ADVERTISEMENT

കേരളത്തിലെ തന്നെ ഏറ്റവും ചെറിയ മൈക്രോ കാറ്റഗറിയിൽ പെട്ട കിക്കി എന്ന ബുള്ളി ഹരിയുടേതാണ്. മൈക്രോ കാറ്റഗറിയിൽ ബെസ്റ്റ് ഇൻ ഷോ, ബെസ്റ്റ് ഓഫ് ബ്രീഡ്സ് തുടങ്ങിയ ടൈറ്റിലുകൾ കിക്കി നേടിയിട്ടുണ്ട് 

കോഴിക്കോട് ജില്ലയിലെ അത്താണിക്കലിലുള്ള ശാന്തത എന്ന വീട് പരിസരവാസികൾക്കിടയിൽ അറിയപ്പെടുന്നത് തന്നെ 'നമ്മുടെ ബുള്ളിക്കുട്ടന്മാരുടെ വീട്' എന്നാണ്. കാഴ്ചയിൽ ഭീകരന്മാരെന്നു തോന്നുമെങ്കിലും തികച്ചും ശാന്തരായ 6  ബുള്ളികളാണ് ഈ വീട്ടിൽ ഓടിക്കളിച്ചു വളരുന്നത്. പഞ്ചാബിൽനിന്നും കേരളത്തിലേക്കെത്തിയ എലിഫന്റ് ബ്ലൂ നിറക്കാരി കിയ, യുഎസ് ഇംപോർട്ട് റാസ്‌പുട്ടിൻ ലൈനേജിൽ പെടുന്ന സ്ളാത്താൻ, ഇരട്ടക്കുട്ടികളെ പോലെ സദാ സമയം ഒരുമിച്ചു നടക്കുന്ന മെർക്കുറി, ബക്കാർഡി എന്നീ സ്മാൾ സൈസ് ബുള്ളികൾ, കേരളത്തിലെ തന്നെ ഏറ്റവും ചെറിയ മൈക്രോ കാറ്റഗറി ബുള്ളിയായ കിക്കി, ഏറ്റവും ഒടുവിലായി വീട്ടിലേക്കെത്തിയ നൈല എന്നിവരാണ് ഈ വീട്ടിലെ ചുണക്കുട്ടികൾ. 

ചെറുപ്പം മുതൽ നായ്ക്കളോടും മറ്റു പക്ഷിമൃഗാദികളോടുമെല്ലാം ഇഷ്ടം കൂടിയിരുന്ന കൊച്ചി സ്വദേശിയായ ഹരി ബുള്ളിവളർത്തലിലേക്ക് തിരിയുന്നത് മൂന്നു വർഷം മുൻപാണ്.

എല്ലാ ഇനങ്ങളെയും അനായാസം കൈകാര്യം ചെയ്യുന്ന ഹരിക്ക് അമേരിക്കൻ ബുള്ളികളോട് ഇഷ്ടം തോന്നിത്തുടങ്ങിയത് 5 വർഷങ്ങൾക്ക് മുൻപാണ്. അന്ന് കേരളത്തിൽ ബുള്ളി വളർത്തൽ അത്ര വ്യാപകമായി‍ട്ടില്ല. ഏറെ നാളത്തെ ഇടവേളയ്ക്കു ശേഷം ഒരു നായക്കുട്ടിയെ വീട്ടിലേക്കു വാങ്ങണം എന്ന തീരുമാനമെടുത്തപ്പോൾ ആദ്യം മനസിലേക്ക് വന്ന ഇനം അമേരിക്കൻ സ്റ്റാഫോഡ് ആയിരുന്നു. എന്നാൽ അതേപ്പറ്റി കൂടുതൽ പഠിക്കുന്നതിനിടക്കാണ് അമേരിക്കൻ ബുള്ളികൾ കണ്ണിലുടക്കുന്നത്. ബിസിനസ് തിരക്കുകളിൽ നിന്നും ആശ്വാസം കണ്ടെത്താനും കുട്ടികൾക്ക് കൂട്ടിനുമായി ഒരു നായ എന്നതായിരുന്നു ഉദ്ദേശം.

