ADVERTISEMENT

ലോകത്തിലെ വിവിധ രാജ്യങ്ങളിൽ വിവിധ മാർഗങ്ങളാണ് തങ്ങളുടെ വളർത്തു മൃഗങ്ങളെ തിരിച്ചറിയാനായി കർഷകർ അവലംബിച്ച് പോരുന്നത്. വിവിധയിനം വളർത്തുമൃഗങ്ങളിൽ സാധാരണയായി അനുവർത്തിച്ചു പോന്നിരുന്ന തിരിച്ചറിയൽ മാർഗങ്ങൾ ടാറ്റൂയിങ്‌, ഹോട്ട് അയൺ ബ്രാൻഡിങ്, നെക്ക് ചെയിൻ ടാഗ്/ ഹെഡ് കോളർ, ഇയർ നോച്ചിങ്, ഇയർ ടാഗ്ഗിങ്, ഫോട്ടോഗ്രാഫ്, നോസ് പ്രിന്റിങ് എന്നിവയൊക്കെയായിരുന്നു. ഇന്ത്യയൊട്ടാകെ ഇന്നും ദേശീയ കുളമ്പുരോഗ പ്രതിരോധകുത്തിവയ്പ് പദ്ധതി, കന്നുകാലി ഇൻഷുറൻസ് എന്നിവയ്ക്കായി ഉപയോഗിച്ച് പോരുന്നത് ഇയർ ടാഗുകളാണ്. ഇത്തരം തിരിച്ചറിയൽ മാർഗങ്ങൾക്ക് അതിന്റെതായ മേന്മകളും ന്യൂനതകളുമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ കൂടുതൽ മെച്ചപ്പെട്ട, ന്യൂനതകൾ പരമാവധി ഒഴിവാക്കിയുള്ള വിശ്വസനീയമായ തിരിച്ചറിയൽ മാർഗം കണ്ടെത്തുന്നതിന്റെ ഭാഗമായുള്ള പ്രവർത്തനങ്ങളുടെ ഫലമായാണ് ഏറ്റവും നൂതനമായ തിരിച്ചറിയൽ മാർഗമായി മൃഗങ്ങളുടെ ശരീരത്തിനുള്ളിൽ മൈക്രോചിപ്പ് സ്ഥാപിക്കുന്ന മൈക്രോചിപ്പിങ് എന്ന സംവിധാനത്തിലേക്ക് മൃഗസംരക്ഷണ ഗവേഷകർ ഇപ്പോൾ എത്തിച്ചേർന്നിരിക്കുന്നത്.

വിവരസാങ്കേതികവിദ്യയുടെ സാധ്യതകളാണ് റേഡിയോ ഫ്രീക്വൻസി ഐഡന്റിറ്റിഫിക്കേഷൻ മൈക്രോച്ചിപ്പിങ്, ഇലക്ട്രോണിക് മൈക്രോച്ചിപ്പിങ്, റേഡിയോ ഹെഡ് കോളർ, എന്നിവയിലെല്ലാം പ്രയോജനപ്പെടുത്തിയിരിക്കുന്നത്. വികസിത രാജ്യങ്ങളിലും ഇന്ത്യയടക്കമുള്ള വികസ്വര രാജ്യങ്ങളിലും വിലയേറിയ വളർത്തുമൃഗങ്ങളിൽ സുരക്ഷിതവും വിശ്വസനീയവുമായ 'അനിമൽ ഐഡന്റിഫിക്കേഷൻ' മാർഗമായി ഉപയോഗിക്കാൻ കഴിയുന്ന ഏറ്റവും നൂതനമായ തിരിച്ചറിയൽ മാർഗ്ഗമാണ് മൈക്രോചിപ്പിങ്.

