ADVERTISEMENT

പ്രസവത്തോടനുബന്ധിച്ച് പശുക്കൾക്ക് സംഭവിക്കാവുന്ന സങ്കീർണതകൾ പലതുണ്ട്. അതിലേറ്റവും ഗുരുതരമായ സാഹചര്യമാണ് ഗർഭാശയത്തിന്റെയും ഗർഭാശയനാളിയുടെയും പുറന്തള്ളൽ. ഉടൻ ചികിത്സ നൽകി പുറന്തള്ളിയ ഭാഗം പൂർവസ്ഥിതിയിലാക്കിയില്ലെങ്കിൽ പശുക്കളുടെ ജീവനെടുക്കുന്ന അവസ്ഥയാണിത്. പ്രസവത്തെ തുടർന്ന് കാത്സ്യത്തിന്റെ കുറവ് ഉൾപ്പെടെ പല കാരണങ്ങളാൽ ഗർഭാശയം പൂർണമായും അല്ലെങ്കിൽ ഭാഗികമായും പുറന്തള്ളുന്നത് പശുക്കളിൽ സംഭവിക്കാം. എന്നാൽ പ്രസവത്തിന് മുന്നെയും ചില പശുക്കളിൽ ഗർഭാശയത്തിന്റെ നാളിയും ഗളവും ഉൾപ്പെടെയുള്ള ഭാഗങ്ങൾ പുറന്തള്ളുന്ന സാഹചര്യമുണ്ടാവാറുണ്ട്. അപൂർവമായ ചില സന്ദർഭങ്ങളിൽ ഗർഭാശയ നാളി മാത്രമല്ല സമ്മർദ്ദം മൂലം വൻകുടലിന്റെ അറ്റവും പുറത്തുചാടാം. പൂർണ ഗർഭിണിയായ പശുക്കളിൽ ഇത്തരം പ്രശ്നങ്ങൾ സംഭവിച്ചാൽ ക്ഷീരകർഷകർക്ക് അതുണ്ടാക്കുന്ന പ്രയാസം ചെറുതായിരിക്കില്ല. ഉടനടി ചികിത്സ ഉറപ്പാക്കിയില്ലെങ്കിൽ  തള്ളപ്പശുവും ഗർഭസ്ഥ കിടാവും ഉൾപ്പെടെ രണ്ടു ജീവൻ അപകടത്തിലാകും. പശു പ്രസവിക്കുന്നതും കാത്ത് പ്രതീക്ഷയോടെയുള്ള ഒൻപത് മാസത്തിലധികം നീണ്ട ക്ഷീര കർഷക കാത്തിരിപ്പ് വേദനയിൽ അവസാനിക്കും.

മലപ്പുറം ജില്ലയിലെ കണ്ണമംഗലം ഗ്രാമപഞ്ചായത്തിലെ കിളിനക്കോട് ക്ഷീര കർഷകനായ അഹമ്മദ് കണ്ണേത്തിന്റെ പൂർണഗർഭിണിയായ പശു കഴിഞ്ഞ ദിവസം കടന്നുപോയത് ഇങ്ങനെ ഒരു സാഹചര്യത്തിലൂടെയാണ്. പശു പ്രസവിക്കാൻ വിരലിൽ എണ്ണാവുന്ന ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ആ കർഷകന്റെ പ്രതീക്ഷയ്ക്കു മേൽ കരിനിഴൽ വീഴ്ത്തി പശുവിന്റെ ഗർഭാശത്തിന്റെ ആദ്യ ഭാഗം പുറത്തുചാടി. ഗർഭാശയത്തിന്റെ ഒരു ഭാഗം പുറത്തുവന്ന സമ്മർദ്ദത്തിൽ പശു തുടർച്ചയായി അസ്വസ്ഥതയും വെപ്രാളവും കാണിച്ചതോടെ മലദ്വാരത്തിലൂടെ വൻകുടലിന്റെ അറ്റമായ റെക്ടം എന്ന ഭാഗവും പുറത്തെത്തി. 

cow-calving-problem-3
തൊഴുത്തിൽ സിസേറിയൻ നടക്കുന്നു. പുറത്തുവന്ന ഗർഭാശയഭാഗം വൃത്തത്തിൽ

കുഞ്ഞിക്കിടാവ് പുറത്തുവരുന്നതും കാത്തിരുന്ന ക്ഷീരകർഷകന്റെ മുന്നിലെത്തിയത് പശുവിന്റെ ഗർഭാശയഭാഗങ്ങളും വൻകുടലിന്റെ അറ്റവും...! ഏതൊരു ക്ഷീരകർഷകനെ സംബന്ധിച്ചേടത്തോളവും അയാളുടെ ക്ഷീരകർഷകജീവിതത്തിൽ നേരിടേണ്ടി വരുന്ന ഏറ്റവും കഠിനമായ സന്ദർഭങ്ങളിലൊന്ന്. പശുക്കളിൽ പ്രസവത്തിന് മുന്നേ ഗർഭാശയഗളവും നാളിയും പുറത്തുചാടുന്ന സാഹചര്യങ്ങൾ സംഭവിക്കാമെങ്കിലും അതിനൊപ്പം വൻകുടലിന്റെ അറ്റവും പുറത്തുവരുന്ന സന്ദർഭം അപൂർവമാണ്.

