ഇത്തിരിക്കുഞ്ഞനെങ്കിലും വില ലക്ഷങ്ങൾ: ഇത് ഇന്ത്യയിലെ ലോകശ്രദ്ധ നേടിയ കുഞ്ഞൻപശു– വിഡിയോ

HIGHLIGHTS
  • വലുപ്പംകൊണ്ട് ഇന്ത്യയിലെ ഏറ്റവും ചെറിയ കന്നുകാലിയിനം എന്ന വിശേഷണവും ഇവർക്കു സ്വന്തം
punganur-cow-kerala
പുങ്കനൂർ പശു. ചിത്രം∙എജിൻ കെ. പോൾ/കർഷകശ്രീ
SHARE

വലുപ്പംകൊണ്ട് ലോകശ്രദ്ധ നേടിയ പശുക്കളാണ് പുങ്കനൂർ. പേര് സൂചിപ്പിക്കുന്നതുപോലെ ആന്ധ്രപ്രദേശിലെ ചിറ്റൂർ ജില്ലയിൽപ്പെട്ട പുങ്കനൂരിൽ ഉരുത്തിരിഞ്ഞുവന്ന ഇനം. വലുപ്പംകൊണ്ട് ഇന്ത്യയിലെ ഏറ്റവും ചെറിയ കന്നുകാലിയിനം എന്ന വിശേഷണവും ഇവർക്കു സ്വന്തം. ഉയരക്കുറവിനൊപ്പം തൂവെള്ള നിറവും കറുത്ത കൊമ്പുകളും ഇവയ്ക്ക് അരുമ പരിവേഷവും നൽകുന്നു. ഇന്ത്യൻ ഇനങ്ങൾക്കുള്ള മുതുകിലെ ഉന്ത് ഇവരുടെ ഭംഗി കൂട്ടുന്നു. 

ദക്ഷിണേന്ത്യയിലെ, വിശേഷിച്ച് കേരളത്തിലെ കാലാവസ്ഥയോട് ഏറ്റവും ഇണങ്ങുന്ന ഇവരെ പരിചരിക്കാനും വളരെ എളുപ്പം. കുറഞ്ഞ അളവിൽ തീറ്റ നൽകി പരിപാലിക്കാം. കാര്യമായ തീറ്റച്ചെലവില്ലാതെതന്നെ 3–5 ലീറ്റർ പാലും ലഭിക്കും. അതുകൊണ്ടുതന്നെ വീട്ടാവശ്യത്തിനുള്ള പാലാവശ്യമുള്ളവർക്ക് ചേർന്ന ഇനം. എന്നാൽ, ഒരു കന്നുകാലി ഇനമെന്നതിലുപരി അരുമമൃഗം എന്ന രീതിയാണ് പുങ്കനൂർ പശുക്കളെ ഇപ്പോൾ പലരും കാണുന്നത്. അതുകൊണ്ടുതന്നെ മോഹവില നൽകി സ്വന്തമാക്കുന്നവരും കേരളത്തിലേറെ. അതേസമയം, കേരളത്തിലെ കുള്ളൻ പശുക്കളിൽ പുങ്കനൂർ ബീജം കുത്തിവച്ച് ജനിക്കുന്ന സങ്കരയിനം കുട്ടികളെ വളർത്തുന്നവരുമുണ്ട്. എന്നാൽ, അവയ്ക്കൊന്നും പുങ്കനൂരിന്റെ പൂർണ ലക്ഷണങ്ങളുണ്ടാവില്ല.

punganur-cow-kerala-1
സജി പുങ്കനൂർ പശുക്കൾക്കൊപ്പം. ചിത്രം∙എജിൻ കെ. പോൾ/കർഷകശ്രീ

അറിഞ്ഞു, ഇഷ്ടപ്പെട്ടു, സ്വന്തമാക്കി

പുങ്കനൂർ പശുക്കളെക്കുറിച്ച് അറിഞ്ഞ് അവയോട് ഇഷ്ടമേറി ആന്ധ്രയിൽനിന്ന് രണ്ട് ഉരുക്കളെ വാങ്ങുകയായിരുന്നു കോട്ടയം ഏറ്റുമാനൂർ പേമലയിൽ സജി ഇമ്മാനുവൽ. ആറു വർഷം മുൻപ് ഒന്നേമുക്കാൽ ലക്ഷം രൂപ നൽകിയായിരുന്നു പശുക്കുട്ടിയെ വാങ്ങിയത്. കാളയ്ക്കും നൽകി ഒരു ലക്ഷം രൂപ. ഇവിടെ വന്നതിനു ശേഷം രണ്ടു തവണ പ്രസവിക്കുകയും ചെയ്തു. മൂത്ത കുട്ടി അമ്മയോളം വളർന്ന് ഇപ്പോൾ അമ്മയ്ക്കരികിൽത്തന്നെയുണ്ട്. 

