ADVERTISEMENT

പ്രകൃതിയിലെ വർണങ്ങൾ മുഴുവൻ ചിറകുകളിൽ ഉൾക്കൊള്ളിച്ചവരാണ് തത്തകൾ. മനുഷ്യർ അരുമയായി ഏറ്റവുമധികം വളർത്തുന്ന പക്ഷിഗണം. ലോകത്താകെ നാലു കുടുംബങ്ങളിൽ നൂറോളം ജനുസുകളിലായി 400ലധികം സ്പീഷിസിൽപ്പെട്ട തത്തകളുണ്ട്. അവയിൽ ചിലത് സംസാരിക്കാനുള്ള കഴിവുകൊണ്ടും സ്വഭാവംകൊണ്ടും ലോകവ്യാപകമായി അരുമയായി വളർത്തപ്പെടുന്നു. മക്കാവ്, കോക്കറ്റൂ, ആഫ്രിക്കൻ ഗ്രേ തുടങ്ങിയവയെല്ലാം സംസാരിക്കാനുള്ള കഴിവുകൊണ്ട് ലോകശ്രദ്ധ നേടിയ വലിയ തത്തയിനങ്ങളാണ്. അവയിൽ പല ഇനങ്ങളും വംശനാശ ഭീഷണി നേരിടുന്നതുകൊണ്ടുതന്നെ ഇന്ത്യയിൽ വളർത്തുമ്പോൾ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തെ അറിയിച്ച് റജിസ്റ്റർ ചെയ്തിരിക്കണം.  

വെളുത്ത ശരീരവും കറുത്ത ചുണ്ടും വലിയ ശബ്ദവും മുകളിലേക്കുയർന്ന കിരീടവുമുള്ള കൊക്കറ്റൂകളിൽ ഏറ്റവും വലുപ്പമുള്ള ഇനമാണ് സാൽമൺ ക്രെസ്റ്റഡ് കൊക്കറ്റൂ. മൊളൂക്കൻ കോക്കറ്റൂ എന്നും പേരുള്ള ഇവയുടെ സ്വദേശം ഇന്തോനേഷ്യയാണ്. വെള്ള നിറമുള്ള കോക്കറ്റൂ വിഭാഗത്തിലാണ് ഇവയെങ്കിലും തൂവലുകൾക്ക് ചെറിയ പിങ്ക് നിറം കാണാം. ചിറകുകൾക്കടിവശത്ത് മഞ്ഞ നിറമാണുള്ളത്. സന്തോഷവും ദേഷ്യവും പ്രകടിപ്പിക്കുമ്പോൾ ഉയർന്നു വരുന്ന തൊപ്പിക്കുള്ളിൽ കടും ചുവപ്പ്–ഓറഞ്ച് നിറത്തിലുള്ള തൂവലുകൾ ദൃശ്യമാകും. ആൺ പക്ഷികളെ അപേക്ഷിച്ച് പെൺപക്ഷികൾക്ക് വലുപ്പം കൂടുതലുണ്ട്. 

വിത്തുകളും ധാന്യങ്ങളും പഴങ്ങളുമാണ് ഭക്ഷണം. ഭക്ഷണത്തിൽ മാംസ്യത്തിന്റെ അളവ് കുറഞ്ഞാൽ വിളർച്ച ഇവരിൽ കാണാറുണ്ട്. 

ഉടമയോട് വളരെ അടുപ്പം കാണിക്കുന്നവരാണ് മൊളൂക്കൻ കോക്കറ്റൂ തത്തകൾ. ചില നായ ഇനങ്ങളിൽ കാണുന്നതുപോലെ സിംഗിൾ മാസ്റ്റർ സ്വഭാവം ഇവർക്കുമുണ്ട്. തങ്ങൾക്ക് ഇഷ്ടപ്പെട്ടവർ നൽകുന്ന ഭക്ഷണം കഴിക്കാനും അവർക്കൊപ്പം കളിക്കാനും ഇഷ്ടപ്പെടുന്ന സ്വഭാവം. ഉടമയുടെ അഭാവം ഇവരിൽ വിഷാദാവസ്ഥ സൃഷ്ടിക്കും. ഏകാന്തത അനുഭവപ്പെട്ടാൽ തൂവലുകൾ സ്വയം കടിച്ചു നശിപ്പിക്കുന്നതു(ഫെതർ പ്ലക്കിങ്)പോലുള്ള സ്വഭാവ വൈകൃതത്തിലേക്കും കടക്കാം. അതു ക്രമേണ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും. 

മൃഗങ്ങളുടെ വിപണനവുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര ഉടമ്പടിയായ CITES (Convention on International Trade in Endangered Species) പട്ടികയിൽ ഉൾപ്പെട്ട പക്ഷിയാണ് സാൽമൺ ക്രെസ്റ്റഡ് കൊക്കറ്റൂ. 1990 മുതൽ CITES പട്ടികയിൽ ഇവയുണ്ട്. അതുകൊണ്ടുതന്നെ വളർത്തുമ്പോൾ റജിസ്ട്രേഷൻ ആവശ്യമാണ്. 

salmon crested cockatoo. Image credit: Karshakasree
salmon crested cockatoo. Image credit: Karshakasree

റജിസ്ട്രേഷൻ നിർബന്ധം

വന്യമൃഗങ്ങളുടെയും സസ്യങ്ങളുടെയും അന്താരാഷ്ട്ര വ്യാപാരം ജീവിവർഗങ്ങളുടെ നിലനിൽപ്പിന് ഭീഷണിയാകുന്നില്ലെന്ന് ഉറപ്പാക്കുന്ന രാജ്യങ്ങൾ തമ്മിലുള്ള അന്താരാഷ്ട്ര ഉടമ്പടിയായ CITES (Convention on International Trade in Endangered Species) പട്ടികയിൽ ഉൾപ്പെട്ടതും, വന്യജീവി സംരക്ഷണ നിയമം 1972‌ൽ (Wildlife (Protection) Act 1972) ഉൾപ്പെടാത്തതുമായ വിദേശയിനം അരുമ മൃഗങ്ങളെയും പക്ഷികളെയും വളർത്തുന്നവർ വനം-പരിസ്ഥിതി വകുപ്പിൽനിന്ന് റജിസ്ട്രേഷൻ നേടേണ്ടതുണ്ട്. വളർത്താനായി വാങ്ങുമ്പോൾ മാത്രമല്ല മൃഗങ്ങളെയും പക്ഷികളെയും കൈമാറ്റം ചെയ്യുമ്പോഴും റജിസ്ട്രേഷൻ ആവശ്യമാണ്. അതായത് ഉടമസ്ഥാവകാശം കൈമാറ്റം ചെയ്യണം. ഇങ്ങനെ റജിസ്ട്രേഷൻ നേടിയതിനു ശേഷം മാത്രം വളർത്താവുന്ന മൃഗങ്ങളുടെയും പക്ഷികളുടെയും പട്ടികയും മറ്റു വിശദമായ നിർദേശങ്ങളും കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം പുറപ്പെടുവിച്ചിട്ടുണ്ട്. റജിട്രേഷൻ നടപടികൾ ഓൺലൈനായി പൂർത്തികരിക്കുന്നതിനായി പരിവേഷ് എന്ന പോർട്ടലും (parivesh.nic.in) സജ്ജമാക്കിയിട്ടുണ്ട്.

വിവരങ്ങൾക്കു കടപ്പാട്: വി.എം.രഞ്ജിത് (9287545454)

English summary: All about Salmon Crested Cockatoo

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com