ADVERTISEMENT

പ്രസവത്തോടനുബന്ധിച്ച് പശുക്കൾക്ക് സംഭവിക്കാവുന്ന സങ്കീർണതകൾ പലതുണ്ട്. അതിലേറ്റവും ഗുരുതരമായ സാഹചര്യങ്ങളിലൊന്നാണ് പശുക്കളുടെ ഗർഭാശയത്തിൽ സ്ഥാനഭ്രംശം അഥവാ ഗർഭാശത്തിന്റെ തിരിച്ചിൽ. 'യൂറ്ററൈൻ ടോർഷൻ' എന്ന് ശാസ്ത്രീയമായി വിളിക്കുന്ന ഈ അവസ്ഥ സംഭവിക്കുന്നത് ഗർഭിണിപശുവിന്റെ ഗർഭപാത്രം അതിന്റെ സാധാരണ അവസ്ഥയിൽ നിന്നും തിരിഞ്ഞ്  തെന്നിമാറുമ്പോഴാണ്. പൂർണമായും ഭാഗികമായുമെല്ലാം തിരിച്ചിൽ സംഭവിക്കാം.

ഇങ്ങനെ സംഭവിച്ചാൽ പശുക്കിടാവിന് പുറത്തേക്ക് വരാനുള്ള വഴി പിരിഞ്ഞ് അടഞ്ഞുപോകുന്നതിനാൽ പശു എത്ര പരിശ്രമിച്ചാലും പശുക്കിടാവിനെ ഗർഭപാത്രത്തിൽ നിന്ന് പുറന്തള്ളാൻ കഴിയില്ല. മാത്രമല്ല, സമയം പിന്നിടും തോറും പ്രശ്നം കൂടുതൽ സങ്കീർണമാവുകയും ചെയ്യും. വിദഗ്ധ ചികിത്സ വേഗത്തിൽ കിട്ടാതിരുന്നാൽ പശുവിന്റെ ജീവൻ തന്നെ ആപത്തിലാകും. ഗർഭപാത്രത്തെ അതിന്റെ സ്ഥാനത്ത് ഉറപ്പിച്ച് നിർത്തിയിരിക്കുന്ന ബ്രോഡ് ലിഗമെന്റുകൾ എന്നറിയപ്പെടുന്ന കെട്ടുകൾക്ക് സ്ഥാനഭ്രംശം ഉണ്ടാവുന്നത് ഉൾപ്പെടെ പല കാരണങ്ങളാൽ ഗർഭാശയത്തിരിച്ചിൽ നടന്ന് ഗർഭാശയം അടഞ്ഞുപോവുന്ന സാഹചര്യം പശുക്കളിൽ സംഭവിക്കാം. വെറ്ററിനറി ഡോക്ടർമാരെ സംബന്ധിച്ച് ചികിത്സ നടത്താൻ അത്യധ്വാനം വേണ്ടിവരുന്ന ഒരവസ്ഥ കൂടിയാണിത്.

ഗർഭപാത്രം തിരിയുന്നതിനൊപ്പം പശുവിന്റെ നാലറകളുള്ള ആമാശയത്തിന്റെ പ്രധാന അറയായ പണ്ടത്തിന്റെ സ്തംഭനം കൂടെ സംഭവിച്ചാലോ? അതോടെ സങ്കീർണത ഇരട്ടിയാവും. നിറഗർഭിണിയായ പൈക്കളിൽ ഇത്തരം പ്രശ്നങ്ങൾ സംഭവിച്ചാൽ ക്ഷീരകർഷകർക്ക് അതുണ്ടാക്കുന്ന പ്രയാസം ചെറുതായിരിക്കില്ല. ഉടനടി ചികിത്സ ഉറപ്പാക്കിയില്ലെങ്കിൽ തള്ളപ്പശുവും ഗർഭസ്ഥ കിടാവും ഉൾപ്പെടെ രണ്ടു ജീവൻ അപകടത്തിലാവും. പശു പ്രസവിക്കുന്നതും കാത്ത് പ്രതീക്ഷയോടെയുള്ള ഒൻപത് മാസത്തിലധികം നീണ്ട ക്ഷീരകർഷക കാത്തിരിപ്പ് വേദനയിൽ അവസാനിക്കും.

