ADVERTISEMENT

തെരുവിലെ നായ്ക്കളുടെ എണ്ണം നിയന്ത്രിക്കാനും പേ വിഷബാധ പ്രതിരോധിക്കാനും നമുക്ക് പ്രായോഗികമായും നിലവിലെ നിയമങ്ങൾക്ക് വിധേയമായും ചെയ്യാവുന്ന ഏറ്റവും പ്രധാനമായ പദ്ധതിയാണ് ആനിമൽ ബർത്ത് കൺട്രോൾ അഥവാ എബിസിയും തുടർന്നുള്ള ആന്റി റാബീസ്‌ (എആർ) കുത്തിവയ്‌പും. തെരുവിലെ അനാഥ നായകളെ അവയുടെ ആവാസകേന്ദ്രത്തിൽനിന്നും, ശാസ്ത്രീയമായി വല ഉപയോഗിച്ച് പിടിച്ച്, എബിസി കേന്ദ്രത്തിൽ എത്തിച്ച്, ശസ്ത്രക്രിയയിലൂടെ ഗർഭപാത്രം/ വൃഷണങ്ങൾ നീക്കം ചെയ്ത്, ശസ്ത്രക്രിയയുടെ മുറിവുണങ്ങാനുള്ള ചികിത്സയും പേവിഷ പ്രതിരോധ കുത്തിവയ്പ്പും നൽകി, ശസ്ത്രക്രിയയ്ക്ക് ശേഷം 3 - 4 ദിവസം കഴിഞ്ഞ്, അവയെ പിടിച്ച സ്ഥലത്ത് തന്നെ കൊണ്ടുവിടുകയെന്നതാണ് എബിസി അഥവാ ജനന നിയന്ത്രണ പദ്ധതി. ഒരു നായയെ പിടികൂടി വിദഗ്ധഡോക്ടറുടെ നേതൃത്വത്തിൽ വന്ധ്യംകരണം നടത്തി ചുരുങ്ങിയത് മൂന്നു ദിവസം ശസ്ത്രക്രിയനാന്തര പരിചരണം നൽകിയ ശേഷം വാക്സീനും നൽകി പുറത്തുവിടാൻ ഏകദേശം 2100 രൂപ ചെലവ് വരുമെന്നാണ് കണക്കാക്കുന്നത്.

'നായ ശല്യം കുറയണം, എബിസി കേന്ദ്രം വേണം, പക്ഷേ ഞങ്ങളുടെ പ്രദേശത്ത് വേണ്ട'

തെരുവുനായ പ്രശ്നത്തിനുള്ള അടിയന്തര പരിഹാരമാർഗമായി വന്ധ്യംകരണത്തെ കാണാൻ സാധിക്കില്ല. എന്നാൽ രണ്ടോ മൂന്നോ വർഷങ്ങൾക്കുള്ളിൽ ഗുണപരമായ മാറ്റം കണ്ടുതുടങ്ങും എന്നത് ഉറപ്പാണ്. 70 ശതമാനം നായകളെയെങ്കിലും വന്ധ്യംകരിച്ചാൽ അടുത്ത മൂന്ന് വർഷം കൊണ്ട് നായകളുടെ ജനനനിരക്ക് നിയന്ത്രിക്കാൻ സാധിക്കും എന്ന് വിലയിരുത്തപ്പെടുന്നു. വന്ധ്യംകരണം നടത്തുന്നതിനൊപ്പം പേവിഷ പ്രതിരോധ കുത്തിവയ്പും നൽകണം. തെരുവുനായ്ക്കൾ ഉൾപ്പെടെ ഒരു പ്രദേശത്തെ 70 ശതമാനം നായ്ക്കൾക്കും വർഷാവർഷം പേവിഷ പ്രതിരോധ വാക്സീൻ നൽകാൻ കഴിഞ്ഞാൽ നായ്ക്കളിലെ പേവിഷബാധയും നിർമാർജനം ചെയ്യാൻ കഴിയുമെന്നത് ശാസ്ത്രീയമായി അംഗീകരിക്കപ്പെട്ടതാണ്. മാത്രമല്ല, മനുഷ്യരിൽ രോഗബാധക്കുള്ള സാധ്യത ഏകദേശം പൂർണമായും തന്നെ തടയാൻ കഴിയും.

