ADVERTISEMENT

മനുഷ്യരിൽ എന്ന പോലെ ഭക്ഷണം തൊണ്ടയിൽ കുരുങ്ങിയുണ്ടാവുന്ന അത്യാഹിതങ്ങൾ വളർത്തുമൃഗങ്ങളിലും സംഭവിക്കാറുണ്ട്. കാസർഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട് കല്ലൂരാവിയിലെ കലാവതിയെന്ന ക്ഷീരകർഷക വളർത്തുന്ന പത്തു വയസോളം പ്രായമുള്ള സീതയെന്ന പശുവിനെ അപകടത്തിലാക്കിയത് ഒരു മാങ്ങയായിരുന്നു. മാവിൻ ചുവട്ടിൽ മേയവെ ചുവട്ടിൽ വീണ മാങ്ങകൾ കഴിക്കുന്നതിനിടെയാണ് മാങ്ങയിലൊന്ന് തൊണ്ടയിൽ കുടുങ്ങി അന്നനാളതടസമുണ്ടായത്. പശുക്കളിൽ അന്നനാളതടസമുണ്ടായാൽ അധിക സമയമെടുക്കും മുന്നേ ഉദരസ്തംഭനമടക്കം പ്രശ്നങ്ങൾ രൂക്ഷമാവും. ഉച്ചയോടെ പശുവിനെ കറക്കാനെത്തിയപ്പോഴാണ് കഴുത്ത് നീട്ടി പിടിച്ച് വായിൽ നിന്നും നുരയും പതയും വരുന്നതും വയറ് ക്രമാതീതമായി വീർത്തതും ഉൾപ്പെടെയുള്ള അസ്വാഭാവിക ലക്ഷണങ്ങൾ കലാവതിയുടെ ശ്രദ്ധയിൽ പെട്ടത്. തൊണ്ടയിൽ എന്തോ തടഞ്ഞതാവാം കാരണമെന്ന സംശയമുയർന്നതോടെ ഉടനെ കലാവതി വിവരം കാഞ്ഞങ്ങാട് വെറ്ററിനറി ഹോസ്പിറ്റലിലെ വെറ്ററിനറി സർജൻ ഡോ. ജിഷ്ണുവിനെ വിവരമറിയിച്ചു.

ഡോക്ടർ എത്തി പരിശോധിച്ചതോടെ പ്രശ്നം അന്നനാളതടസ്സം തന്നെയെന്ന് ഉറപ്പിച്ചു. പശുവിന്റെ വായിലൂടെ അന്നനാളി വഴി പണ്ടത്തിലേക്ക് ഇറക്കുന്ന സ്റ്റൊമക്ക് ട്യൂബ് എന്ന ഉപകരണം ഇറക്കി തടസ്സം ഒഴിവാക്കാൻ ശ്രമിച്ചെങ്കിലും പരാജയമായിരുന്നു ഫലം. തുടർന്നാണ് അടിയന്തര ശസ്ത്രക്രിയ നടത്താൻ തീരുമാനിച്ചത്. ഓപ്പറേഷൻ തീയറ്റർ ഉൾപ്പെടെ ചികിത്സാ സജ്ജീകരണങ്ങളെല്ലാം ഒരുക്കിയത് തൊഴുത്തിൽ തന്നെയായിരുന്നു. 

പശുവിനെ പൂർണമായും മയക്കി അന്നനാളി തുറന്നായിരുന്നു സർജറി. അന്നനാളിയിൽ സുഷിരമുണ്ടാക്കി തുറന്നതോടെ അപകടമുണ്ടാക്കിയ മാങ്ങ തെളിഞ്ഞു. മാങ്ങ ശ്രദ്ധാപൂർവം അന്നനാളിയിൽ നിന്നും നീക്കം ചെയ്ത് സ്തരങ്ങൾ ഓരോന്നും തുന്നി പൂർവസ്ഥിതിയിലാക്കിയതോടെ മൂന്ന് മണിക്കൂർ നീണ്ട ശസ്ത്രക്രിയ വിജയകരമായി പൂർത്തിയായി.  

cow-4
ശസ്ത്രക്രിയയ്ക്കു ശേഷം

കാഞ്ഞങ്ങാട് വെറ്ററിനറി ഹോസ്പിറ്റലിലെ ഡോക്ടർമാരായ ഡോ. ജിഷ്ണു, ഡോ. നീധീഷ് ഗണേഷ് എന്നിവരുടെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ നടന്നത്.വേദനയെല്ലാം മാറി സുഖം പ്രാപിച്ച് വരുന്ന സീതയ്ക്ക് ഇനി മൂന്നു ദിവസം നിരീക്ഷണകാലമാണ്, ഓരോ ദിവസവും മരുന്നും ചികിത്സയുമെല്ലാമുണ്ട്.

കർഷകരുടെ ശ്രദ്ധയ്ക്ക്

കേരളത്തിലിപ്പോൾ മാങ്ങയുടെയും ചക്കയുടെയും കാലമാണ്. മാങ്ങ മുഴുവനായും ചക്കയുടെ കുരുവും ചവിണിയുമെല്ലാം പശുക്കൾക്ക് നൽകുമ്പോൾ അന്നനാളത്തിൽ തടസമുണ്ടാവാനുള്ള സാധ്യത മുൻകൂട്ടി കാണണം. വയറ് ക്രമാതീതമായി വീർക്കൽ, തലയും കഴുത്തും നീട്ടി പിടിച്ച് വായിൽ നിന്നും നുരയും പതയും വരൽ, ക്രമാതീതമായ ശ്വാസോച്ഛ്വാസം തുടങ്ങിയവയെല്ലാം അന്നനാള തടസത്തിന്റെ ലക്ഷണങ്ങളാണ്. പണ്ടത്തിൽ നിന്നും വാതകങ്ങൾ പുറന്തള്ളാൻ കഴിയാതെ വയറ് ക്രമാതീതമായി വീർക്കുന്ന സാഹചര്യം പശുക്കൾക്ക് അതീവ അപകടമുള്ളതാണ്. മാങ്ങയും ചക്കയുടെ കുരുവുമെല്ലാം  തീറ്റയായി നൽകുമ്പോൾ കരുതൽ വേണമെന്ന് ചുരുക്കം.

English summary: Esophageal Obstruction in Large Animals

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com