കാര്യമായ പരിചരണമോ തീറ്റയോ ഇവർക്ക് ആവശ്യമില്ലെന്ന് സജി. വലുപ്പത്തിൽ ചെറുതായതുകൊണ്ടുതന്നെ അധികം പുല്ല് വേണ്ടിവരുന്നില്ല. രാവിലെ രണ്ടു ലീറ്റർ പാൽ കറന്നെടുക്കാറുണ്ട്. ബാക്കി കുട്ടിക്ക് നൽകുകയാണ് രീതി. തൊഴുത്തിനോടു ചേർന്നുള്ള സ്ഥലത്ത് മേയാനും ശരീരത്തിൽ വെയിൽ ഏൽക്കാനുമായി ഇറക്കിക്കെട്ടാറുണ്ട്. ശരീരത്തിന്റെ സ്വാഭാവിക നിറം ലഭിക്കണമെങ്കിൽ വെയിൽലേൽക്കണമെന്ന് സജി. 

punganur-cow-kerala-2
സജി ആടുകൾക്കൊപ്പം. ചിത്രം∙എജിൻ കെ. പോൾ/കർഷകശ്രീ

സജിയും കുടുംബവും അരുമകളായി പുങ്കനൂർ പശുക്കളെ വളർത്തുന്നുവെങ്കിലും ഗിർ, വെച്ചൂർ ഇനങ്ങളും ഇവിടെയുണ്ട്. കൂടാതെ, മികച്ച പാലുൽപാദനമുള്ള 5 സങ്കരയിനം പശുക്കളെയും വളർത്തുന്നു. ദിവസം 80 ലീറ്റർ പാലാണ് ഉൽപാദനം. കാലിത്തീറ്റയ്ക്കു പുറമേ 2 നേരം വൈക്കോലും ഒരു നേരം പച്ചപ്പുല്ലും പശുക്കൾക്ക് നൽകുന്നു. ഇവയ്ക്കൊപ്പം തോത്താപ്പുരി, ബാർബാറി, കനേഡിയൻ പിഗ്മി ആടുകളെയും സജി വളർത്തുന്നുണ്ട്.

punganur-cow-kerala-3
തീറ്റ നൽകാൻ ബോക്സ്. ചിത്രം∙എജിൻ കെ. പോൾ/കർഷകശ്രീ

പുൽത്തൊട്ടിക്ക് ബോക്സ്

പരമ്പരാഗത തൊഴുത്തിന് കോട്ടം വരാതെ സജി നിലനിർത്തിയിരിക്കുന്നു. നാലു പശുക്കൾ ഈ തൊഴുത്തിലാണ്. യന്ത്ര കറവയാണ് സ്വീകരിച്ചു പോരുന്നത്. പുങ്കനൂരും ഗിറും പാർക്കുന്നത് പുതിയ തൊഴുത്തിലാണ്. ലളിതമായ ഈ തൊഴുത്തിൽ സ്ഥിരമായി ഉറപ്പിച്ചിരിക്കുന്ന പുൽത്തൊട്ടിയല്ല സജി ക്രമീകരിച്ചിരിക്കുന്നത്. ആവശ്യാനുസരണം എടുത്തു മാറ്റാവുന്ന തരത്തിൽ തടികൊണ്ടുള്ള ബോക്സുകളാണ് ഓരോ പശുവിന്റെ മുൻപിലും ഉറപ്പിച്ചിരിക്കുന്നത്.

ഫോൺ: 9447164360

English summary: Punganur Cow Farming

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN PETS AND ANIMALS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മൂന്നുനേരം ഭക്ഷണം കിട്ടുന്നത് ലക്ഷ്വറി ആയിരുന്നു

MORE VIDEOS