‘ആദ്യ കാഴ്ചയിൽ തന്നെ എനിക്ക് ഏറെ താൽപര്യം തോന്നിയ ഒരു ബ്രീഡ് ആണ് അമേരിക്കൻ ബുള്ളി, എന്നു കരുതി എടുത്ത് ചാടി വാങ്ങുന്ന സ്വഭാവമില്ല. അമേരിക്കൻ ബുള്ളികളുടെ സ്വഭാവം, അവയ്ക്ക് ജീവിക്കാൻ പറ്റിയ അന്തരീക്ഷം, ഭക്ഷണം, പ്രത്യുൽപാദനം, പരിപാലനം, ആരോഗ്യം തുടങ്ങിയവയെപ്പറ്റി വ്യക്തമായ പഠനം നടത്തി. ഏകദേശം രണ്ടര വർഷക്കാലം ഇതിനായി ഞാൻ വിനിയോഗിച്ചു. കേരളത്തിൽ ഒട്ടേറെ ബ്രീഡർമാർ ബുള്ളികളെ വളർത്തി വിൽക്കുന്നുണ്ടെങ്കിലും പ്യുവർ ക്വാളിറ്റി തന്നെ വേണം എന്ന് എനിക്ക് നിർബന്ധമുണ്ടായിരുന്നതിനാൽ പിന്നെയും ഏറെ നാൾ കാത്തിരുന്നു. പാരമ്പര്യവും ബ്ലഡ് ലൈനും എല്ലാം നോക്കിയാണ് മൂന്നു വർഷങ്ങൾക്ക് മുൻപ് എന്റെ ആദ്യത്തെ ബുള്ളിയായ കിയയെ ഞാൻ പഞ്ചാബിൽ നിന്നും കൊണ്ടുവരുന്നത്. എലിഫന്റ് ബ്ലൂ നിറത്തിലുള്ള ബുള്ളികൾക്ക് ആ സമയത്ത് ആരാധകർ ഏറെയായിരുന്നു. അങ്ങനെയാണ് കിയ എന്ന സ്മാൾ സൈസ് ബുള്ളി വീട്ടിലെത്തുന്നത്’ ഹരി തന്റെ ബുള്ളി വളർത്തലിന്റെ കഥ പറയുന്നു..

american-bulli-2
കുട്ടികൾക്ക് പ്രിയപ്പെട്ടവർ

കുട്ടികളുടെ ഇഷ്ട ചങ്ങാതി 

അക്രമകാരികളായ പിറ്റ്ബുൾ നായ്ക്കളായി ബുള്ളികൾ തെറ്റിദ്ധരിക്കപ്പെടുന്നത് സാധാരണമാണ്. ആദ്യമായി കിയയെ വീട്ടിലേക്ക് കൊണ്ട് വന്നപ്പോഴും അവസ്ഥ ഇതുതന്നെയായിരുന്നു. കാഴ്ചയിലുള്ള ഭീകരത നാട്ടുകാരെയും വീട്ടുകാരെയുമൊക്കെ തെല്ലൊന്നു ഞെട്ടിച്ചു. എന്നാൽ കാണുന്ന പോലെ വില്ലന്മാരല്ല ബുള്ളികളെന്നും കുട്ടികൾക്ക് പറ്റിയ നല്ലൊരു കമ്പാനിയൻ ഡോഗ് ആണെന്നും ദിവസങ്ങൾക്കുള്ളിൽ തന്നെ മനസിലായി. 

‘എനിക്ക് മൂന്ന് കുട്ടികളാണ്. അവർക്ക് ഒരു കൂട്ടാവട്ടെ എന്ന് കരുതിയാണ് ആദ്യത്തെ ഡോഗിനെ വാങ്ങുന്നത്. ആ ശ്രമം പൂർണ വിജയം കണ്ടു. കിയയുടെ പൂർണമായ പരിപാലനം, കൂടു വൃത്തിയാക്കൽ, കുളിപ്പിക്കൽ, ഭക്ഷണം അങ്ങനെ എല്ലാം കുട്ടികൾ ഏറ്റെടുത്തു. ചുരുക്കിപ്പറഞ്ഞാൽ വളരെ ചുരുങ്ങിയ സമയം കൊണ്ട് കിയ ഞങ്ങളുടെ വീട്ടിലെ ഒരംഗമായി മാറി. കുട്ടികൾ സ്‌കൂളിൽ പോകുമ്പോൾ കിയ ആകെ സങ്കടത്തിലായി . സ്വാഭാവികമായും കുറച്ചു കഴിഞ്ഞപ്പോൾ കിയക്ക് ഒരു കൂട്ട് വേണം എന്ന തോന്നൽ വീട്ടിൽ എല്ലാവർക്കും ഉണ്ടായി. മറ്റൊരു ബുള്ളിയെ കൂടി വാങ്ങുന്നതിന് ഏറ്റവും കൂടുതൽ പിന്തുണ നൽകിയത് കുട്ടികൾ തന്നെയായിരുന്നു. അങ്ങനെ രണ്ടു വർഷങ്ങൾക്ക് മുൻപ്, സ്ലാത്തൻ എന്ന ആൺനായയെ വാങ്ങി. അപരിചിതരെ കണ്ടാൽ കിയ കലിപ്പിലാകും കുട്ടികളുടെ സംരക്ഷണം അവളുടെ ചുമതലയാണ് എന്നാണ് അവളുടെ വിചാരം, എന്നാൽ സ്ലാത്തൻ കിയയെ അപേക്ഷിച്ച് ഏറെ ശാന്തനാണ്. ആർക്കും എളുപ്പത്തിൽ കൈകാര്യം ചെയ്യാം. ഞാൻ നാട്ടിലേക്ക് പോകുമ്പോൾ ഒറ്റയ്ക്ക് ആണെങ്കിൽ പോലും കാറിൽ സ്ലാത്തനെ കൊണ്ടു പോകാൻ കഴിയും’ ഹരി പറയുന്നു. 

