ADVERTISEMENT

കേൾക്കാനാവാത്ത കരച്ചിൽ കേൾക്കാനും പറയാനാവാത്ത വേദന തിരിച്ചറിയാനും അവയ്ക്കെല്ലാം ആശ്വാസമരുളാനുമുള്ള നിയോഗമാണ് ഒരു വെറ്ററിനറി ഡോക്ടറുടെ ജീവിതത്തിനുള്ളത്. ശസ്ത്രക്രിയ ചെയ്യുന്ന ഡോക്ടർക്ക് കഴുകന്റെ കണ്ണും സിംഹത്തിന്റെ ഹൃദയവും സ്ത്രീയുടെ കരങ്ങളുമാണ് വേണ്ടതെന്നും പറയാറുണ്ട്. ഭാവി വെറ്ററിനറി ഡോക്ടർമാരെ വാർത്തെടുക്കുന്ന വെറ്ററിനറി സർവകലാശാലയുടെ മണ്ണുത്തി വെറ്ററിനറി കോളേജിൽ കഴിഞ്ഞ ദിവസം എത്തിയ രോഗിയുടെ പ്രശ്നം ഏറെ പ്രത്യേകതയുള്ളതായിരുന്നു. മനുഷ്യനല്ലാതെ എല്ലാ മൃഗങ്ങളെയും ചികിത്സിക്കാൻ ചുമതലപ്പെട്ട ഒരു വെറ്ററിനറി ഡോക്ടറിന്റെ രോഗികൾ  ആന മുതൽ അണ്ണാൻ വരെയാകാം എന്നതാണ് ആ പ്രൊഫഷന്റെ ചലഞ്ചും ത്രില്ലുമെന്ന് പറയാം. രോഗി ഒരു പെരുമ്പാമ്പായിരുന്നു. ശരീരത്തിൽ അമ്പ് തുളച്ചു കയറിയ അവസ്ഥയിലായിരുന്നു പാമ്പ്. "അമ്പു കൊള്ളാത്തവരില്ല കുരുക്കളിൽ'' എന്നതാണ് നീതിയെങ്കിലും വെറ്ററിനറി ഹോസ്പിറ്റലിലെ വെറ്ററിനറി  സർജറി ആൻഡ് റേഡിയോളജി വിഭാഗത്തിന് ദീർഘമായ ഒരു ശസ്ത്രകിയക്ക് പെരുമ്പാമ്പിനെ വിധേയമാക്കേണ്ടിവന്നു. അമ്പുകൊണ്ട പെരുമ്പാമ്പിന് അൻപാർന്ന കൈകളാൽ പുതുജീവൻ ലഭിക്കുകയും ചെയ്തു.

snake-2
പരിശോധിക്കുന്നു

തൃശൂർ പെരുവനത്തിനടുത്തുള്ള പാടത്താണ് പരിക്കേറ്റ നിലയിൽ പെരുമ്പാമ്പിനെ നാട്ടുകാർ കണ്ടെത്തുന്നത്. മീൻ പിടിക്കാൻ ഉപയോഗിക്കുന്ന അമ്പ് (SlingShot Arrow or Fishing Dart) ശരീരത്തിൽ ആഴത്തിൽ തുളഞ്ഞുകയറിയ അവസ്ഥയിലായിരുന്ന പെരുമ്പാമ്പിനെ രക്ഷപ്പെടുത്തിയത് സ്നേക്ക് റെസ്ക്യൂവർ ശരത് മാടക്കത്തറയാണ്. വനം വകുപ്പിന്റെ മേൽനോട്ടത്തിൽ സർപ്പ തൃശൂർ ജില്ലാ കോ-ഓർഡിനേറ്റർ ജോജു മുക്കാട്ടുകരയോടൊപ്പം ചേർന്ന് പാമ്പിനെ  മണ്ണുത്തി വെറ്ററിനറി കോളജ് ആശുപത്രിയിൽ ശരത് എത്തിക്കുകയും ചെയ്തു. സർജറി വിഭാഗം മേധാവിയും പ്രഫസറുമായ  ഡോ. ശ്യാം വേണുഗോപാൽ, അസിസ്റ്റന്റ് പ്രഫസർമാരായ ഡോ. റെജി വർഗീസ്, ഡോ. ലൈജു എം. ഫിലിപ്പ് എന്നിവർ നേതൃത്വം നൽകിയ വിദഗ്ധ ചികിത്സാസംഘത്തിൽ ഡോക്ടർമാരായ കെ. ഗായത്രി, ആർ. ഐശ്വര്യ, ലക്ഷ്മി പദ്മനാഭൻ, എസ്. പ്രീതി എന്നിവരുമുണ്ടായിരുന്നു. പാമ്പിന്റെ ശരീരത്തിൽ തറഞ്ഞുകയറിയ അമ്പ് പുറത്തെടുക്കാൻ നടത്തിയ ശസ്ത്രക്രിയ ഒന്നര മണിക്കൂർ നീണ്ടുനിന്നു. തൃശൂർ പറവട്ടാനിയിലുള്ള വനംവകുപ്പിന്റെ ഷെൽറ്ററിലെ മൂന്നു ദിവസത്തെ ശസ്ത്രക്രിയാനന്തര ചികിത്സയ്ക്കും ശുശ്രൂഷയ്ക്കുശേഷം പെരുമ്പാമ്പിനെ  'അമ്പുകളേൽക്കാൻ'  സാധ്യതയില്ലാത്ത വനത്തിലേക്ക് സ്വതന്ത്രനാക്കുകയാണ് വനംവകുപ്പ് ചെയ്യുക.

