ADVERTISEMENT

തമിഴിൽ ‘പാപ്പ’ എന്നാൽ കുഞ്ഞ്. അനുജനെ ആദ്യമായി നേരിൽകണ്ട നിമിഷം ഒന്നര വയസുകാരൻ ചേട്ടൻ വിടർന്ന കണ്ണുകളോടെ അമ്മയോടു കൊഞ്ചിപ്പറയുന്നു, 'അമ്മേ  പാപ്പ, ദേ പാപ്പ'. ഉണ്ണിക്കുട്ടൻ ഇട്ടുകൊടുത്ത ചെല്ലപ്പേരിനെ ഞങ്ങളും സ്വീകരിച്ചു- പാപ്പ. അതു ചിലപ്പോൾ പാപ്പിയാകും. വികാരഭേദങ്ങൾക്കനുസരണമായി പിന്നെയും ചെറിയ രൂപാന്തരങ്ങൾ സംഭവിക്കും. ചെറിയ പ്രായംമുതലേ ഏതു ജീവിയോടും അവൻ അലിവുള്ളവനായിരുന്നു. പൂച്ചകളെ ഏറെ പ്രിയം. വഴിയിൽ അനാഥമായിക്കിടക്കുന്ന പൂച്ചക്കുഞ്ഞുങ്ങളെ പാപ്പ  എടുത്തുകൊണ്ടുവരും. പൊല്ലാപ്പെന്നുകരുതി ഞങ്ങൾ വിലക്കും. പക്ഷേ, ആരുമറിയാതെ അവയെ അവൻ ടെറസിലിട്ടു വളർത്തും. കുറച്ചൊന്നു വലുതാകുമ്പോൾ കാണിച്ചുതരും. അവരുടെ ഓമനത്തവും കുസൃതികളും കുത്തിമറിയലും ഞങ്ങളുടെ പിടിവാശികളെ അയച്ചുകളയും. പിന്നെ അവനെക്കാൾ ഞങ്ങൾ അവയെ സ്നേഹിച്ചുതുടങ്ങും. ഇങ്ങനെ അഞ്ചാറു പൂച്ചകൾ വീട്ടിൽ വളർന്നു. എല്ലാവർക്കും ഒരേ പേരാണ് - കുറിഞ്ഞി.  ഒരാളുടെ കാര്യത്തിൽ ചെറിയൊരു വ്യത്യാസമുണ്ടായി. ആൺപൂച്ചയാണെന്നു മനസിലായപ്പോൾ പാപ്പതന്നെ പേരിൽ ലിംഗഭേദം വരുത്തി - കുറിഞ്ഞൻ.

മറ്റു കുറിഞ്ഞികളെപ്പോലെ കുറിഞ്ഞനും അധികകാലം ഞങ്ങളോടൊപ്പം ജീവിക്കാൻ വിധിയുണ്ടായില്ല. എൻജിഒ ക്വാർട്ടേഴ്സ് ഒഴിയേണ്ട  സാഹചര്യം വന്നപ്പോൾ ഞങ്ങൾ കലൂരിൽ ഒരു വീട് വാടകയ്ക്കെടുത്തു. കുറിഞ്ഞനെയും അവിടേക്കു കൊണ്ടുപോകാൻ ആഗ്രഹിച്ചെങ്കിലും ദുർവാശിക്കാരിയായ വീട്ടുടമ വീട്ടിൽ പൂച്ചയെ വളർത്താൻ അനുവാദം തന്നില്ല. അങ്ങനെ കുറിഞ്ഞനെ ഉപേക്ഷിക്കാൻ ഞങ്ങൾ നിർബന്ധിതരായി. എന്നാലും കുറച്ചു ദിവസങ്ങൾകൂടി അവനെ കൂടെ താമസിപ്പിക്കുവാൻവേണ്ടി പന്ത്രണ്ടായിരത്തഞ്ഞൂറു രൂപ വെറുതേ വാടക കൊടുത്തുകൊണ്ടുതന്നെ ഞങ്ങൾ പഴയ ക്വാർട്ടേഴ്സിൽ പിന്നെയും ഒരു മാസം താമസിച്ചു. കുറിഞ്ഞനെ പാപ്പയുടെ കൂട്ടുകാരൻ ഷഹീൻ ഏറ്റുവാങ്ങി. പ്രിയപ്പെട്ടവരെ പെട്ടെന്നു നഷ്ടപ്പെട്ടതിലുള്ള ദുഃഖം കുറിഞ്ഞനും തീവ്രമായി അനുഭവിച്ചിട്ടുണ്ടാകണം. അവൻ  ക്രമേണ  അക്രമാസക്തനായി മാറി. വേറെ പൂച്ചകളെ ഉപദ്രവിച്ചുതുടങ്ങിയതോടെ പുതിയ ഉടമ  അവനെ രാപകൽ ഒരു ചെറിയ കൂട്ടിൽ അടച്ചിട്ടു. പാപ്പ കൂടെക്കൂടെ അവനെ ചെന്നു കണ്ടുകൊണ്ടിരുന്നെങ്കിലും  പതിയേ  പതിയേ അവന്റെ ഓർമകളിൽനിന്നും  ഞങ്ങളെല്ലാവരും മാഞ്ഞുപോയി.

