ADVERTISEMENT

പൊള്ളൽ ചികിത്സാരംഗത്ത് വളർത്തുമത്സ്യമായ തിലാപ്പിയയ്ക്ക് ചെറുതല്ലാത്ത സ്ഥാനമുണ്ട്. തൊലിപ്പുറത്തേൽക്കുന്ന പൊള്ളലിന് പരമ്പരാഗത ചികിത്സാരീതിയിൽനിന്ന് വ്യത്യസ്തമായി മത്സ്യത്തിന്റെ തൊലി ഉപയോഗിച്ചുള്ള ചികിത്സാരീതി ലോകവ്യാപകമായി ഇന്ന് ഉപയോഗിക്കുന്നു. പൊള്ളലേറ്റ ഭാഗത്ത് തിലാപ്പിയ മത്സ്യത്തിന്റെ തൊലി ബാൻഡേജ് ആയി പൊതിയുകയാണ് ചെയ്യുക. ബ്രസീലാണ് ഈ ചികിത്സാരീതിക്ക് തുടക്കംകുറിച്ചത്. ഗുരുതരമായി പൊള്ളലേറ്റ ആർച്ചർ എന്ന വളർത്തുനായ ഈ പുതിയ ചികിത്സാരീതിയിലൂടെ ജീവിതത്തിലേക്ക് തിരിച്ചുവന്നതാണ് വെറ്ററിനറി ലോകത്ത് പ്രതീക്ഷ നൽകുന്നത്.

2019ലാണ് ആർച്ചറിന് അപകടമുണ്ടായത്. വീടിനു തീ പിടിച്ചതിനെത്തുടർന്ന് ഗുരുതരമായി പൊള്ളലേറ്റ ആർച്ചറിനെ അഗ്നിരക്ഷാസേനയാണ് രക്ഷപ്പെടുത്തിയത്. അമേരിക്കയിലെ അലാസ്കയിലെ ഹെയ്ൻസിലാണ് സംഭവം. ചികിത്സാസൗകര്യങ്ങൾ കുറവുള്ള പ്രദേശമാണിത്. അതുകൊണ്ടുതന്നെ ഏഴു മണിക്കൂർ യാത്ര ചെയ്ത് നാഷനൽ ജിയോ വൈൽഡ് ഷോ താരമായ  ഡോ. മിഷേൽ ഓക്‌ലിയുടെ അടുത്തെത്തിച്ചു.

archer-the-dog-2

പൊള്ളലിന്റെ ചികിത്സ ആരംഭിച്ചെങ്കിലും പിന്നീട് ആർച്ചറിന് കൂടുതൽ ശ്രദ്ധ വേണമെന്നു തോന്നിയതിനാൽ കാലിഫോർണിയ യൂണിവേഴ്സിറ്റിയിലെ പൊള്ളൽ ചികിത്സാ വിദഗ്ധൻ ഡേവിസിന്റെ വിദഗ്ധോപദേശം തേടി. തിലാപ്പിയ മത്സ്യത്തിന്റെ തൊലി ഉപയോഗിച്ചുള്ള പുതിയ ചികിത്സാരീതി ഉത്തമമായിരിക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ നിർദേശം. അക്കാലത്ത് തിലാപ്പിയ മത്സ്യത്തിന്റെ ചെതുമ്പൽ നീക്കി സംസ്കരിച്ചെടുത്ത തൊലി പൊള്ളൽചികിത്സയ്ക്കായി ബ്രസീലിൽ ഉപയോഗിച്ചുതുടങ്ങിയിരുന്നു.

archer-the-dog-1

അങ്ങനെ പൊള്ളലേറ്റ ഭാഗം തിലാപ്പിയ മത്സ്യത്തിന്റെ തൊലി ഉപയോഗിച്ച് പൊതിഞ്ഞു. അതിവേഗത്തിലായിരുന്നു ചികിത്സയ്ക്ക് ഫലമുണ്ടായത്. ശരീരമാസകലം പൊള്ളലേറ്റിരുന്നുവെങ്കിലും മുഖത്തായിരുന്നു വലിയ മുറിവുണ്ടായിരുന്നത്. ഡോ. ഓക്‌ലി സൗജന്യമായി ആർച്ചറിനു ചികിത്സ നൽകിയപ്പോൾ മരുന്നുകൾക്കും ലേസർ ചികിത്സ, ബാൻഡേജ് എന്നിവയ്ക്കുവേണ്ടിയുള്ള തുക ഹെയ്ൻസിലെ പ്രദേശവാസികളും നൽകി. അങ്ങനെ പൊള്ളലേറ്റ് മുഖത്തെ മാംസം പുറത്തുകാണാവുന്ന അവസ്ഥയിൽനിന്ന് ആർച്ചർ ജീവിതത്തിലേക്ക് തിരിച്ചുവന്നു.  

