ADVERTISEMENT

ഗ്രാമീണ ജനതയുടെ ഉപജീവനമാർഗം നിലനിർത്തുന്നതിനും ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനുമായി ആദായകരമായി ചെയ്യാവുന്ന ഒരു സംരംഭമാണ് ആടുവളർത്തൽ. ഇതിനായി കർഷകർക്കും സംരംഭകർക്കും ആടുവളർത്തലിനെ കുറിച്ചുള്ള ശാസ്ത്രീയ അവബോധമുണ്ടാകേണ്ടത് അനിവാര്യമാണ്. നല്ലയിനം ആടുകളെ തിരഞ്ഞെടുക്കുക എന്നതാണ് ഇതിലേക്കുള്ള ആദ്യ പടി.

നമ്മുടെ കാലാവസ്ഥയും സാഹചര്യങ്ങളും കണക്കിലെടുത്ത് വേണം ഏതിനം ആടുകളെയാണ് വളർത്താനായി തിരഞ്ഞെടുക്കേണ്ടത് എന്ന് നിശ്ചയിക്കാൻ. സർക്കാർ ഫാമുകളിൽ നിന്നോ സ്വകാര്യ ഫാമുകളിൽ നിന്നോ അതാത് പ്രദേശങ്ങളിലെ കർഷകരിൽ നിന്നോ ആട്ടിൻകുട്ടികളെ തിരഞ്ഞെടുക്കാം. പൊതുവായ ആരോഗ്യലക്ഷണങ്ങൾ, ഇനത്തിന്റെ ഗുണമേന്മ എന്നിവയോടൊപ്പം തന്നെ ഒരു പ്രസവത്തിലുണ്ടാകുന്ന കുട്ടികളുടെ എണ്ണം, പ്രസവങ്ങൾക്കിടയിലുള്ള ദൈർഘ്യക്കുറവ്, ശരീര വളർച്ച നിരക്ക്, പാൽ ഉൽപാദനം എന്നിവ കൂടി കണക്കിലെടുത്തു വേണം ആടുകളെ തിരഞ്ഞെടുക്കാൻ.

ആടുകളുടെ ഉൽപാദനം കണക്കിലെടുത്ത് അവയെ പാലുൽപ്പാദനത്തിനായി വളർത്തുന്നത്, ഇറച്ചിയുൽപാദനത്തിനായി വളർത്തുന്നത്, ഇറച്ചിക്കും പാലുൽപാദനത്തിനുമായി വളർത്തുന്നത് എന്നിങ്ങനെ പലതായി തരംതിരിക്കാം. കേരളത്തിന്റെ തനത് ജനുസായ മലബാറി ആടുകളെ ഇതിൽ മൂന്നാമത്തെ ഗണത്തിൽ ഉൾപ്പെടുത്താവുന്നതാണ്. ഇറച്ചിക്കൊപ്പം പാലുൽപാദനം കൂടി കണക്കിലെടുക്കുമ്പോൾ മലബാറി ആടുകൾ മറ്റുള്ളവയിൽ നിന്നും വ്യത്യസ്തമാകുന്നു.

കച്ചവട കേന്ദ്രങ്ങളായ കാലിച്ചന്തകളിൽ നിന്നും ആടുകളെ വാങ്ങിക്കുന്നത് നല്ല രീതിയല്ല. വിവിധ സ്ഥലങ്ങളിൽ നിന്നും കൊണ്ടുവരുന്ന ആടുകളെ കൂട്ടമായി നിർത്തുമ്പോൾ രോഗാണുബാധയ്ക്കുള്ള സാധ്യത കൂടുതലാണ്. അതിനാൽ ആടുകളെ അതാതു പ്രദേശങ്ങളിൽ പ്രവർത്തിക്കുന്ന ഫാമുകളിൽ നിന്നോ, കർഷകരിൽ നിന്നോ നേരിട്ട് വാങ്ങിക്കുന്നതാണ് ഉത്തമം.