ഇപ്പോൾ തേവക്കലെ 'മൽഹാറി'ൽ  ഒരു കുറിഞ്ഞിപ്പെണ്ണ്  വളരുന്നുണ്ട്. ഒന്നര വയസു കഴിഞ്ഞു. അതിനു തൊട്ടുമുമ്പുണ്ടായിരുന്നവൾ പെട്ടെന്നൊരു ദിവസം മരിച്ചു. വലിയ സങ്കടമുണ്ടായി. മനുഷ്യരെ മറവു ചെയ്യുന്നതുപോലെതന്നെ അവളെയും വീട്ടുവളപ്പിൽ അടക്കി. കുഴിമാടത്തിനു മുകളിൽ പതിനാറു ദിവസവും മുടങ്ങാതെ പൂക്കൾ വച്ചു. അന്നത്തെ പ്രാർഥനകളിൽ 'കുറിഞ്ഞിക്കു മോക്ഷം നൽകണേ' എന്നു ഞാൻ ദൈവത്തോടു  യാചിച്ചുകൊണ്ടിരുന്നു. അങ്ങനെയൊരു സന്ദർഭത്തിൽ പൊടുന്നനേ ഒരു വാക്യം മനസിൽ മിന്നിമറഞ്ഞു – ‘ഞാനും മരിക്കും’. വളരെ സാധാരണപ്പെട്ട രണ്ടു വാക്കുകൾ  ചേർന്നുവന്നപ്പോൾ രൂപപ്പെട്ട ആശയം എന്നെ ആഴത്തിൽ സ്വാധീനിച്ചു.  ഇപ്പോൾ എത്ര വലിയ വേർപാടിനെയും നേരിടാൻ ഇപ്പോൾ ഈ  കൊച്ചു വാക്യംമാത്രം  മതി - 'ഞാനും മരിക്കും'. എല്ലാം എന്നും ഉണ്ടാകണമെന്ന സ്വാർഥചിന്തയിൽനിന്നാണല്ലോ ദുഃഖങ്ങൾ ജനിക്കുന്നതെന്ന പാഠം കുറിഞ്ഞി പഠിപ്പിച്ചതാണ്. അതിനെ ഞാൻ സദാ ബോധത്തിൽ കൊണ്ടുനടക്കുന്നു..

'കുറിഞ്ഞി പരമ്പര'യുടെ തുടക്കം മണ്ണാർകാട്ടെ വീട്ടിലാണ്. ഉണ്ണിയും പാപ്പയും വളരെ ചെറുതായിരുന്ന കാലം. ഞാൻ കോളജ് സർവീസിൽ  പ്രവേശിച്ചിട്ടേയുള്ളൂ. വീട്ടിൽനിന്നു  കൊടുങ്ങല്ലൂരിലെ കെകെടിഎമ്മിലേക്കു  നല്ല ദൂരമുണ്ട്. വെളുപ്പിനേ പുറപ്പെടണം.  സ്കൂട്ടറിൽ കോട്ടയം റെയിൽവേ സ്റ്റേഷൻവരെ പോകും. പരശുരാമിൽ  എറണാകുളത്തെത്തും. പിന്നെയും  രണ്ടു മൂന്നു ബസ്സുകൾ മാറിക്കയറണം.  തിരിച്ചെത്തുമ്പോൾ രാത്രി ഒൻപതുമണി  കഴിഞ്ഞിട്ടുണ്ടാവും. കുറിഞ്ഞിയെപ്പറ്റി പറയാൻ പാപ്പ കുറെയേറെ വിശേഷങ്ങങ്ങൾ കരുതിവച്ചിട്ടുണ്ടാകും.  അതിനിടയിൽ അവളുടെ ലൈവ് കുസൃതികളും കാണാൻ കഴിയും. യാത്രയുടെ ദുരിതയാതനകൾ കുറെയൊക്കെ ഇങ്ങനെ അലിഞ്ഞുതീരും.

