ADVERTISEMENT

പ്രസവിച്ച് നൂറു ദിവസംകൊണ്ട് ഉൽപാദിപ്പിച്ചത് 3716 ലീറ്റർ പാൽ. അത് ഇത്ര വലിയ സംഭവമാണോ എന്നു ചോദിച്ചാൽ അതേയെന്നു തന്നെ പറയേണ്ടിവരും. കാരണം മികച്ച പാലുൽപാദനമുള്ള പശുക്കൾ ഒട്ടേറെ കർഷകരുടെ കൈവശമുണ്ടെങ്കിലും ഓരോ ദിവസത്തെ കറവയുടെയും കൃത്യമായ റെക്കോർഡ് സൂക്ഷിച്ച് പാലുൽപാദനത്തെക്കുറിച്ച് പറയാൻ കഴിയുന്ന കർഷകർ വിരലിൽ എണ്ണാനുള്ളവരേ കാണൂ. അതുകൊണ്ടുതന്നെ എറണാകുളം ജില്ലയിലെ കൂത്താട്ടുകുളം ആസ്ഥാനമായി പ്രവർത്തിക്കുന്ന ശ്രീധരീയം ഗ്രൂപ്പിന്റെ ഡെയറി ഫാമിലെ 22-ാം പശു അൽപം വ്യത്യസ്തമാണെന്നുതന്നെ പറയാം. പ്രസവിച്ച് 54-ാം ദിവസം ഈ സുന്ദരിപ്പശു തന്റെ ഏറ്റവും മികച്ച പാലുൽപാദനം കാഴ്ചവച്ചു. അതായത് ഒരു ദിവസത്തെ ഉൽപാദനം 42.7 ലീറ്റർ. ദിവസം മൂന്നു നേരമാണ് കറവ. രാവിലെ നാലും ഉച്ചയ്ക്ക് ഒന്നിനും വൈകുന്നേരം ആറിനുമാണ് കറവ നടക്കുക. ഓരോ തവണയും കറവയ്ക്കു ശേഷം പാൽ കൃത്യമായി തൂക്കം നോക്കി രേഖപ്പെടുത്തിവയ്ക്കുന്നുണ്ട്.

sreedhareeyam-dairy-milk
പാലിന്റെ അളവ് രേഖപ്പെടുത്തിയത്

ഈ പശുവിന്റെ മാതൃ-പിതൃ വിവരങ്ങൾ വ്യക്തമല്ല. തമിഴ്നാട്ടിലെ അറിയപ്പെടാത്ത ഏതോ ഊരിൽന്നു കൊണ്ടുവന്ന അമ്മപ്പശുവിന് അറിയപ്പെടാത്ത വിത്തു മൂരിയിൽ ജനിച്ച പശുവാണ് ശ്രീധരീയം ഡെയറിയിയിലെ 22-ാം നമ്പർ പശു. അതായത് കൂത്താട്ടുകുളത്തുതന്നെ ജനിച്ചു വളർന്ന പശു. രണ്ടാം പ്രസവത്തിലാണ് പാലുൽപാദനം ഉയർന്നത്. എച്ച്എഫ് സങ്കരയിനമായ ഈ പശുവിന് 408 കിലോഗ്രാമാണ് തൂക്കം. 

sreedhareeyam-dairy-feed
22-ാം നമ്പർ പശുവിന് നൽകുന്ന തീറ്റക്കൂട്ട്.

ശ്രീധരീയം ഡെയറിയിലെ പരിചരണവും പ്രത്യേക തീറ്റക്കൂട്ടും അത്യപൂർവമായി പ്രകൃതി സംയോ‍ജിപ്പിച്ച ജനുസ്സും സമ്മേളിച്ചപ്പോഴാണ് ഈ പശു 100 ദിവസങ്ങൾ കൊണ്ട് 3716 ലീറ്റർ പാൽ ഉൽപാദിപ്പിച്ചത്. അതായത് 9000 ലീറ്ററിന് മുകളിൽ സ്റ്റാൻഡേർഡ് ലാക്ടേഷൻ കാഴ്ചവയ്ക്കാൻ കഴിയുന്ന സുന്ദരിയായി മാറിയതെന്ന് അനിമൽ ന്യൂട്രീഷൻ-ബ്രീഡിങ് വിദഗ്ധനായ ഡോ. ഏബ്രഹാം മാത്യു പറഞ്ഞു. വഴക്കില്ലാത്ത മൃദു സ്വഭാവം. പുസ്തകങ്ങളിൽ കാണുന്നതരം തുടിച്ച പാൽ ഞരമ്പും അംഗവിന്യാസവും. മുന്നോട്ടും പിന്നോട്ടും തുടിച്ചു നിൽക്കുന്ന അകിട്, കരുത്തുറ്റ സസ്പെൻസറി ലിഗമെന്റ് (Suspensory Ligament) എന്നിവയെല്ലാം ഈ പശുവിന്റെ പ്രത്യേകതയാണ്.

