നീണ്ട നാളത്തെ കാത്തിരിപ്പിനും പേപ്പർ ജോലികൾക്കുമൊടുവിൽ ഷാഡോയും ഹോപ്പും പറന്നു... പുതിയ ഉടമകൾക്കൊപ്പം ഇതുവരെ കാണാത്ത രാജ്യങ്ങളിലേക്ക്... പരിക്കേറ്റ്, ഭക്ഷണമില്ലാതെ എല്ലും തോലുമായിരുന്ന രണ്ടു ജീവനുകൾക്ക് പുതിയ ജീവിതം ലഭിച്ച സന്തോഷത്തിലാണ് കൊല്ലം കരുനാഗപ്പള്ളി സ്വദേശി ഹരി പൂവങ്കൽ. ഈ മാസം 25ന് പുലർച്ചെ 1.20ന് ഷാഡോ പാരീസിലേക്ക് പറന്നു. പാരീസ് സ്വദേശിനിയായ അന്നയാണ് ഷാഡോയെ ദത്തെടുത്തത്. അതേ ദിവസംതന്നെ പുലർച്ചെ 3ന് ഹോപ്പ് എന്ന രാജപാളയം നായയും കടൽ കടന്നു. സെർബിയക്കാരി ഇവാനയാണ് ഹോപ്പിനെ ദത്തെടുത്തത്. ബെംഗളൂരുവിൽനിന്നായിരുന്നു ഇവരുടെയും യാത്ര. മൃഗങ്ങളെ വിദേശരാജ്യത്തേക്ക് അയയ്ക്കാനും സ്വീകരിക്കാനും സൗകര്യമുള്ള ഇന്ത്യയിലെ 5 വിമാനത്താവളങ്ങളിലൊന്നാണ് ബെഗളൂരു രാജ്യാന്തര വിമാനത്താവളം.
ഇടതുകൈ ഒടിഞ്ഞ നിലയിലായിരുന്നു ഷാഡോയെ ഹരിക്കു ലഭിക്കുന്നത്. സ്വന്തം ആശുപത്രിയിൽ ചികിത്സ നൽകി അവന്റെ ആരോഗ്യം വീണ്ടെടുത്തു. എല്ലും തോലുമായ അവസ്ഥയിലായിരുന്നു ഹോപ്. ഹോപ്പിന്റെ ആദ്യ ചിത്രവും ഇപ്പോഴുള്ള ചിത്രവും കണ്ടാൽ ആരും അദ്ഭുതപ്പെടും. അത്രയ്ക്കുണ്ട് മേക്ക് ഓവർ.

ആദ്യം ഭക്തി, പിന്നാലെ ഷാഡോയും ഹോപ്പും
ഹരിയുടെ അടുത്തുനിന്ന് ആദ്യമായി കടൽ കടന്നത് ഭക്തിയാണ്. രണ്ടു മാസം പ്രായത്തിൽ തെരുവിൽനിന്നു ലഭിച്ച ഭക്തിയെ അമേരിക്കക്കാരി കെല്ലി ദത്തെടുക്കുകയായിരുന്നു. കരുനാഗപ്പള്ളിയിൽ സുഹൃത്ത് ശ്രീരാജുമായി ചേർന്ന് ആരംഭിച്ച ഹാൻഡ്സ് ആൻഡ് പൗസ് എന്ന പെറ്റ് ഷോപ്പിലെ സന്ദർശകരിലൂടെയാണ് ഭക്തിയുടെ അമേരിക്കൻ യാത്രയ്ക്കു വഴി തുറന്നത്. അതേ യാത്രയുടെ ഭാഗമായിത്തന്നെയായിരുന്നു മറ്റു രണ്ടുപേരെയും ദത്തെടുക്കുന്നതിനായി അന്വേഷണം വന്നത്. ചുരുക്കത്തിൽ, നമ്മള്‍ വിദേശയിനം നായ്ക്കളെ അരുമകളാക്കുമ്പോള്‍ ഇവിടെനിന്നു കടൽ കടക്കുകയാണ് നാടന്‍ നായ്ക്കള്‍. തെരുവിൽ അലഞ്ഞു നടക്കേണ്ടിയിരുന്ന ഭക്തിയുടെ ജീവിതം ഇപ്പോൾ രാജകീയമാണ്. പരിശോധനകളും നടപടിക്രമങ്ങളുമെല്ലാം പൂർത്തിയാക്കി മാർച്ച് രണ്ടിന് ബെംഗളൂരുവിൽനിന്നുതന്നെയായിരുന്നു ഭക്തിയുടെ അമേരിക്കൻ യാത്ര. നായ്ക്കുട്ടിയെ ദത്തെടുത്ത കെല്ലി തന്നെ സര്‍വ ചെലവും വഹിച്ചു. ഷാഡോയുടെയും ഹോപ്പിന്റെയും യാത്രാച്ചെലവും മറ്റും ദത്തെടുത്തവർതന്നെയാണ് വഹിച്ചതെന്ന് ഹരി പറഞ്ഞു.

