ADVERTISEMENT

വളർത്തുമൃഗങ്ങളോടുള്ള രത്തൻ ടാറ്റയുടെ ഇഷ്ടം പ്രസിദ്ധമാണ്, പ്രത്യേകിച്ച് നായ്ക്കളോടുള്ള ഇഷ്ടം. തന്റെ അരുമകളോടൊത്തുള്ള ചിത്രങ്ങൾ അദ്ദേഹത്തിന്റെ സാമൂഹ്യമാധ്യമ പോസ്റ്റുകളിൽ കാണാം. അദ്ദേഹം അവയ്ക്ക് നൽകുന്ന പരിഗണന ഇതിൽ നിന്നു വ്യക്തമാണ്. എന്നാൽ ഇതിനുമപ്പുറം, മൃഗങ്ങളോടുള്ള തന്റെ ഇഷ്ടം രത്തൻ ടാറ്റ പ്രകടിപ്പിക്കുന്നത് നിസ്സാരമായ രീതിയിലല്ല. മൃഗങ്ങൾക്കു വേണ്ടി ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ആശുപത്രി മുംബെയിൽ ഒരുക്കുകയാണ് അദ്ദേഹം. രണ്ടു വർഷത്തിനകം ആശുപത്രി പ്രവർത്തനസജ്ജമാകും. ടാറ്റയുടെ ഈ തീരുമാനത്തെ പിന്തുണച്ചുകൊണ്ട് അമുൽ പുറത്തിറക്കിയ ഡൂഡിൽ ഇരട്ടിമധുരവുമായി.  

അരുമ മൃഗങ്ങളെ വീട്ടിലെ അംഗങ്ങളെപ്പോലെ കരുതുന്ന രത്തൻ ടാറ്റയുടെ മനസ്സിൽ പെട്ടെന്ന് പൊട്ടിമുളച്ച ആശയമല്ല ഈ ആശുപത്രി. അദ്ദേഹത്തിന്റെ വളർത്തുനായയെ സന്ധി മാറ്റ ശസ്ത്രക്രിയയ്ക്കു വേണ്ടി അമേരിക്കയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും സമയം വൈകിയതിനാൽ ആ അരുമ മൃഗത്തിന്റെ കാൽ മുറിച്ചുമാറ്റേണ്ടി വന്നു. ഈ സംഭവം അദ്ദേഹത്തിന്റെ മനസ്സിനെ അലട്ടുകയും എല്ലാവിധ സംവിധാനങ്ങളുമുള്ള ആധുനിക പെറ്റ് ഹോസ്പിറ്റൽ മുംബൈയിൽ ഉണ്ടാവേണ്ടത് അവശ്യമാണെന്നും മനസ്സിലാക്കി.  

2.2 ഏക്കറിൽ 100 കോടിയലധികം രൂപ ചെലവാക്കിയാണ് ആശുപത്രി നിർമ്മാണം. മുനിസിപ്പൽ കോർപ്പറേഷൻ ഓഫ് ഗ്രേറ്റർ മുംബൈ ആണ് ആശുപത്രിക്കുള്ള സ്ഥലം നൽകുന്നത്. അഞ്ചു നിലകളിലായി നിർമിക്കപ്പെടുന്ന ആശുപത്രയിൽ 200 മൃഗങ്ങളെ താമസിപ്പിച്ച് ചികിത്സിക്കാനുള്ള സൗകര്യമുണ്ടായിരിക്കും. 24 മണിക്കൂറും പ്രവർത്തിക്കുന്ന ആശുപത്രി അരുമമൃഗങ്ങൾ, പക്ഷികൾ, വളർത്തു മൃഗങ്ങൾ എന്നിവയുടെ ചികിത്സയ്ക്കും തുടർ പരിചരണം ലക്ഷ്യമിടുന്നു. മൃഗങ്ങളുടെ അവകാശ സംരക്ഷണത്തിനു വേണ്ടി പ്രവർത്തിക്കുന്ന സംഘടനയായ പീപ്പിൾ ഫോർ അനിമലുമായി ചേർന്നാണ് ടാറ്റാ ഗ്രൂപ്പ് ഈ ആശുപത്രി തുടങ്ങുന്നത്. 

ആശുപത്രി എന്നതിനപ്പുറം മൃഗസംരക്ഷണ രംഗത്ത് ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച സ്ഥാപനമായി ഈ ആശുപത്രിയെ മാറ്റുക എന്ന ലക്ഷ്യമാണ് ടാറ്റാ ഗ്രൂപ്പിനും പീപ്പിൾ ഫോർ അനിമലിനുമുള്ളത്. അതിനായി മൃഗസംരക്ഷണ രംഗത്തെ അതികായരായ  കോർണൽ യൂണിവേഴ്സിറ്റി ഓഫ് വെറ്റിനറി സയൻസുമായി സഹകരിച്ച് പ്രവർത്തിക്കും. മൃഗസംരക്ഷണവുമായി ബന്ധപ്പെട്ട് തുടർപഠനം, പരിശീലിന പരിപാടികൾ, വെറ്ററിനറി ഡോക്ടർമാർക്കുള്ള നൈപുണ്യ പരിശീനം മുതലായവയെല്ലാം ഉൾപ്പെടുന്ന വിപുലമായ സംവിധാനമാണ് സജ്ജമാകുന്നത്. ഇതിനു പുറമെ മൃഗചികിത്സാ രംഗത്ത് വൈദഗ്ധ്യം സിദ്ധിച്ചവരെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ അവർക്കായി മികച്ച പരീശീലനം നൽകും. ചുരുക്കത്തിൽ മൃഗാശുപത്രി എന്ന പരമ്പരാഗത ചിന്താഗതിക്കപ്പുറം, ഇന്ത്യയിലെ മൃഗചികിത്സാരംഗത്ത് മികച്ച നിലവാരത്തിലുള്ള മനുഷ്യവിഭവശേഷി വളർത്തിയെടുക്കാൻ പദ്ധതിയിടുകയാണ് ടാറ്റാ.

