ADVERTISEMENT

കേരള വെറ്ററിനറി ആൻഡ് അനിമൽ സയൻസസ് യൂണിവേഴ്സിറ്റിയുടെ മണ്ണുത്തി ക്യാംപസിലെ ബഫല്ലോ ഫാമിൽ 500–ാം കുട്ടി പിറന്നതിന്റെ സന്തോഷത്തിലാണ് അധികൃതരും ജീവനക്കാരും. അഞ്ഞൂറാമത് കുട്ടി പെൺകുഞ്ഞുമാണ്. മുറ ഇനത്തിൽപ്പെട്ട 110 എരുമകളെ സംരക്ഷിക്കുന്ന ഫാമിലെ 359–ാം നമ്പർ എരുമയാണ് അഞ്ഞൂറാമത്തെ കുട്ടിയുടെ അമ്മ. അഞ്ഞൂറാം കുട്ടിയുടെ ജനനം കേക്ക് മുറിച്ചായിരുന്നു ആഘോഷിച്ചത്.

323–ാം ദിവസമായിരുന്നു പ്രസവമെന്നതും പ്രത്യേകതയാണ്. സാധാരണ എരുമകൾ 310 ദിവസത്തിനുള്ളിൽ പ്രസവിക്കാറുണ്ടെങ്കിലും ഈ എരുമയുടെ ഗർഭകാലം രണ്ടാഴ്ചയോളം നീണ്ടുപോയി. അമ്മയ്ക്ക് ആരോഗ്യപ്രശ്നങ്ങളോ ക്ഷീണമോ ഉണ്ടായിരുന്നില്ല എന്നതുകൊണ്ടുതന്നെ സ്വാഭാവിക പ്രസവത്തിനായി കാത്തിരിക്കുകയായിരുന്നുവെന്ന് റിസർച്ച് അസിസ്റ്റന്റ് ഡോ. ടി.അനീർ ഹുസൈൻ പറഞ്ഞു. പരിശോധനയിൽ കുട്ടിക്കും കുഴപ്പമുണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്നു രാവിലെ 11 മണിയോടെയായിരുന്നു പ്രസവം. 38 കിലോ തൂക്കമുള്ള എരുമക്കുട്ടിയും അമ്മയും പൂർണ ആരോഗ്യത്തോടെയിരിക്കുന്നുവെന്നും അധികൃതർ അറിയിച്ചു.

mannuthy-2
കേക്ക് മുറിച്ച് ആഘോഷം

359–ാം നമ്പർ എരുമയുടെ രണ്ടാം പ്രസവമാണിത്. ആദ്യ പ്രസവത്തിൽ ആകെ പാലുൽപാദനകാലത്ത് 2310 ലീറ്റർ പാലാണ് ലഭിച്ചത്. ഒരു ദിവസം 4.5 കിലോ സാന്ദ്രിത തീറ്റയും 40 കിലോ പച്ചപ്പുല്ലുമാണ് നൽകുന്നത്. 

1990കളിൽ പദ്മശ്രീ ഡോ. ശോശാമ്മ ഐപ്പിന്റെ നേതൃത്വത്തിൽ ഹരിയാനയിലെ കർണാൽ പ്രദേശത്തുനിന്ന് എത്തിച്ച പതിനഞ്ചോ ഇരുപതോ എരുമകളുടെ തലമുറകളാണ് ഇപ്പോൾ ഇവിടെയുള്ളത്. ഇതിനു മുൻപ് നാടൻ എരുമകളായിരുന്നു ഉണ്ടായിരുന്നത്. ഗർഭധാരണത്തിന് കൃത്രിമ ബീജാധാന രീതിയാണ് ഇവിടെ സ്വീകരിക്കുക. ഇതിനായി കേരള ലൈവ്സ്റ്റോക് ഡവലപ്മെന്റ് ബോർഡിന്റെ ധോണി ഫാമിലെ പോത്തുകളുടെ ബീജമാണ് ഉപയോഗിക്കുകയെന്ന് യൂണിവേഴ്സിറ്റി ലൈവ്സ്റ്റോക് ഫാം മേധാവി ഡോ. ശ്യാം മോഹൻ അറിയിച്ചു. 

English summary: 500th buffalo calf born in University Livestock Farm

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com