വളർത്തുമൃഗങ്ങളിൽ തിരിച്ചറിയൽ സംവിധാനങ്ങളുടെ ആവശ്യകത നാം വളർത്തുന്നത് ഒന്നോ അതിൽ കൂടുതലോ മൃഗങ്ങളാകാം. ഏതു സാഹചര്യത്തിലാണെങ്കിലും ഉചിതമായ ഒരു തിരിച്ചറിയൽ സംവിധാനം ആ മൃഗങ്ങൾക്ക് ഉണ്ടാകേണ്ടത് താഴെ പറയുന്ന കാരണങ്ങളാൽ അത്യാവശ്യമാണ്.

  1. മൃഗങ്ങളുടെ ഉടമസ്ഥാവകാശം സ്ഥാപിക്കുന്നതിന്.
  2. മൃഗങ്ങളുടെ അടിസ്ഥാനവിവരങ്ങൾ രേഖപ്പെടുത്തി സൂക്ഷിക്കുന്നതിന്.
  3. മൃഗങ്ങളുടെ പ്രജനനം, രോഗ ചികിത്സ, രോഗപ്രതിരോധ നടപടികൾ എന്നിവ കാര്യക്ഷമമായി നിർവഹിക്കുന്നതിന്.
  4. മൃഗങ്ങളുടെ വംശാവലിയും, ജീവിതരേഖയും മനസ്സിലാക്കുന്നതിനും, ഭാവി കാല ആസൂത്രണത്തിനും.
  5. മൃഗങ്ങൾ ഏതെങ്കിലും സാഹചര്യത്തിൽ കൈമോശം വരുകയാണെങ്കിൽ അവയെ ട്രാക്ക് ചെയ്യുന്നതിന്.
  6. മൃഗങ്ങളുടെ ഇൻഷുറൻസ് ആവശ്യങ്ങൾക്ക്.

മൃഗങ്ങൾക്കായി നിലവിൽ ലഭ്യമായ തിരിച്ചറിയൽ മാർഗങ്ങളിൽവച്ച് ഏറ്റവും നവീനമായ മാർഗങ്ങളിൽ ഒന്നാണ് റേഡിയോ ഫ്രീക്വൻസി ഐഡന്റിഫിക്കേഷൻ ഡിവൈസ്‌ എന്ന  മൈക്രോ ചിപ്പിങ് മാർഗ്ഗം.

മൈക്രോചിപ്പ്: എന്ത്? എങ്ങനെ?

വിവിധ മൃഗങ്ങളിൽ വ്യത്യസ്ത മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടുള്ള മൈക്രോചിപ്പുകളാണ് ഉപയോഗിക്കപ്പെടുന്നത്. അടിസ്ഥാന പരമായി മൈക്രോചിപ്പ് എന്നത് ബയോ കോംപാറ്റബിൽ സ്ഫടികം കൊണ്ട് നിർമിക്കപ്പെട്ട ഒരു ഇലക്ട്രോണിക് ഉപകരണമാണ്. സാധാരണയായി കന്നുകാലികളിൽ ഉപയോഗിക്കുന്ന മൈക്രോചിപ്പിന് 12 മില്ലിമീറ്റർ നീളവും, രണ്ട് മില്ലിമീറ്റർ വ്യാസവും ഉണ്ടാകും. ഒരു നെന്മണിയുടെ മാത്രം വലുപ്പമുള്ള 'യൂണിക് മൈക്രോചിപ്പ് ' സ്റ്റെറിലൈസ് ചെയ്യപ്പെട്ട സിറിഞ്ച് ആൻഡ് നീഡിൽ പാക്കിൽ ഒറ്റ യൂണിറ്റ് ആയിട്ടാണ് അതിന്റെ ഉൽപാദകർ ലഭ്യമാക്കി നൽകുന്നത്.

