ADVERTISEMENT

നായ്ക്കള്‍ പകല്‍ സമയങ്ങളില്‍ തണലിടങ്ങളില്‍ മാറിയിരുന്ന് പരവേശത്തോടെ വായില്‍നിന്ന് ധാരാളം ഉമിനീരൊലിപ്പിച്ച് ആഞ്ഞു കിതയ്ക്കുന്നത് കണ്ടിട്ടില്ലേ? നായ്ക്കളിലെ  ഉഷ്ണ സമ്മര്‍ദ്ദത്തിന്റെ ലക്ഷണമാണിത്. വിയര്‍ത്ത് ശരീരമൊന്ന് തണുപ്പിക്കുന്നതിൻ വേണ്ട വിയർപ്പുഗ്രന്ഥികള്‍ അവയുടെ ശരീരത്തിലില്ല, ആഞ്ഞു കിതച്ചിട്ടും ശരീരതാപനില ക്രമീകരിക്കാന്‍ കഴിയാതെ വന്നാല്‍ സൂര്യാതപം, സൂര്യാഘാതം എന്നിവയ്ക്ക് നായ്ക്കളിലും സാധ്യതയേറെയുണ്ട്. വേനലില്‍ നായ്ക്കളെ പരിചരിക്കുമ്പോള്‍ അതിനാല്‍ അൽപം ശ്രദ്ധവേണം.

ചൂടിൽ തളർന്നാൽ ലക്ഷണങ്ങൾ പലത്; ഇത്തിരിക്കുഞ്ഞന്മാർക്ക് പ്രത്യേകം ശ്രദ്ധ

ഉയര്‍ന്ന ശരീര താപനില, ഉന്മേഷക്കുറവ്, തളര്‍ച്ച, നടക്കാനും ഓടാനും മടി, നാവ് പുറത്തേക്കിട്ട് അമിതമായ അണപ്പ്, കിതക്കല്‍, ഉയര്‍ന്ന നിരക്കിലുള്ള ഹൃദയമിടിപ്പ്, വായില്‍ നിന്ന് കട്ടികൂടിയ ഉമിനീര്‍ ധാരാളമായി ഒലിക്കല്‍, കൈകാലുകളിലേയും തലയിലെയും പേശികളില്‍ വിറയല്‍, വിളറിയ കണ്ണുകള്‍, ചുവന്ന മോണയും നാക്കും, വേച്ച് വേച്ചുള്ള നടത്തം, അലക്ഷ്യമായ ചലനങ്ങള്‍, ഛര്‍ദ്ദി, വയറിളക്കം, തളര്‍ന്ന് വീഴല്‍ എന്നിവ നായ്ക്കളിലെ ഉഷ്ണസമ്മര്‍ദ്ദത്തിന്റെ ലക്ഷണങ്ങളാണ്. ശരീരഭാരം ഏറിയവയിലും ഹൃദയ-ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ ബാധിച്ചവയിലും ശ്വസനനാളിക്ക് തകരാറുള്ളവയിലും പ്രായം ചെന്ന നായ്ക്കളിലും പൊതുവെ ഉഷ്ണാഘാതത്തിനു സാധ്യത ഏറെയാണ്.

പഗ്, ലാസ ആപ്സോ, ബുള്‍ മാസ്റ്റിഫ്, ബുള്‍ഡോഗ്, ഇംഗ്ലീഷ് ടോയ് സ്പാനിയല്‍, ചൗ ചൗ തുടങ്ങിയ ശരീരത്തെ അപേക്ഷിച്ച് തീരെ ചെറിയ തലയും പതിഞ്ഞ  മൂക്കുമുള്ള ബ്രാക്കിസെഫാലിക് വിഭാഗത്തില്‍പ്പെട്ട നായ്ക്കള്‍ക്ക് വേനല്‍ കരുതല്‍ ഏറെ വേണം. ശരീരത്തെ അപേക്ഷിച്ച് ചെറിയ തലയും മൂക്കും വായയുമായതിനാല്‍ മതിയായ വായുവും ഈര്‍പ്പവും ശരീരത്തില്‍ നിന്ന് പുറന്തള്ളി അണപ്പിലൂടെ താപനില ക്രമീകരിക്കാന്‍ ഈ ഇത്തിരി കുഞ്ഞന്മാര്‍ക്ക് കഴിയില്ല. വിറയലും ഛര്‍ദ്ദിയും വരണ്ട മോണയും വിളറിയ കണ്ണുകളുമെല്ലാം ഈയിനങ്ങളിലെ താപസമ്മര്‍ദ്ദത്തിന്റെ ലക്ഷണങ്ങളാണ്.

