ADVERTISEMENT

കേരളത്തെ പേവിഷ വിമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാനമെങ്ങും മൃഗാശുപത്രികൾ കേന്ദ്രീകരിച്ച് വളർത്തുനായ്ക്കൾക്കും പൂച്ചകൾക്കും തെരുവുനായ്ക്കൾക്കും പേവിഷ പ്രതിരോധ കുത്തിവയ്പ് കാംപെയിൻ നടന്നുകൊണ്ടിരിക്കുന്ന സമയമാണിപ്പോൾ. 

സമഗ്ര പേവിഷ നിയന്ത്രണ പദ്ധതിയുടെ ഭാഗമായി തദ്ദേശഭരണ സ്ഥാപനങ്ങളിൽ വിവിധ മേഖലകൾ കേന്ദ്രീകരിച്ച് പേവിഷ പ്രതിരോധ കുത്തിവയ്പ് ക്യാംപുകളും സംഘടിപ്പിച്ചിട്ടുണ്ട്. വളർത്തു നായ്ക്കൾക്ക് പ്രതിരോധ കുത്തിവയ്‌പിനു ശേഷം വാക്സിനേഷൻ സർട്ടിഫിക്കറ്റും നൽകും. സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ നായ ഉടമസ്ഥർക്ക് അതാത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽനിന്ന് ലൈസൻസ് ലഭിക്കുന്നതാണ്. ഈ സൗകര്യം പ്രയോജനപ്പെടുത്താനും തങ്ങളുടെ അരുമകളെ പേവിഷബാധയെന്ന മാരകരോഗത്തിൽ നിന്ന് സുരക്ഷിതമാക്കാനുള്ള ജാഗ്രത ഓരോ അരുമ ഉടമകളിൽനിന്നും ഉണ്ടാവേണ്ടതുണ്ട്.

ഈ അവസരം പാഴാക്കുന്നവർ അറിയേണ്ടത്

കഴിഞ്ഞ പത്തുവർഷത്തിനിടെ 120ലധികം ആളുകളാണ് സംസ്ഥാനത്ത് പേവിഷബാധയേറ്റ് മരണപ്പെട്ടത്. മരിച്ചവരിൽ ഭൂരിഭാഗവും കുട്ടികളും ചെറുപ്പക്കാരുമായിരുന്നു. ഇക്കഴിഞ്ഞ വർഷം 21 പേർ സംസ്ഥാനത്ത് പേവിഷബാധയേറ്റ് മരണപ്പെട്ടു. ഈ വർഷം ഇതുവരെ കേരളത്തിൽ പേവിഷബാധയേറ്റുള്ള മരണങ്ങളുടെ എണ്ണം പത്തു കടന്നു. 

സംസ്ഥാനത്ത് കഴിഞ്ഞ വർഷം പേവിഷബാധയേറ്റ് മരിച്ച 21 പേരിൽ ആറു പേർക്കും രോഗബാധയേറ്റത് വളർത്തുനായ്ക്കളിൽ നിന്നായിരുന്നു. ഈ സാഹചര്യത്തിൽ വളർത്തുനായ്ക്കളുടെയും പൂച്ചകളുടെയും പ്രതിരോധ വാക്സിനേഷന് വലിയ പ്രാധാന്യമുണ്ട്. 

വളര്‍ത്തുനായ്ക്കള്‍ക്കും പൂച്ചകള്‍ക്കും മൂന്നു മാസം (12  ആഴ്ച / 90-100 ദിവസം) പ്രായമെത്തുമ്പോള്‍ ആദ്യ പേവിഷബാധ പ്രതിരോധകുത്തിവയ്പ് നല്‍കണം. പിന്നീട് നാല് ആഴ്ചകള്‍ക്കുശേഷം അതായത് നാലു മാസം/ 16 ആഴ്ച പ്രായമെത്തുമ്പോൾ  ബൂസ്റ്റര്‍ കുത്തിവയ്പ്പ് നല്‍കണം. തുടര്‍ന്ന് വര്‍ഷാവര്‍ഷം പ്രതിരോധ കുത്തിവയ്പ്പ് ആവര്‍ത്തിക്കണം. 

പൂർണ്ണസമയം വീട്ടിനകത്തുതന്നെ വളർത്തുന്ന അരുമകൾക്ക് വാക്സിനേഷൻ വേണോ എന്നു ചിന്തിക്കുന്നവരുണ്ട്. അരുമകൾ അകത്തായാലും പുറത്തായാലും വാക്സീൻ എടുക്കുന്നതിൽ വിമുഖത അരുത്. വാക്സീൻ നൽകിയ രേഖകൾ കൃത്യമായി സൂക്ഷിക്കണം. മൃഗങ്ങളുടെ പേവിഷവാക്സിന് പുറത്ത് നല്ല പണച്ചെലവുണ്ട്. എന്നാൽ സർക്കാർ മൃഗാശുപത്രികളിൽ വാക്സിന് 45 രൂപ മാത്രമാണ് ചെലവ് വരിക.

വീട്ടിൽ വളർത്തുന്ന നായ്ക്കളെയും പൂച്ചകളെയും കൂടാതെ ചിലപ്രദേശങ്ങളിൽ ഹൗസിങ് കോളനികളോടു ചേർന്നും വ്യാപാരകേന്ദ്രങ്ങളോട് ചേർന്നും വാഹന സ്റ്റാന്റുകളോടു ചേർന്നുമെല്ലാം ഒരുപാട് ആളുകൾ കൂട്ടത്തോടെ പരിപാലിക്കുന്നതും എല്ലാവരോടും ഇണങ്ങിവളരുന്നതുമായ നായ്ക്കളും പൂച്ചകളും ഉണ്ടാവും. ആർക്കും വ്യക്തിപരമായ ഉടമസ്ഥതയോ ഉത്തരവാദിത്തമോ ഇല്ലെങ്കിലും ഈ മൃഗങ്ങൾ എല്ലാവരുടെയും കൂടിയായിരിക്കും. കമ്മ്യൂണിറ്റി ഡോഗ്‌സ് / ക്യാറ്റ്‌സ് വിഭാഗത്തിൽപ്പെടുന്ന ഇവയ്ക്ക് സമയബന്ധിതമായി പ്രതിരോധവാക്സീൻ നൽകാൻ ബന്ധപ്പെട്ടവർ ശ്രദ്ധിക്കണം.

English summary: The Reason Every Cat and Dog Needs The Rabies Vaccine

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com