പണ്ടാശയസ്തംഭനവും ഗർഭാശയത്തിന്റെ തിരിച്ചിലും; സങ്കീർണാവസ്ഥയിൽ പൂർണ ഗർഭിണിപ്പശു, നെഞ്ച് പിടഞ്ഞ് ക്ഷീരകർഷക

കോഴിക്കോട് ജില്ലയിലെ ചങ്ങരോത്ത് ഗ്രാമപഞ്ചായത്തിലെ നടുവിലക്കണ്ടി റീന എന്ന ക്ഷീരകർഷകയുടെ പൂർണഗർഭിണിയായ പശു കഴിഞ്ഞ ദിവസം അതിജീവിച്ചത് ഇങ്ങനെ ഒരു സങ്കീർണ സാഹചര്യത്തെയാണ്. 

പശു പ്രസവിക്കാൻ വിരലിൽ എണ്ണാവുന്ന ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ആ ക്ഷീരകർഷകയുടെ പ്രതീക്ഷയ്ക്കു മേൽ കരിനിഴൽ വീഴ്ത്തി പശുവിന്റെ തീറ്റയെടുക്കലും അയവിറക്കലും ചാണകമിടലും നിലച്ചു. ചങ്ങരോത്ത് പഞ്ചായത്തിലെ ഡോക്ടർ പരിശോധിച്ച് പണ്ടാശയത്തിന്റെ സ്തംഭനമാണന്ന് തിരിച്ചറിഞ്ഞ് മരുന്നുകൾ നൽകിയെങ്കിലും പ്രശ്നം പൂർണമായും ഭേദമായില്ല. 'റൂമൻ ഇംപാക്ഷൻ' എന്നാണ് പണ്ടം സതംഭിച്ച് പോവുന്ന ഈ അവസ്ഥ വെറ്ററിനറി സയൻസിൽ അറിയപ്പെടുന്നത്. 

തീറ്റയിലെ പ്രശ്നങ്ങൾ മുതൽ പശു കഴിക്കാൻ പാടില്ലാത്ത തീറ്റകൾ അകത്താക്കുന്നതുമെല്ലാം പണ്ടാശയസ്തംഭനത്തിന് വഴിയൊരുക്കും. ഈ പ്രശ്നം തുടരുമ്പോൾ തന്നെയാണ് പശുവിന് പ്രസവവേദന തുടങ്ങിയത്. കുഞ്ഞിപൈക്കാൽ പുറത്തുവരുന്നതും പ്രതീക്ഷിച്ച് ഏറെ നേരം കാത്തെങ്കിലും നിർഭാഗ്യം വീണ്ടും ആ കർഷകയെ വേട്ടയാടി. സമയമേറെ കഴിഞ്ഞിട്ടും കുഞ്ഞിപൈക്കിടാവ് പുറത്തു വന്നിലെന്ന് മാത്രമല്ല പശു പ്രസവിക്കാൻ ഏറെനേരം പരിശ്രമിച്ച് അവശയായി കിടപ്പിലുമായി. ഏതൊരു ക്ഷീരകർഷകനെ സംബന്ധിച്ചിടത്തോളവും അയാളുടെ ക്ഷീരകർഷകജീവിതത്തിൽ നേരിടേണ്ടി വരുന്ന ഏറ്റവും കഠിനമായ സന്ദർഭങ്ങളിലൊന്ന്. പശുക്കളിൽ പ്രസവത്തിനു മുന്നെ ഇത്തരം സാഹചര്യങ്ങൾ സംഭവിക്കാമെങ്കിലും പണ്ടാശയസ്തംഭനവും ഗർഭാശയത്തിന്റെ തിരിച്ചിലും ഒരുമിച്ച് സംഭവിക്കുന്ന അത്യാഹിതസന്ദർഭം അപൂർവമാണ്.

