ADVERTISEMENT

പനങ്ങാട് ക്ഷേത്രത്തിന് സമീപം താമസിക്കുന്ന എറണാകുളം ഹൈക്കോടതിയിൽ പ്രാക്ടീസ് ചെയ്യുന്ന അഡ്വ.ജോളി ജോൺ പാലത്തിങ്കൽ ഇക്കഴിഞ്ഞ ജനുവരി 19ന് വൈകിട്ടാണ് ആലക്കാപറമ്പിൽ പ്രേംസ് വെറ്ററിനറി ക്ലിനിക്കിലെ ഡോ. സി.കെ.പ്രേംകുമാറിനെ തേടി എത്തുന്നത്. മൃഗസംരക്ഷണ വകുപ്പിൽ അസി.ഡയറക്ടർ ആയി വിരമിച്ച അദ്ദേഹം രാവെന്നോ പകലെന്നോ വ്യത്യാസമില്ലാതെ ഏതു സമയത്തും കന്നുകാലികൾക്കും അരുമമൃഗങ്ങൾക്കും വീടുകളിൽ എത്തി ചികിത്സ നൽകുന്നത് കൊണ്ടു തന്നെ കർഷകർക്കിടയിൽ ഏറെ അംഗീകരിക്കപ്പെട്ടിട്ടുള്ള ഡോക്ടറാണ്. തന്റെ അമ്മയായ ത്രേസ്യാമ്മ ടീച്ചറിന് വർഷങ്ങൾക്ക് മുമ്പ് സ്നേഹ സമ്മാനമായി ലഭിച്ച മണിക്കുട്ടി എന്ന രണ്ടര വയസുകാരി വെച്ചൂർ പശുവിന്റെ രോഗ കാര്യo ആയിരുന്നു അദ്ദേഹത്തെ അവിടെ എത്തിച്ചത്.

രാത്രി തൊഴുത്തിൽ ഉടുമ്പിനെ കണ്ട് പേടിച്ച് ചാടി രക്ഷപെടാൻ ശ്രമിക്കുന്നതിനിടയിൽ പുൽത്തൊട്ടിയിൽ കുടുങ്ങിയ കാൽ വലിച്ചെടുത്തപ്പോൾ ഒടിയുക ആയിരുന്നു. കാൽ ഒടിഞ്ഞ അന്നു തന്നെ രാത്രികാല അടിയന്തിര മൃഗചികിത്സാ പദ്ധതിയിലെ ഡോ. ലക്ഷ്മി സ്ഥലത്തെത്തി പ്ലാസ്റ്റർ ഇട്ടിട്ടുണ്ടുമുണ്ടായിരുന്നു. എന്നാൽ, പിറ്റേന്ന് തന്നെ പ്ലാസ്റ്റർ ഇട്ടിരുന്നത് പലയിടത്തും ഇളകിമാറുന്നു. ചലിക്കുന്നതിനുള്ള മണിക്കുട്ടിയുടെ ശ്രമഫലമായി ആണ് ഇങ്ങനെ സംഭവിക്കുന്നത്. ജനുവരി 20 ന് രാവിലെ സ്ഥലത്ത് എത്തി പരിശോധന നടത്തിയ ഡോ. പ്രേംകുമാറും, പട്ടണക്കാട് ബ്ലോക്കിലെ രാത്രികാല അടിയന്തിര മൃഗചികിൽസാ പദ്ധതിയിലെ ഡോ. ജിതിൻ ദാസും വീണ്ടും പ്ലാസ്റ്റർ ഇടുന്നതിനെക്കുറിച്ച് ആലോചിച്ചെങ്കിലും ഫലപ്രാപ്തി ലഭിക്കില്ല എന്നതിനാൽ മറ്റു വഴികളെ കുറിച്ച് ആലോചിച്ചു. പ്ലാസ്റ്റർ ഇളകിയതു മൂലം സപ്പോർട്ട് നഷ്ടപ്പെട്ട പശുവിന് നിൽക്കാൻ കഴിയാതെയും ആയി. കിടന്ന പശു എഴുനേൽക്കാൻ ശ്രമിക്കുന്നുമുണ്ട്. കൗ ലിഫ്റ്റർ ഉപയോഗിച്ച് പശുവിനെ ഉയർത്തി തുണി കൊണ്ടുള്ള സ്ലിംഗിൽ നിർത്തുകയും ചെയ്തു. പക്ഷേ വയറിന്മേൽ ഉണ്ടായ മർദ്ദവും ക്ഷതവും മുറിവുകളും പിന്നെയും കാര്യങ്ങൾ സങ്കീർണമാക്കി. 