വ്യത്യസ്ത പ്രായത്തിലുള്ള മലബാറി ആടുകളുടെ വളർച്ച നിരക്കിനെപ്പറ്റിയും അതിനനുസരിച്ചുള്ള ശരീരഭാരത്തെക്കുറിച്ചുമുള്ള ഏകദേശ ധാരണ ഉണ്ടായിരിക്കേണ്ടതാണ്. ഉദാഹരണത്തിന് ഒരു മലബാറി ആട്ടിൻകുട്ടിക്ക് ജനസമയത്ത് ഏകദേശം 2 കി.ഗ്രാം ഭാരം വരും. ഇവയ്ക്ക് മൂന്ന്, ആറ്, ഒൻപത് മാസങ്ങളിൽ യഥാക്രമം 7.5, 15, 20 കി.ഗ്രാം ഭാരം വരും. ഒരു മുതിർന്ന പെണ്ണാടിന് 30 മുതൽ 35 വരെ കിലോഗ്രാം ഭാരവും, മുതിർന്ന ആണാടിന് 30 മുതൽ 40 വരെ കിലോഗ്രാം ഭാരവും ഉണ്ടായിരിക്കേണ്ടതാണ്. ആടുകളെ വാങ്ങുമ്പോഴും വിൽക്കുമ്പോഴും ശരീരഭാരത്തെക്കുറിച്ചുള്ള വിവരങ്ങൾ അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്.

ആരോഗ്യനിർണയം

വളർത്താനായി നല്ല ആരോഗ്യമുള്ള ആടുകളെ വേണം തിരഞ്ഞെടുക്കാൻ. അതിനാൽ തല കുനിച്ച് നിൽക്കുക, തീറ്റയെടുക്കുന്നതിനോ വെള്ളം കുടിക്കുന്നതിനോ വിരക്തി കാണിക്കുക, വയറിളക്കമുണ്ടാവുക, മൂക്കിൽ നിന്നോ വായിൽ നിന്നോ സ്രവം ഒലിക്കുക തുടങ്ങിയ ലക്ഷണങ്ങൾ കാണിക്കുന്ന ആടുകളെ ഒഴിവാക്കുക. കാലുകൾ ഉറച്ചതും നേരെയുള്ളതുമാകണം. ഇതുവഴി ശരിയായ നിൽപ്പും നടത്തവും ഉറപ്പാക്കാം. സന്ധികളുടെ ബലക്കുറവ് വഴിയും കാലിന് പ്രശ്നങ്ങളുണ്ടാവാം. രോമങ്ങൾ തിളക്കവും മിനുസ്സവുമുള്ളതായിരിക്കണം. തിളക്കമില്ലാത്ത നിര തെറ്റിയതും എഴുന്നേറ്റ് നിൽക്കുന്നതുമായ രോമങ്ങൾ രോഗലക്ഷണങ്ങളിൽപ്പെട്ടതാണ്.

goat-1

ശരീരത്തിന്റെ ആകൃതി

പാലിനായി വളർത്തപ്പെടുന്നതും ഇറച്ചിക്കായി വളർത്തപ്പെടുന്നതുമായ ആട് ജനുസ്സുകൾ തമ്മിൽ ശരീര ആകൃതിയിൽ വ്യത്യാസമുണ്ടായിരിക്കും. പാലിനായി വളർത്തപ്പെടുന്ന ജനുസ്സുകൾക്ക് കഴുത്തിന്റെ ഭാഗത്തുനിന്ന് പുറകോട്ട് ത്രികോണാകൃതിയും ഇറച്ചിക്കായി വളർത്തുന്നവയ്ക്ക് ചതുരാകൃതിയുമായിരിക്കും. ആടുകളിലെ മേൽത്താടിയെല്ലും കീഴ്ത്താടിയെല്ലും തമ്മിലുള്ള അന്തരം കൃത്യമായിരിക്കണം. കീഴ്താടിയെല്ലിന്റെ നീളം കുറഞ്ഞാലും കൂടിയാലും അത് തീറ്റ കഴിക്കുന്നതിനെ ബാധിക്കും. ആടുകളുടെ പുറം ഭാഗം അധികം കുഴിഞ്ഞോ പൊങ്ങിയോ ഇരിക്കാൻ പാടുള്ളതല്ല.

പ്രായനിർണയം

ആടുകളെ തിരഞ്ഞെടുക്കുമ്പോൾ അവയുടെ പ്രായം അറിഞ്ഞിരിക്കേണ്ടത് അനിവാര്യമാണ്. പല്ലുകളുടെ എണ്ണം നോക്കി പ്രായം നിർണയിക്കുന്ന രീതിയാണ് പൊതുവെ അവലംബിക്കപ്പെടുന്നത്.  ഒരു വയസ്സാകുമ്പോൾ ആടുകളുടെ പാൽപ്പല്ലെല്ലാം കൊഴിഞ്ഞുപോവുകയും പുതിയ പല്ലുകൾ വന്നു തുടങ്ങുകയും ചെയ്യും. മുൻപല്ലുകളുടെ ഒന്ന്, രണ്ട്, മൂന്ന്, നാല് ജോഡികൾ യഥാക്രമം 15-18, 21-24, 25-28, 29-36 എന്നീ മാസക്കാലയളവിൽ വരുന്നതാണ്.