ഇടവേളകൾ ഇല്ലാതെ നടത്തിയാൽ മാത്രമേ നായ്ക്കളുടെ പ്രജനനനിയന്ത്രണ പദ്ധതി പ്രതീക്ഷിക്കുന്ന ലക്ഷ്യം കാണുകയുള്ളു. നിലവിൽ പദ്ധതിയുടെ സാമ്പത്തികച്ചെലവുകളേക്കാൾ ഉപരി എബിസി കേന്ദ്രങ്ങൾ തുടങ്ങുന്നതിലും പ്രവർത്തിക്കുന്നതിലും പ്രാദേശികമായി ഉണ്ടാവുന്ന എതിർപ്പുകളാണ് പ്രധാനപ്രശ്നമായി നിൽക്കുന്നത്. പലയിടങ്ങളിലും തുറന്ന സ്ഥാപനങ്ങൾ പൊതുജനങ്ങളുടെ എതിർപ്പു മൂലം അടച്ചിടേണ്ടി വന്ന സാഹചര്യം പോലുമുണ്ടായിട്ടുണ്ട്. 'നായ ശല്യം കുറയണം, എബിസി കേന്ദ്രം വേണം, പക്ഷേ ഞങ്ങളുടെ പ്രദേശത്ത് വേണ്ട'- എന്നതാണ് പലരുടെയും നിലപാട്. അതിനാൽ സ്ഥലലഭ്യത ഇപ്പോൾ പ്രധാന പ്രശ്നമാണ്. ജനനിബിഡമല്ലാത്ത ഒരു ഏക്കർ സ്ഥലമെങ്കിലും ഒരു എബിസി കേന്ദ്രം തുടങ്ങാൻ ആവശ്യമുണ്ട്. വളർത്തുമൃഗങ്ങൾ ചികിത്സയ്ക്കെത്തുന്ന ഹോസ്പിറ്റലുകളോട് ചേർന്നുതന്നെ എബിസി കേന്ദ്രം തുടങ്ങുന്നതും അഭികാമ്യമല്ല. ജില്ലകളിൽ എബിസി കേന്ദ്രങ്ങൾ തുടങ്ങാൻ സ്ഥലം കണ്ടെത്താനും നിർമാണം നടത്താനും പ്രവർത്തനം ഉറപ്പാക്കാനും തദ്ദേശസ്ഥാപനങ്ങൾ മുൻകൈ എടുക്കണം. ഈ കർമപദ്ധതിയിൽ തദ്ദേശസ്ഥാപനങ്ങളെ സഹായിക്കാൻ മൃഗസംരക്ഷണ വകുപ്പിൽ ഒരു പ്രത്യേക വിഭാഗം തന്നെ രൂപികരിച്ചാൽ ഏറെ ഗുണകരമാവും.

ഒരു ജില്ലയിൽ ഒരു എബിസി കേന്ദ്രം- സ്വീകരിക്കാം നീലഗിരി മാതൃക, വേണം വെറ്ററിനറി പബ്ലിക് ഹെൽത്ത്

