ചന്ദ്രികാമ്മൂമ്മയുടെ ആട് പ്രസവിച്ചു, ഒന്നും രണ്ടുമല്ല കുട്ടികൾ ആറ്... അപൂർവ പ്രസവം തൊടുപുഴയിൽ

goat-tdpa
തൊടുപുഴയിൽ ഒറ്റപ്രസവത്തിൽ ജനിച്ച ആട്ടിൻകുട്ടികൾ. ഇൻസെറ്റിൽ ഡോ. ടി.പി.ശരത്
SHARE

സമയം ഉച്ചതിരിഞ്ഞ് 3.15 ആകുന്നു. തൊടുപുഴ ആലക്കോട് ഭാഗത്തെ രാജു ചേട്ടന്റെ മുട്ടനാടിന്റെ തുടർ ചികിത്സയ്ക്കായി പോകുന്ന വഴിക്കാണ് മടക്കത്താനം ദേവിക്ഷേത്രത്തിന് അടുത്തുനിന്ന് ക്ഷീരകർഷക വിദ്യ ചേച്ചി വിളിക്കുന്നത്. എന്നാൽ, കേസിന്റെ വിവരങ്ങൾ ചേച്ചിക്കും അറിയില്ല. ഒറ്റയ്ക്ക് താമസിക്കുന്ന ചന്ദ്രിക എന്നൊരു അമ്മൂമ്മ അവരുടെ ഓമനയായി വളർത്തുന്ന ആടിനു വയറിനു ബുദ്ധിമുട്ടുകൾ എന്നു മാത്രമേ അറിയാൻ കഴിഞ്ഞുള്ളൂ.

അത്യാഹിതം ആണെന്നു മനസിലായതിനാൽ മുജീബ് ഇക്കയോട് വേഗം ഓട്ടോറിക്ഷ മടക്കത്താനത്തേക്ക് എത്തിക്കാൻ പറഞ്ഞു.13 വർഷമായി മങ്ങാട്ടുകവല ജില്ലാ മൃഗാശുപത്രിക്കു വേണ്ടി വാഹനം ഓടിക്കുന്ന മുജീബ് ഇക്കയുടെ 'ഓട്ടോ ആംബുലൻസ്' എന്നെ ചന്ദ്രിക അമ്മൂമ്മയുടെ വീട്ടിൽ എത്തിച്ചു. എന്റെ മോൾക് വയ്യ എന്നും പറഞ്ഞ് അമ്മൂമ്മ വല്ലാണ്ടായിരിക്കുന്നു. ആവലാതി കാരണം തല കറങ്ങുമോ എന്ന് പോലും ഞങ്ങൾക്കു തോന്നിപ്പോയി. ആടിനെ മുജീബ് ഇക്ക പിടിച്ചുനിർത്തി. അമ്മൂമ്മയോ് വീട്ടിൽ കേറി ഇരിക്കാൻ പറഞ്ഞു വിട്ടു.

ശ്വാസ തടസം എന്നു ഫോണിലൂടെ കേട്ടപ്പോൾ പുളിച്ചുകെട്ടൽ (acidosis), impaction(വയർ കമ്പനം) ആയിരിക്കാം എന്ന് തോന്നിരുന്നു. എന്നാൽ ഈറ്റം പരിശോധിച്ചപ്പോൾ (per vaginal examination) ഗർഭാശയമുഖം (cervix) തുറന്നിരിക്കുന്നതായി മനസിലായി. അൽപം ഉത്തേജനം (feathering) കൂടി ആയപ്പോൾ ഗർഭപാത്രം തുറന്ന് തണ്ണിക്കുടം (water bag) പൊട്ടി. കുട്ടിയുടെ പിൻഭാഗം ആയിരുന്നു (transverse) വന്നിരുന്നത്. കുട്ടിയെ നേരെയാക്കി പുറത്തെടുത്തു. ക്ഷീണിതനാണെങ്കിലും വലുപ്പം നന്നേ കുറവ്. വീണ്ടും നോക്കിയപ്പോൾ അടുത്ത ആൾ ഉണ്ട്. ആദ്യത്തേക്കാൾ വലിയ കുട്ടി. അമ്മൂമ്മയെ വിളിച്ചു വേഗം മൂക്ക് തുടച്ചു കിടത്താൻ നിർദേശിച്ചു. വീണ്ടും കുട്ടിയുണ്ടാകാം എന്ന തോന്നലിൽ പരിശോധിച്ചപ്പോൾ അടുത്ത ആൾ. എന്നാൽ വളരെ ക്ഷീണത്തിലായിരുന്നു മൂന്നാമത്തെ കുട്ടി. ശരീരത്തിൽ രോമം തന്നെ മുഴുവൻ രൂപപ്പെട്ടിട്ടില്ലാത്ത അവസ്ഥയിലായിരുന്നു. അവനെ കിടത്തിയപ്പോൾ മുജീബ് ഇക്ക വിളിച്ചു പറഞ്ഞു. 'ഡോക്ടറേ ശ്വാസം വലിക്കുന്നില്ല ഇപ്പോ വന്ന കുട്ടി' എന്ന്. CPR കൊടുത്ത് നല്ലപോലെ തിരുമ്മിയപ്പോൾ അവനും ആക്റ്റീവ് ആയി. 

goat-tdpa-1
ആട്ടിൻകുട്ടികൾക്കൊപ്പം ഉടമ

വയർ വീണ്ടും പരിശോധിച്ചപ്പോൾ ഇനിയും കുട്ടികളുണ്ടെന്നു മനസിലായി. വീണ്ടും 2 പേർ കൂടി പുറത്തേക്ക്. ഇനി ഉണ്ടാവില്ല എന്നു തോന്നിയെങ്കിലും അവസാന വട്ട പരിശോധനയിൽ ഒരു കുഞ്ഞിക്കൈകൂടി തടഞ്ഞു. അവനായിരുന്നു ആറാമൻ!!! 6 പേരും ആക്ടീവ് ആയി. അമ്മൂമ്മേടെ ഓമനയ്ക്കും ആശ്വാസം. രണ്ടു പേർക്ക് ആരോഗ്യക്കുറവുള്ളതിനാൽ അവരുടെ കാര്യത്തിൽ അൽപം പേടിയുണ്ട്. അധികം വലുപ്പമില്ലാത്ത സങ്കരയിനം ആടായിരുന്നു അമ്മൂമ്മയുടേത്. ഇത്രയും കുട്ടികൾക്കായി ഗർഭപാത്രത്തിനും വയറിനും സ്ഥലമില്ലാത്തതിനാലാണ് 7-8 ദിവസം മുൻപേ കുട്ടികൾ പുറത്തെത്തിയത്. 

വിലാസം:

ഡോ. ടി.പി.ശരത്, എമർജൻസി വെറ്ററിനറി സർജൻ. ജില്ലാ വെറ്ററിനറി സെന്റർ, തൊടുപുഴ, ഇടുക്കി

English summary: Goat Gives Birth to Six Kids

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN PETS AND ANIMALS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ചാവേർ vs പെൺപട; ആവേശമായ് സൂപ്പർ വുമൻസ് കപ്പ്

MORE VIDEOS