snake-3

പാമ്പിൻ്റെ ശരീരത്തിൽ തറഞ്ഞത്  മീൻ പിടിക്കാനുപയോഗിക്കുന്ന അമ്പായിരുന്നുവെങ്കിലും അതിൻ്റെ അൽപം സങ്കീർണ്ണമായ ഘടന കാരണമാണ് ഒറ്റനോട്ടത്തിൽ എളുപ്പമെന്ന് തോന്നിക്കുന്ന സർജറി ഒന്നര മണിക്കൂറോളം നീണ്ടുനിന്നതെന്ന് വകുപ്പ് മേധാവി ഡോ.ശ്യാം വേണുഗോപാൽ പറഞ്ഞു. മനുഷ്യരിലും മറ്റു ഓമനമൃഗങ്ങളിലും ശസ്ത്രക്രിയ ചെയ്യുമ്പോൾ പാലിക്കേണ്ട എല്ലാവിധ പ്രോട്ടേക്കോളുകളും പാലിച്ചുവേണം പാമ്പുകൾ പോലെയുള്ള ശീതരക്തമുള്ള മൃഗങ്ങളിലും സർജറി ചെയ്യേണ്ടത്. പുത്തൻ മരുന്നുകളും അനസ്തീസിയ മാർഗങ്ങളും ലഭ്യമായതിനാൽ ഉരഗങ്ങളിലെ ശസ്ത്രക്രിയകൾ പോലും ഇപ്പോൾ താരതമ്യേന സുരക്ഷിതമാണ്. ഓപ്പറേഷൻ തീയറ്ററിൽ ശസ്ത്രക്രിയക്കാവശ്യമായ   ഒരുക്കങ്ങൾക്കുശേഷം പ്രീമെഡിക്കേഷൻ നൽകുന്നു.  കീറ്റമിൻ - മിഡാസോളം മരുന്നുപയോഗിച്ച്  ചെറുതായി മയക്കി പാമ്പിനെ നിയന്ത്രണത്തിലാക്കിയാണ് എക്സ് റേ എടുത്തത്.പിന്നീട് ഐസോഫ്ളൂറൈയിൻ ഗ്യാസ് ഉപയോഗിച്ചു  അനസ്തീസിയക്ക് തുടർച്ചയുണ്ടാക്കി.ഇതിനായി ശ്വാസനാളത്തിലേക്ക് എൻഡോ ട്രക്കിയൽ ട്യൂബ് കടത്തി ഇൻഹലേഷൻ ചെയ്യുന്നു. മനുഷ്യരിൽ ഉപയോഗിക്കുന്ന ഗ്യാസ് അനസ്തീസിയ രീതിയാണ് മൃഗങ്ങളിലും ഉയോഗിക്കുന്നത്.പെരുമ്പാമ്പിന് നൽകിയതും അതുതന്നെയായിരുന്നു.