tilapia-skin-2

എന്തുകൊണ്ട് തിലാപ്പിയ

വികസിത രാജ്യങ്ങളിൽ പൊള്ളൽ ചികിത്സയ്ക്ക് മൃഗങ്ങളുടെ തൊലി ഉപയോഗിക്കാറുണ്ട്. എന്നാൽ, ബ്രസീലിന് ആ ചികിത്സാരീതി അന്യമായിരുന്നു. മാത്രമല്ല മൂന്നു ചർമബാങ്കുകൾ പ്രവർത്തിക്കുന്നുണ്ടെങ്കിലും ആവശ്യത്തിന്റെ ഒരു ശതമാനം മാത്രമേ അവിടെ ലഭ്യമായിരുന്നുള്ളൂ. ആ സാഹചര്യത്തിലാണ് ഡോ. എഡ്മാർ മാർഷിയൽ എന്ന പ്ലാസ്റ്റിക് സർജൻ തിലാപ്പിയയുടെ തൊലി ഉപയോഗിച്ചുള്ള പരീക്ഷണത്തിനു മുതിർന്നത്. സാധാരണ ഉപയോഗിക്കുന്ന മനുഷ്യചർമം, പന്നിയുടെ ചർമം, കൃത്രിമ ചർമം എന്നിവയ്ക്ക് വലിയ ചെലവായിരുന്നെങ്കിൽ തിലാപ്പിയ ഉപയോഗിച്ചാൽ ചികിത്സാച്ചെലവിൽ 60 ശതമാനം വരെ കുറവ് വരും. ഇതാണ് അദ്ദേഹത്തെ തിലാപ്പിയയിലേക്ക് ആകർഷിച്ചത്. മാത്രമല്ല ബ്രസീലിൽ തിലാപ്പിയകൃഷി വ്യാപകമായുണ്ട്. 

tilapia-skin-1

സാധാരണ പൊള്ളലിന് ഉപയോഗിക്കുന്ന ബാൻഡേജിൽനിന്നു വ്യത്യസ്തമായി മത്സ്യത്തിന്റെ തൊലിയിൽ ഈർപ്പം കൂടുതലുണ്ട്. മാത്രമല്ല കൊളാജൻ പ്രോട്ടീന്റെ അളവും മനുഷ്യശരീരത്തിലുള്ളതിനേക്കാൾ ഏറെയുണ്ട്. ബഹുകോശ ജീവികളിൽ കോശങ്ങളെയും കലകളെയും തമ്മിൽ ബന്ധിപ്പിക്കുന്നത് കൊളാജൻ ആണ്. മനുഷ്യ ശരീരത്തിൽ ഏറ്റവുമധികമുള്ള പ്രോട്ടീനാണിത്. അതുകൊണ്ടുതന്നെയാണ് പൊള്ളൽ ചികിത്സയ്ക്ക് മത്സ്യത്തൊലിക്ക് പ്രാധാന്യം ലഭിച്ചത്.

സാധാരണ പൊള്ളൽ ചികിത്സയിൽ സിൽവർ സൾഫാഡയസിൻ ക്രീം പുരട്ടി പൊതിയാറാണ് പതിവ്. എന്നാൽ, ദിവസേന വൃത്തിയാക്കി ചെയ്യേണ്ടിവരും. ഇത് രോഗിക്ക് വലിയ വേദന നൽകും. എന്നാൽ, മത്സ്യത്തൊലി ഉപയോഗിച്ചാൽ ദിവസേനയുള്ള ഡ്രസിങ് ഒഴിവാക്കാനാകും. മാത്രമല്ല, പാടുകൾ അവശേഷിക്കാതെ വേഗം സുഖമാകാൻ തിലാപ്പിയയുടെ തൊലി സഹായിക്കുമെന്ന് ഗവേഷകർ പറയുന്നു. ചെതുമ്പൽ നീക്കി വിവിധ അണുനശീകരണ പ്രക്രിയയിലൂടെ കടന്നുപോയതിനുശേഷമാണ് തിലാപ്പിയയുടെ തൊലി മുറിവുകളിൽ വച്ചുകെട്ടാൻ ഉപയോഗിക്കുന്നത്. ഇത്തരത്തിൽ വിവിധ ശുദ്ധീകരണപ്രവർത്തനങ്ങൾ നടത്തുന്നതിനാൽ രണ്ടു വർഷംവരെ സൂക്ഷിക്കാൻ കഴിയും. ദുർഗന്ധവും ഉണ്ടാവില്ല. ഇന്ന് ലോകത്താകെ മുന്നൂറിലധികം പേരിൽ പൊള്ളൽ ചികിത്സയ്ക്ക് തിലാപ്പിയയുടെ തൊലി ഉപയോഗിച്ചിട്ടുണ്ട്.

tilapia-skin

മൃഗങ്ങളിൽ ഉപയോഗിച്ചു വിജയിച്ചതിനുശേഷമാണ് മനുഷ്യരുടെ ശരീരത്തിൽ തിലാപ്പിയയുടെ തൊലി ഉപയോഗിച്ചുതുടങ്ങിയത്. ആദ്യമൊക്കെ രോഗികൾ തിലാപ്പിയയുടെ തൊലി ഉപയോഗിക്കുന്നതിൽ ഭയപ്പെട്ടിരുന്നുവെന്ന് ബ്രസീലിലെ ഫെഡറൽ യൂണിവേഴ്സിറ്റി ഓഫ് സിയറയിലെ ഗവേഷകനായ ഫെലിപ് റോച്ചർ പറയുന്നു. ഇവിടെയായിരുന്നു തിലാപ്പിയയുടെ തൊലി ചികിത്സയ്ക്കായി ഉപയോഗിക്കുന്നതിനുള്ള ആദ്യഘട്ട പഠനങ്ങൾ നടന്നത്.

English summary: Veterinarian Uses Fish Skin To Help Treat Severely Burned Dog

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com