cow-calving-problem-1
സിസേറിയൻ

ചികിത്സയ്ക്കായി ഡോക്ടർമാരുടെ സംഘം; തൊഴുത്ത് ഓപ്പറേഷൻ തീയറ്ററാക്കി സിസേറിയൻ

കർഷകന്റെ ഫോൺകാളിൽ സ്ഥലത്തെത്തി പശുവിനെ പരിശോധിച്ച വെറ്ററിനറി ഡോക്ടർ പ്രശ്നം സങ്കീർണമാണന്ന് ക്ഷീരകർഷകനെ ബോധ്യപ്പെടുത്തി. പുറന്തള്ളിയ ശരീരഭാഗങ്ങൾ തിരികെ കയറ്റാൻ ശ്രമിച്ചങ്കിലും സമയം വൈകിയതിനാലും നീര് വന്ന് വീർത്തതിനാലും ഫലവത്തായില്ല. പശു പൂർണ ഗർഭിണിയായതിനാൽ അതിന്റെതായ പ്രായോഗിക പ്രശ്നങ്ങളുമുണ്ട്. ഒരു ജീവൻ കൂടി അകത്തുള്ളതിനാൽ ശ്രദ്ധ വേണം. 

ഈ സാഹചര്യത്തിൽ അടിയന്തര ഗർഭ ശസ്ത്രക്രിയ സിസേറിയൻ നടത്തി കുഞ്ഞിനെ പുറത്തെടുത്ത ശേഷം മതി ബാക്കി ചികിത്സയെന്നായിരുന്നു ഡോക്ടർമാരുടെ തീരുമാനം. തന്റെ ജീവനോപാധിയെ കാക്കാൻ അതാണ് മാർഗമെന്ന് ബോധ്യമായതോടെ കർഷകനും സമ്മതം. പിന്നെ വൈകിയില്ല, സിസേറിയനുള്ള ഒരുക്കങ്ങളെല്ലാം തൊഴുത്തിൽ തന്നെ ഒരുക്കി.  

cow-calving-problem-2
പശുക്കുട്ടിക്കൊപ്പം വെറ്ററിനറി ഡോക്ടർ. പിന്നിൽ കാണുന്നതാണ് തൊഴുത്ത്

ഓടു മേഞ്ഞ് സിമന്റ് കട്ട കൊണ്ട് അരിക് മറച്ച കൊച്ചുകാലിത്തൊഴുത്ത് ചുരുങ്ങിയ നേരം കൊണ്ട് ഒരു സങ്കീർണ പ്രസവ ശസ്ത്രക്രിയയ്ക്ക് തയാറായി ഒരു ഓപ്പറേഷൻ തീയറ്ററായി രൂപം മാറി. മലപ്പുറം എടരിക്കോട് പഞ്ചായത്തിലെ വെറ്ററിനറി സർജനും ഗൈനക്കോളജി വിദഗ്ധനുമായ ഡോ. പി.ശുഹൈബിന്റെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ. ഡോ. സബീർ ഹുസൈൻ, ഡോ. സനൂദ്, ഡോ. വി.പി.റാസിം, കണ്ണമംഗലം ഗ്രാമപഞ്ചായത്ത് വെറ്ററിനറി സർജൻ ഡോ. സജിത തുടങ്ങിയവർ ശസ്ത്രക്രിയയ്ക്കു സഹായികളായി. സിസേറിയനൊടുവിൽ അഴകുള്ള ഒരു  കുഞ്ഞു ജേഴ്സിക്കിടാവ് പുറത്തെത്തിയതോടെ അമ്മപശുവിന് പകുതി ആശ്വാസമായി. കുഞ്ഞിനെ ജീവനോടെ പുറത്തെടുത്ത് സിസേറിയൻ വിജയകരമായി പൂർത്തിയാക്കി ഗർഭാശയം പൂർവനിലയിൽ തുന്നി അകത്താക്കിയെങ്കിലും ഡോക്ടർമാരുടെ ജോലി തീർന്നിട്ടില്ലായിരുന്നു. പുറന്തള്ളിയ ഗർഭാശയ നാളിയും വൻകുടലറ്റവും പഴയപടിയാക്കി ഇനി പുറത്തോട്ട് തള്ളി വരാത്തവിധം തുന്നണം. അങ്ങനെ തുന്നലിടുന്നതിനൊക്കെ അതിന്റേതായ ശ്രാസ്ത്രീയ ക്രമങ്ങളുണ്ട്. ആ ക്രമവും രീതിയും തെറ്റിയാൽ പ്രശ്നങ്ങൾ വീണ്ടും പലതുണ്ടാവും.  

വൻകുടലറ്റവും ഗർഭാശയഗളമെല്ലാം അകത്തു കയറ്റി പുറത്തേക്ക് ഇനി തള്ളാത്ത വിധം തുന്നിട്ടതോടെ തൊഴുത്തിലൊരുക്കിയ തീയറ്ററിൽ ആശ്വാസം. ഇത്തരം സങ്കീർണ സർജറികൾ കഴിഞ്ഞാൽ അടുത്ത ദിവസങ്ങളിൽ തുടർ ചികിത്സയ്ക്ക് വലിയ പ്രധാന്യമുണ്ട്. അനുഭവിച്ച വേദനയുടെ കടുപ്പമെല്ലാം മറന്ന് പശുവിപ്പോൾ നറുംപാലും  കർഷകന്റെ ജീവിതത്തിൽ സന്തോഷവും ചുരത്തുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com