cow-leg-2
മണിക്കുട്ടിയുടെ കാൽ മുറിച്ചുമാറ്റിയ വിദഗ്ധ സംഘം

തുടർചികിൽസയിൽ അഭിപ്രായം തേടിയത് ചെങ്ങന്നൂർ വെറ്ററിനറി പോളിക്ലിനിക്കിലെ സീനിയർ വെറ്ററിനറി സർജൻ ഡോ. ദീപു ഫിലിപ്പ്‌ മാത്യുവിനോടായിരുന്നു. ഡോ. ദീപുവിന്റെ നിർദ്ദേശപ്രകാരം മുട്ടിന് താഴെ കാൽ മുറിച്ചു മാറ്റുന്ന ശസ്ത്രക്രിയ ചെയ്തു. തുടർന്നുള്ള ദിവസങ്ങളിൽ കുത്തിവയ്പ്പുകളും മരുന്നുവയ്ക്കലും നടത്തി. ദിവസം തോറും മാറി മാറി വരുന്ന ഒട്ടേറെ സങ്കീർണതകൾ. പശുവിന്റെ ദൈന്യാവസ്ഥ കാണുന്നവർ പശുവിനെ അറവുകാർക്ക് വിൽക്കാനാണ് ഉപദേശിച്ചത്. എന്നാൽ ത്രേസ്യാമ്മ ടീച്ചറും മകനും അതിന് ഒരുക്കമല്ലായിരുന്നു. മുറിവിലെ തുന്നലുകൾ ഇതിനിടെ പൊട്ടുകയും തുടർന്ന് തുടർച്ചയായി ദിവസങ്ങളോളം ചികിത്സയ്ക്കായി വേണ്ടി വന്നു. മുറിച്ചു മാറ്റിയ ഭാഗം പൂർണമായും ഉണങ്ങിയ ശേഷമാണ് കൃത്രിമക്കാൽ എന്ന ചിന്ത ഇവരുടെ മനസിൽ ഉണ്ടായത്.

cow-leg-4
വിവിധ ഘട്ടങ്ങൾ

അഡ്വ. ജോളി ജോണിന്റെ സുഹൃത്തായ സുനിൽ കുമാറാണ് ഈ ആശയം പ്രാവർത്തികമാക്കാൻ സഹായിച്ചത്. സുനിലിന്റെ ബന്ധു കൂടിയായ കവിത പഞ്ചൽ നേതൃത്വം നൽകുന്ന കാക്കനാട്ടെ ഹോപ്പ് പ്രോസ്‌തെറ്റിക്ക് ആൻഡ് റീഹാബിലിറ്റേഷൻ സെന്ററിന്റെ സഹായം തേടി. കവിതാ പഞ്ചലിന്റെ നേതൃത്വത്തിൽ 4 ദിവസം മുമ്പ് പരിശോധനകൾക്ക് ശേഷം ഡോക്ടർമാരുമായി ചർച്ച നടത്തി പശുവിന്റെ തൂക്കത്തിനും വലുപ്പത്തിനും അനുസരിച്ച് കൃത്രിമക്കാൽ തയാറാക്കി പിടിപ്പിക്കുന്നതിനുള്ള മാതൃക തയാറാക്കി. ഡോ. പ്രേംകുമാർ, ഡോ. ജിതിൻ, പുതുച്ചേരി വെറ്ററിനറി കോളജ് വിദ്യാർഥി ഡോ. രശ്മി എന്നിവരുടെ നേതൃത്വത്തിൽ മരം കൊണ്ടുള്ള കൃത്രിമക്കാൽ ആദ്യം പിടിപ്പിച്ചു. നിരീക്ഷിച്ചതിനു ശേഷം കഴിഞ്ഞ ദിവസം വൈകിട്ടോടെ മണിക്കുട്ടി നടന്നു തുടങ്ങി. എല്ലാത്തിനും സഹായിയായി ഡോ. പ്രേംകുമാറിന്റെ സഹചാരിയായ ഓട്ടോ ഡ്രൈവർ ദിനേശും.

cow-leg-3
ഡോ. സി.കെ.പ്രേംകുമാറും കവിത പഞ്ചലും

യഥാർഥത്തിൽ ഉദാത്തമായ മൃഗസ്നേഹത്തിന്റെ അവകാശികൾ ഇവരല്ലേ? മൃഗസ്നേഹത്തിന്റെ പറുദീസയിൽ ഇവരുടെ പേരുകൾ അംഗീകരിക്കപ്പെടുക തന്നെ ചെയ്യും. വളർത്തുമൃഗമായാലും വന്യമൃഗമായാലും അതിനെ വേദനാരഹിതവും ആയാസരഹിതവും സുരക്ഷിതവും ആയ അവസ്ഥയിലേക്ക് മാറ്റുക എന്ന ദൗത്യം ചെയ്യുകയാണ് ഓരോ വെറ്ററിനറി ഡോക്ടർമാരും. മൃഗചികിത്സാ രംഗത്ത് ഇത്തരത്തിൽ പുതിയ ചികിത്സാ വിധികൾ ഒരു കൂട്ടം ഡോക്ടർമാരുടെ കൂട്ടായ ശ്രമഫലത്തിലൂടെയും അർപ്പണബോധത്തോടെയും ഉണ്ടാകുമ്പോൾ അത് ഒട്ടേറെ കർഷകർക്ക് ഇത്തരം അവസരങ്ങളിൽ പ്രതീക്ഷ ഉണ്ടാക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com