അമേരിക്കയിലെ ഷിക്കാഗോയിലെ മഞ്ഞുപുതച്ച വീഥിയില്‍ ഭക്തി എന്ന കുഞ്ഞൻ നായ കളിച്ചുല്ലസിക്കുമ്പോൾ ഇങ്ങു കേരളത്തില്‍ കരുനാഗപ്പള്ളിയിലെ ഹരിയുടെ മനസ്സു നിറയും. ഹരിയുടെ പക്കൽനിന്ന് അമേരിക്കക്കാരി കെല്ലി ദത്തെടുത്ത നായ്ക്കുട്ടിയാണ് ഭക്തി. നമ്മള്‍ വിദേശയിനം നായ്ക്കളെ അരുമകളാക്കുമ്പോള്‍ ഇവിടെനിന്നു കടൽ കടക്കുകയാണ് നാടന്‍ നായ്ക്കള്‍. തെരുവിൽ അലഞ്ഞു നടക്കേണ്ടിയിരുന്ന ഭക്തിയുടെ ജീവിതം ഇപ്പോൾ രാജകീയമാണ്. അതിന് താനൊരു നിമിത്തമായതിന്റെ സന്തോഷത്തിലാണ് ഹരി പൂവങ്കൽ.
തെരുവിൽനിന്നാണ് ഹരിക്ക് ഏകദേശം രണ്ടു മാസം പ്രായമുള്ള ഭക്തിയെ ലഭിക്കുന്നത്. നാലു മാസത്തിനു ശേഷം അവൾ കടൽ കടന്നു. കരുനാഗപ്പള്ളിയിൽ സുഹൃത്ത് ശ്രീരാജുമായി ചേർന്ന് ആരംഭിച്ച ഹാൻഡ്സ് ആൻഡ് പൗസ് എന്ന പെറ്റ് ഷോപ്പിലെ സന്ദർശകരിലൂടെയാണ് ഭക്തിയുടെ അമേരിക്കൻ യാത്രയ്ക്കു വഴി തുറന്നത്. പരിശോധനകളും നടപടിക്രമങ്ങളുമെല്ലാം പൂർത്തിയാക്കി മാർച്ച് രണ്ടിന് ബെംഗളൂരുവിൽനിന്ന് ഭക്തി വിമാനം കയറി. നായ്ക്കുട്ടിയെ ദത്തെടുത്ത കെല്ലി തന്നെ സര്‍വ ചെലവും വഹിച്ചു.

ഭക്തിക്കു പിന്നാലെ
ഭക്തി അമേരിക്കയിലെത്തിയതിനു പിന്നാലെ രണ്ടു നായ്ക്കള്‍ കൂടി ഉടൻ കടൽ കടക്കും. ഷാഡോയും ഹോപ്പും. ഷാഡോ ഫ്രാൻസിലേക്കും ഹോപ്പ് സെർബിയയിലേക്കുമാണ് പോകുക. നടപടിക്രമങ്ങൾ പൂർത്തിയാകുന്നു. ഇടതുകൈ ഒടിഞ്ഞ നിലയിലാണ് ഷാഡോയെ ഹരിക്ക് ലഭിക്കുന്നത്. സ്വന്തം ആശുപത്രിയിൽ ചികിത്സ നൽകി ഷാഡോയുടെ ആരോഗ്യം വീണ്ടെടുത്തു. എല്ലും തോലുമായ അവസ്ഥയിലായിരുന്നു ഹോപ്. അവനും ഇപ്പോൾ പൂർണ ആരോഗ്യവാനെന്നു ഹരി.

ലാബ്രഡോറിൽനിന്ന് നാടനിലേക്ക്
എൻജിനീയറായ ഹരി ആറു വർഷത്തെ വിദേശജോലി അവസാനിപ്പിച്ചാണ് നായ് വളർത്തൽ മേഖലയിലേക്ക് തിരിഞ്ഞത്. 2020ൽ ലാബ്രഡോറുകൾക്കു മാത്രമായി ഒരു കെന്നൽ തുടങ്ങിയപ്പോൾ റഷ്യയിൽനിന്ന് എത്തിച്ചതുൾപ്പെടെ 25ലേറെ നായ്ക്കളുണ്ടായിരുന്നു. ഈ മേഖലയിൽത്തന്നെ ഒരു ബിസിനസ് കൂടി വേണം എന്ന ചിന്തയിലാണ് ബാല്യകാല സുഹൃത്ത് ശ്രീരാജുമായി ചേർന്ന് പെറ്റ് ഷോപ്, ക്ലിനിക്ക്, സ്പാ എന്നിവയെല്ലാമുള്ള സ്ഥാപനം ആരംഭിച്ചത്. ഗ്രൂമിങ് കോഴ്സ് പഠിച്ച് ഗ്രൂമിങ്ങും ചെയ്യുന്നു.

ലാബ്രഡോർ നായ്ക്കളുടെ കെന്നലും ക്ലിനിക്കും മാത്രമായിരുന്നില്ല ഹരിയുടെ പ്രവർത്തനമേഖല. കോവിഡ് കാലത്ത് തെരുവുനായ്ക്കൾക്ക് തീറ്റ നൽകാനും ഹരി ശ്രദ്ധിച്ചു. വിശന്നുവലഞ്ഞ് പ്ലാസ്റ്റിക് കവർ തിന്നുന്ന ഒരു നായയെ കണ്ടതാണ് പ്രേരകമായത്. ഇതിനിടെ, അവശനിലയില്‍ കാണപ്പെട്ട നാടൻ നായ്ക്കളെ ഏറ്റെടുക്കുകയും ആവശ്യമായ ചികിത്സ നൽകുകയും ചെയ്യുന്നതിനൊപ്പം ആവശ്യക്കാർക്ക് ദത്തു നൽകാനും ശ്രമിച്ചു. തെരുവിൽനിന്ന് ലഭിക്കുന്ന നായ്ക്കുഞ്ഞുങ്ങളെ മികച്ച രീതിയിൽ പരിപാലിച്ച് ആവശ്യക്കാർക്കു നൽകുന്നുമുണ്ട്. നാടൻ നായ്ക്കളിലേക്ക് ശ്രദ്ധ തിരിഞ്ഞപ്പോൾ കെന്നലിലെ ചില ലാബ്രഡോർ നായ്ക്കളെ പലർക്കും സൗജന്യമായി നൽകി എണ്ണം കുറച്ചു.
ഫോൺ: 9995366050, 9562039084