കട്ടിയായ രോമാവരണമുള്ള പൊമറേനിയന്‍, ജര്‍മ്മന്‍ ഷെപ്പേര്‍ഡ് പോലുള്ള ഇനങ്ങളിലും ഉഷ്ണാഘാതസാധ്യത കൂടും. പകല്‍ ഓടിച്ചാടി വ്യായാമം ഇഷ്ടപ്പെടുന്ന ലാബ്രഡോര്‍ റിട്രീവര്‍, ജര്‍മന്‍ ഷെപ്പേഡ് തുടങ്ങിയ ഊര്‍ജസ്വലരായ നായ ഇനങ്ങളെ പകല്‍ചൂടില്‍ ഇറക്കിവിട്ടാല്‍ താപാഘാതത്തിന് സാധ്യതയുണ്ട്.

ശ്രദ്ധിക്കാൻ പത്തു കാര്യങ്ങൾ

1. തണുത്ത കുടിവെള്ളം മുഴുവൻ സമയവും നായ്ക്കൾക്ക് ഉറപ്പാക്കണം. ചെറിയ ഇനം നായ്ക്കൾക്ക് 2-3 ലീറ്റർ വരെ കുടിവെള്ളവും ഇടത്തരം ഇനം നായ്ക്കൾക്ക് 4-5 ലീറ്റർ വരെ കുടിവെള്ളവും വലിയ ജനുസ്സ് നായ്ക്കൾക്ക് 6-10 ലീറ്റർ വരെ കുടിവെള്ളവും ദിവസവും ആവശ്യമാണ്. വേനല്‍ ചൂടേറും തോറും നായ്ക്കള്‍ തീറ്റയെടുക്കുന്നത് കുറയും. ചൂട് കൂടിയ സമയങ്ങളില്‍ തീറ്റ നല്‍കുന്നത് ഒഴിവാക്കണം. ആകെ ഒരു ദിവസം നൽകുന്ന തീറ്റ രാവിലെയും വൈകീട്ടും മൂന്നോ നാലോ തവണകളായി നല്‍കണം. ദഹനശേഷി കൂട്ടാനും വിശപ്പുണ്ടാകാനും ആഹാരത്തില്‍ യീസ്റ്റ് അല്ലെങ്കില്‍ മറ്റ് പ്രോബയോട്ടിക്കുകള്‍ ഉള്‍പ്പെടുത്തണം. ഇതിനായ് തൈര് തീറ്റയില്‍ ചേര്‍ത്താല്‍ മതി. ജീവകം സി, ഇ അടങ്ങിയ ടാബ്ലെറ്റുകളും, ലിവർ ടോണിക്കുകളും പതിവായി നല്‍കി ശരീര സമ്മര്‍ദ്ദം ഒട്ടൊക്കെ കുറയ്ക്കാം. പപ്പായ, തണ്ണിമത്തൻ, വെള്ളരി തുടങ്ങിയ ഫലവർഗങ്ങൾ നായ്ക്കളുടെ പകൽ ആഹാരത്തിൽ ഉൾപ്പെടുത്താവുന്നതാണ്.

