ADVERTISEMENT

ചുണ്ടു വളഞ്ഞ് വിരൂപനായ ബ്ലൂ ആൻഡ് ഗോൾഡ് മക്കാവിന് വിദഗ്ധ ചികിത്സയിലൂടെ പുതുജന്മം. രണ്ടു മാസം പ്രായമുള്ള ബ്ലൂ ഗോൾഡ് മക്കാവിന്റെ മേൽച്ചുണ്ട് ഒരു വശത്തേക്ക് തിരിഞ്ഞിരിക്കുന്ന രൂപത്തിലായിരുന്നു ആലപ്പുഴ തുമ്പോളിയിലെ സാറാസ് ബേർഡ്സ് ആൻഡ് എക്സോട്ടിക് അനിമൽ ഹോസ്പിറ്റലിൽ എത്തിച്ചതെന്ന് ഉടമ ഡോ. റാണി മരിയ തോമസ് മനോരമ ഓൺലൈൻ കർഷകശ്രീയോടു പറഞ്ഞു. ‘കാത്സ്യത്തിന്റെ അപര്യാപ്തതയോ ഹാൻഡ് ഫീഡിങ് കാലത്ത് ഭക്ഷണം കൊടുത്തപ്പോഴോ ആകാം ഈ അവസ്ഥയുണ്ടായത്. വിദേശ രാജ്യങ്ങളിൽ ഇത്തരം അവസ്ഥയിലെത്തുന്ന മക്കാവുകൾ ധാരാളമുണ്ട്. ഇങ്ങനെ വളഞ്ഞുപോകുന്ന ചുണ്ട് ജീവിതകാലം മുഴുവൻ പക്ഷിക്ക് ഒരു ബുദ്ധിമുട്ടായി മാറും. മാത്രമല്ല പക്ഷിയുടെ ഭംഗിക്ക് അത് കോട്ടം വരുത്തുകയും ചെയ്യും. ഭക്ഷണം കഴിക്കാനും ബുദ്ധിമുട്ടാകും. പ്രായമേറുന്തോറും ഇത് നേരെയാക്കാനുള്ള സാധ്യത ഇല്ലാതാകും. ഈ പക്ഷിക്ക് 2 മാസം മാത്രമായിരുന്നു പ്രായം. അതുകൊണ്ടുതന്നെ ചുണ്ട് നേരെയാക്കാനുള്ള സാധ്യതയുമേറെയായിരുന്നു. ’– ഡോ. റാണി മരിയ പറഞ്ഞു.

ഫ്രണ്ടൽ സൈനസിൽക്കൂടി (മുഖത്തിന്റെയും തലയോട്ടിയുടെയും അസ്ഥികൾക്കുള്ളിലെ വായുസഞ്ചാരങ്ങളാണ് സൈനസുകൾ) കെ വയർ കടത്തി അതിലേക്ക് ചുണ്ട് വലിച്ചുകെട്ടിയായിരുന്നു ചികിത്സ. അനസ്തീഷ്യ നൽകിയാണ് തലയിൽ കെ വയർ ഉറപ്പിച്ചത്. കെ വയർ ചുണ്ടിന് സമാന്തരമായി വളച്ച് അതിലേക്ക് പല്ലിൽ കമ്പിയിടുന്നതുപോലെ വലിച്ചു കെട്ടുകയായിരുന്നു. പക്ഷിയുടെ പ്രായമനുസരിച്ച് നേരെയാകാനെടുക്കുന്ന സമയവും വ്യത്യാസപ്പെടുമെന്ന് ഡോ. റാണി മരിയ. രണ്ടു മാസം പ്രായമുള്ള ഈ മക്കാവിന്റെ ചുണ്ട് രണ്ടാഴ്ചകൊണ്ട് ശരിയായ രീതിയിലേക്ക് എത്തി. ഇത് രണ്ടാമത്തെ മക്കാവാണ് സമാന ചികിത്സയ്ക്കായി ആശുപത്രിയിൽ എത്തുന്നത്.

pet-bird-macaw-1
കെ വയറിലേക്ക് മേൽച്ചുണ്ട് വലിച്ചുകെട്ടിയിരിക്കുന്നു (ഇടത്ത്), പക്ഷിക്കൊപ്പം ഡോ. റാണി മരിയ തോമസ് (വലത്ത്)

English summary: Transsinus Pinning to Correct Lateral Deviation of the Upper Beak in Juvenile Macaws

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com