ഇത്തരത്തിൽ  ജീവിതം തിരക്കിട്ടു മുന്നോട്ടു പോകേ, പാപ്പയിൽ  ചെറിയ ചെറിയ സുഖക്കേടുകൾ കണ്ടുതുടങ്ങി. ഞങ്ങൾ വേറാരും തുണയില്ലാത്തവരാണ്. അതിനാൽ ഉള്ളിൽ വലിയ സംഘർഷങ്ങളുണ്ടായി. പാപ്പയുടെ വയ്യായ്മയുടെ ഒരു കാരണം കുറിഞ്ഞിയുമായുള്ള നിരന്തരസമ്പർക്കവും പൂച്ചരോമത്തിൽനിന്നുള്ള അലർജിയുമാണെന്ന കാര്യം  മനോവിഷമം വർധിപ്പിച്ചു. കുറിഞ്ഞിയെ ഒഴിവാക്കാതെ തരമില്ല. പാപ്പ ഒരുതരത്തിലും സമ്മതിക്കുന്ന വിഷയമല്ല. കുറിഞ്ഞി അവന്റെ കളിക്കൂട്ടുകാരിയാണ്. എന്നാൽ  അതിനെക്കാൾ  പാപ്പയുടെ ആരോഗ്യം ഞങ്ങൾക്കു  പ്രധാനമായിരുന്നു. അങ്ങനെ അവനറിയാതെ കുറിഞ്ഞിയെ ഉപേക്ഷിക്കാനുള്ള തീരുമാനത്തിൽ ഞങ്ങൾ വേദനയോടെ എത്തിച്ചേർന്നു. അപ്പോൾ ഒരു ചോദ്യമുണ്ടായി, ഇവളെ ആര് വാങ്ങാനാണ്? എവിടെയെങ്കിലും കളയുകയേ മാർഗമുള്ളൂ. പക്ഷേ  എവിടെ കൊണ്ടുവിട്ടാലും അവിടെ അവൾക്ക് മുടങ്ങാതെ ഭക്ഷണം കിട്ടാനുള്ള സൗകര്യം ഉണ്ടാകണം. അവൾ അതിജീവിക്കണം. അക്കാര്യം ഉറപ്പുള്ള ഒരിടത്തുവേണം അവളെ കൊണ്ടുവിടേണ്ടതെന്ന  കാര്യം ഞങ്ങൾ ആദ്യമേ  ഉറപ്പിച്ചിരുന്നു.