sreedhareeyam-dairy-2

ഈ പശുവിന്റെ ഗുണങ്ങളെല്ലാം ലഭിക്കുന്ന വിധത്തിൽ ഭ്രൂണമാറ്റ സങ്കേതത്തിലൂടെ പുതിയ പശുക്കുട്ടികളെ ഉൽപാദിപ്പിക്കാനുള്ള ശ്രമത്തിലാണ് ശ്രീധരീയം ആയുർവേദ ഗ്രൂപ്പിന്റെ പരമേശ്വരൻ നമ്പൂതിരി. ലഭ്യമായതിൽ മികച്ച ഏതെങ്കിലും വിദേശ വിത്തു മൂരിയുടെ sex sorted ബീജം ഉപയോഗിച്ച് ഉൽപാദനക്ഷമത വർധിപ്പിക്കാൻ സാധിച്ചാൽ കേരളത്തിന്റെ പ്രജനനരംഗത്ത് ഈ പശു ഒരു നാഴികക്കല്ലാകും. അതിനുള്ള ഒരുക്കത്തിലാണ് ശ്രീധരീയം ഡെയറി എന്നും ഡോ. ഏബ്രഹാം മാത്യു പറഞ്ഞു. 

sreedhareeyam-dairy-1
ശ്രീധരീയം ആയുർവേദ ഗ്രൂപ്പിന്റെ പരമേശ്വരൻ നമ്പൂതിരി 22-ാം നമ്പർ പശുവിനൊപ്പം

പ്രസവ ശേഷം 305 ദിവസങ്ങൾകൊണ്ട് എത്ര പാൽ ഉൽപാദിപ്പിക്കാൻ കഴിഞ്ഞു എന്നതാണ് ഒരു പശുവിന്റെ ഉൽപാദനക്ഷമതയുടെ അളവുകോൽ. ഇതിനെ സ്റ്റാൻഡേർഡ് ലാക്ടേഷൻ യീൽഡ് (Standard Lactation Yield) എന്നു വിളിക്കുന്നു.

പ്രസവശേഷം 100 ദിവസം കൊണ്ട് ഉൽപാദിപ്പിക്കുന്ന പാലും സ്റ്റാൻഡേർഡ് ലാക്ടേഷൻ യീൽഡും ബന്ധപ്പെട്ടിരിക്കുന്നു. 100 ദിവസം കൊണ്ട് കിട്ടിയ പാലിനെ 2.54 കൊണ്ടു ഗുണിച്ചാൽ 305 ദിവസം കൊണ്ട് എത്ര പാൽ ഉൽപാദിപ്പിക്കാനാകും എന്ന് അനുമാനിക്കാം. അറിയുന്നിടത്തോളം കേരളത്തിൽ ഏറ്റവും കൂടിയ Standard Lactation Yield 8538 ലീറ്ററാണ്. 450 കിലോഗ്രാമിൽ കുറവുള്ള കേരളത്തിലെ ക്രോസ്ബ്രീഡ് അഥവാ സങ്കരയിനം പശുക്കളിൽ ഈ ഉൽപാദനം ലഭിക്കുക അത്ര എളുപ്പമല്ല. വിദേശരാജ്യങ്ങളിൽ 900 മുതൽ 1000 കിലോഗ്രാം വരെ തൂക്കമുള്ള പശുക്കൾ 18,000 ലീറ്റർ വരെ ഉൽപാദിപ്പിക്കുന്നു എന്നത് സത്യമാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com