കൊമ്പിലെ വളയങ്ങളുടെ എണ്ണം നോക്കിയും പെണ്ണാടുകളുടെ പ്രായം നിർണ്ണയിക്കാവുന്നതാണ്. സാധാരണഗതിയിൽ പശുക്കളിലാണ് ഈ രീതി കൂടുതൽ ഫലപ്രദമായിട്ടുള്ളത്. പ്രസവത്തിന്റെ എണ്ണം അനുസരിച്ച് കൊമ്പിൽ വളയങ്ങളുണ്ടാകുന്നതാണ്. പ്രസവങ്ങളുടെ എണ്ണം കണക്കാക്കുകവഴി ആടുകളിൽ ഏകദേശ പ്രായം അറിയാൻ കഴിയും.

goat-4

പെണ്ണാടിനെ തിരഞ്ഞെടുക്കുമ്പോൾ 

ഒരു പ്രസവത്തിൽ 2 മുതൽ 3 കുട്ടികളുള്ള തള്ളയിൽ നിന്നും പെണ്ണാടിനെ തിരഞ്ഞെടുക്കണം. അവ 6 മുതൽ 9 മാസത്തിൽ പ്രായപൂർത്തിയാകണം. ഈ കാലയളവിൽ ചുരുങ്ങിയത് 15 കിലോ ഗ്രാം ശരീരഭാരമുണ്ടാവുകയും ശരിയായ മദിലക്ഷണങ്ങൾ കാണിക്കുകയും വേണം. തിരഞ്ഞെടുക്കുന്ന ആടിന്റെ തള്ളയുടെ പാലുൽപാദനശേഷിക്കും പരിഗണന നൽകണം.

പാലുള്ള ആടുകളിൽ പ്രത്യേകം ശ്രദ്ധിക്കേണ്ടതായ ചില കാര്യങ്ങളുണ്ട്; മുലക്കാമ്പുകൾ ഒരേ വലുപ്പത്തിലുള്ളതും കുറച്ച് മുന്നോട്ട് ചാഞ്ഞ് നിൽക്കേണ്ടതുമാണ്. അകിടിൽ പാല് നിറഞ്ഞ് നിൽക്കുന്ന സമയത്ത് നല്ല വലുപ്പമുള്ളതും എന്നാൽ പാല് കറന്നെടുക്കുമ്പോൾ നന്നായി ചുരുങ്ങുന്നതും നല്ല അകിടുകളുടെ ലക്ഷണമാണ്. നല്ല ഉൽപാദനമുള്ള ആടുകളിൽ പാൽ ഞരമ്പുകൾ ഭംഗിയായി കാണാൻ കഴിയും. ആടിന്റെ പാലുൽപാദനത്തിന്റെ അളവ് ലഭിക്കാൻ തുടർച്ചയായ രണ്ടു നേരത്തെ കറവ പരിശോധിക്കുക. കുട്ടികൾ കുടിക്കുന്നതുൾപ്പെടെയാണ് ആടിന്റെ മൊത്തത്തിലുള്ള പാലുൽപാദനം.

goat-2

മുട്ടനാടിനെ തിരഞ്ഞെടുക്കുമ്പോൾ

ഒരു ഫാമിൽ 20 മുതൽ 25 വരെ പെണ്ണാടിനെ ഇണ ചേർക്കാൻ ഒരു മുട്ടനാട് മതിയാകും. ഇതിലൂടെ ഉണ്ടാകുന്ന ഓരോ കുട്ടിയുടേയും ജനിതക ഘടനയുടെ പകുതി അവിടുത്തെ മുട്ടനാടിന്റേതായിരിക്കും. മുട്ടനാടിന് ഏതെങ്കിലും രീതിയിൽ വൈകല്യങ്ങളുണ്ടെങ്കിൽ അത് ജനിക്കുന്ന മുഴുവൻ കുട്ടികളെയും വരുംതലമുറകളെയും ബാധിക്കാൻ സാധ്യതയുണ്ട്. താഴെ പറയുന്ന കാര്യങ്ങൾക്ക് പരിഗണന നൽകി വേണം മുട്ടനാടിനെ തിരഞ്ഞെടുക്കാൻ.

