ADVERTISEMENT

?  എന്റെ പേർഷ്യൻ പൂച്ചക്കുഞ്ഞുങ്ങളുടെ മുഖത്ത് പൊറ്റൻപോലെ കാണുന്നു. രോമം പൊഴിയുന്നുമുണ്ട്. എന്താണ് കാരണം. പ്രതിവിധിയെന്ത്.
പി.എം.ചാക്കോച്ചൻ, നെടുങ്കണ്ടം, ഇടുക്കി

പൂച്ചകളിൽ നിരന്തരമായ ചൊറിച്ചിൽ, രോമം കൊഴിച്ചിൽ, സാധാരണമല്ലാത്തവിധം ദേഹം നക്കിത്തുടയ്ക്കൽ എന്നിവ ചർമരോഗത്തിന്റെ ലക്ഷണമാണ്. ദേഹത്തിലെ ചില ഭാഗങ്ങളിൽ ത്വക്ക് കാണത്തക്ക രീതി മുതൽ ദേഹമാസകലം ത്വക്കോ ത്വക്കിന് തടിപ്പോ മുറിവുകളോ കാണുന്ന രീതി വരെയാകാം രോമം കൊഴിച്ചില്‍. 

ദേഹത്തിന്റെ ചില ഭാഗങ്ങളിൽ മാത്രമാണ് ചില ത്വഗ്രോഗങ്ങൾ  ഉണ്ടാകുക. ചെവി, മുഖം, കണ്ണിനു ചുറ്റും, താടി, കൈകാലുകൾ തുടങ്ങി ദേഹത്തിന്റെ ഏതു ഭാഗത്താണ് രോമം കൊഴിച്ചില്‍ എന്നതനുസരിച്ച് ചില പ്രത്യേക രോഗങ്ങൾ സംശയിക്കാമെങ്കിലും കൃത്യമായ രോഗനിർണയത്തിന് ലബോറട്ടറി പരിശോധന ആവശ്യമാണ്.

ബാഹ്യപരാദബാധയിൽ പ്രധാനം ചെള്ള്, പേൻ, ഫംഗസ്, മൈറ്റ്/മേഞ്ച് മുതലായവയാണ്. ഇവയല്ലാതെ ബാക്ടീരിയൽ പയോഡെർമ (അണുബാധ), അലർജി എന്നിവയും കാണാറുണ്ട്. ഹോർമോൺ വ്യതിയാനങ്ങളും കാൻസറുകളും ചെറിയ അളവിലെങ്കിലും ത്വഗ്രോഗങ്ങൾക്ക് കാരണമാകാറുണ്ട്. ലബോറട്ടറി പരിശോധനയുടെ അടിസ്ഥാനത്തിൽ രോഗനിർണയം നടത്തി ആവശ്യമായ മരുന്നുകൾ നൽകുക വഴി രോഗത്തിൽനിന്ന് മുക്തി നേടാം.

സാധാരണ അസുഖങ്ങളെ അപേക്ഷിച്ച് ചർമരോഗങ്ങൾക്കു നീണ്ട കാലം ചികിത്സ വേണ്ടിവരും. ദേഹം വൃത്തിയായി സൂക്ഷിക്കുക, ദിവസവും ചീപ്പുകൊണ്ട് നന്നായി (10 മിനിറ്റോളം) ചീകുക, പരിസരം വൃത്തിയായി സൂക്ഷിക്കുക, വായുസഞ്ചാരമുള്ളതും ഈർപ്പം തങ്ങി നിൽക്കാത്തതുമായ കൂടുകൾ/കേജുകൾ ഉപയോഗിക്കുക, അലർജിയുള്ള ഭക്ഷണം കണ്ടെത്തി ഒഴിവാക്കുക തുടങ്ങിയവയിലൂടെ പൂച്ചകളിലെ ചർമരോഗങ്ങൾ  തടയാം. 

പൂച്ചകള്‍ സ്വയം നക്കിത്തുടച്ച് ദേഹം വൃത്തിയായി സൂക്ഷിക്കുന്നു. അതിനാല്‍ അവയെ 3–4 ആഴ്ച കൂടുമ്പോൾ മാത്രം അല്ലെങ്കിൽ ദേഹത്തെ രോമം മുഷിയുമ്പോള്‍ മാത്രം കുളിപ്പിക്കുക. ദേഹത്ത് പുരട്ടുന്ന മരുന്നുകൾ പൂച്ചകൾ നക്കാനിടയുള്ളതിനാൽ ഷാംപൂ, മരുന്നുകൾ, ഓയിൻമെന്റുകൾ എല്ലാം ഡോക്ടറുടെ നിർദേശപ്രകാരം മാത്രമേ ഉപയോഗിക്കാവൂ. 

English summary: Common Cat Skin Conditions

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com