ADVERTISEMENT

തുളുനാടിന്റെ തനത് പശു പൈതൃകമായ കാസർകോടൻ ചെറിയ ഇനം പൈക്കളുടെ സുസ്ഥിരസംരക്ഷണത്തിനായി സർക്കാർ മേഖലയിൽ പരിരക്ഷണകേന്ദ്രമൊരുക്കാൻ മുന്നിൽനിന്ന് നയിച്ച വെറ്ററിനറി ഡോക്ടർക്ക് സംസ്ഥാന സർക്കാരിന്റെ സദ്സേവനപത്രം. കാസർകോട് ഉദുമ വെറ്ററിനറി ഹോസ്പിറ്റലിലെ സീനിയർ വെറ്ററിനറി സർജൻ ഡോ. ഇ.ചന്ദ്രബാബുവിനാണ് അർപ്പണബോധത്തിന് അംഗീകാരമായി സർക്കാരിന്റെ സദ്സേവനപത്രം ലഭിച്ചത്.

kasargodan-dwarf-cow-dr-chandrababu

കാസർകോടൻ പൈക്കൾക്കായി പൈതൃക പരിരക്ഷണകേന്ദ്രം; കർഷകരുടെ ആവശ്യത്തിന് ജീവൻ പകർന്ന പ്രവർത്തന മികവ്

കർണാടകത്തിലും കേരളത്തിലുമായി പരന്നുകിടക്കുന്ന തുളുനാടിന്റെ മണ്ണില്‍ ഉരുത്തിരിഞ്ഞതും, ഉപജീവിക്കുന്നതുമായ തനത് പശുക്കളാണ്  കാസർകോടൻ ചെറിയ ഇനം പൈക്കൾ. വെച്ചൂർ പശുവിനെ പോലെ രാജ്യത്തിന്റെ ഒരു തനത് ജനുസ് ആയി ഇതുവരെ ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടിട്ടില്ലെങ്കിലും തനത് പ്രത്യേകതകൾ പലതുണ്ട്. സങ്കരയിനം പശുക്കൾ വ്യാപകമായെങ്കിലും ഇന്നും ഒട്ടേറെ കർഷകർ തനത് ശൈലിയിൽ ജില്ലയിൽ ഈ കുറിയ ഇനം പൈക്കളെ വംശനാശത്തിനു വിട്ടുനൽകാതെ വളർത്തി സംരക്ഷിക്കുന്നുണ്ട്. കാസർകോടൻ പൈക്കളുടെ പാലിനും പാലിൽ നിന്നുള്ള ഉൽപന്നങ്ങൾക്കുമെല്ലാം ജനങ്ങൾക്കിടയിൽ വലിയ പ്രചാരവും പ്രസിദ്ധിയുമുണ്ട്. അടയ്ക്ക ഉൾപ്പെടെ തുളുനാട്ടിൽ വ്യാപകമായ കാർഷികവിളകൾ തഴച്ചുവളരാൻ കർഷകർക്ക് ഒഴിച്ചുകൂടാൻ പറ്റാത്ത ജൈവവളസ്രോതസ് കൂടെയാണ് കർഷകരെ സംബന്ധിച്ച് ഈ കുഞ്ഞൻ പൈക്കളുടെ ചാണകം. ജൈവവളം തനത് രീതിയിൽ തൊഴുത്തിൽ തന്നെ സംഭരിച്ച് ശേഖരിക്കുന്നതിനായി പൈതൃകരീതി തന്നെ തുളുനാട്ടിലെ കർഷകർക്കിടയിൽ പ്രചാരത്തിലുണ്ട്. കാസർഗോഡിന്റെ കാർഷിക, സാമൂഹിക ജീവിതത്തിൽ വലിയ സ്വാധീനം ചെലുത്തുന്ന ജീവിയിനമാണ് ഈ കുറിയ പൈക്കൾ എന്ന് ചുരുക്കം.

kasargodan-dwarf-cow-3

ഉത്തര കേരളത്തിന്റെ ഈ സവിശേഷ ജീവപൈതൃകത്തെ ജനിതകശോഷണം വരാതെ സംരക്ഷിക്കാൻ സർക്കാർ മേഖലയിൽ ഒരു പരിരക്ഷണ സ്ഥാപനം എന്ന കർഷകരുടെ ആവശ്യത്തിനും ഏറെ നാളത്തെ പഴക്കമുണ്ട്. ഈയൊരു ആവശ്യത്തെ ഫലപ്രാപ്തിയിലെത്തിക്കാൻ ഒരു വ്യാഴവട്ടം മുൻപ് സജീവഇടപെടലുകളും പ്രവർത്തനങ്ങളും നടത്തിയിരുന്നത് ഡോ. ഇ.ചന്ദ്രബാബുവായിരുന്നു. കാസർകോട് ഇനം തനത് പൈക്കൾ ധാരാളമായി വളരുന്ന കാസർകോട് ബദിയടുക്ക പഞ്ചായത്ത് വെറ്ററിനറി ഡിസ്പെൻസറിയിൽ 2011 കാലഘട്ടത്തിൽ സേവനം ചെയ്യുന്ന അവസരത്തിലാണ് ഈ ജൈവരക്ഷാദൗത്യത്തിന് അദ്ദേഹം തുടക്കമിട്ടത്. പരിരക്ഷണ പ്രവർത്തനങ്ങളുടെ തുടക്കമെന്ന നിലയിൽ 2011 മാർച്ചിൽ കർഷകരുടെ ഒരു ആലോചനായോഗം വിളിച്ചുചേർക്കുകയും തുടർചർച്ചകൾക്കൊടുവിൽ കാസർകോടൻ പശുക്കൾക്കായി ഒരു ഫാം രൂപീകരിക്കാൻ രൂപരേഖ തയാറാക്കാനും തീരുമാനിച്ചു. അദ്ദേഹം തയാറാക്കിയ രൂപരേഖയ്ക്ക് സർക്കാറിന്റെ അംഗീകാരം ലഭിച്ചെങ്കിലും പിന്നിടാൻ കടമ്പകൾ വേറെയുമുണ്ടായിരുന്നു. വിപുലമായ രീതിയിൽ ഫാം ഒരുക്കാൻ സ്ഥലം ലഭ്യമല്ല എന്നതായിരുന്നു പ്രധാന കടമ്പ.