പാമ്പിന്റെ ശരീരത്തിൽ തറഞ്ഞ അമ്പ് മൂന്ന് ഭാഗങ്ങളായി ശരീരത്തിലിരുന്നത് നീക്കം ചെയ്യുകയെന്നത് വെല്ലുവിളിയായിരുന്നു. ഇവിടെ സഹായകരമായത് മണ്ണുത്തി വെറ്ററിനറി കോളജ് ആശുപത്രിയിൽ സ്ഥാപിച്ചിരുന്ന ' സി- ആം ഇമേജ് ഇന്റൻസിഫയർ' എന്ന ആധുനിക സംവിധാനമായിരുന്നു. സി-ആം നൽകിയ ദൃശ്യങ്ങളാണ് മാംസത്തിൽ ആഴത്തിൽ തറച്ചു കയറിയ അമ്പിന്റെ ഭാഗങ്ങൾ നീക്കം ചെയ്യൽ സാധ്യമാക്കിയത് . ശസ്ത്രക്രിയ കഴിഞ്ഞ് അണുബാധ ഉണ്ടാകാതിരിക്കാൻ ആന്റിബയോട്ടിക്കുകളും നൽകിയിരുന്നു. വിദേശത്ത് മെഡിസിനും വെറ്ററിനറി മെഡിസിനും ഒരേ നിലവാരത്തിലാകുമ്പോൾ , മനുഷ്യരുടെ ചികിത്സാരീതികളുടെ അടുത്തെത്തുംവിധം മൃഗചികിത്സ കേരളത്തിലും ആധുനികമായിരിക്കുന്നുവെന്നത് ഇത്തരം ശസ്ത്രക്രിയകൾ വിജയകരമാക്കുന്നു. സർജറി വകുപ്പിൽ നാല് ഓപ്പറേഷൻ തീയറ്ററുകൾ ഇപ്പോൾ സജ്ജമാണെന്നത് ഇതിന് ഉദാഹരണം. ജനറൽ, ഓർത്തോപീഡിക്സ്, ഓഫ്ത്താൽമോളജി, ലാപ്രോസ്കോപ്പി എന്നിങ്ങനെ നാലു തീയറ്ററുകൾ, പ്രീ, പോസ്റ്റ് ഓപ്പറേറ്റീവ് നിരീക്ഷണത്തിനുള്ള മുഴുവൻ സൗകര്യങ്ങളോടെ  ഇവിടെയുണ്ട്.

പാമ്പിന്റെ  ശ്വാസകോശത്തിനു തൊട്ടുതാഴെയാണ് അമ്പ് വന്ന് കൊണ്ടത്. ശ്വാസകോശങ്ങൾക്ക് പരിക്കേൽക്കാതിരുന്നത് ഗുണമായി. കുടലിന് പരിക്കുകൾ ഉണ്ടായിരുന്നില്ലെങ്കിലും ശരീരത്തിൽ മുഴുനീളത്തിൽ കടന്നിരുന്ന അമ്പിനാൽ ഇര വിഴുങ്ങിയാൽ അത് ദഹനനാളത്തിൽ തടസ്സമുണ്ടാക്കുമായിരുന്നു. മുറിവുകളിലോ  ഭക്ഷണം തടസ്സപ്പെട്ടാൽ കുടലിലോ അണുബാധയുണ്ടായി പാമ്പിന്റെ ജീവൻ അപകടത്തിലാകുമായിരുന്നു എന്നാണ് ഓപ്പറേഷനിൽ പങ്കാളിയായ ഡോ. റെജി വർഗീസിന്റെ നിരീക്ഷണം. ഏതാനും ദിവസങ്ങൾക്കുള്ളിൽ സുഖം പ്രാപിക്കുന്ന പെരുമ്പാമ്പ് കാടേറുമ്പോൾ മിണ്ടാപ്രാണികളുടെ വേദനയും മനുഷ്യന്റേതിനൊപ്പം പരിഗണനയർഹിക്കുന്നു എന്ന വെറ്ററിനറി ഡോക്ടർ ചെയ്യുന്ന പ്രതിജ്ഞ അർഥപൂർണ്ണമാകുന്നു..

വെറ്ററിനറി പ്രൊഫഷൻ, അമ്പേറ്റ പെരുമ്പാമ്പിൽ നടത്തിയ ശസ്ത്രക്രിയ എന്നിവയേക്കുറിച്ച് വെറ്ററിനറി സർവകലാശാല ഡിപ്പാർട്ട്മെന്റ് ഓഫ് സർജറി ആൻഡ് റേഡിയോളജി പ്രഫസർ ആൻഡ് ഹെഡ് ഡോ. ശ്യാം കെ. വേണുഗോപാൽ സംസാരിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT