ADVERTISEMENT

മീനമാസത്തിലെ ചൂട് ചുട്ടുപൊള്ളിച്ച ഒരു ദിവസമായിരുന്നത്. പഞ്ചായത്തിലെ മീറ്റിങ് കഴിഞ്ഞെത്തിയപ്പോഴാണ് ഉച്ചച്ചൂട് വകവയ്ക്കാതെ സാരിത്തലപ്പുകൊണ്ടു തല മറച്ച്  ദാക്ഷായണിയമ്മ എത്തിയത്.

"ഡോക്ടറെ... ഞാൻ വിളിച്ചിരുന്നു. ഫോൺ എടുത്തില്ല."

"മീറ്റിങ്ങിൽ ആയിരുന്നു. അതോണ്ടാ..."

"എന്റെ ഇപ്പോ പെറ്റ പശു തീറ്റ ഒന്നും കഴിക്കുന്നില്ല. ആകെ ഒരു മൗനം... പെറ്റിട്ടു മൂന്നു മാസമായി. തെക്കേലെ ദാമോദരൻ വന്നു നോക്കിയിട്ട് കാത്സ്യക്കുറവാന്നാ പറഞ്ഞത്. കാത്സ്യം എടുക്കണം."

പശുവിന്റെ അസുഖവും ചികിത്സയും  ദാക്ഷായണിയമ്മയും ദാമോദരനും കൂടി നിശ്ചയിച്ചു കഴിഞ്ഞു. ഇനി ചികിത്സ നൽകിയാൽ മാത്രം മതി. മനസ്സിൽ പറഞ്ഞു.

"എന്തായാലും കണ്ടു നോക്കട്ടെ."

ദാക്ഷായണിയമ്മയുടെ വീട്ടിലെത്തി.

രണ്ടാമത്തെ പ്രസവം കഴിഞ്ഞ് നിൽക്കുന്ന പശു. 

കാഴ്ചയിൽ ക്ഷീണം  തോന്നുന്നില്ല. ശരീരോഷ്മാവ് സാധാരണ നിലയിൽ തന്നെ. വയറ് സാധാരണയിലും വീർത്തിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടു.

"ഇതിന്റെ വയറിന് പെരുക്കമുണ്ടല്ലോ. സാധാരണ കൊടുക്കുന്ന തീറ്റയല്ലാതെ മറ്റെന്തെങ്കിലും കൊടുത്തിരുന്നോ?"

"ഏയ്... എന്നും കൊടുക്കുന്ന തീറ്റയല്ലാതെ മറ്റൊന്നും ഞാൻ കൊടുക്കത്തില്ല ഡോക്ടറെ. ഇത് കാത്സ്യക്കുറവ് തന്നെയാ..." ദാക്ഷായണിയമ്മ ഒന്നുകൂടി ഉറപ്പിച്ചു.

"അത് അത്രയ്ക്ക് അങ്ങോട്ട് വിശ്വസിക്കേണ്ട എന്ന് ദാക്ഷായണിയമ്മയുടെ വെളുമ്പിപ്പശു എന്നോട് പറഞ്ഞു. ദഹനക്കേടിനുള്ള മരുന്നുകൾ നൽകി തിരിച്ചെത്തി. പിറ്റേ ദിവസം ദാക്ഷായണിയമ്മയുടെ മകൾ എത്തി കുറവുണ്ടെന്ന് അറിയിച്ചു. വീണ്ടും മരുന്നുകൾ നൽകുമ്പോൾ വെറുതെയെങ്കിലും ചോദിച്ചു. "എന്തെങ്കിലും തീറ്റ മാറ്റി കൊടുത്തിരുന്നോ?"

"അതേയ്... ഡോക്ടറെ രണ്ടു ദിവസം മുമ്പ് അമ്മ പഴുത്ത ചക്കയുടെ മടല്  കൊടുത്തു. പിറ്റേദിവസം ഞാൻ ഇച്ചിരി ഉഴുന്നും കടലയും കൂടെ അരച്ചത് കാടിയുടെ കൂടെ  കൊടുത്തു. ഇപ്പോൾ മൂന്നു ദിവസമായി." സത്യാവസ്ഥ അങ്ങനെ പുറത്തുവന്നു. പശുവിന്റെ അസുഖം മാറിയ ആശ്വാസത്തിൽ കൂടുതൽ ചോദ്യങ്ങൾക്ക് മുതിരാതെ മരുന്നു നൽകി.

അന്നേ ദിവസം തന്നെയാണ് പൂർണ ഗർഭിണിയായ  ആടിനെയുമായി സുധാകരൻ എത്തിയത്.

അഞ്ചു മാസം പൂർത്തിയാകാൻ അഞ്ചു ദിവസം കൂടിയുണ്ട്. രാവിലെ മുതൽ  അസ്വസ്ഥത കാണിക്കുന്നു. മലദ്വാരം പുറത്തേക്കു തള്ളുന്നു. പരിശോധനയിൽ പിണഞ്ഞു കിടക്കുന്ന ഗർഭാശയമുഖം തിരിച്ചറിഞ്ഞു. ആരെങ്കിലും കാര്യമായി കുട്ടിയെ പുറത്തെടുക്കാൻ ശ്രമിച്ചിട്ടുണ്ടെന്ന ബോധ്യത്തിൽ വീണ്ടും ചോദിച്ചു. "ആരെയെങ്കിലും കാണിച്ചിരുന്നോ...?"

"ഇല്ല... ആട് മുക്കുന്നത് കണ്ടപ്പോൾ നേരെ ഇങ്ങോട്ട് കൊണ്ടുവന്നതാ..."

"അങ്ങനെ ആവില്ലല്ലോ" എന്ന മറുപടിയിലും തുടർ ചോദ്യങ്ങളിലും സത്യം പുറത്തുവന്നു. "രാവിലെ ഡോക്ടർ വന്നു നോക്കിയിരുന്നു. പ്രസവിക്കില്ല. ഓപ്പറേഷൻ വേണമെന്ന് പറഞ്ഞു." തുടർചികിത്സയ്ക്ക് താലൂക്ക് തല ഓഫീസിലേക്ക് ശുപാർശ ചെയ്യുമ്പോൾ യഥാർഥ രോഗവിവരങ്ങൾ നൽകാത്ത, നേരത്തെ മറ്റാരുടെയെങ്കിലും ചികിത്സ തേടിയോ എന്നറിയിക്കാത്ത ഉടമസ്ഥരോടുള്ള ദേഷ്യം മനസ്സിലൊതുക്കി നടന്നു പോയ  മിണ്ടാപ്രാണികളുടെ അനേകം മുഖങ്ങൾ മനസ്സിലൂടെ കടന്നു പോയി. 

ഒരിക്കൽ പ്രയാസമേറിയ പ്രസവം കൈകാര്യം ചെയ്യാൻ ചെന്നപ്പോൾ പശുവിന്റെ പുറകിൽ തല പുറത്തും ഉടൽ ഉള്ളിലും ആയി കണ്ണു മിഴിച്ചു നോക്കി കൊണ്ടിരുന്ന പശുക്കുട്ടിയാണ് പറഞ്ഞത് മറ്റാരോ തന്റെ തല വലിച്ചു പുറത്തിട്ടതാണെന്ന്. കൃത്രിമബീജാധാനത്തിന് എത്തിയ പശുവിന്റെ ഗർഭപാത്രത്തിന്റെ സാധാരണയിൽ കവിഞ്ഞ വലുപ്പമാണ് നേരത്തെ കുത്തിവയ്പ്പിച്ചതാണോ എന്ന് ചോദിക്കാൻ പ്രേരിപ്പിച്ചത്... "ഇല്ല ഡോക്ടറെ പ്രസവശേഷം ഇതാദ്യമാ..." എന്ന മറുപടിയിൽ അത്ര തൃപ്തി വരാതെ "അടുത്ത തവണ ചെയ്യാം എന്ന് പറഞ്ഞയച്ചു. രണ്ടു ദിവസം കഴിഞ്ഞാണ് അറിയിപ്പ് എത്തിയത്... "അതേയ്... ഡോക്ടറെ... വീട്ടിലെ ആള് അതിനെ രണ്ടു മാസം മുന്നേ തെക്കേ സെന്ററിൽ കൊണ്ടു പോയി കുത്തിവയ്പ്പിച്ചതാ.. എന്തായാലും ചെയ്യാഞ്ഞത് കാര്യമായി... ചന പോയേനെ..." മറുപടി ചിരിയിൽ ഒതുക്കി.

സത്യം പറയിപ്പിക്കുന്ന പോലീസിന്റെയോ സാക്ഷിയെ വിസ്തരിക്കുന്ന വക്കീലിന്റെയോ വേഷം പലപ്പോഴും ധരിക്കുന്ന ഒരു മൃഗഡോക്ടർക്ക് അക്ഷര മാലയും ലിപിയും ഇല്ലാത്ത ഭാഷ ഹൃദിസ്ഥമാണ്.

English summary: Veterinary surgeon shares her treatment experience

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com