ചികിത്സയ്ക്കായി ഡോക്ടർമാരുടെ സംഘം; തൊഴുത്ത് ഓപ്പറേഷൻ തിയറ്ററാക്കി ഇരട്ട ശസ്ത്രക്രിയ

ക്ഷീരകർഷകയുടെ വീട്ടിലെത്തി പശുവിനെ പരിശോധിച്ച വെറ്ററിനറി ഡോക്ടർ പ്രശ്നം സങ്കീർണമാണന്ന് ക്ഷീരകർഷകയെ ബോധ്യപ്പെടുത്തി. ഈ സാഹചര്യത്തിൽ പണ്ടാശയം തുറന്നുള്ള റൂമിനോട്ടമി എന്ന ശസ്ത്രക്രിയ നടത്തി പണ്ടാശയത്തിന്റെ സ്തംഭനം നീക്കലും ഗർഭശസ്ത്രക്രിയ /സിസേറിയൻ നടത്തി പശുക്കിടാവിനെ പുറത്തെടുക്കലുമാണ് അടിയന്തരപരിഹാരം. ഇരട്ടശസ്ത്രക്രിയ അല്ലാതെ മറ്റൊരു മാർഗമില്ല. തന്റെ ജീവനോപാധിയായ പശുവിന്റെ ജീവൻ കാക്കാൻ അതാണ് മാർഗമെന്ന് ബോധ്യമായതോടെ കർഷകയ്ക്കും സമ്മതം. പിന്നെ വൈകിയില്ല, പണ്ടാശയശസ്ത്രക്രിയക്കും ഗർഭാശയശസ്ത്രക്രിയ്ക്കുമുള്ള ഒരുക്കങ്ങളെല്ലാം തൊഴുത്തിൽ തന്നെ ഒരുക്കി.  

റീനയുടെ കൊച്ചുകാലിത്തൊഴുത്ത് ചുരുങ്ങിയ നേരം കൊണ്ട് സങ്കീർണ ഇരട്ട ശസ്ത്രക്രിയയ്ക്കു തയാറായി ഒരു ഓപ്പറേഷൻ തിയറ്ററായി രൂപം മാറി. കോഴിക്കോട് ജില്ലയിലെ തലമുതിർന്ന വെറ്ററിനറി ഡോക്ടറും മുൻ ജില്ല മുഗസംരക്ഷണ ഓഫീസറുമായിരുന്ന ഡോ. ജോൺ കട്ടക്കയത്തിന്റെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ.  

മുഴിപ്പോത്ത് പഞ്ചായത്ത് വെറ്ററിനറി സർജൻ ഡോ. സുഹാസ്, ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് വെറ്ററിനറി സർജൻ ഡോ. അശ്വതി എന്നിവർ ശസ്ത്രക്രിയയ്ക്ക് സഹായികളായി. വലിയ മൃഗങ്ങളുടെ സിസേറിയൻ ഉൾപ്പെടെയുള്ള ശസ്ത്രക്രിയകളിൽ ടീം വർക്കിന് പ്രാധാന്യം ഏറെയുണ്ട്. പശുവിന്റെ ശസ്ത്രക്രിയ നടത്തേണ്ട ശരീരഭാഗം അണുവിമുക്തമാക്കുകയും അനസ്തീഷ്യ നൽകുകയും ചെയ്തതോടെ ശസ്ത്രക്രിയയ്ക്ക് തുടക്കമായി.

വയറിന് ഇടത് ഭാഗത്ത് മുറിവുണ്ടാക്കി എൺപത് ലീറ്ററിലധികം ഭാരം വഹിക്കാവുന്ന പണ്ടാശയം തുറന്നുള്ള ശസ്ത്രക്രിയയായിരുന്നു ആദ്യപടി. ദിവസങ്ങളായി അനക്കമില്ലാതെ സ്തംഭിച്ച് കിടക്കുന്ന പണ്ടം സർജറിക്കായി തുറന്ന ഡോക്ടർമാരും സർജറി കണ്ടുനിന്നവരും അത്ഭുതപ്പെട്ടു, പ്ലാസ്റ്റിക് ഷീറ്റും പിരിഞ്ഞു കിടക്കുന്ന പ്ലാസ്റ്റിക് കയറുകളും അടക്കം പണ്ടത്തിൽ അടിഞ്ഞിരിക്കുന്ന സാധനസാമഗ്രികൾ പലതായിരുന്നു. പലപ്പോഴായി പശു അകത്താക്കിയതാണ് ഇതെല്ലാം..!