നായ്ക്കൾക്ക് സെമിത്തേരി

നായ്ക്കളെ തങ്ങളുടെ സുരക്ഷാവിഭാഗത്തിന്റെ ഭാഗമാക്കിയ ഇന്ത്യയിലെ ആദ്യത്തെ സ്ഥാപനമാണ് ടാറ്റാ മോട്ടേഴ്സ്. അന്ന് ടെൽകോ എന്ന പേരായിരുന്നു കമ്പനിക്കുണ്ടായിരുന്നത്. ടെൽകോയുടെ അന്നത്തെ ജനറൽ മാനേജരായിരുന്ന ലഫ്.ജന.എസ്.ഡി.വർമ്മയാണ് ഈ ആശയത്തിനു പിന്നിൽ. 50 വർഷം മുൻപ്, അതായത് 1963ലാണ് ടാറ്റാ മോട്ടോഴ്സിന്റെ ജെംഷെഡ്പുർ പ്ലാന്റിൽ കെന്നൽ ആരംഭിച്ചത്. ബോംബെ പൊലീസ് പരിശീലിപ്പിച്ച നാലു നായ്ക്കളായിരുന്നു ഇവിടുത്തെ ആദ്യ ബാച്ച്. കെന്നൽ ആരംഭിച്ച് തൊട്ടടുത്ത വർഷംതന്നെ നായ്ക്കൾക്കുവേണ്ടി ഒരു സെമിത്തേരിയും കമ്പനി വളപ്പിൽത്തന്നെ തയാറാക്കി. സെമിത്തേരിക്കൊപ്പം നായ്ക്കളുടെ പാർപ്പിടവും ചികിത്സാകേന്ദ്രവും ഉണ്ടായിരുന്നു. കമ്പനിയുടെ സുരക്ഷയ്ക്കായി പ്രവർത്തിച്ച നായ്ക്കളുടെ ഓർമകൾ എന്നും നിലനിൽക്കുന്നതിനുവേണ്ടിയായിരുന്നു ഈ തീരുമാനം. ഈ തീരുമാനം ജോലിക്കാരായ ശ്വാനന്മാർക്കുവേണ്ടി ഇന്നും കൃത്യമായി പരിപാലിക്കപ്പെടുന്നു. സുരക്ഷാ നായ്ക്കൾക്കായുള്ള രാജ്യത്തെ ഒരേയൊരു സെമിത്തേരിയെന്നാണ് ഇത് അറിയപ്പെടുക.  അഞ്ച് ഏക്കർ വിസ്തൃതിയുള്ള സെമിത്തേരിയിൽ മുപ്പതിലധികം നായ്ക്കളെ മറവു ചെയ്തിട്ടുണ്ട്. ഓരോ നായയുടെയും കല്ലറകളിൽ അവയുടെ പൂർണ വിവരങ്ങൾ അതായത്, ജനനം, മരണം, പേര്, ബ്രീഡ്, കമ്പനിയിൽ ജോലി ചെയ്ത കാലഘട്ടം എന്നിവയെല്ലാം ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാവിധ ബഹുമാനങ്ങളോടും കൂടിയായിരുന്നു നായ്ക്കളെ അടക്കം ചെയ്തിരുന്നത്. അവയുടെ സംസ്കാരച്ചടങ്ങ് വിപുലമായാണ് നടത്തിയിരുന്നത്. 

tata-group-dog
ബോംബെ ഹൗസിലെ നായ്ക്കൾ

ബോംബെ ഹൗസ് അടക്കിവാഴുന്ന ഗോവയും കൂട്ടുകാരും

ടാറ്റാ ഗ്രൂപ്പിന്റെ ആസ്ഥാനമായ ബോംബെ ഹൗസ് ഏതാനും നായ്ക്കളുടെ കൂടി വാസകേന്ദ്രമാണ്. അക്സസ് കാർഡ് ഇല്ലാതെ ബോംബെ ഹൗസിൽ സഞ്ചരിക്കാൻ കഴിയുന്ന ഒരേയൊരു കൂട്ടർ ഇവരാണ്. ഗോവ, സ്വീറ്റി, ജൂനിയർ, സിംബ, ചോട്ടു, മുന്നി, ബുഷി, ജാക്കൽ, റാണ തുടങ്ങിയവരാണ് ബോംബെ ഹൗസിലെ ശ്വാന താരങ്ങൾ. വലിയ വംശപാരമ്പര്യവും ബ്രീഡ് ക്വാളിറ്റിയും അവകാശപ്പെടാനില്ലാതെ എല്ലാവരും തെരുവുനായ്ക്കളാണെന്ന പ്രത്യേകതയുമുണ്ട്. 2018ൽ പുതുക്കിപ്പണിതശേഷം നായ്ക്കൾക്കായി പ്രത്യേകം സ്ഥലം ബോംബെ ഹൗസിൽ ഒരുക്കിയിട്ടുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com