ADVERTISEMENT

‘‘ആടുഫാം ആരംഭിക്കുമ്പോൾത്തന്നെ ഓടിനടന്ന് പ്രശസ്തമായ ആടിനങ്ങളെയെല്ലാം വാങ്ങിക്കൂട്ടുന്ന സംരംഭകരുണ്ട്. ഇന്ത്യയിൽ കിട്ടാവുന്ന എല്ലാ ഇനങ്ങളിലുംപെട്ട ആടുകളെ വാങ്ങി പ്രദർശിപ്പിച്ചാലേ നല്ലൊരു ഫാമാകൂ എന്നാണ് അവർ കരുതുന്നത്. ഉപജീവനത്തിനായി ആടു വളർത്താനിറങ്ങുന്നവർ വിപണിയും സാഹചര്യങ്ങളുമൊക്ക പരിഗണിച്ചു വേണം ഇനം തീരുമാനിക്കാൻ. അതല്ല, ജംനാപാരി പോലുള്ള മുന്തിയ ഇനങ്ങളെ വളർത്താനാണ് ഉദ്ദേശ്യമെങ്കിൽ അതിനും വേണം ദീർഘകാലം ആടുവളർത്തിയുള്ള മുൻപരിചയവും വിപണിയെക്കുറിച്ചുള്ള ധാരണയും’’, ഓമനമൃഗമായി പരിപാലിക്കുന്ന ജംനാപാരി ആടിനെ ചേർത്തു നിർത്തി ലാളിച്ചുകൊണ്ട് രാധാകൃഷ്ണൻ പറയുന്നു.

തൃശൂർ ഗവൺമെന്റ് ട്രെയിനിങ് കോളജിലെ ലൈബ്രേറിയനായ രാധാകൃഷ്ണന്റെ രാമവർമപുരത്തുള്ള വീട്ടിലെത്തിയാൽ ഒറിജിനൽ ജംനപാരിയെ കാണാം. ഒപ്പം, ബീറ്റലും സിരോഹിയും ഹൈദരാബാദിയുമെല്ലാമുണ്ട്. എന്തുകൊണ്ടാണ് ഫാം തുടങ്ങുന്നവർ പ്രാരംഭഘട്ടത്തിൽ ഇവയെ വാങ്ങരുതെന്നു പറയുന്നത്? ‘ഉപജീവനമാർഗമാക്കാം എന്ന പ്രതീക്ഷയോടെ ആടുവളർത്തലിലേക്കു വരുന്നവർ അബദ്ധത്തിൽ ചാടരുത്, അതു തന്നെ കാരണം’, രാധാകൃഷ്ണന്റെ മറുപടി. ദീർഘകാലം  ആടുവളർത്തിയുള്ള പരിചയത്തിന്റെ ബലത്തിലാണ് താനിപ്പോൾ മറുനാടൻ ഇനങ്ങളെ പോറ്റുന്നതെന്നു രാധാകൃഷ്ണൻ. എന്നു മാത്രമല്ല, ജോലിയുള്ളതുകൊണ്ട് ഉപജീവനമാർഗമായല്ല, അധിക വരുമാനമാർഗമായാണ് ആടുവളർത്തലിനെ കാണുന്നതും. മൂന്നാമത്തെ കാര്യം, പെറ്റ് അഥവാ ഓമനമൃഗം എന്ന നിലയ്ക്കാണ് അടുകളെ പരിപാലിക്കുന്നതും കുഞ്ഞുങ്ങളെ വിൽക്കുന്നതും. അതായത് ഓമനമൃഗങ്ങളായി നായ്ക്കളെയും പൂച്ചകളെയും വളർത്തി ബ്രീഡിങ് നടത്തി കുഞ്ഞുങ്ങളെ വിൽക്കുന്ന അതേ രീതി. ഓമനമൃഗം എന്ന നിലയ്ക്ക് വിശിഷ്ട ജനുസ്സിൽപെട്ട ആടിനങ്ങളെ വളർത്താൻ താൽപര്യപ്പെടുന്നവരുണ്ട്. അവരെ മുന്നിൽക്കണ്ടാണ് രാധാകൃഷ്ണന്റെ ആടുവളർത്തൽ. ഉപജീവനത്തിനായി ആടുവളർത്താനിറങ്ങുന്നവരെ സംബന്ധിച്ച്, പരിമിതമായുള്ള ഈ പെറ്റ് വിപണിയെമാത്രം ആശ്രയിച്ചു മുന്നോട്ടു പോകാനാവില്ല. അതേസമയം, ആടുവളർത്തി പയറ്റിത്തെളിഞ്ഞ മുഴുവൻ സമയ കർഷകർക്ക് അനുബന്ധ വരുമാനമായി ഈ രീതി സ്വീകരിക്കാമെന്നും രാധാകൃഷ്ണൻ പറയുന്നു. 

