ഗർഭലക്ഷണങ്ങ‌ളുമായി പെണ്ണാടുകൾ: മാസങ്ങളുടെ കാത്തിരിപ്പിനൊടുവിൽ ഗർഭമില്ലെന്ന തിരിച്ചറിവ്; കാരണങ്ങൾ ഇവയാണ്

goat-4
SHARE

ആടുവളർത്തൽ ലാഭകരമാക്കുന്നതിൽ പ്രധാനമാണ് പെണ്ണാടുകളിലെ മദിലക്ഷണങ്ങൾ യഥാസമയം കണ്ടെത്തി അവയെ ഇണ ചേർക്കുന്നത്. കൃത്യമായ ഇടവേളകളിൽ പ്രസവിക്കാത്ത പെണ്ണാടുകൾ കർഷകർക്ക് വലിയ സാമ്പത്തിക നഷ്ടം വരുത്തിവയ്ക്കും. പെണ്ണാടുകൾ മദിലക്ഷണങ്ങൾ കാണിക്കാതിരിക്കുകയും ഈ കാലയളവിൽ ഉണ്ടാകുന്ന ശാരീരിക മാറ്റങ്ങളിലൂടെ ഇവ ഗർഭിണികളാണെന്ന് തെറ്റിദ്ധരിക്കപ്പെടുകയും ചെയ്യുന്ന ഒരു രോഗാവസ്ഥയാണ് കപടഗർഭം അഥവാ സ്യുഡോപ്രെഗ്നൻസി. പെണ്ണാടുകളുടെ ഗർഭപാത്രത്തിൽ ദ്രാവകം നിറയുന്നതുമൂലം വയർ വീർത്തുവരുന്നതും അകിടിൽ പാൽ നിറയുന്നതും മദിലക്ഷണങ്ങൾ കാണിക്കാതിരിക്കുന്നതും ആട് ഗർഭിണി ആണെന്ന തോന്നൽ ഉണ്ടാക്കും. 

എല്ലാ ജനുസുകളിലും‌‌മുള്ള ആടുകൾ കാണിക്കുന്ന ഈ രോഗാവസ്ഥയുടെ പ്രധാന കാരണം ഇണ ചേർത്ത ആടുകളിൽ ഗർഭകാലത്തിന്റെ ആദ്യ നാളുകളിൽ ഭ്രൂണ നഷ്ടം സംഭവിക്കുന്നതാണ്. ഭ്രൂണനഷ്ടം സംഭവിച്ചിട്ടും രക്തത്തിലെ പ്രൊജസ്റ്റീറോൺ എന്ന ഹോർമോൺ ഉയർന്ന അളവിൽ കാണപ്പെടുന്നത് മദിലക്ഷണങ്ങൾ കാണിക്കാതിരിക്കുന്നതിനും ഗർഭപാത്രത്തിൽ ദ്രാവകം നിറയുന്നതിനും കാരണമാകും. എന്നാൽ കൃത്യമായ ഇടവേളകളിൽ മദിലക്ഷണങ്ങൾ കാണിക്കുകയും ഇണ ചേർക്കാതിരിക്കുകയും ചെയ്യുന്ന ആടുകളിലും ഹോർമോൺ വ്യതിയാനത്തിന്റെ ഭാഗമായി കപടഗർഭം ഉണ്ടാകാറുണ്ട്. ഗർഭപാത്രത്തിൽ ദ്രാവകം നിറയുന്ന ഈ അവസ്ഥ നേരത്തെ കണ്ടെത്തി ചികിത്സിച്ചില്ലെങ്കിൽ മാസങ്ങൾ നീണ്ടു നിൽക്കും. മാസങ്ങൾക്ക് ശേഷം ഈ ദ്രാവകം തനിയെ പുറത്തു വരുന്നത് പ്രസവമായും തെറ്റിദ്ധരിക്കപ്പെടാറുണ്ട്. സാധാരണ ഗർഭകാലത്തിനു ശേഷവും ആട് പ്രസവിക്കാതിരിക്കുമ്പോൾ മാത്രമാണ് സാധാരണയായി കർഷകർ വിദഗ്‌ധോപദേശം തേടാറുള്ളത് 

ഒന്നിലധികം പ്രസവിച്ച ആടുകളിലാണ് കപടഗർഭം ഉണ്ടാകാനുള്ള സാധ്യത കൂടുതലായി കാണുന്നത്. ഒരിക്കൽ കപടഗർഭം വന്നിട്ടുള്ള പെണ്ണാടുകൾ പിന്നീടുള്ള മദി ചക്രത്തിലും ഈ രോഗാവസ്ഥ കാണിക്കാൻ സാധ്യതയുണ്ട്. പാരമ്പര്യസ്വഭാവം ഉള്ളതുകൊണ്ട് ഭാവിയിൽ ഇവയ്ക്ക് ജനിക്കുന്ന പെണ്ണാടുകളും ഈ രോഗാവസ്ഥ കാണിക്കാൻ സാധ്യതയുണ്ട്. 

അൾട്രാ സൗണ്ട് സ്കാനിങ് അടുത്തുള്ള മൃഗാശുപത്രികളിൽ ലഭ്യമാണെങ്കിൽ ഇണചേർത്ത ആടുകളെ പരിശോധനയ്ക്ക് വിധേയമാക്കി പ്രാരംഭഘട്ടത്തിൽ തന്നെ കപടഗർഭം കണ്ടെത്താൻ കഴിയും. രോഗനിർണയം നടത്തി ചികിത്സ ലഭ്യമാക്കുക വഴി ആട് വീണ്ടും മദിലക്ഷണം കാണിക്കുകയും കർഷകന് അതിനെ ഇണ ചേർക്കാൻ സാധിക്കുകയും ചെയ്യും.

കപടഗർഭം ആരംഭഘട്ടത്തിൽ തന്നെ കണ്ടെത്തി ചികിത്സിക്കുന്നത് ആടുകളുടെ പ്രത്യുൽപാദന ശേഷി പരമാവധി പ്രയോജനപ്പെടുത്തുന്നതിനും സാമ്പത്തിക നഷ്ടം കുറയ്ക്കുന്നതിനും കർഷകരെ സഹായിക്കുന്നു.

English summary: Pseudopregnancy in Goats

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN PETS AND ANIMALS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ചാവേർ vs പെൺപട; ആവേശമായ് സൂപ്പർ വുമൻസ് കപ്പ്

MORE VIDEOS