അന്നത്തെ ബദിയടുക്ക പഞ്ചായത്ത് ഭരണസമിതിയെ നാടിന്റെ പൈതൃകമായ ഒരു ജീവിസമ്പത്തിനെ സംരക്ഷിക്കാനുള്ള പദ്ധതിയുടെ പ്രാധാന്യം ബോധ്യപ്പെടുത്തിയതോടെ പഞ്ചായത്തിന്റെ കൈവശമിരുന്ന ആറേക്കർ സ്ഥലം പദ്ധതിക്കായി വിട്ടു നൽകാൻ പഞ്ചായത്ത് തയാറായി. സ്ഥലം ലഭ്യമായതോടെ തുടർ നടപടികൾ വൈകിയില്ല. ബദിയടുക്ക ബേള കുമാരമംഗലത്ത് ഫാമിന്റെ ശിലാസ്ഥാപനത്തിനായി 2012ൽ അന്നത്തെ മൃഗസംരക്ഷണ വകുപ്പ് മന്ത്രി കെ.പി.മോഹനൻ തന്നെയെത്തി. ഒരു വർഷത്തിനു ശേഷം ഫാമിന്റെ ഒന്നാം ഘട്ടം ഉദ്ഘാടനം ചെയ്തതും മന്ത്രി തന്നെയായിരുന്നു. ബദിയടുക്ക ബേളയിൽ ഉയർന്നു വന്ന കാസർകോട് പൈക്കൾക്ക് മാത്രമായുള്ള ഈ ഫാമിന്റെ ചുമതല നിർവഹിക്കാൻ സർക്കാർ സ്പെഷൽ ഓഫീസറെ നിയമിക്കുന്നതു വരെ ഫാമിന്റെ ഓരോരോകാര്യങ്ങൾക്കും തന്റെ സമയവും ഊർജവും ചെലവഴിച്ച് ചുക്കാൻ പിടിച്ചത് ഡോ. ചന്ദ്രബാബുവായിരുന്നു. 30 കാസർകോടൻ പശുക്കളുമായി ആരംഭിച്ച ബദിയടുക്കയിലെ ഈ ഫാം ഇന്ന് 180ൽപ്പരം നാടൻ പൈക്കളുടെ ജനിതക പൈതൃകകേന്ദ്രമാണ്. 

kasargodan-dwarf-cow-2

ഡോ. ചന്ദ്രബാബുവിനെ തേടി സർക്കാരിന്റെ സദ്സേവന അംഗീകാരം എത്തുമ്പോൾ ആദരിക്കപ്പെടുന്നത് ഒരു മിണ്ടാപ്രാണി ജനുസിന്റെ വംശമുറയറ്റുപോവാതെ കാക്കാൻ നടത്തിയ സമർപ്പിതസേവനമാണ്.

kasargodan-dwarf-cow-4

കാസർകോടൻ പൈക്കളുടെ പരിരക്ഷണത്തിനായി നടത്തിയ പ്രവർത്തനങ്ങൾക്ക് പുറമെ സംസ്ഥാനത്തിന് തന്നെ മാതൃകയായി ഒരു എൻജിഒയുടെ സഹകരണത്തോടെ കാസർകോട് ജില്ലയിൽ നടപ്പിലാക്കിയ നായ്ക്കളുടെ വന്ധ്യംകരണം പദ്ധതി, ജില്ലയിൽ തന്നെ ബേഡഡുക്കയിൽ ആയിരം ആടുകളെ വളർത്താനായി സ്ഥാപിക്കുന്ന ഹൈടെക് ഗോട്ട് ഫാം, മടിക്കൈ പഞ്ചായത്തിലെ അറവുശാല പദ്ധതി തുടങ്ങിയ നവീന പദ്ധതികളിലെല്ലാം ഡോ. ചന്ദ്രബാബുവിന്റെ കയ്യൊപ്പുണ്ട്. 

നാളെ: കാസർകോടൻ പൈക്കൾ: തുളുനാടിന്റെ ഗോപൈതൃകം

English summary: Special Appreciation for the Protection of Kasaragod Dwarf Cow

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com