Read also: 30 ആടുകളും വർഷം 1.8 ലക്ഷം രൂപ ലാഭവും: അറിയാം ആടുകർഷകരായ വെറ്ററിനറി ഡോക്ടർ ദമ്പതിമാരുടെ വിജയരീതികൾ 

ഫാൻസി ആടുകൾ

ആടുവളർത്തൽ തുടങ്ങിയ കാലത്ത് മലബാറി തന്നെയായിരുന്നു രാധാകൃഷ്ണന്റെയും ഇനം. ക്രമേണയാണ് ബീറ്റലും സിരോഹിയും ഹൈദരാബാദിയും ജംനാപ്യാരിയുമെല്ലാം കൂട്ടിലെത്തുന്നത്. ലാഭമല്ല, അവയുടെ അഴകും ആകാരഗാംഭീര്യവുമാണ് തന്നെ ആകർഷിച്ചതെന്നു രാധാകൃഷ്ണൻ. ഇന്ത്യയിലെ ആടിനങ്ങളിൽ പ്രത്യുൽപാദനക്ഷമത ഏറ്റവും കുറഞ്ഞ ഇനമാണ് ജംനാപ്യാരി. ഒന്നേകാൽ കൊല്ലത്തിലാണ് ഒരു പ്രസവം നടക്കുക. ഒരു കുട്ടിയാണു പതിവ്. ഒരു പ്രസവം കഴിഞ്ഞാൽ നീണ്ട മാസങ്ങൾ മദികാണിക്കാതെ ചുരത്തിക്കൊണ്ടിരിക്കും. നീണ്ട ജട മൂലം മദിലക്ഷണങ്ങൾ കണ്ടെത്താൻ കഴിഞ്ഞെന്നും വരില്ല. ശരാശരി 3 ലീറ്റർ പാൽ ചുരത്തും. അതുകൊണ്ടുതന്നെ അകിടുവീക്ക സാധ്യതയും കൂടുതൽ. ചുരുക്കത്തിൽ, പെട്ടെന്നുള്ള വരുമാനം പ്രതീക്ഷിച്ചു വളർത്താവുന്ന ഇനമല്ല ജംനാപ്യാരി. അതേസമയം, ജംനാപ്യാരിയെ മോഹവിലയ്ക്കു വാങ്ങാൻ തയാറുള്ള പെറ്റ്പ്രമികൾ ഉണ്ടെന്ന് രാധാകൃഷ്ണൻ. കുഞ്ഞിനെ വളർത്തി ചെനയെത്തിച്ചു വിൽക്കുകയാണെങ്കിൽ 25,000–30,000 രൂപ വിലയുണ്ട്. നീണ്ടു തൂങ്ങുന്ന ചെവിയുള്ള ഹൈദരാബാദി ബീറ്റലിനും ഫാൻസി ആട് എന്ന നിലയിൽ ഇന്ന് ആരാധകരും ആവശ്യക്കാരുമുണ്ട്. ‘ബാംഗ്ലൂർ ലോങ് ഇയർ ഗോട്ട്’ ആണ് മറ്റൊരു ഫാൻസി ഇനം. 

goat-radhakrishnan-1
ബീറ്റൽ ആടിനൊപ്പം

ബീറ്റൽ, സിരോഹി

മുഴുവൻ സമയ  കർഷകരെ സംബന്ധിച്ച്, ഇറച്ചിക്കും പാലിനും യോജിച്ച ബീറ്റൽ തന്നെയാണ് മികച്ച നേട്ടമെന്നു രാധാകൃഷ്ണൻ. കേരളത്തിൽ വിജയിച്ച മറുനാടൻ ആടിനം ഏതെന്നു ചോദിച്ചാൽ പഞ്ചാബി ബീറ്റൽതന്നെ എന്നും രാധാകൃഷ്ണൻ. 2 വയസ്സിൽ 100 കിലോ ഭാരമെത്തുന്നവ വരെയുണ്ട്. എന്നാൽ യഥാർഥ ബ്രീഡിനെത്തന്നെ പോറ്റാൻ കർഷകർ ജാഗ്രത കാണിക്കണം, കൂടുതൽ ശ്രദ്ധയും നൽകണം. രാജസ്ഥാനിൽനിന്ന് സംസ്ഥാനത്തെ ഇറച്ചി  വിപണിയിലേക്കു വിപുലമായി എത്തുന്ന ഇനമാണ് സിരോഹി. അതുകൊണ്ടുതന്നെ സംസ്ഥാനത്തെ കർഷകർക്ക് സിരോഹി വളർത്തിയാൽ അർഹിക്കുന്ന വില കിട്ടുന്ന സാഹചര്യം കുറവെന്നും രാധാകൃഷ്ണൻ. തോത്താപ്പൂരി, കരോളി തുടങ്ങിയ ഇനങ്ങളും ജനപ്രീതിയുടെ കാര്യത്തിൽ ബീറ്റലിനു പിന്നിലാണ്. ഉപജീവനമാർഗമായി ആടുവളർത്തുന്നവർ മലബാറി വളർത്തി വിപണി ഉറപ്പിച്ചശേഷം മാത്രം മറുനാടൻ ഇനങ്ങളിലേക്കു കടന്നാൽമതി. 10,000 രൂപയുടെ ആടു വളർത്താൻ ഒരു ലക്ഷം രൂപയുടെ കൂട് നിർമിക്കരുതെന്നും രാധാകൃഷ്ണൻ ഓർമിപ്പിക്കുന്നു.

ഫോൺ: 7907531071

നാളെ: ഷാജൻ ഫിലിപ്പിന്റെ സീറോ വേസ്റ്റ് ആടുവളർത്തൽ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com