കോട്ടയം റെയിൽവേ സ്റ്റേഷനു കിഴക്കു ഭാഗത്തായി അങ്ങനെ ഒരിടം ഞാൻ കണ്ടെത്തി. ഒരു ചെറിയ തട്ടുകടയാണ്. അതിനെ ചുറ്റിപ്പറ്റി നാലഞ്ചു പൂച്ചകളും വളരുന്നുണ്ട്.  ഇവിടെ എന്തുകൊണ്ടും കുറിഞ്ഞി സുരക്ഷിതയായിരിക്കും. ഭക്ഷണത്തിനും പ്രയാസമുണ്ടാകില്ല. ഞാൻ  സമാധാനിച്ചു. അടുത്തദിവസം  രാവിലെ കോളേജിലേക്കു പോകുമ്പോൾ അവളെ ഒരു തുണിസഞ്ചിയിൽ എടുക്കണം. സ്കൂട്ടറിലെ കൊളുത്തിൽ തൂക്കിയിട്ടു കൊണ്ടുപോകാം. ഞങ്ങൾ പദ്ധതി ഒന്നുകൂടി ഉറപ്പിച്ചു. അന്നത്തെ രാത്രി അങ്ങേയറ്റം ദുസ്സഹമായിയിരുന്നു.. നാളെമുതൽ വീട്ടിൽ കുറിഞ്ഞിമോളുണ്ടാവില്ല. അവളുടെ കുസൃതിത്തരങ്ങളുണ്ടാവില്ല. ഞങ്ങൾ അവളെ എന്നേക്കുമായി പിരിയുകയാണ്.  എന്തുമാത്രം ഈ കുഞ്ഞുജീവിയെ ഞങ്ങൾ സ്നേഹിക്കുന്നു എന്ന തിരിച്ചറിവിനു  മുന്നിൽ ഹൃദയം നീറിനിൽക്കേ, അവൾ പതിവുപോലെ  കാലുകളിൽ വന്നുരുമ്മി. സങ്കടം ഒതുക്കിപ്പിടിക്കാൻ ഞാൻ വളരെ പാടുപെട്ടു.  വേഗം ഇത്തിരി  പാൽ ചൂടാക്കി മുന്നിൽ വച്ചുകൊടുത്തു, അവൾ മുഴുവനും കുടിച്ചു. അങ്ങനെ അവസാനത്തെ അത്താഴവും കഴിഞ്ഞു.

രാവിലെ ഉണർന്നതേ  നടുമുറ്റത്ത് കുറിഞ്ഞിയെ  കണ്ടു. ഞാൻ തിടുക്കത്തിൽ ഒരുങ്ങി. അവളെ കൊണ്ടുപോകാൻ എടുത്തുവച്ചു തുണിസഞ്ചി കാണാനില്ല. ഇനി തെരഞ്ഞുനിൽക്കാൻ നേരമില്ല. കയ്യിൽ കിട്ടിയ പ്ലാസ്റ്റിക് ക്യാരിബാഗിൽ അവളെ കോരിയെടുത്തിട്ടു.  ഒറ്റച്ചാട്ടം, അവൾ ഓടിക്കളഞ്ഞു. പിന്നെയും  പിടിച്ചു കൊണ്ടുവന്നു  ബാഗിലാക്കി. വഴിയിലെങ്ങും എടുത്തുചാടാതിരിക്കാനുള്ള മുൻകരുതലായി ക്യാരിബാഗിൽ ഒരു കെട്ടും കെട്ടി. പുഷ്പ നിശബ്ദമായി നോക്കിക്കൊണ്ടുനിന്നു. അവളുടെ വിഷമം എനിക്കറിയാമല്ലോ! അതിനാൽ ഒന്നും സംസാരിക്കാൻ നിൽക്കാതെ  വേഗം പുറപ്പെട്ടു. വണ്ടിയുടെ വേഗത കാരണം അസ്വസ്ഥപ്പെട്ട കുറിഞ്ഞി ക്യാരിബാഗിനുള്ളിൽ കുത്തിമറിഞ്ഞു. അവളെ ആശ്വസിപ്പിക്കാനെന്നോണം ഞാൻ വഴിനീളേ ഒരോന്നു പറഞ്ഞുകൊണ്ടിരുന്നു- 'ഇനി മുതൽ മോൾക്ക് എല്ലാ ദിവസവും മീൻ കിട്ടുമല്ലോ. നല്ല നല്ല കൂട്ടുകാരെ കിട്ടുമല്ലോ. ദൂരെ എങ്ങും പോയേക്കരുതേ, അവിടെത്തന്നെ ഉണ്ടാവണം. പാപ്പച്ചേട്ടനേംകൊണ്ട് ഞങ്ങൾ മോളെ കാണാൻ വരാം, കേട്ടോ' എന്നൊക്കെ. പാവം, ഒരൽപം ശാന്തമായി. ചാട്ടവും മറച്ചിലും കുറഞ്ഞുവന്നു. ഉറങ്ങിപ്പോയോ എന്തോ!