അനിമൽ വെൽഫയർ ബോർഡ്‌ ഓഫ് ഇന്ത്യ നിഷ്കർഷിക്കുന്ന നായ്ക്കളുടെ വന്ധ്യംകരണ- വംശനിയന്ത്രണ പ്രവർത്തനമായ എബിസി പ്രോഗ്രാം (അനിമൽ ബർത്ത് കൺട്രോൾ) കാര്യക്ഷമമായും കുറ്റമറ്റ രീതിയിലും  നടപ്പിലാക്കാൻ കഴിയുന്ന കേന്ദ്രങ്ങളാണ് വേണ്ടത്. ഒരു ജില്ലയിൽ പരമാവധി ഒന്നോ രണ്ടോ കേന്ദ്രങ്ങൾ മതിയാവും. ഈ സെന്ററിൽ ആവശ്യമായ ജീവനക്കാർക്ക് വെറ്ററിനറി സർവകലാശാലയിൽ പരിശീലനം കൊടുക്കാം.  ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള നായ്ക്കളെ ദൈനദിനാടിസ്ഥാനത്തിൽ പിടികൂടി ഇവിടെയെത്തിച്ച് വന്ധ്യംകരണം നടത്തി പിടിച്ച പ്രദേശത്ത് തന്നെ തിരിച്ചുവിടാം. കൂടുതൽ സെന്ററുകൾ സ്ഥാപിച്ചാൽ നടത്തിപ്പ്, സാമ്പത്തികം, പ്രാദേശിക എതിർപ്പ് തുടങ്ങിയവ തടസ്സമായേക്കാം. സെന്ററുകളുടെ എണ്ണം കുറവാണെങ്കിൽ നടത്തിപ്പ് എളുപ്പമാവും, മാത്രമല്ല നായ്ക്കളുടെ കൊണ്ടുവരാനും തിരിച്ച് കൊണ്ടു പോവാനുമുള്ള വാഹനച്ചെലവ് മാത്രമേ അധികമായി വരൂ. പേവിഷ മുക്തമായി പ്രഖ്യാപിക്കപ്പെട്ട തമിഴ്നാട് നീലഗിരി ജില്ലയിൽ ഈ മാതൃകയാണുള്ളത്. ഒരു എൻജിഒ നീലഗിരി ജില്ലാ ഭരണകൂടത്തിന്റെ സഹകരണത്തോടെ ഊട്ടിയിൽ സ്ഥാപിച്ച ഒരു എബിസി സെന്ററാണ് നീലഗിരി ജില്ലയിൽ മൊത്തം നായ്ക്കളുടെ വന്ധ്യംകരണ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടപ്പിലാക്കുന്നത്. ഇപ്പോൾ കോയമ്പത്തൂർ ഉൾപ്പെടെ മറ്റ് ജില്ലകളിൽ നിന്നും നായ്ക്കളെ പിടികൂടി ഇവിടെയെത്തിച്ച് വന്ധ്യംകരണം നടത്തുന്നുണ്ട്. കഴിഞ്ഞ 15 വർഷമായി മനുഷ്യരിലും 11 വർഷമായി മൃഗങ്ങളിലും നീലഗിരിയിൽ പേവിഷബാധ സ്ഥിരീകരിച്ചിട്ടില്ല.

നീലഗിരി മാതൃക തന്നെ കേരളത്തിനും സ്വീകരിക്കാവുന്നതാണ്. മൃഗസംരക്ഷണ മേഖലയിൽ പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനകളെ കൂടി എബിസി പ്രവർത്തനത്തിൽ പങ്കാളികളാക്കിയാൽ പദ്ധതി നിർവഹണം എളുപ്പമാവും. ജില്ലാ തലത്തിലുള്ള എബിസി സെന്ററുകൾ സ്ഥാപിക്കാനും നടത്തിപ്പിനും ജനകീയാസൂത്രണ പദ്ധതിപ്രകാരം ഗ്രാമപഞ്ചായത്തുകളും മുൻസിപാലിറ്റികളും കോർപ്പറേഷനുകളും  കൃതമായി ഫണ്ട്  വകയിരുത്തി ജില്ലാപഞ്ചായത്തുകൾക്ക് കൈമാറണം. പദ്ധതി നിർവഹണത്തിനും ഏകോപനത്തിനുമായി മൃഗസംരക്ഷണവകുപ്പിന് കീഴിൽ വെറ്ററിനറി പബ്ലിക് ഹെൽത്ത് വിഭാഗം രൂപീകരിക്കാവുന്നതാണ്. എബിസി കേന്ദ്രത്തിൽ രണ്ടായിരം നായ്ക്കളുടെ സർജറി നടത്തിയ ഡോക്ടർ വേണമെന്നതടക്കം എബിസി സെന്ററുകളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് അപ്രായോഗികമായ ചില ചട്ടങ്ങൾ ഈ വർഷം പുറത്തുവന്നിട്ടുണ്ട്. ഇത്തരം ചട്ടങ്ങൾ ലഘുകരിച്ച് പ്രായോഗിക മാർഗങ്ങൾ മുന്നോട്ട് വയ്ക്കാൻ കേന്ദ്രസർക്കാറും തയാറാവണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com