2. കൂടിന്റെ മേല്‍ക്കൂരയ്ക്ക് മുകളില്‍ ഓട്, വൈക്കോല്‍ പാകുന്നതും ചണച്ചാക്കോ, പനയോലയോ തെങ്ങോലമടഞ്ഞോ വിരിക്കുന്നതും നനയ്ക്കുന്നതും കൂടിനുള്ളിലെ ചൂട് കുറയ്ക്കും. താപാഘാതം തടയുന്നതിനായി നനച്ച ഒരു തുണികൊണ്ട് പകല്‍ നായ്ക്കളുടെ ശരീരം തുടച്ചു നല്‍കാം. നായ്ക്കളുടെ കൂട്ടില്‍ ഒരു ഫാന്‍ ഒരുക്കി നല്‍കാവുന്നതാണ് വേനലില്‍ ആഴ്ചയില്‍ ഒന്നോ രണ്ടോ തവണ കുളിപ്പിക്കണം. ദിവസവും ഇടക്കിടെ നായ്ക്കളെ നനച്ചുനൽകുന്ന രീതി ശാസ്ത്രീയമല്ല. ബാഹ്യപരാദങ്ങള്‍ വേനലില്‍ പെരുകുന്നതിനാല്‍ ബാഹ്യപരാദനാശിനികള്‍ അടങ്ങിയ സോപ്പോ, ഷാംപുവോ തേച്ച് കുളിപ്പിക്കുന്നതാണ് ഉത്തമം. നല്ല ശരീര രോമമുള്ള ഇനങ്ങള്‍ക്ക് മേനി മിനുങ്ങുന്നതിനായി സ്കിന്‍ ടോണിക്കുകള്‍ നല്‍കണം.

3. ഉയര്‍ന്ന ഊഷ്മാവുള്ള ഏത് അന്തരീക്ഷവും നായ്കളില്‍ ഉഷ്ണസമ്മര്‍ദ്ദമുണ്ടാക്കും. നമ്മുടെ അശ്രദ്ധയും അതിനൊരു കാരണമാണ്. നല്ല ചൂടുള്ള പകലില്‍ നായ്ക്കളെ കാറിനുള്ളിലോ, മുറിയ്ക്കുള്ളിലോ അടച്ച് പുറത്ത് പോയാല്‍ എന്ത് സംഭവിയ്ക്കും? കാറടക്കമുള്ള വാഹനങ്ങള്‍ തണലിലാണ്  നിര്‍ത്തിയിട്ടിരിക്കുന്നത് എങ്കില്‍ പോലും അഞ്ചു മിനിറ്റ് കൊണ്ടു തന്നെ പുറത്തെ താപനിലയേക്കാള്‍ 10% വരെ വാഹനങ്ങള്‍ക്കുള്ളിലെ താപനില ഉയരാന്‍ ഇടയുണ്ട്. ഈ താപത്തെ താങ്ങാനാവാതെ നിർജലീകരണവും, സൂര്യാഘാതവും ഏറ്റ് അരുമകള്‍ അപകടത്തിലാവുന്ന ഈ അവസ്ഥയെ അൽപം ശ്രദ്ധിച്ചാല്‍  ഒഴിവാക്കാം. വെള്ള കാറുകളെ അപേക്ഷിച്ച് കറുത്ത നിറമുള്ള കാറുകളാണെങ്കില്‍ താപാഘാതത്തിന് സാധ്യത കൂടും. നിര്‍ത്തിയിട്ടിരിക്കുന്ന വാഹനങ്ങളില്‍ പകല്‍ വേളകളില്‍ അല്‍പ്പ സമയത്തേക്കാണെങ്കില്‍ പോലും അരുമകളെ ഉള്ളിലടച്ച് പുറത്ത് പോകരുത്.

4. നായ്ക്കള്‍ക്ക് പകല്‍ 9നും 3നുമിടയ്ക്ക് പരിശീലനവും വ്യായാമവും നല്‍കല്‍, മതിയായ തണലോ കുടിവെള്ളമോ ഒരുക്കി വെക്കാതെ പുറത്ത് വിടല്‍ എന്നിവയെല്ലാം ഉഷ്ണാഘാതത്തിന് സാധ്യതകൂട്ടും. അരുമകളുമായുള്ള വാഹനയാത്രകളും, പരിശീലനവും വ്യായാമവും, നടത്തവുമെല്ലാം ചൂട് കുറവുള്ള രാവിലെയും, വൈകുന്നേരവുമായി ക്രമീകരിക്കണം. വീട്ടില്‍ പല സ്ഥലങ്ങളിലായി വെള്ളപ്പാത്രങ്ങള്‍ നിറച്ച് ഒരുക്കിവയ്ക്കണം. പുറത്ത് പാര്‍പ്പിക്കുന്ന നായ്ക്കളെ ചൂട് കൂടിയ നേരങ്ങളില്‍ അകത്തോ പുറത്ത് തണല്‍ ഒരുക്കിയോ പാര്‍പ്പിക്കണം. 

5. വേനലില്‍ ബാഹ്യ പരാദങ്ങളുടെ ശല്യം കൂടുതലായതിനാല്‍ അത്  നിയന്ത്രിക്കുന്നതിനായ് ടിക്ക്/ഫ്ളീ കോളറുകളോ, സ്പോട്ട് ഓണ്‍, പോറോണ്‍ മരുന്നുകളോ കുത്തിവയ്പുകളോ നല്‍കാം.  ബാഹ്യപരാദനാശിനികള്‍ അടങ്ങിയ ഷാംപു ഉപയോഗിച്ച് നായ്ക്കളെ കുളിപ്പിക്കുകയോ ചെയ്യാം. കുഞ്ഞുങ്ങളിലെ പരാദ നിയന്ത്രണത്തിന് പൗഡറുകള്‍  മേനിയില്‍ തളിയ്ക്കാന്‍ ലഭ്യമാണ്.

6. അമിതമായി വളര്‍ന്ന രോമകൂപങ്ങള്‍ വെട്ടിയൊതുക്കി എന്നും ഒരു ബ്രഷ് കൊണ്ട്  മേനി ചീവാന്‍ മറക്കരുത്. രോമവളര്‍ച്ച കൂടുതലുള്ള ജര്‍മന്‍ ഷെപ്പേര്‍ഡ് പോലുള്ള ഇനങ്ങളുടെ അധികമായി വളര്‍ന്ന രോമങ്ങളും, ജടകളും വെട്ടിയൊരുക്കി ഒരു ബ്രഷ് കൊണ്ട് ഗ്രൂമിങ് ചെയ്യുന്നത് ശരീരത്തിന്റെ രക്തയോട്ടം കൂട്ടാനും താപസമ്മര്‍ദ്ദത്തെ കുറയ്ക്കാനും സഹായിക്കും.

7. നായ്ക്കളുടെ രക്തം കുടിച്ച് വളരുന്ന ചെള്ള്/ പട്ടുണ്ണി കീടങ്ങൾ വഴി പടരുന്ന ബബീസിയോസിസ്, ഹീമോബാര്‍ട്ടനെല്ലോസിസ്, എര്‍ലീച്ചിയോസിസ് തുടങ്ങിയ രക്താണുരോഗങ്ങള്‍ക്ക് വേനലില്‍ സാധ്യത കൂടുതലാണ് വിളര്‍ച്ച, പനി, ദിവസങ്ങളോളം നീളുന്ന തീറ്റമടുപ്പ്, ക്ഷീണം, മെലിച്ചിൽ തുടങ്ങിയ ലക്ഷണങ്ങള്‍ കണ്ടാല്‍ വേഗത്തില്‍ ചികിത്സ തേടണം.

8. നായ്ക്കളിൽ വേനൽ കാലത്ത് കൂടുതലായി, പ്രത്യേകിച്ച് വേനൽ മഴ കഴിഞ്ഞ് കണ്ടുവരുന്ന പകർച്ചവ്യാധികളിൽ ഒന്നാണ് പാർവോ രോഗം. ആറ് ആഴ്ച മുതല്‍ ആറു മാസം വരെ പ്രായമുള്ള നായകുഞ്ഞുങ്ങളാണ് പാര്‍വോ വൈറസിന്റെ പ്രധാന ഇരകള്‍. എങ്കിലും പ്രതിരോധശേഷി കുറഞ്ഞ ഏതു പ്രായത്തിലുള്ള നായ്ക്കളിലും രോഗമുണ്ടാക്കാനുള്ള  ശേഷി ഈ വൈറസിനുണ്ട്. വിശപ്പില്ലായ്മ, പനി, ഛർദ്ദി, ക്ഷീണം, ശരീരതളര്‍ച്ചയും വയറിലെ വേദനയും കാരണം സദാസമയം തണുപ്പുള്ള തറയില്‍ കിടക്കല്‍, തുടര്‍ച്ചയായി ദുർഗന്ധമുള്ള ഛര്‍ദ്ദി, രക്തം കലർന്ന മലത്തോട് തുടർച്ചയായ വയറിളക്കം, ദഹിച്ച രക്തം കലര്‍ന്ന് കറുത്ത നിറത്തിൽ ദുര്‍ഗന്ധത്തോടു കൂടിയ മലം എന്നിവയെല്ലാമാണ് ലക്ഷണങ്ങള്‍. രോഗലക്ഷണങ്ങൾ ഏതെങ്കിലും ശ്രദ്ധയിൽ പെട്ടാൽ  ഉടൻ ഡോക്ടറുടെ സേവനം തേടണം. പാർവോ ഉൾപ്പെടെയുള്ള പകർച്ചവ്യാധികൾക്കെതിരെ പ്രതിരോധ കുത്തിവയ്പ് എടുത്തില്ലങ്കിൽ ഉടനെ നായ്ക്കൾക്ക് വാക്സിനേഷൻ ഉറപ്പാക്കണം. എട്ടാഴ്ച പ്രായമെത്തിയ നായ്ക്കുഞ്ഞുങ്ങൾക്ക് ആദ്യ വാക്സീൻ നൽകാം.

9. ഉഷ്ണസമ്മര്‍ദ്ദത്തിന്റെ  ലക്ഷണങ്ങള്‍ ഏതെങ്കിലും ശ്രദ്ധയില്‍പ്പെട്ടാല്‍ നായ്ക്കളെ തണലിടങ്ങളിലേക്ക് മാറ്റി തണുത്ത വെള്ളത്തില്‍ മുക്കിയ ടവ്വല്‍ മേനിയില്‍ പുതപ്പിക്കണം.  കാറ്റും നല്‍കണം. ചെറിയ ഇനത്തില്‍പ്പെട്ട നായ്ക്കളെ തണുത്ത വെള്ളം നിറച്ച ഒരു ചെറിയ ടാങ്കിലോ പാത്രത്തിലോ തല മുങ്ങാതെ അല്‍പ്പസമയം മുക്കണം. ഫാനിനടിയില്‍ നല്ല കാറ്റു കിട്ടുന്നിടത്ത് കിടത്തി മേനിയില്‍ വെള്ളം സ്പ്രേ ചെയ്ത് നനയ്ക്കുകയും ചെയ്യാം. തലയുടെ പിന്‍ഭാഗത്തും കഴുത്തിലും തണുത്തവെള്ളം കൊണ്ട് നന്നായി നനയ്ക്കണം.

10. താപാഘാതമേറ്റ നായ്ക്കക്കൾക്ക് തണുത്ത വെള്ളം ധാരാളം കുടിക്കാന്‍ നല്‍കണം. എന്നാല്‍ വെള്ളം നിര്‍ബന്ധിച്ച് കുടിപ്പിക്കരുത്. ശരീരതാപനില സാധാരണ നിലയില്‍ (103 ഡിഗ്രി ഫാരൻ ഹിറ്റ് /39.5 ഡിഗ്രി സെൽഷ്യസ് ) ആകുന്നതുവരെ ഈ ക്രമീകരണങ്ങള്‍ ചെയ്യണം. മലദ്വാരത്തില്‍ ഒരു തെര്‍മോ മീറ്ററിന്‍റെ അറ്റം അമര്‍ത്തി പടിച്ച് ശരീരതാപനില പരിശോധിക്കാം. താപാഘാത ലക്ഷണങ്ങള്‍ കൂടുതല്‍ ഗുരുതരമാണെങ്കില്‍ ഉടന്‍ വൈദ്യസഹായം തേടണം. തലക്കുള്ളിലെ നീര്‍ക്കെട്ട്, വൃക്കയുടെ പ്രവര്‍ത്തനം തകരാറിലാവല്‍, കുടലിലെ രക്തസ്രാവം, രക്തം കട്ടപിടിയ്ക്കുന്നതിലെ തടസ്സം തുടങ്ങിയ സങ്കീര്‍ണ്ണതകള്‍ക്ക് താപാഘാതം കാരണമായേക്കാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com