രാവിലെ ആറുമണി കഴിഞ്ഞെങ്കിലും ഇരുട്ട് പൂർണമായും മാറിയിരുന്നില്ല. അതു  നന്നായി. ആളൊഴിഞ്ഞ തട്ടുകടയുടെ സമീപത്തായി ഞാൻ സ്കൂട്ടർ ഒതുക്കി നിർത്തി,  'കുറിഞ്ഞിമോളേ ' എന്നു വിളിച്ചുകൊണ്ട് ക്യാരി ബാഗിലെ കെട്ടഴിച്ചു.  ഇപ്പോൾ ചാടിയോടും എന്നു കരുതിയെങ്കിലും ബാഗിനുള്ളിൽ യാതൊരനക്കവുമില്ല. അതിനുള്ളിലേക്കു ഞാൻ ഒന്നേ നോക്കിയുള്ളൂ.  ദൈവമേ! നെഞ്ചുപൊട്ടിപ്പോയി. ബാഗിനുള്ളിൽ കുറിഞ്ഞിയുടെ ചേതനയറ്റ ശരീരം കിടക്കുന്നു.  അവളെ ഞാൻ വാരിയെടുത്തു. പഴന്തുണിപോലെ തളർന്ന ശരീരം കയ്യിൽനിന്നു വഴുതിപ്പോയി. സമനില കൈവരിക്കാൻ അല്പം സമയം വേണ്ടിവന്നു. അവൾക്ക് എന്താണ് സംഭവിച്ചത്?  ബാഗിൽനിന്നു  ചാടിപ്പോകാതിരിക്കാൻ ഞാൻ കെട്ടിയ കെട്ട്  മുറുകിപ്പോയതാണോ? അങ്ങനെയെങ്കിൽ അവളുടെ കുസൃതിയെന്നും കുത്തിമറിച്ചിലെന്നും ഞാൻ കരുതിയത് ഒരിറ്റു പ്രാണവായുവിനുവേണ്ടിയുള്ള ഒരു പാവം ജീവിയുടെ  മരണപ്പിടച്ചിലായിരുന്നല്ലോ! ഞാനിതെങ്ങനെ സഹിക്കും. ഈ കൈകൾകൊണ്ട് ഞങ്ങളുടെ പ്രിയപ്പെട്ട കുറിഞ്ഞിയെ ഞാൻ കൊന്നുകളഞ്ഞല്ലോ! ഞാൻ ഉറക്കേ നിലവിളിച്ചുപോയി.

കുറിഞ്ഞിയുടെ ജഡം അടുത്തുകണ്ട കുഴിയിൽ ഇട്ടു, മുകളിൽ ഇത്തിരി മണ്ണും വിതറി.  അതിനുശേഷം കോളേജിൽ പോയെങ്കിലും ക്ലാസെടുത്തില്ല. വൈകുന്നേരംവരെ ലൈബ്രറിയിൽ തനിച്ചിരുന്നു. സംഭവിച്ചതൊന്നും പുഷ്പയോടു പറയേണ്ട എന്ന തീരുമാനത്തോടെ രാത്രിയിൽ വീട്ടിലെത്തി. പുഷ്പ എന്നെ ആശ്വസിപ്പിച്ചു, ‘വിഷമിക്കേണ്ട. കുറിഞ്ഞി അഡ്ജസ്റ്റ് ചെയ്തോളും. അവൾക്ക് അവിടെ വേറെയും കൂട്ടുകാരുണ്ടല്ലോ.  ഏതായാലും അവൾക്ക് കഴിക്കാൻ  കിട്ടുമല്ലോ. നമുക്കങ്ങനെ സമാധാനിക്കാം. ഇനി അതോർത്തു സങ്കടപ്പെടേണ്ട. അവളെ ഈശോ നോക്കിക്കൊള്ളും’. ഞാൻ കേട്ടിരുന്നതല്ലാതെ പ്രതികരിച്ചില്ല. പുഷ്പ നിർബന്ധിച്ചപ്പോൾ നടുമുറ്റത്തുനിന്നും എഴുന്നേറ്റു മുറിയിൽ ചെന്നു കിടന്നു. ഉറങ്ങാൻ സാധിക്കുന്നില്ല. കണ്ണടച്ചാലുടൻ കുറിഞ്ഞിയുടെ ജീവനില്ലാത്ത  കുഞ്ഞുശരീരം മുന്നിൽ തെളിഞ്ഞുവരും. അർധരാത്രിയിൽ  ഏങ്ങലിടിച്ചുള്ള കരച്ചിൽ പുഷ്പയെ ഉണർത്തി. സംഭവിച്ചതെല്ലാം ഞാൻ അവളോടു  പറഞ്ഞു. അവളുടെ കണ്ണുകളും നിറഞ്ഞുകവിഞ്ഞു. അവൾ എന്നെ ഒട്ടും കുറ്റപ്പെടുത്തിയില്ല എന്നുമാത്രമല്ല  'ബാഗ് കെട്ടിയപ്പോ ഞാനും ശ്രദ്ധിക്കേണ്ടതായിരുന്നല്ലോ' എന്നു വിങ്ങുകയും ചെയ്തു. വേഗംതന്നെ ക്രൂശിതനുമുന്നിൽ അവൾ പുതിയൊരു മെഴുകുതിരി കത്തിച്ചു, കുറിഞ്ഞിയുടെ ആത്മാവിനുവേണ്ടി പ്രാർഥിച്ചുതുടങ്ങി. അവളുടെ മനോവേദന മെഴുകുതിരിയേക്കാൾ വേഗത്തിൽ ഉരുകിക്കൊണ്ടിരിക്കേ. ഞാനും അറിവുള്ളതുപോലെ പ്രാർഥിച്ചുതുടങ്ങി.