കിയയും സ്ലാത്തനും വന്ന ശേഷം വീട്ടിൽ എല്ലാവർക്കും ബുള്ളി പ്രേമം കലശലായി. മൈക്രോ, സ്‌മോൾ, മീഡിയം, ലാർജ്, എക്സെൽ, ഡബിൾ എക്സെൽ തുടങ്ങി വിവിധ വലുപ്പത്തിലുള്ള ബുള്ളികൾ ഉണ്ടെങ്കിലും ഹരിയെ ആകർഷിച്ചത് ഇത്തിരിക്കുഞ്ഞന്മാരായ മൈക്രോ, സ്മാൾ കാറ്റഗറിയിൽപ്പെട്ടവയാണ്. തുടർന്ന് വെള്ളാരം കണ്ണുള്ള ബക്കാർഡി, മെർക്കുറി എന്നീ പെൺനായ്ക്കളെയും ഹരി സ്വന്തമാക്കി. മൈക്രോ കാറ്റഗറിയിൽ ഒരു ബുള്ളിയെ വേണം എന്നു തോന്നിയപ്പോഴാണ് പഞ്ചാബിൽ നിന്നും ഒന്നേകാൽ ലക്ഷം രൂപയ്ക്ക് കിക്കി എന്ന കുഞ്ഞൻ ബുള്ളിയെ സ്വന്തമാക്കിയത്. കറുപ്പിൽ വെള്ള പാടുകളുള്ള കിക്കിക്ക് ആരാധകർ ഏറെയാണ്. അമേരിക്കൻ ബുള്ളി റജിസ്റ്ററി ക്ലബ് നടത്തിയ ഷോയിൽ ബെസ്റ്റ് ഇൻ ബ്രീഡ്, ബെസ്റ്റ് ഓഫ് ഷോ തുടങ്ങിയ ടൈറ്റിലുകൾ അടക്കം മൈക്രോ കാറ്റഗറിയിൽ മൂന്നു ടൈറ്റിലുകൾ കിക്കി സ്വന്തമാക്കിയിട്ടുണ്ട്. കേരളത്തിലെ ഏറ്റവും ചെറിയ ബുള്ളികളിൽ ഒന്നാണ് കിക്കി. ഒടുവിലായി വീട്ടിലേക്ക് എത്തിയത് നൈല എന്ന സ്മാൾ സൈസ് ബുള്ളിയാണ്.  

american-bulli-4

പരിപാലനം മുഖ്യം 

മികച്ച ലൈനേജുള്ള ബുള്ളികളെ നല്ല ഹെഡ് സൈസ് നോക്കി സ്വന്തമാക്കിയതുകൊണ്ട് മാത്രം കാര്യമില്ല, അവയെ നിലനിർത്തണമെങ്കിൽ മികച്ച പരിപാലനം ആവശ്യമാണെന്ന് ഹരി. മൈക്രോ, സ്മാൾ സൈസ് ബുള്ളികളെ ആർക്കും കൈകാര്യം ചെയ്യാൻ സാധിക്കും. എന്നാൽ ഇവയ്ക്ക് മികച്ച ജീവിതസാഹചര്യങ്ങൾ ഒരുക്കണമെങ്കിൽ കുടുംബത്തിന്റെ പൂർണ പിന്തുണ ആവശ്യമാണ്. ഇക്കാര്യത്തിൽ ഹരിയുടെ ഭാര്യ വിനിതയും മക്കളും മുന്നിൽത്തന്നെയുണ്ട്. ‘ഒരു പക്ഷെ ഇപ്പോൾ എന്നേക്കാൾ അധികം ഇവയെ സ്നേഹിക്കുന്നത് അവരായിരിക്കും. കൃത്യസമയത്ത് ഭക്ഷണം, മരുന്ന്, വെള്ളം, കുളി എന്നിവ ഉറപ്പ് വരുത്തണം. ഒരു പരിധിയിൽ കൂടുതൽ ചൂട് താങ്ങാൻ ഇവയ്ക്ക് ആകില്ല. അതിനാൽ ശരീരം തണുപ്പിക്കുന്നതിനാവശ്യമായ സജ്ജീകരണങ്ങൾ ഒരുക്കി വേണം വളർത്താൻ’ ഹരി പറയുന്നു.