6 മാസത്തിൽ 18 കിലോഗ്രാമിൽ കുറയാതെ ഭാരമുള്ള മുട്ടൻ കുട്ടികളെ തിരഞ്ഞെടുക്കുക. ഇവ സാധാരണ 9 മുതൽ 12 മാസത്തിൽ പ്രായപൂർത്തിയാവുന്നതാണ്. വീതിയേറിയ നെഞ്ച്, ഉയരമുള്ള നീണ്ട ശരീരം എന്നിവ നല്ല മുട്ടനാടിനുള്ള പ്രത്യേകതയാണ്. 2 മുതൽ 3 കുട്ടികളെ വരെ ഒറ്റ പ്രസവത്തിൽ പ്രസവിക്കുന്ന തള്ളയിൽ നിന്നും ആട്ടിൻ കുട്ടിയെ തിരഞ്ഞെടുക്കുക. ജനുസ്സിന്റെ സവിശേഷതകളും ഗുണങ്ങളും പൂർണമായും ഉണ്ടായിരിക്കണം. 

ശാരീരിക ജനിതക വൈകല്യങ്ങൾ കാരണം വൃഷണ സഞ്ചിയിൽ വൃഷണങ്ങൾ കാണാതിരിക്കുക, ഇണ ചേരുന്നതിന് താൽപര്യക്കുറവ് കാണിക്കുക എന്നീ പ്രശ്നങ്ങൾ ഉണ്ടാവാൻ സാധ്യതയുണ്ട്. ഇത്തരം മുട്ടനാടുകളെ ഒഴിവാക്കേണ്ടതാണ്.

വിലനിർണയം / വിപണനം

ആഭ്യന്തര, അന്തർദേശീയ വിപണി സാധ്യതകൾ പ്രയോജനപ്പെടുത്തേണ്ടത് ശാസ്ത്രീയ ആടുവളർത്തൽ പോലെ പ്രധാനമാണ്. എങ്കിൽ മാത്രമേ ഈ മേഖലയിൽ പിടിച്ചു നിൽക്കാനും ലാഭമുണ്ടാക്കാനും  കഴിയൂ. ആടുകളുടെ വില നിർണയത്തിന് വ്യക്തവും കൃത്യവുമായ മാനദണ്ഡമില്ലാത്തതുകൊണ്ട് ആടുകളെ വിൽക്കാൻ ശ്രമിക്കുന്ന ഒട്ടുമിക്ക കർഷകർക്കും അതിന്റെ കൃത്യമായ വില ലഭിക്കുന്നില്ല. കൂടാതെ പല ഇടനിലക്കാരും ആടുകൾക്ക് നിശ്ചയിക്കുന്ന നോക്കുവില കർഷകർ അർഹിക്കുന്ന വിലയെക്കാൾ ഏറെ താഴെയാണ്. ഈ സ്ഥിതി മാറാനുള്ള ഏക പോംവഴി ആടുകൾക്ക് അതിന്റെ തൂക്കത്തിനനുസൃതമായി വില നിശ്ചയിക്കുക എന്നുള്ളതാണ്. കേരള വെറ്ററിനറി യൂണിവേഴ്സിറ്റി ഫാമുകളിലും മറ്റ് സർക്കാർ ഫാമുകളിലും ഈ രീതി തന്നെയാണ് അനുവർത്തിച്ച് പോരുന്നത്.

വ്യാവസായിക അടിസ്ഥാനത്തിൽ ആടുകളെ വളർത്തുന്ന കർഷകർക്ക് ഈ മേഖലയിൽ നിന്ന് പരമാവധി നേട്ടങ്ങൾ ലഭിക്കുന്നതിനായി ശാസ്ത്രീയമായ തിരഞ്ഞെടുക്കൽ രീതികൾ പ്രയോജനപ്പെടുത്താം. ഇത്തരം ശാസ്ത്രീയ വശങ്ങൾ പരിഗണിക്കുന്നത് വഴി ആടുവളർത്തൽ സംരംഭം കൂടുതൽ ആദായകരമാക്കുകയും ചെയ്യാം.

English summary: Goat Buying Tips and Selection Tips for Beginners

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com