പശുക്കളിലും, എരുമകളിലും ഇടതു ചെവിയുടെ താഴെ പുറം ഭാഗത്ത്‌ ഈ പ്രത്യേക സിറിഞ്ചും, നീഡിലും ഉപയോഗിച്ച് തൊലിക്ക് അടിയിലായാണ് ഈ ചിപ്പ് ശരീരത്തിനുള്ളിൽ ഘടിപ്പിക്കുന്നത്. ഈ ഭാഗത്ത്‌ ചിപ്പ് ഘടിപ്പിക്കുന്നതിനാൽ ചിപ്പിന് സ്ഥാനമാറ്റം സംഭവിക്കില്ല. ഈ ചിപ്പിനുള്ളിൽ അതാത് മൃഗങ്ങളുടെ സമഗ്ര വിവരങ്ങളും സോഫ്റ്റ്‌വെയറിന്റെ സഹായത്തോടെ ഉൾക്കൊള്ളിക്കാൻ കഴിയും. ഓരോ മൈക്രോ ചിപ്പിനും 15 അക്കങ്ങളുള്ള ഒരു ‘യൂണിക് നമ്പർ’ ഉണ്ട്. ആ ചിപ്പ് നമ്പരിൽ മറ്റൊരു മൃഗവും ഉണ്ടാകില്ല. അതുകൊണ്ടുതന്നെ നമ്മുടെ രാജ്യത്തെ 'ആധാർ നമ്പർ' പോലെ ഓരോ 'മൃഗത്തിനുമുള്ള  യൂണിക് ആധാർ നമ്പർ' ആയി ഈ മൈക്രോചിപ്പുകൾ മാറുന്നു.

മൈക്രോ ചിപ്പുള്ള മൃഗങ്ങളുടെ മുഴുവൻ വിവരങ്ങളും പ്രത്യേക മൈക്രോ ചിപ്പ് റീഡർ കം സ്കാനർ ഉപയോഗിച്ച് നമ്മുടെ ആൻഡ്രോയ്ഡ് ഫോണിലേക്കോ ടാബിലേക്കോ വയർലെസ്സ് ആയി ബ്ലൂടൂത്ത് സഹായത്തോടെ എത്തിക്കാനാകും. 

നായ്ക്കളിൽ തലയ്ക്ക് പുറകിലായി തോളുകൾക്ക് നടുവിലായുള്ള അയഞ്ഞ തൊലിക്ക്‌ അടിയിലാണ് മൈക്രോ ചിപ് നിക്ഷേപിക്കുക. എന്നാൽ ആനകൾക്ക് ഇടത് ചെവിയുടെ താഴെ കഴുത്തിന്റെ ഭാഗത്തായാണ്.

