരിക്കും. ചുരുക്കം പറഞ്ഞാൽ ശരിയായ പരിചരണമില്ലാതെയും ചൂടു മൂലവും, അസുഖം മൂലവും കൂടുതൽ കോഴികളും 5 മാസമെത്തി മുട്ടയിടുന്നതിന് മുൻപ് മരണപ്പെട്ടിട്ടുണ്ടാവും. കഴിഞ്ഞ 25 വർഷമായി  മുടങ്ങാതെ നടപ്പിലാക്കുന്ന പദ്ധതി പുനർ വിചിന്തനത്തിന് വിധേയമാകുന്നത് നന്നായിരിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com