കുറിഞ്ഞിയെ കാണാതെ പാപ്പ വളരെ സങ്കടപ്പെട്ടു. ചുറ്റുവട്ടങ്ങളിൽ അവളെ അന്വേഷിച്ചു. 'അവൾ വരും മോനേ. എവിടെയോ  കറങ്ങാൻ പോയതാ. ഫ്രണ്ട്സിനെയൊക്കെ കണ്ടിട്ട് ഇങ്ങോട്ടുതന്നെ വരും.' ഇങ്ങനെയൊക്കെ പുഷ്പ അവനെ ആശ്വസിപ്പിച്ചു. അതിൽപിന്നെ പുറത്തുപോകുമ്പോഴെല്ലാം പാപ്പ ആകാംക്ഷയോടെ നാലുപാടും നോക്കും, വഴിയിൽ എവിടെയെങ്കിലും  അവൾ നിൽക്കുന്നുണ്ടോ? അന്നുമുതൽ ഇന്നോളം അവനറിഞ്ഞിട്ടില്ല, ഞാൻ പറഞ്ഞിട്ടുമില്ല, നമ്മുടെ  കുറിഞ്ഞിമോൾ  മരിച്ചുപോയി, ഇനി അവൾ മടങ്ങി വരില്ല, ഒരിക്കലും അവളെ കാണാൻ സാധിക്കില്ല!

കാലംപോകേ പുതിയ പുതിയ കുറിഞ്ഞികൾ വീട്ടിൽ പാർപ്പുകാരായി വന്നു. ആദ്യത്തെ  കുറിഞ്ഞിയെ  പാപ്പയും മറന്നു.  പക്ഷേ ഞാൻ മറക്കുന്നതെങ്ങനെ? ഒരു കുഞ്ഞുജീവിയുടെ ജീവനെടുത്ത ഘാതകനല്ലേ? എത്ര ജന്മം കഴിഞ്ഞാലും ആ പാപക്കറയുടെ മണം ഈ കൈവിരലുകളിൽനിന്നു  മാഞ്ഞുപോവുമോ? പതിനെട്ടു വർഷങ്ങൾ കഴിഞ്ഞിട്ടും ഇതേ മനസികാവസ്ഥയിൽ ഞാൻ തലകുമ്പിട്ടു നിൽക്കുകയാണ്.  ഇനി ഒന്നേ അറിയാൻ ബാക്കിയുള്ളൂ, മരണാനന്തരം ‘ഗാരുഡപുരാണ’ത്തിൽ വിവരിക്കുന്ന ഇരുപത്തിയെട്ടു ഭയാനക നരകങ്ങളിൽ ഏതിലേക്കാവും ഞാൻ  പോകേണ്ടിവരിക ?

(ലേഖകൻ ചലച്ചിത്ര ഗാനരചയിതാവും എറണാകുളം മഹാരാജാസ് കോളജിൽ പ്രഫസറുമാണ്.)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com