നേട്ടങ്ങൾ

  1. മൃഗങ്ങളുടെ ജീവിതകാലയളവിൽ ഒരു തവണ മാത്രം ഘടിപ്പിച്ചാൽ അത് ജീവിതാവസാനം വരെ നിലനിൽക്കുന്നു.
  2.  ഒരു ദിവസം പ്രായമുള്ള മൃഗങ്ങൾക്കും ഘടിപ്പിക്കാം.
  3. പാർശ്വഫലങ്ങളില്ല.
  4. ഓരോ മൃഗത്തിന്റെയും വിശദാംശങ്ങൾ അടങ്ങിയ അനിമൽ ഡാറ്റാബേസ്‌ സൃഷ്ടിക്കാൻ കഴിയുന്നു. ഇത്തരത്തിൽ ശേഖരിക്കപ്പെടുന്ന ഡേറ്റകൾ പിന്നീട്, ഡാറ്റ അനലിറ്റിക്സ് പ്രജനന നിരീക്ഷണം, വംശാവലി രേഖ തയാറാക്കൽ, രോഗ ചികിത്സയും, രോഗ നിരീക്ഷണവും, പ്രതിരോധവും, ഇ. വെറ്ററിനറി സർവീസസ്‌, ഇൻഷുറൻസ് അധിഷ്ഠിത സേവനങ്ങൾ, ഭാവി പ്രവർത്തനങ്ങളുടെ ആസൂത്രണം എന്നിവയ്ക്കായി ഉപയോഗിക്കാൻ കഴിയുന്നു.
  5. ചിപ്പുള്ള വളർത്തു മൃഗങ്ങളെ വിൽക്കുകയോ, കൈമാറ്റം ചെയ്യുകയോ ചെയ്യുമ്പോൾ, അവയുടെ സമഗ്രമായ ചരിത്രം ലഭ്യമാകുന്നതിനാൽ, ഈ കൊടുക്കൽ -വാങ്ങലുകൾക്ക് വിശ്വസനീയതും, സുതാര്യതയും, മൂല്യവും കൈവരുന്നു.
  6. നിലവിൽ കന്നുകാലികളെ തിരിച്ചറിയുന്നതിനായി ടാഗ്ഗിങ് (ചെവിയിൽ ടാഗ് ഘടിപ്പിക്കൽ) ആണ് ഉപയോഗിച്ചു വരുന്നത്. ഇവ നഷ്ടപ്പെടുന്നതിനും, കൃത്രിമമായി നീക്കം ചെയ്യുന്നതിനും, പ്ലാസ്റ്റിക് ടാഗ്ഗിങ് ചെയ്യുന്ന ഭാഗത്ത്‌ മുറിവ്, അണുബാധ, ക്ഷതങ്ങൾ, പുഴു ബാധ എന്നിവ ഉണ്ടാകുന്നതിനുമൊക്കെ സാധ്യതകളുണ്ട്. ഏതെങ്കിലും കാരണത്താൽ തിരിച്ചറിയൽ ടാഗുകൾ നഷ്ടപ്പെട്ടാൽ ഇൻഷുറൻസ് സംരക്ഷണം ലഭിക്കാതെ പോകുന്ന സാഹചര്യങ്ങളും ഉണ്ടാകാറുണ്ട്. എന്നാൽ, മൈക്രോ ചിപ്പ് ഉപയോഗിച്ച് ഇൻഷുറൻസ് ചെയ്യപ്പെടുന്ന മൃഗങ്ങളുടെ ഐഡന്റിറ്റി, യാദൃച്ചികമോ, കൃത്രിമമായോ നഷ്ടപ്പെടാത്തതുകൊണ്ടുതന്നെ ഇൻഷുറൻസ് കമ്പനികൾ ഈടാക്കുന്ന കന്നുകാലി ഇൻഷുറൻസ് പ്രീമിയത്തിൽ ഗണ്യമായ കുറവുണ്ടാകും. ഇത് കർഷകർക്ക് സാമ്പത്തിക ലാഭം ഉണ്ടാക്കും.
  7. ജിപിഎസ് സംവിധാനം കൂടിയുള്ള മൈക്രോ ചിപ്പ് ആണെങ്കിൽ കന്നുകാലികൾ മോഷ്ടിക്കപ്പെട്ടാലും ട്രാക്ക് ചെയ്യാൻ കഴിയും.
  8. ആർഎഫ്ഐഡി മൈക്രോ ചിപ്പുകളാണെങ്കിൽ വന്യ മൃഗങ്ങളെയും ട്രാക്ക് ചെയ്യാം.
  9. മൈക്രോ ചിപ്പുള്ള മൃഗങ്ങളുടെ ഉടമകളായ കർഷകർക്ക് ഭാവിയിൽ കാലാവസ്ഥ വ്യതിയാനം, പ്രകൃതി ക്ഷോഭങ്ങൾ എന്നിവയെക്കുറിച്ചുള്ള മുന്നറിയിപ്പ് സന്ദേശങ്ങളും അതിനനുസൃതമായ സോഫ്റ്റ്‌വെയർ മുഖാന്തിരം ലഭ്യമാക്കാൻ കഴിയും.
micro-chip-tagging-cattle-1
റേഡിയോ ഫ്രീക്വൻസി ഐഡന്റിഫിക്കേഷൻ ഡിവൈസ്‌ കുത്തിവയ്ക്കുന്നു

പത്തനംതിട്ട മോഡൽ മൈക്രോ ചിപ്പിങ് പ്രോഗ്രാം

കന്നുകാലികളിൽ ഉപയോഗിക്കുന്ന ഇയർ ടാഗിന്റെ ന്യൂനതകൾ ഒഴിവാക്കിയുള്ള ഒരു തിരിച്ചറിയൽ രീതി പത്തനംതിട്ട ജില്ലയിലെ ആനിക്കാട് ഗ്രാമപഞ്ചായത്തിൽ 2019ൽ നടപ്പാക്കിയിരുന്നു. വെറ്ററിനറി സർജന്മാരായ ഡോ. ആർ.സുജ, ഡോ. മേരി ബിൽന ചാണ്ടി എന്നിവരുടെ നേതൃത്വത്തിലാണ് കേരളത്തിലാദ്യമായി ഒരു പഞ്ചായത്തിലെ മുഴുവൻ പശുക്കൾക്കും എരുമകൾക്കും മൈക്രോ ചിപ്പിങിലൂടെയുള്ള തിരിച്ചറിയിൽ എന്ന പദ്ധതി യാഥാർഥ്യമായത്. ‌ഇതിന്റെ തുടർച്ചയായി ഇരവിപേരൂർ ഗ്രാമപഞ്ചായത്തിൽ ഡോ. സതീഷ് കുമാറിന്റെ നേതൃത്വത്തിലും ഈ നൂതന തിരിച്ചറിയൽ സംവിധാനം നടപ്പിലാക്കി. 2018ലെ മഹാപ്രളയം ബാധിച്ച പത്തനംതിട്ട ജില്ലയിൽ ഒട്ടേറെ കന്നുകാലികളെ ഒഴുക്കിൽപ്പെട്ട് നഷ്ടപ്പെട്ടിരുന്നു. നഷ്ടപ്പെട്ട മൃഗങ്ങളെ സംബന്ധിച്ചു കൃത്യമായ രേഖകളുടെ അഭാവംകൊണ്ടു മാത്രം പല കർഷകർക്കും നഷ്ടപരിഹാരം ലഭിച്ചില്ല. അതുകൊണ്ടായിരുന്നു ഇത്തരത്തിലൊരു പദ്ധതി ആവിഷ്കരിച്ചത്.

ഭാവിയിൽ ഇത്തരം പ്രശ്നങ്ങൾ ഒഴിവാക്കുന്നതിനുവേണ്ടിയായിരുന്നു പത്തനംതിട്ട ജില്ലയിൽ പൈലറ്റ് പദ്ധതിയായി റേഡിയോ ഫ്രീക്വൻസി ഐഡന്റിഫിക്കേഷൻ ഡിവൈസ്‌ എന്ന ആർഎഫ്ഐഡി മൈക്രോചിപ്പിങ് എന്ന നൂതന കന്നുകാലി തിരിച്ചറിയൽ പദ്ധതി 2022ൽ നടപ്പിൽ വരുത്തിയത്. ഇന്ത്യയിൽത്തന്നെ ആദ്യമായി ഒരു ജില്ലയിലെ മുഴുവൻ പശുക്കൾക്കും എരുമകൾക്കും മൈക്രോ ചിപ്പിങ് നടത്തിയെന്ന അപൂർവ നേട്ടമാണ് കേരള മൃഗസംരക്ഷണ വകുപ്പ് ഡയറക്ടർ ഡോ. കൗശിഗന്റെ നേതൃത്വത്തിൽ നടപ്പിലാക്കിയ 'ഇ സമൃദ്ധ' എന്ന ഈ പദ്ധതി പൂർത്തീകരണത്തോടെ പത്തനംതിട്ട ജില്ല കരസ്ഥമാക്കിയത്.

2022 മേയ്‌ 31ന് കേരള മൃഗസംരക്ഷണ -ക്ഷീര വികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചു റാണിയാണ് 'ഈ സമൃദ്ധ' പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം നിർവഹിച്ചു പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടത്. 2018ലെ മഹാപ്രളയം രൂക്ഷമായി ബാധിക്കപ്പെട്ട ജില്ലയായത് കൊണ്ടാണ്  കന്നുകാലികളിലെ ആഎഫ്ഐഡി മൈക്രോ ചിപ്പിങ് എന്ന നൂതന പദ്ധതിയുടെ പൈലറ്റ് പ്രൊജക്ട് നടപ്പിലാക്കുന്നതിന് പത്തനംതിട്ട ജില്ലയെ തിരഞ്ഞെടുത്തത്. കേരള പുനർനിർമാണ പദ്ധതി(റീബിൽഡ് കേരള ഇനിഷ്യയേറ്റീവ് )യുടെ കീഴിലായിരുന്നു ഈ ഉദ്യമം. മറ്റു ജില്ലകളെ അപേക്ഷിച്ച് താരതമ്യേന കന്നുകാലികളുടെ എണ്ണം കുറഞ്ഞ ജില്ല എന്നതും ഒരു കാരണമാണ്.

കേരള ഡിജിറ്റൽ സർവകലാശാലയാണ് ഈ പദ്ധതിക്കായി ‘ഇ സമൃദ്ധ’ എന്ന സോഫ്റ്റ്‌വെയർ വികസിപ്പിക്കുകയും സാങ്കേതിക നിർദേശങ്ങൾ അടക്കമുള്ള  ഡേറ്റാ ബേസ്‌ സൃഷ്ടിക്കുകയും ചെയ്തത്. മൃഗങ്ങളിൽ നിക്ഷേപിച്ച ജർമൻ നിർമിത ആർഎഫ്ഐഡി മൈക്രോചിപ്പ്, ചിപ്പ് റീഡർ കം സ്കാനർ എന്നിവ ലഭ്യമാക്കി നൽകിയതും കേരള ഡിജിറ്റൽ യൂണിവേഴ്സിറ്റിയാണ്. കേരള മൃഗസംരക്ഷണ വകുപ്പിന്റെ പത്തനംതിട്ട ജില്ലയിലെ മുഴുവൻ വെറ്ററിനറി സർജൻ മാർക്കും ലൈവ് സ്റ്റോക്ക് ഇൻസ്‌പെക്ടർമാർക്കും കേരള ഡിജിറ്റൽ സർവകലാശാലയിലെ 'ഇ സമൃദ്ധ പ്രൊജക്ട് ' മേധാവി പ്രഫ. അജിത് കുമാർ, മൃഗസംരക്ഷണ വകുപ്പ് ഐടി വിഭാഗം ഉദ്യോഗസ്ഥരായ ഡോ. പ്രേം ജയൻ, ഡോ. ബാലചന്ദ്രൻ, ഡോ. ജാൻകി ദാസ് എന്നിവരുടെ നേതൃത്വത്തിൽ വിശദമായ സാങ്കേതിക പരിശീലനം നൽകുകയും ചെയ്ത ശേഷമാണ് ഫീൽഡ് തല പദ്ധതി നിർവഹണം ആരംഭിച്ചത്. ഫീൽഡ് തല പദ്ധതി നിർവഹണ ഉദ്ഘാടനം പത്തനംതിട്ട ജില്ലാ കളക്ടർ ഡോ. ദിവ്യ എസ്. അയ്യർ നിർവഹിച്ചു.

ഇന്ത്യയിലെ മൃഗസംരക്ഷണ മേഖലയിൽ ഈ അടുത്തകാലത്തായി നടന്ന ഏറ്റവും ശ്രദ്ധേയമായ നിശബ്ദ ഐടി വിപ്ലവമാണ് പത്തനംതിട്ട ജില്ലയിൽ നടപ്പിലാക്കിയ കന്നുകാലികളിലെ സമ്പൂർണ ആർഎഫ്ഐഡി മൈക്രോചിപ്പിങ് പദ്ധതി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com