6  ബുള്ളികൾ വീട്ടിൽ വളരുമ്പോൾ ബ്രീഡിങ് ആണോ ഉദ്ദേശം, ബ്രീഡർ ആണോ എന്നൊക്കെ ചോദിക്കുന്നവർ ധാരാളമാണ്. ഇങ്ങനെ ചോദിക്കുന്നവരോട് ഹരിക്ക് ഒരു ഉത്തരമേയുള്ളൂ, ‘ഞാൻ ആഗ്രഹത്തിന്റെയും ഇഷ്ടത്തിന്റെയും പുറത്താണ് ഇവയെ വളർത്തുന്നത്. വീട്ടിൽ നിന്നും കുടുംബവുമൊത്ത് മാറി നിൽക്കാനുള്ള സാഹചര്യം പോലും ഇല്ലാതാക്കി ഇവയെ വളർത്തുന്നത് അത്രക്ക് ഇഷ്ടമുള്ളത് കൊണ്ട് തന്നെയാണ്. സ്വാഭാവികമായ രീതിയിൽ കുഞ്ഞുങ്ങളുണ്ടായാൽ വിൽക്കും. എന്നാൽ കുഞ്ഞുങ്ങളെ വാങ്ങുന്നവർ അവയെ നന്നായി നോക്കാൻ പ്രാപ്തരാണ് എന്നുറപ്പിച്ചിട്ട് മാത്രമേ ഞാൻ കൈമാറുകയുള്ളൂ’. 

american-bulli-3

അമേരിക്കൻ ബുള്ളി റജിസ്റ്ററി ക്ലബ്

മറ്റു നായ്ക്കളെ പോലെ കെസിഐ സർട്ടിഫിക്കേഷൻ അമേരിക്കൻ ബുള്ളികൾക്ക് ഇല്ല എന്നതാണ് പേരായ്മ. മറ്റ‌ിനം നായ്ക്കളെ പോലെ ഒരു സ്വാഭാവിക ഇനമല്ല അമേരിക്കൻ ബുള്ളി എന്നതാണ് ഇതിനുള്ള കാരണമായി പറയുന്നത്. എന്നു കരുതി അമേരിക്കൻ ബുള്ളികൾക്കും അർഹമായ സ്ഥാനം ലഭിക്കണ്ടേ എന്ന ചിന്തയിൽ നിന്നാണ് അമേരിക്കൻ ബുള്ളി റജിസ്റ്ററി ക്ലബ് എന്ന സംഘടന രൂപം കൊണ്ടത്. പ്രസ്തുത സംഘടനയുടെ സെക്രട്ടറിയാണ് ഹരി. കോഴിക്കോട്, വയനാട് ജില്ലകളിലെ ബുള്ളികളുടെ ഗുണമേന്മ പരിശോധിക്കുക, സർട്ടിഫിക്കേഷൻ നൽകുക തുടങ്ങിയ കടമകളാണ് അദ്ദേഹം ചെയ്യുന്നത്. സംസ്ഥാന തലത്തിൽ ഷോകൾ സംഘടിപ്പിക്കുക, അമേരിക്കൻ ബുള്ളികളെ വളർത്തുന്നവർ ഒരു കുടക്കീഴിൽ കൊണ്ടുവരിക. ബുള്ളികളുടെ പരിപാലനത്തിനാവശ്യമായ ഉപദേശങ്ങൾ നൽകുക തുടങ്ങിയ വിവിധോദ്ദേശ പദ്ധതികൾ മുൻനിർത്തിയാണ് അമേരിക്കൻ ബുള്ളി റജിസ്റ്ററി ക്ലബ് രൂപീകരിച്ചിരിക്കുന്നത്. നിലവിൽ ആയിരത്തിലേറെ അംഗങ്ങളാണ് സംഘടനയിലുള്ളത്.

ഫോൺ: 9544698007

English summary: American Bully Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com