? എന്റെ ഫാമിലെ ഒരു പശുവിനു ദിവസംതോറും പാല് കുറഞ്ഞു വന്നു. പാൽ കാച്ചി തണുത്തപ്പോൾ പാടയ്ക്കു കട്ടിയേറിയതായും കണ്ടു. സൂക്ഷിച്ചു വച്ച പാൽ പിരിഞ്ഞുപോയി. പശുവിന് അകിടുവീക്കമുണ്ടോ. പശുവിന്റെ അകിടിനു നീരില്ല. മറ്റെന്തെങ്കിലും രോഗമാണോ.
പി. ഹരികുമാർ, താമരക്കുളം.
സബ് ക്ലിനിക്കൽ അകിടുവീക്കം എന്ന അസുഖമാണിത്. അകിടിലെ ഏതെങ്കിലും കാമ്പിനായിരിക്കും കുഴപ്പം. നാലു കാമ്പിലെയും പാൽ വെവ്വേറെ ചെറിയ കുപ്പികളില്‍ എടുത്തു പരിശോധിക്കുക. പാൽ പരിശോധനാലായനി എല്ലാ സർക്കാർ മൃഗാശുപത്രികളിലും മിൽമയുടെ കീഴിലുള്ള മിക്ക ക്ഷീരസംഘങ്ങളിലും കിട്ടും. അര ടീസ്പൂൺ പാലും അത്രയും ലായനിയും സംയോജിപ്പിക്കുക. മിശ്രിതം കട്ടി പിടിച്ച് കുഴമ്പുപോലെ ആയാൽ അകിടിനു രോഗമുണ്ടെന്നു മനസ്സിലാക്കാം. അകിടിനെ ബാധിക്കുന്ന രോഗങ്ങളിൽ പാലിലെ ശ്വേതരക്താണുക്കളുടെയും ആവരണ കോശങ്ങളുടെയും (somatic cells) എണ്ണം വളരെ കൂടുകയും പാലിന്റെ രാസപരമായ അവസ്ഥ ക്ഷാരസ്വഭാവത്തിലേക്ക് മാറുകയും ചെയ്യുന്നു. ഇത് പാൽ–പരിശോധനാലായനി മിശ്രിതത്തിൽ മാറ്റങ്ങൾ ഉണ്ടാക്കുന്നു.
സബ് ക്ലിനിക്കൽ അകിടുവീക്കത്തിന് വെറ്ററിനറി ഡോക്ടറുടെ നിർദേശാനുസരണം മരുന്ന് നൽകണം ട്രൈ സോഡിയം സിട്രേറ്റ് അടങ്ങിയ മരുന്നുകൾ നിശ്ചിത ദിവസത്തേക്ക് നൽകിയാൽ അകിടിന്റെ ആരോഗ്യം വീണ്ടെടുക്കാം. മുലക്കാമ്പിലൂടെ ആന്റിബയോട്ടിക് അടങ്ങിയ മരുന്നുകൾ കയറ്റാവുന്നതാണ്. ചില സന്ദർഭങ്ങളിൽ ഉചിതമായ ആന്റിബയോട്ടിക് മരുന്ന് കുത്തിവയ്ക്കണം. സബ് ക്ലിനിക്കൽ അകിടുവീക്കം ചികിത്സിക്കാതിരുന്നാൽ അതികഠിന സ്വഭാവമുള്ള രോഗാവസ്ഥയിലേക്ക് മാറിയേക്കാം. ഫാമിലെ പശുക്കളിൽ പതിവായി പാൽപരിശോധന നടത്തി അകിടിന്റെ ആരോഗ്യസ്ഥിതി വിലയിരുത്തി ഉചിതമായ ചികിത്സ നൽകണം. ഫാമിലെ ഒരു പശുവിന് സബ് ക്ലിനിക്കൽ അകിടുവീക്കം പിടിപെട്ടാൽ അതിനെ കൂട്ടത്തിൽനിന്നു മാറ്റിനിർത്തി ഏറ്റവും അവസാനം മാത്രം കറവ നടത്തുകയും ഉചിതമായ ചികിത്സ നൽകുകയും വേണം.