ADVERTISEMENT

അരുമയായി നമ്മുടെ വീടകങ്ങളിൽ വാഴുന്ന പൂച്ചകളുടെ ആരോഗ്യം ചോർത്തുന്ന വിരകൾ ഏറെയുണ്ട്. പുറത്തോട്ടൊന്നും വിടാതെ അകത്തളത്തിൽ തന്നെ വളർത്തിയാലും വിരകൾ പലവഴി പൂച്ചകളുടെ ഉള്ളിൽ കയറിക്കൂടും. ഇങ്ങനെ പൂച്ചയുടെ വയറ്റിനുള്ളിൽ വിരകൾ എത്തി ദിവസങ്ങൾ കഴിഞ്ഞാലും ലക്ഷണങ്ങൾ ഒന്നും തന്നെ പുറത്തുകാണില്ല എന്നതാണ് കാര്യം. കാഷ്ടം പരിശോധന നടത്തിയാൽ പോലും പലപ്പോഴും വിരസാന്നിധ്യം തെളിയില്ല.

പലപ്പോഴും വിരപ്രശ്നം ഗുരുതരമായി വിളർച്ചയും തളർച്ചയുമെല്ലാം മൂർച്ഛിച്ച് പൂച്ച കിടപ്പിലാവുമ്പോഴാണ് ഉടമകൾ രോഗം തിരിച്ചറിയുക. അപ്പോഴേക്കും ചികിത്സ ഫലിക്കാത്ത തരത്തിലേക്ക് കാര്യങ്ങൾ എത്തിയിരിക്കും.

Read also: കിടാവിന് കുപ്പിപ്പാൽ നൽകാൻ മിൽമ; കർഷകനു നേട്ടം; മിൽക്ക് റീപ്ലെയ്‌സറിനെക്കുറിച്ചറിയാം, നേട്ടങ്ങളേറെ 

പൂച്ചകളുടെ രക്തമൂറ്റുന്ന വിരകൾ; മനുഷ്യരിലേക്ക് പടരുന്ന വിരകളുമുണ്ട്

ടോക്സോകാര കാറ്റി, ടോക്സോകാര ലിയോനിന, അങ്കെലോസ്റ്റോമ തുടങ്ങിയവയെല്ലാമാണ് നമ്മുടെ നാട്ടിൽ പൂച്ചകളിൽ കാണുന്ന പ്രധാന ആന്തര വിരകൾ. അങ്കെലോസ്റ്റോമ എന്ന വിരകൾ കുടലിൽ കയറിക്കൂടി പൂച്ചകളുടെ രക്തം ഊറ്റുന്നവയാണ്. ഇവയുടെ ശല്യം കൂടിയാൽ വിളർച്ച മൂർച്ഛിച്ച് പൂച്ചകൾ ചത്തുപോവും. ഇടയ്ക്കിടെ ഉണ്ടാവുന്ന ചർദ്ദി, വയറിളക്കം, മെലിച്ചിൽ, തീറ്റയോട് വിരക്തി, പൂച്ചകൾ ഇടക്കിടെ ഉരുണ്ടു മറിഞ്ഞ് വീഴൽ, വയറു വീർക്കൽ, തിളക്കമില്ലാത്ത ത്വക്ക്, ഇടക്കിടെയുള്ള കാർക്കിച്ച് കൊണ്ടുള്ള തുമ്മൽ എന്നിവയെല്ലാമാണ് ടോക്സോകാര വിരബാധയുടെ ലക്ഷണങ്ങൾ. 

പൂച്ചയ്ക്ക് തീറ്റയിലൂടെ കിട്ടുന്ന പോഷകങ്ങൾ എല്ലാം ഊറ്റിയെടുത്ത് വളരുന്നവയാണ് ടോക്സോകാര വിരകൾ. വിരബാധ മൂർച്ഛിക്കുന്ന സാഹചര്യത്തിൽ പൂച്ചയുടെ വൻകുടലിന്റെ അറ്റം പുറത്ത് ചാടുന്നതടക്കമുള്ള സങ്കീർണതകൾ സംഭവിക്കാം. പൂച്ചയുടെ മൂക്കിലൂടെ വിരകൾ പുറത്തുവരുന്നതും വിരബാധയുടെ മൂർധന്യത്തിൽ കണ്ടുവരാറുണ്ട്. കാഷ്ടത്തിലും ഛർദ്ദി അവശിഷ്ടങ്ങളിലും വിരകളെ കാണാം. 

മാത്രമല്ല പൂച്ചകളെ ബാധിക്കുന്ന ടോക്സോകാര കാറ്റി എന്ന ഉരുളൻ വിരകൾ പൂച്ചകളിൽനിന്ന് അടുത്ത സമ്പർക്കം വഴി മനുഷ്യരിലേക്കു പകരാൻ ഉയർന്ന സാധ്യതയുള്ളതാണന്നതും അറിയേണ്ടതുണ്ട്. ഇതെല്ലാം അരുമ പൂച്ചകളെ കൃത്യമായി വിരയിളക്കേണ്ടതിന്റെ പ്രാധാന്യം വ്യക്തമാക്കുന്നു.

