ADVERTISEMENT

വിദേശിയും സ്വദേശിയുമായുള്ള ഒട്ടേറെ നായ്ക്കളുടെ ശേഖരമുണ്ട് പത്തനംതിട്ട പ്രമാടം പനയ്ക്കക്കുഴിയിൽ നന്ദു പ്രകാശിന്റെ ഹിൽസ് പാർക്ക് കെന്നലിൽ. ജർമൻ ഷെപ്പേഡും ലാബ്രഡോറും ഡോബർമാനും ഡാഷ്‌ഹണ്ടും ലാസാ ആപ്‌സോയുമെല്ലാമുള്ള ഇവിടുത്തെ പുതിയ താരങ്ങൾ രാജപാളയവും കാരവൻ ഹൗണ്ടുമാണ്. വിദേശയിനം നായ്ക്കൾക്കൊപ്പംതന്നെ ഇന്ത്യൻ ജനുസുകൾക്ക് വർധിച്ചുവരുന്ന ഡിമാൻഡ് ആണ് ഇവയെക്കൂടി കെന്നലിൽ ഉൾപ്പെടുത്താൻ കാരണമെന്ന്  നന്ദു പറയുന്നു.

നന്ദുവിനൊപ്പം 18 വർഷത്തിലേറെയായി നായ്ക്കളുണ്ട്. സ്കൂൾ കാലഘട്ടത്തിൽ ചെറു നായ്ക്കളെയും പക്ഷികളെയും വളർത്തിയാണ് തുടക്കം. പിന്നീട് നായ്ക്കളിലായി പൂർണ ശ്രദ്ധ. ഹോട്ടൽ മാനേജ്മെന്റ് പഠനം കഴിഞ്ഞ് 2 വർഷം ബഹ്റിനിൽ ജോലി ചെയ്ത ശേഷം നായ്പ്രേമം വിപുലമാക്കിയ നന്ദു കെന്നൽ തുടങ്ങിയത് 8 വർഷം മുൻപാണ്. കുന്നിൻചെരുവിലെ റബർത്തോട്ടത്തിലാണ് കെന്നൽ നടത്തുന്നത്.   റബറിന്റെ ഇലച്ചാർത്തിൽ നായ്ക്കൾക്ക് ഏറെ അനുയോജ്യമായ അന്തരീക്ഷമാണുള്ളത്. 

nandhu-pet-dogs-2

വരുമാനം പല വിധം

കെന്നൽ സംരംഭങ്ങൾ വെല്ലുവിളി നിറഞ്ഞ കാലഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെങ്കിലും നായ്ക്കളാണ് തന്റെ അന്നദാതാക്കളെന്നു നന്ദു. കുഞ്ഞുങ്ങളുടെ വിൽപന, ഇണചേർക്കൽ, ബോർഡിങ്, ഷോ ട്രെയിനിങ് എന്നിവയാണ് പ്രധാന വരുമാനമാർഗങ്ങള്‍. കുഞ്ഞുങ്ങളുടെ ഡിമാൻഡ് മങ്ങിയപ്പോൾ പ്രജനനം നിർത്തിവച്ച് നഷ്ടസാധ്യത കുറച്ചു. വിദേശയാത്രകളും മറ്റുമുണ്ടാകുമ്പോൾ തന്റെ അരുമകൾക്ക് ഒരു കുറവും ഉണ്ടാവരുതെന്ന് ആഗ്രഹിക്കുന്നവർ നന്ദുവിന്റെ സേവനം തേടിയെത്താറുണ്ട്. അവരുടെ അരുമകളെ താരതമ്യേന ചെറിയ തുക വാങ്ങി സംരക്ഷിക്കാറുമുണ്ട്. പരിശീലനം നൽകി മത്സരങ്ങളിൽ പങ്കെടുപ്പിച്ച് അരുമകളെ ചാമ്പ്യന്മാരാക്കുകയാണ് ഷോ ട്രെയിനിങ്ങില്‍ ചെയ്യുന്നത്. ഷോ ട്രെയിനിങ്ങിന് ഇപ്പോൾ ഇവിടെയുള്ളത് കുഞ്ഞന്മാരായ ഫോക്‌സ് ടെറിയർ നായ്ക്കളാണ്.

നായ്ക്കളെ ഷോകളിൽ പങ്കെടുപ്പിക്കാറുണ്ടെങ്കിലും പരിശീലകർക്കായുള്ള പരിശീലനമൊന്നും താൻ നേടിയിട്ടില്ലെന്ന് നന്ദു പറയുന്നു. വർഷങ്ങളായി ശ്വാന പ്രദർശനങ്ങൾ കണ്ടും അവിടുത്തെ പ്രകടനങ്ങൾ നിരീക്ഷിച്ചും നായ്ക്കളെ മത്സരങ്ങളിൽ പങ്കെടുപ്പിക്കുന്നവരുടെ സഹായിയായി നിന്നുമാണ്  പരിശീലിപ്പിക്കല്‍ പഠിച്ചത്. അത് സ്വന്തം നായ്ക്കളെ പരിശീലിപ്പിച്ചു ഷോകളിൽ പങ്കെടുപ്പിച്ച് വിജയിപ്പിക്കാൻ സാധിച്ചതോടെ ആത്മവിശ്വാസം ഉയർന്നു. അങ്ങനെ സുഹൃത്തുക്കളുടെയും താല്‍പര്യപ്പെട്ടുവരുന്ന മറ്റുള്ളവരു ടെയും നായ്ക്കളെ പരിശീലിപ്പിച്ചുതുടങ്ങി. 

nandhu-pet-dogs-1

എന്നും പ്രിയം ജർമൻ ഷെപ്പേഡിനോട്

ഒട്ടേറെ ഇനങ്ങളിലായി നാൽപതോളം നായ്ക്കൾ തന്റെ കെന്നലിലുണ്ടെങ്കിലും നന്ദുവിന്റെ പ്രിയപ്പെട്ട  ഇനം ജർമൻ ഷെപ്പേഡാണ്. കറുപ്പ്–ടാൻ നിറങ്ങളിലായി നീളമേറിയ രോമങ്ങളുള്ള ജർമൻ ഷെപ്പേഡിന്റെ ഭംഗി ഒന്നു വേറെതന്നെയാണെന്ന് നന്ദു. ഇടക്കാലത്ത് പ്രജനനം നിർത്തിവച്ചിരുന്നെങ്കിലും ഇപ്പോൾ ജർമൻ ഷെപ്പേഡിന്റെയും കാരവൻ ഹൗണ്ടിന്റെയും രാജപാളയത്തിന്റെയും പ്രജനനം വീണ്ടും തുടങ്ങി. വീടിനുള്ളിൽ അരുമയായി സൈബീരിയൻ ഹസ്കിയെയും വളർത്തുന്നു.

ഫോൺ: 8848752638

കൃഷിസംബന്ധമായ അറിവുകളും ലേഖനങ്ങളും വിഡിയോകളും വേഗത്തിൽ ലഭിക്കാൻ കർഷകശ്രീ വാട്സാപ് ഗ്രൂപ്പിൽ അംഗമാകാം. ഇവിടെ ക്ലിക്ക് ചെയ്യുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com