ലാബ്രഡോറിൽനിന്ന് നാടനിലേക്ക്
എൻജിനീയറായ ഹരി ആറു വർഷത്തെ വിദേശജോലി അവസാനിപ്പിച്ചാണ് നായ് വളർത്തൽ മേഖലയിലേക്ക് തിരിഞ്ഞത്. 2020ൽ ലാബ്രഡോറുകൾക്കു മാത്രമായി ഒരു കെന്നൽ തുടങ്ങിയപ്പോൾ റഷ്യയിൽനിന്ന് എത്തിച്ചതുൾപ്പെടെ 25ലേറെ നായ്ക്കളുണ്ടായിരുന്നു. ഈ മേഖലയിൽത്തന്നെ ഒരു ബിസിനസ് കൂടി വേണം എന്ന ചിന്തയിലാണ് ബാല്യകാല സുഹൃത്ത് ശ്രീരാജുമായി ചേർന്ന് പെറ്റ് ഷോപ്, ക്ലിനിക്ക്, സ്പാ എന്നിവയെല്ലാമുള്ള സ്ഥാപനം ആരംഭിച്ചത്. ഗ്രൂമിങ് കോഴ്സ് പഠിച്ച് ഗ്രൂമിങ്ങും ചെയ്യുന്നു.

ലാബ്രഡോർ നായ്ക്കളുടെ കെന്നലും ക്ലിനിക്കും മാത്രമായിരുന്നില്ല ഹരിയുടെ പ്രവർത്തനമേഖല. കോവിഡ് കാലത്ത് തെരുവുനായ്ക്കൾക്ക് തീറ്റ നൽകാനും ഹരി ശ്രദ്ധിച്ചു. വിശന്നുവലഞ്ഞ് പ്ലാസ്റ്റിക് കവർ തിന്നുന്ന ഒരു നായയെ കണ്ടതാണ് പ്രേരകമായത്. ഇതിനിടെ, അവശനിലയില്‍ കാണപ്പെട്ട നാടൻ നായ്ക്കളെ ഏറ്റെടുക്കുകയും ആവശ്യമായ ചികിത്സ നൽകുകയും ചെയ്യുന്നതിനൊപ്പം ആവശ്യക്കാർക്ക് ദത്തു നൽകാനും ശ്രമിച്ചു. തെരുവിൽനിന്ന് ലഭിക്കുന്ന നായ്ക്കുഞ്ഞുങ്ങളെ മികച്ച രീതിയിൽ പരിപാലിച്ച് ആവശ്യക്കാർക്കു നൽകുന്നുമുണ്ട്. നാടൻ നായ്ക്കളിലേക്ക് ശ്രദ്ധ തിരിഞ്ഞപ്പോൾ കെന്നലിലെ ചില ലാബ്രഡോർ നായ്ക്കളെ പലർക്കും സൗജന്യമായി നൽകി എണ്ണം കുറച്ചു.
ഫോൺ: 9995366050, 9562039084
English summary: Shadow and Hope flew, to France and Serbia