പൂച്ചയ്ക്ക് വിരമരുന്ന് നൽകേണ്ട ക്രമമെങ്ങനെ?

വിരബാധിച്ച തള്ളപ്പൂച്ചയിൽനിന്ന് പാൽ വഴി കുഞ്ഞുങ്ങളിലേക്ക് ടോക്സോകാര കാറ്റി എന്ന ഉരുളൻ വിരകൾ പടരും. ഈ വിര ലാർവകളെ മുളയിലെ നുള്ളാൻ പൂച്ചകുഞ്ഞുങ്ങൾ ജനിച്ച് രണ്ടാഴ്ച പ്രായമെത്തുമ്പോൾ ഡോക്ടറുടെ നിർദേശപ്രകാരം ആദ്യ വിരമരുന്ന് നൽകണം.

തുടർന്ന് രണ്ടാഴ്ച ഇടവിട്ട് എട്ടാഴ്ച വരെ തുടർച്ചയായി വിരയിളക്കണം. ശേഷം ആറു മാസം വരെ മാസത്തിൽ ഒരിക്കൽ വിരമരുന്ന് നൽകണം. പാൽ വഴി കുഞ്ഞുങ്ങളിലേക്കു വിരകൾ പകരുന്നത് തടയാൻ ഗർഭകാലത്തും പൂച്ചകൾക്ക് വിരമരുന്നുകൾ നൽകാവുന്നതാണ്. ഗർഭിണികളായ പൂച്ചകൾക്ക് പ്രസവത്തിന് 15 ദിവസം മുൻപും പ്രസവിച്ച് ഒരു മാസത്തിന് ശേഷവും വിരമരുന്ന്  നൽകാം. മുതിർന്ന പൂച്ചകൾക്ക് മൂന്നു മാസത്തിൽ ഒരിക്കൽ വിരയകറ്റാൻ മരുന്ന് നൽകണം. തീറ്റ നൽകി പൂച്ചയുടെ വയറ് നിറച്ചതിനു ശേഷം വേണം വിരമരുന്നു നൽകേണ്ടത്. 

Read also: മനുഷ്യൻ ആദ്യമായി ഇണക്കി വളർത്തിയ നായ വർഗ്ഗത്തിലുമുണ്ട് നമ്മുടെ നായ്ക്കൾ

ടോക്സോകാര കാറ്റി എന്ന ഉരുളൻ വിരകൾ പൂച്ചകളിൽ നിന്ന് അടുത്ത സമ്പർക്കം വഴി മനുഷ്യരിലേക്ക് പകരാൻ സാധ്യതയുള്ളവയായതിനാൽ പൂച്ചകളെ പരിപാലിക്കുന്നവർ പൂച്ചകളെ കൃത്യമായി വിരയിളക്കുന്നതിനൊപ്പം വ്യക്തിശുചിത്വവും പാലിക്കണം. പൂച്ചകളെ കൈകാര്യം ചെയ്ത് ശേഷം കൈ നന്നായി കഴുകി വൃത്തിയാക്കണം, എന്നിട്ടെ ഭക്ഷണവസ്തുക്കൾ തൊടാവൂ. വീട്ടിലെ കുട്ടികളെ ഇക്കാര്യം പ്രത്യേകം പറഞ്ഞ് ചട്ടംകെട്ടണം. കുട്ടികളിൽ പൂച്ചകളിൽ നിന്നുള്ള ടോക്സോകാര കാറ്റി വിരബാധയുടെ നിരവധി കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. പൂച്ചകൾക്ക് ഓരോ പ്രായത്തിനും നൽകേണ്ട മരുന്നുകൾ വ്യത്യസ്തമാണെന്നതിനാൽ തരാതരം പോലെ അതെല്ലാം കുറിച്ചുതരാൻ 

നിങ്ങളുടെ ഡോക്ടറുടെ സേവനം തേടണം.  അതല്ലാതെ സ്വയം ചികിത്സയാണ് നടത്തുന്നതെങ്കിൽ ചിലപ്പോൾ വിരകൾ മാത്രമല്ല അരുമപൂച്ചയും ഇല്ലാതാവും, കാരണം പൂച്ചകൾക്ക് ഹാനികരമായ മരുന്നുകൾ ഏറെയുണ്ട്,  'Cats are not Small Dogs'- പൂച്ച എന്നത് ഒരു ചെറിയ പട്ടിയല്ല എന്ന വസ്തുത ഓരോ പൂച്ച പരിപാലകനും മറക്കാതിരിക്കുക.

English summary: How important is deworming for cats?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com