cesarean-section-in-the-cow-2
പശുവിന്റെ പണ്ടത്തിൽനിന്ന് പുറത്തെടുത്തവ

കോടാനുകോടി മിത്രാണുക്കളുടെ സഹായത്തോടെ തീറ്റയുടെ ദഹനം നടത്തി, മിനിറ്റിൽ ഒരു തവണ വെച്ച് ചുരുങ്ങുകയും വികസിക്കുകയും ചെയ്യാൻ കഴിവുള്ള പണ്ടമാണ് പശുക്കൾക്കുള്ളത്. പുല്ലും പിണ്ണാക്കും ദഹിപ്പിക്കാൻ മാത്രം കഴിവുള്ള ഈ പണ്ടത്തിലേക്ക് പ്ലാസ്റ്റിക് എത്തിയാൽ ദഹനം നടക്കാതെ സ്തംഭനം ഉണ്ടാവുമെന്നത്  ഉറപ്പാണല്ലോ. പണ്ടത്തിൽ അങ്ങോട്ടോ ഇങ്ങോട്ടോയില്ലാതെ തങ്ങിനിന്നിരുന്ന പ്ലാസ്റ്റിക് അവശിഷ്ടങ്ങളും കയറുമെല്ലാം നീക്കി പണ്ടം പൂർവനിലയിൽ തുന്നി അകത്താക്കിയെങ്കിലും ഡോക്ടർമാരുടെ ജോലി തീർന്നിട്ടില്ലായിരുന്നു. തിരിഞ്ഞിരിക്കുന്ന ഗർഭാശയത്തിൽ നിന്നും കുഞ്ഞിനെ പുറത്തെടുക്കേണ്ട പ്രധാന സർജറി കൂടി ബാക്കിയുണ്ട്. പണ്ടാശയ ശസ്ത്രക്രിയ നടത്താനിട്ട വയറിലിട്ട മുറിവിൽ കൂടി തന്നെയായിരുന്നു ഗർഭാശയ ശസ്ത്രക്രിയയും.

cesarean-section-in-the-cow-5
എൺപത് ലിറ്റർ കപ്പാസിറ്റിയുള്ള പണ്ടാശയം തുറന്നുള്ള സർജറി

കിടാവ് ഗർഭപാത്രത്തിൽ നിന്ന് തന്നെ ചത്തുപോയിട്ടുണ്ടായിരുന്നെങ്കിലും അതിനെ പുറത്തെടുത്ത് ഗർഭാശയം പൂർവനിലയിലാക്കാൻ ഡോക്ടർമാരുടെ കൂട്ടായ പരിശ്രമത്തിനായി. പണ്ടാശയ സർജറിയും സിസേറിയനും പശുക്കളിൽ നടക്കാറുണ്ടെങ്കിലും രണ്ടും ഒരുമിച്ച് നടക്കുന്നത് അപൂർവമാണ്. ഇരട്ടസർജറി നാലുമണിക്കൂറിലധികം നീണ്ടു. 

cesarean-section-in-the-cow-1
ശസ്ത്രക്രിയയ്ക്കുശേഷം

കിടാവ് മരണത്തിന് കീഴടങ്ങിയെങ്കിലും തള്ളപ്പശുവിന്റെ ജീവൻ രക്ഷിക്കാൻ ഡോക്ടർമാരുടെ കൃത്യസമയത്തുള്ള ഇടപെടലിനായി. കുഞ്ഞിനെ പുറന്തള്ളാൻ കഴിയാത്ത ഗർഭാശയതിരിച്ചിലിന്റെയും ചാണകം പുറന്തള്ളാൻ കഴിയാത്ത പണ്ടാശയസ്തംഭനത്തിന്റെയും വേദനയെല്ലാം മാറി പശുവിപ്പോൾ സുഖമായിരിക്കുന്നു. ദിവസവും ഡോക്ടറുടെ മേൽനോട്ടത്തിൽ ശസ്ത്രക്രിയാനന്തര ചികിത്സയും പരിചരണവും പശുവിനുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com